നോട്ട്‌ നിരോധനവും തകരുന്ന സമ്പദ്‌വ്യവസ്ഥയും

നോട്ട്‌ നിരോധനവും തകരുന്ന സമ്പദ്‌വ്യവസ്ഥയും
January 10 05:00 2017

കാനം രാജേന്ദ്രൻ
ഇക്കഴിഞ്ഞ നവംബർ എട്ടിന്‌ രാത്രി നാടകീയമായി മോഡി രാജ്യത്ത്‌ നിലവിലിരുന്ന 500, 1000 ഡിനോമിനേഷനുകളിലെ മൊത്തം കറൻസിയുടെ 86 ശതമാനം വരുന്ന നോട്ടുകൾ പിൻവലിച്ചുകൊണ്ട്‌ കള്ളപ്പണ വേട്ടയ്ക്ക്‌ തുടക്കമിടുകയാണെന്ന്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം അപ്പോൾ തന്നെ വ്യക്തമായിരുന്നു. വലിയ ഡിനോമിനേഷനുള്ള നോട്ടുകൾ പിൻവലിച്ചുകൊണ്ട്‌ അതിലും കൂടിയ ഡിനോമിനേഷനുള്ള 2000 രൂപയുടെ നോട്ടാണ്‌ പകരം ഇറക്കിയത്‌ എന്നതുതന്നെ ഈ നടപടിയുടെ ഉദ്ദേശശുദ്ധി സംശയം ജനിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശ നിക്ഷേപങ്ങളിലാണ്‌. മോഡിയുടെ തന്നെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനം ഈ തുക തിരികെ കൊണ്ടുവന്ന്‌ ജനങ്ങൾക്ക്‌ നൽകാം എന്നായിരുന്നുവല്ലോ. കള്ളപ്പണം എവിടെയാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമായി അറിഞ്ഞുകൊണ്ടു തന്നെയാണ്‌ ഈ നാടകം കളിച്ചത്‌. ഇന്ത്യയി ൽതന്നെയുള്ള കള്ളപ്പണമാവട്ടെ റിയൽ എസ്റ്റേറ്റ്‌ മേഖലയിലും സ്വർണം, സ്റ്റോക്കുകൾ ഇവയിലുമാണ്‌ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌. ഏറ്റവും കൂടിയാൽ മൂന്നു മുതൽ അഞ്ച്‌ ശതമാനം കള്ളപ്പണം മാത്രമാണ്‌ കറൻസിയുടെ രൂപത്തിൽ സൂക്ഷിക്കപ്പെടുന്നത്‌. കള്ളപ്പണക്കാരോടുള്ള മോഡി സർക്കാരിന്റെ വിധേയത്വം ഈ കഴിഞ്ഞ മാസം പൊതുമേഖല ബാങ്കുകളിൽ 500 കോടി രൂപയിലധികം കിട്ടാക്കടം വരുത്തി വച്ചവരുടെ പേരു വിവരം പ്രസിദ്ധീകരിക്കുന്നതിന്‌ എന്താണ്‌ തടസ്സം എന്ന്‌ ജസ്റ്റിസ്‌ ഠാക്കുറിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രിം കോടതി ബെഞ്ച്‌ റിസർവ്വ്‌ ബാങ്കിന്റെ അഭിഭാഷകനോട്‌ ചോദിച്ചപ്പോൾ അത്‌ സാധ്യമല്ല എന്ന മറുപടിയാണ്‌ നൽകിയത്‌ എന്നതിൽ നിന്നുതന്നെ വ്യക്തമാണല്ലോ. 1.1 ലക്ഷം കോടി രൂപ ഇന്ത്യൻ പൊതുമേഖല ബാങ്കുകളിൽ കിട്ടാക്കടം വരുത്തിയവരുടെ പേരുവിവരം സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുപോലും പ്രസിദ്ധീകരിക്കാൻ തയ്യാറാവാത്തവരാണ്‌ ഇപ്പോൾ ഈ നാടകം കളിക്കുന്നത്‌.
