നോട്ട്‌ നിരോധനം മോഡി വിദേശകുത്തകകൾക്ക്‌ വിരിച്ച പരവതാനി

നോട്ട്‌ നിരോധനം മോഡി വിദേശകുത്തകകൾക്ക്‌ വിരിച്ച പരവതാനി
January 11 04:55 2017

നോട്ട്‌ നിരോധനവും തകരുന്ന സമ്പദ്‌വ്യവസ്ഥയും 2
കാനം രാജേന്ദ്രൻ

വൻതോതിൽ നികുതി വെട്ടിച്ച ലളിത്‌ മോഡിമാരും മല്ലയ്യമാരും ഇന്ത്യ വിട്ടപ്പോൾ ഒരു ചെറുവിരൽപോലും അനക്കാതിരുന്ന കേന്ദ്രസർക്കാർ ഇന്ന്‌ കള്ളപ്പണവേട്ട എന്ന പേരിൽ നടത്തുന്ന പ്രഹസനം 1991 മുതൽ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആഗോള ചൂഷണ ശക്തികൾക്ക്‌ മാത്രമാണ്‌ ഗുണം ചെയ്തത്‌ എന്നത്‌ ഫോബ്സ്‌ മാസിക മുതൽ അമർത്യാസെൻ വരെയുള്ള സാമ്പത്തിക കാര്യങ്ങളിൽ അവഗാഹമുള്ളവർ പറഞ്ഞുകഴിഞ്ഞു.
എന്നാൽ ഈ വിവേക രഹിതമായ നടപടിയുടെ തിക്തഫലം മുഴുവനായും അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നത്‌ ഇന്ത്യയിലെ ഗ്രാമീണ-കാർഷിക ജനവിഭാഗങ്ങളും ലോക കമ്പോള ശക്തികളിൽ നിന്നും എന്നും മാറിനിന്ന്‌ പരമ്പരാഗത സമ്പ്രദായത്തിൽ കറൻസിയിലൂടെ പ്രാദേശികമായ വ്യാപാര, വാണിജ്യ ഇടപാടുകൾ നടത്തി വന്ന ചെറുകിട കച്ചവടക്കാരും, ചെറുകിട, കുടിൽ വ്യവസായ മേഖലയുമാണ്‌. ഈ വിഭാഗങ്ങളെ നിർബന്ധപൂർവം ആഗോള കുത്തകകളുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ്ങ്‌-ഓഹരി ശൃംഖലയിലേക്ക്‌ എത്തിക്കുക എന്നതാണ്‌ നവംബർ 8 ലെ പ്രഖ്യാപനത്തിലൂടെ മോഡി ചെയ്യുന്നത്‌. പേയ്മന്റ്‌ ബാങ്കുകൾ എന്നാൽ നിക്ഷേപം മാത്രം സ്വീകരിക്കുന്ന ബാങ്കുകളാണ്‌. ജനങ്ങളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിക്കുകയും അതുപയോഗിച്ചുള്ള അവരുടെ ക്രയവിക്രയങ്ങൾ കമ്മിഷനും, സർവീസ്‌ ചാർജും ഈടാക്കി നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്‌ അവ. ഗ്രാമീണ ജനതയുടെ ചെറിയ സമ്പാദ്യങ്ങൾ പോലും ഓഹരി കമ്പോളത്തിലെത്തിക്കാനുള്ള ഏജൻസിയായി അവ പ്രവർത്തിക്കും. അരാഷ്ട്രീയതയും, വർഗീയതയും കൈമുതലാക്കി ഗ്രാമീണ ജനതയുടെ മാനവികതയും നീതിബോധവും ഇല്ലാതെയാക്കാനുള്ള ഹീനശ്രമമാണ്‌ ലോകത്തൊരിടത്തും നടപ്പിലില്ലാത്ത സമ്പൂർണ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വാചകമടി.
ഇന്ന്‌ പരമ്പരാഗത വ്യവസായ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, കർഷക തൊഴിലാളികൾ ഇവർക്കാർക്കും തൊഴിൽ ലഭിക്കുന്നില്ല അതിനാൽ തന്നെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ, ആഴ്ചച്ചന്തകൾ ഇവയിലൊന്നും കച്ചവടവുമില്ല. വിളവെടുത്ത ധാന്യം (ഈ വർഷം റെക്കോർഡ്‌ വിളവെടുപ്പായിരുന്നു വടക്കേ ഇന്ത്യയിൽ എന്നോർക്കുക) വിൽക്കാനാവാതെയും അടുത്ത റാബി കൃഷിയിറക്കാൻ പണമില്ലാതെയും കർഷകർ നട്ടം തിരിയുന്നു. അവരുടെ സഹകരണ സംഘങ്ങളെയും സഹകരണ ബാങ്കുകളെയും പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. അവരെ കൊള്ള പലിശക്കാരുടെ കൈകളിലേക്ക്‌ എറിഞ്ഞു കൊടുക്കുക എന്ന മോഡി സർക്കാരിന്റെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുന്നു.
