Tuesday
22 Aug 2017

നോട്ട്‌ നിരോധനം തിരിച്ചടിയായി; ജിഡിപി ഇടിയുന്നു

By: Web Desk | Thursday 1 June 2017 4:45 AM IST

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2016-17) രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ്‌ രേഖപ്പെടുത്തി. ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം സമ്പദ്ഘടനയ്ക്ക്‌ 7.1 ശതമാനം വളർച്ച മാത്രമാണ്‌ കൈവരിക്കാനായത്‌.
2015-16 സാമ്പത്തികവർഷത്തിൽ വളർച്ചാ നിരക്ക്‌ എട്ട്‌ ശതമാനമായിരുന്നു. നോട്ട്‌ നിരോധനമാണ്‌ രാജ്യത്തിന്റെ വളർച്ച കുത്തനെ കുറയാൻ ഇടയാക്കിയതെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും (ജനുവരി -മാർച്ച്‌) വളർച്ചാ നിരക്കിൽ കുറവ്‌ രേഖപ്പെടുത്തി. 6.1 ശതമാനത്തിലേക്കാണ്‌ അവസാന പാദത്തിൽ വളർച്ചാ നിരക്ക്‌ താഴ്‌ന്നത്‌. ഇതിന്‌ തൊട്ട്‌ മുമ്പത്തെ പാദത്തിലും (ഒക്ടോബർ-ഡിസംബർ) ഏഴു ശതമാനമായിരുന്നു വളർച്ചാനിരക്ക്‌. ഇതാണ്‌ 6.1 ശതമാനമായി താഴ്‌ന്നത്‌. ഇതോടെ ജൂൺ മാസമാദ്യം ചേരുന്ന ധനവായ്പാ അവലോകന യോഗത്തിൽ റിസർവ്വ്‌ ബാങ്ക്‌ എന്തു നടപടികൾ സ്വീകരിക്കും എന്ന ആകാംക്ഷയിലാണ്‌ വിപണിയും സാമ്പത്തികലോകവും.