കറൻസി റദ്ദാക്കുവാനുള്ള പ്രധാനകാരണങ്ങളായി പറഞ്ഞിരുന്നത്‌ കള്ളപ്പണത്തിന്റെയും, കള്ളനോട്ടുകളുടെയും വ്യാപകമായ പ്രചാരത്തിന്‌ തടയിടുക എന്നതാണ്‌. എന്നാൽ റദ്ദാക്കപ്പെട്ട 15 ലക്ഷം കോടി രൂപയിൽ ഭൂരിഭാഗവും ഈ ദിവസങ്ങൾക്കുള്ളിൽ ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. നാല്‌ ലക്ഷം കോടി കള്ളപ്പണം 400 കോടി കള്ളനോട്ടുകൾ എന്നിവ തിരിച്ചെത്തില്ല എന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളയായിരുന്നു എന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. 1934 ലെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ 22-ാ‍ം വകുപ്പനുസരിച്ച്‌ നോട്ടുകൾ അച്ചടിച്ച്‌ നൽകേണ്ടത്‌ ആർബിഐ ആണ്‌. ആർ ബി ഐ ആക്ടിലെ തന്നെ 26(2) അനുസരിച്ച്‌ സെൻട്രൽ ബോർഡിന്റെ ശുപാർശയിന്മേലാണ്‌ കേന്ദ്ര സർക്കാർ കറൻസി പിൻവലിക്കുന്ന നടപടി സ്വീകരിക്കേണ്ടത്‌. അതോടൊപ്പം തന്നെ ഈ നടപടിയുടെ ഫലമായി ഉണ്ടാവുന്ന കറൻസി ക്ഷാമം പരിഹരിക്കുവാനായി ബദൽ സംവിധാനം ഉണ്ടാക്കേണ്ടതും റിസർവ്വ്‌ ബാങ്കിന്റെ ചുമതലയാണ്‌. രാജ്യത്ത്‌ ആവശ്യമുള്ള ഏത്‌ നോട്ടും നിയമം അനുശാസിക്കുന്ന അളവിൽ നൽകേണ്ടതും ആർ ബി ഐ യുടെ ചുമതലയാണ്‌. ഈ ചുമതല ആർബിഐ നിർവഹിക്കാതിരിക്കുന്നതാണ്‌ ഇന്ന്‌ സാധാരണക്കാരായ ജനങ്ങൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥ സംജാതമാക്കിയത്‌. ഇത്‌ തെളിയിക്കുന്നത്‌ വേണ്ടത്ര കൂടിയാലോചനകളോ, മുന്നൊരുക്കമോ കൂടാതെയാണ്‌ മോഡി നോട്ടു പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്‌ എന്നാണ്‌. പ്രചാരത്തിലിരിക്കുന്ന 2000 രൂപ നോട്ടുകളുടെ കണക്ക്‌ ഇപ്പോൾ ലഭ്യമല്ല. ആയിരം രൂപ നോട്ടുകൾ അച്ചടിച്ചിട്ടുമില്ല. 500 രൂപ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങിയെങ്കിലും അതിന്റെ ലഭ്യത തീരെ കുറവാണ്‌. നവംബർ നാലിന്‌ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക്‌ നോട്ടുകളുടെ മൂല്യം പതിനേഴു ലക്ഷത്തി എഴുപത്തിനാലായിരത്തി ഇരുന്നൂറു കോടിരൂപ ആയിരുന്നു. എന്നാൽ നവംബർ എട്ടിനു ശേഷം 2000 രൂപ നോട്ടുകൾ ഒഴിച്ചുള്ള നോട്ടുകളുടെ മൂല്യം ഏകദേശം നാലുലക്ഷം കോടിരൂപ മാത്രമാണ്‌. നോട്ടുകൾ റദ്ദാക്കിയതിന്റെ ട്രാൻസാക്ഷൻ കോസ്റ്റ്‌ സിഎംഐഇ എന്ന സംഘടന കണക്കാക്കിയത്‌ ഒരു ലക്ഷത്തി ഇരുപത്തി എണ്ണായിരം കോടിയാണ്‌. നോട്ടുകൾ റദ്ദു ചെയ്യുമ്പോൾ പ്രചാരത്തിലുണ്ടായിരുന്ന 1550 കോടി അഞ്ഞൂറുരൂപ നോട്ടുകളും, 650 കോടി ആയിരം രൂപ നോട്ടുകളുടെയും 97 ശതമാനവും തിരിച്ചെത്തിക്കഴിഞ്ഞ സാഹചര്യത്തിൽ ഇത്രയും ഭീമമായ ട്രാൻസാക്ഷൻ കോസ്റ്റിൻ ന്യായീകരിക്കുവാൻ എന്ത്‌ വാദങ്ങളാണ്‌ കേന്ദ്ര സർക്കാരിനുള്ളത്‌?