രാജ്യത്തെ ഏറ്റവും ശക്തമായ ബാങ്കിങ്‌ ശൃംഖല നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. കേരളത്തിൽ സുശക്തമായ അടിത്തറയുള്ള സഹകരണ ബാങ്കുകൾക്കാണ്‌ ഏഴായിരത്തിലധികം ബാങ്ക്‌ ശാഖകളിൽ മൂന്നിലൊന്നും, ബാങ്ക്‌ ഡെപ്പോസിറ്റിന്റെ 60 ശതമാനത്തിലധികവും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നോൺ ബാങ്കിങ്‌ ഫിനാൻസ്‌ കമ്പനികളും കേരളത്തിൽ സജീവമാണ്‌. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎസ്‌എഫ്‌ഇ തന്നെ 15,000 ചിട്ടികളും, സഹകരണ സംഘങ്ങൾ 35,000 പ്രതിമാസ ഡെപ്പോസിറ്റ്‌ സ്കീമുകളും നടത്തുന്നു. കൂടാതെ കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ മുതലായവയും. ഇവരുടെ പണമിടപാട്‌ മുഴുവനായും നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരുമായാണ്‌. ഇത്‌ 2000 കോടിയിലേറെ വരും. ഒരൊറ്റ രാത്രികൊണ്ടാണ്‌ ഇവയത്രയും നിശ്ചലമായത്‌. ഇതുമൂലം സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഉളവായ അസാധാരണമായ പ്രതിസന്ധി ഇന്നും പരിഹാരമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ സാധാരണ ജനങ്ങൾ പതിറ്റാണ്ടുകളായി ആശ്രയിക്കുന്ന സഹകരണ സ്ഥാപനങ്ങളാണ്‌ നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്‌. ന്യായവില ഷോപ്പുകൾ, കയർ മേഖല പോലെയുള്ള പരമ്പരാഗത വ്യവസായങ്ങൾ, ക്ഷീരോൽപ്പാദനം, കാർഷിക വിളകളുടെ വിപണനം തുടങ്ങി വിദ്യാഭ്യാസം, ആരോഗ്യസേവനരംഗം, ലേബർ കോൺട്രാക്ട്‌ വരെയുള്ള എല്ലാ മേഖലകളിലും അനേക ലക്ഷം ജനങ്ങളുടെ ജീവനോപാധികൾക്ക്‌ താങ്ങും തണലുമായി നിൽക്കുന്ന സഹകരണ മേഖലയെ അധിക്ഷേപിക്കുവാനും, തകർക്കുവാനും നോട്ടുനിരോധനത്തിന്റെ മറപറ്റി മോഡി സർക്കാരും ഇവിടത്തെ സംഘപരിവാർ പ്രഭൃതികളും നടത്തിയ നീചശ്രമം ചരിത്രത്തിലെ ഒരു കറുത്ത പാടായി എന്നും അവശേഷിക്കും. എവിടെനിന്നോ വന്നുകയറിയ സ്വകാര്യ മേഖലയിലെ എച്ച്ഡിഎഫ്സി, ആക്സിസ്‌, ഐസിഐസിഐ തുടങ്ങിയ വാണിജ്യ ബാങ്കുകൾക്ക്‌ പുതിയ കറൻസി വാരിക്കോരി നൽകിയ മോഡി ഭരണം, ഭരണഘടനാപരമായി തന്നെ നിലനിൽപ്പുള്ള സഹകരണ ബാങ്കുകളുടെ ബാങ്കിങ്‌ അവകാശത്തെ നിയമ വിരുദ്ധമായി ഇല്ലാതാക്കിക്കൊണ്ട്‌ മേൽപ്പറഞ്ഞ സ്വകാര്യ ബാങ്കുകൾക്ക്‌ കേരളത്തിലെ ഗ്രാമീണ മേഖലയിലെ ധനവിനിമയ രംഗത്ത്‌ പ്രവേശിക്കാൻ അവസരമൊരുക്കാനാണ്‌ ശ്രമിച്ചത്‌. കേരളത്തിലെ വാണിജ്യ ബാങ്കുകൾക്കാകെയുള്ള ശാഖകൾ 6213 ആണെങ്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക്‌ മാത്രമായി 4800 ശാഖകളുണ്ടെന്ന്‌ ഓർക്കണം. സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും കൂടി വിശ്വാസത്തിലെടുത്തു കൊണ്ടായിരുന്നു നോട്ട്‌ റദ്ദാക്കൽ നടപ്പാക്കിയിരുന്നതെങ്കിൽ കേരളത്തിന്‌ ഇത്രത്തോളം ആഘാതം നേരിടേണ്ടി വരില്ലായിരുന്നു.
പ്രതിസന്ധി പരിഹരിക്കാൻ മോഡി ആവശ്യപ്പെട്ട 50 ദിവസങ്ങൾ കഴിഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ നടത്തിയ പ്രസംഗത്തിൽ നോട്ട്‌ നിരോധനം മൂലമുണ്ടായ കെടുതികൾക്ക്‌ എന്ന്‌ അവസാനമുണ്ടാവുമെന്നോ ജനജീവിതത്തിലും സമ്പദ്ഘടനയിലും സാധാരണ സ്ഥിതി എന്ന്‌ പുന:സ്ഥാപിക്കാനാവുമെന്നോ എന്തിന്‌ രാജ്യത്തെ ജനജീവിതം പൂർണമായി സ്തംഭിപ്പിച്ച ഈ നടപടിക്ക്‌ എന്ന്‌ അവസാനമുണ്ടാവും എന്നൊന്നും പറയാനാവാതെ ഗർഭിണികൾക്ക്‌ ആശുപത്രി ചെലവിന്‌ 6000 രൂപ, 9 ലക്ഷം വായ്പയ്ക്ക്‌ നാല്‌ ശതമാനം പലിശയിളവ്‌ തുടങ്ങി പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പുലമ്പുന്ന പ്രധാനമന്ത്രി എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണ്‌. എന്തെങ്കിലും പറഞ്ഞ്‌ എങ്ങനെയെങ്കിലും സ്വയം ന്യായീകരിക്കുവാനുള്ള വ്യഗ്രതയിൽ 2013 ലെ നാഷണൽ ഫുഡ്‌ സെക്യൂരിറ്റി ആക്ടിൽ എൻഎഫ്‌എസ്‌എ 2015 ൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 6000 രൂപ നൽകാനുള്ള വകുപ്പുണ്ടെന്ന കാര്യവും 2010 ൽ തന്നെ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ്‌ യോജന പദ്ധതിപ്രകാരം തെരഞ്ഞെടുത്ത 52 ജില്ലകളിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നു എന്നുപോലും അറിയാത്ത ഈ പ്രധാനമന്ത്രിയും പ്രഭൃതികളും രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേക്കാണ്‌ നയിക്കുന്നത്‌.
രാജ്യത്തെ ചെറുകിട വ്യാപാരമേഖലയിലേക്ക്‌ വിദേശ കുത്തകകൾക്ക്‌ പരിധിയില്ലാതെ പ്രവേശിക്കുവാനുള്ള വാതിൽ തുറന്നിട്ടു കഴിഞ്ഞു. എന്നിട്ടും ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ പ്രാദേശിക വിപണിയെ കൈവിടാൻ തയ്യാറായില്ല. പാവപ്പെട്ടവരും സാധാരണക്കാരും പ്രാദേശിക മാർക്കറ്റുകളെ കൈവിടണമെങ്കി ൽ അവരുടെ കയ്യിൽ വിനിമയത്തിനായി കറൻസി ഇല്ലാതായാലേ മതിയാവൂ. അതോടെ ചെറുകിട കച്ചവടക്കാർ, ചെറുകിട, ഇടത്തരം, കുടിൽ വ്യവസായങ്ങൾ നടത്തുന്നവർ, കൃഷിക്കാർ എല്ലാവരും തകർന്നു തരിപ്പണമാവും. ഇവരെ ആശ്രയിച്ചു നിലനിൽക്കുന്ന തൊഴിലാളികൾക്ക്‌ മുഴുവൻ തൊഴിൽ നഷ്ടപ്പെടും. രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ 99 ശതമാനവും പട്ടിണിയിലാവും. അതോടെ പ്രീപെയ്മെന്റ്‌ ഇൻസ്ട്രുമെ ന്റ്‌ പ്രൊവൈഡേഴ്സ്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡിജിറ്റൽ പണം കൈകാര്യം ചെയ്യുന്ന ന്യൂജനറേഷൻ കമ്പനികളും വിദേശകുത്തകകളും ചേർന്ന്‌ ഈ രാജ്യത്തെ എല്ലാ വിനിമയങ്ങളും കയ്യിലൊതുക്കും. അതുമാത്രമാണ്‌ പ്ലാസ്റ്റിക്‌ മണിയിലേക്ക്‌ മാറുമ്പോ ൾ സംഭവിക്കുന്നത്‌. ലോകത്തിലെ ഏറ്റവും പരിഷ്കൃതവും സമ്പന്നവുമായ രാജ്യങ്ങളിൽ പോലും നടപ്പിലാക്കാനാവാത്ത പണരഹിത സമ്പദ്‌വ്യവസ്ഥ 64 ശതമാനം ജനങ്ങൾക്കും ബാങ്ക്‌ അക്കൗണ്ട്‌ പോലുമില്ലാത്ത ഒരു രാജ്യത്ത്‌ നടപ്പിലാക്കാൻ ശ്രമിക്കുന്നത്‌ വിദേശകുത്തകകൾക്ക്‌ ഈ രാജ്യത്ത്‌ പൂർണമായ ആധിപ ത്യം ഉറപ്പുവരുത്താനുള്ള നടപടി മാത്രമാണ്‌. ഇന്ത്യയിലെ പാവപ്പെട്ടവരോടും സാധാരണക്കാരോടും സ്വതന്ത്ര ഇന്ത്യയിലെ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇത്രയും ക്രൂരത കാണിച്ചത്‌ എല്ലാ പരിധികളെയും ലംഘിച്ചുകൊണ്ടാണ്‌.
(അവസാനിക്കുന്നു)

  Categories:
view more articles

About Article Author