ഈ നടപടിമൂലം പ്രത്യക്ഷമായി തന്നെ പ്രയോജനം ലഭിച്ചത്‌ ആർക്കാണ്‌ എന്ന്‌ പരിശോധിക്കുമ്പോൾ നോട്ടു പിൻവലിക്കലിലെ കള്ളക്കളികൾ വ്യക്തമാവും. ഇന്ത്യാഗവൺമെന്റ്‌ കള്ളപ്പണത്തെകുറിച്ച്‌ പുറപ്പെടുവിച്ച ധവളപത്രത്തെ അടിസ്ഥാനമാക്കി ഗ്ലോബൽ ഫിനാൻഷ്യൽ ഇന്റഗ്രിറ്റിയുടെ പഠനം അനുസരിച്ച്‌ 1948 നും 2008 നും ഇടയിൽ ഇന്ത്യയിൽ നിന്നും കള്ളപ്പണമായി പുറത്തേക്ക്‌ ഒഴുകിയത്‌ ഏതാണ്ട്‌ 25 ലക്ഷം കോടിരൂപയാണ്‌. എന്നാൽ 2011 ൽ മാത്രം 5.25 ലക്ഷം കോടിരൂപ വിദേശത്തേക്ക്‌ ഒഴുകി. ഈ പണം തിരിച്ച്‌ ഇന്ത്യയിൽ കള്ളപ്പണക്കാർക്ക്‌ സുരക്ഷിതമായി എത്തിക്കാൻ ആഗോളവൽക്കരണ നയങ്ങളുടെ മറവിൽ കേന്ദ്രസർക്കാർ തന്നെ വഴികൾ ഒരുക്കിയിട്ടുണ്ട്‌. മൗറീഷ്യസ്‌ പോലുള്ള ദരിദ്രരാജ്യത്തുനിന്നാണ്‌ ഇന്ത്യയിലേക്ക്‌ വിദേശ നിക്ഷേപത്തിന്റെ അമ്പത്‌ ശതമാനത്തിലധികം വരുന്നത്‌ എന്ന്‌ കണക്കുകൾ പറയുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നതിനായി മൗറീഷ്യസുമായി കരാർ നിലവിലുണ്ട്‌. അടുത്തകാലം വരെ ഇന്ത്യയിലെ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പണത്തിന്റെ ഉടമസ്ഥനെ കുറിച്ചുള്ള പൂർണവിവരങ്ങൾ വേണമായിരുന്നു. ഇപ്പോൾ അതു വേണ്ട. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പാർട്ടിസിപേറ്ററി നോട്ടുമതി. ഇങ്ങനെ ഇന്ത്യയിൽ നിന്നു കടത്തുന്ന കള്ളപ്പണം സുഗമമായി തിരിച്ചെത്തിക്കാൻ സാധിക്കും. ഇന്ന്‌ സ്വിസ്‌ ബാങ്കുകളേക്കാളേറെ പുത്തൻ തലമുറ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, ആക്സിസ്‌, എച്ച്ഡിഎഫ്സി മുതലായ ബാങ്കുകളെക്കുറിച്ചാണ്‌ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉള്ളത്‌. കോബ്രപോസ്റ്റ്‌ എന്ന ഓൺലൈൻ മാസികയുടെ അസോസിയേറ്റ്‌ എഡിറ്റർ സെയ്ദ്‌ മൻസൂർ ഹസൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഈ ബാങ്കുകളുടെ ഡസൻ കണക്കിനു ശാഖാ മാനേജർമാരെ സമീപിച്ച്‌ കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോ ൾ വലിയ സ്വീകരണമാണ്‌ ലഭിച്ചത്‌. കഴിഞ്ഞ ദിവസമാണ്‌ പത്രങ്ങളിൽ മദ്ധ്യ ഡൽഹിയിലെ ചാന്ദ്നി ചൗക്കിലെ ആക്സിസ്‌ ബാങ്ക്‌ ശാഖയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ 44 അക്കൗണ്ടുകളിലായി 100 കോടി രൂപ കണ്ടെത്തിയതായി വാർത്ത വന്നത്‌. ഈ ശാഖയിൽ നോട്ട്‌ റദ്ദാക്കലിനുശേഷം 450 കോടിരൂപയുടെ നിക്ഷേപമുണ്ടായിട്ടുണ്ട്‌. ഇതേ ബാങ്കിന്റെ കാശ്മീരി ഗേറ്റ്‌ ശാഖയിൽ നിന്ന്‌ 3.5 കോടിയുടെ പുതിയ നോട്ടുകളുമായി രണ്ടുപേരെ പിടികൂടിയിരുന്നതായും വാർത്ത പറയുന്നു. ഏറ്റവും കൂടുതൽ പ്രയോജനം നോട്ടു പിൻവലിക്കലിലൂടെ ലഭിച്ചത്‌ വിദേശത്ത്‌ കള്ളപ്പണം നിക്ഷേപിച്ചവർക്കും ഇന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകൾക്കുമാണെന്നർഥം.
ആറുലക്ഷം കോടിരൂപ കോർപ്പറേറ്റുകൾക്ക്‌ വായ്പ നൽകിയത്‌ കിട്ടാക്കടമായി മാറിയ ദേശസാൽകൃത ബാങ്കുകൾക്ക്‌ ധനവിനിമയത്തിൽ വന്ന പ്രയാസങ്ങളെ മൂടിവെയ്ക്കാൻ കൂടിയാണ്‌ സാധാരണ ജനങ്ങളുടെ കൈവശം ദൈനംദിനാവശ്യങ്ങൾക്ക്‌ കരുതിവച്ച പണമത്രയും ഈയൊരു നാടകത്തിലൂടെ ബാങ്കുകളിലെത്തിച്ചതും സ്വന്തം അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിന്‌ അന്യായമായ തടസ്സങ്ങൾ സൃഷ്ടിച്ചതും. ഇങ്ങനെ ജനങ്ങളിൽ നിന്നു പിടിച്ചെടുത്ത പണം വീണ്ടും അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്ക്‌ നൽകി രാജ്യത്തെ സാധാരണക്കാരനെയും പാവപ്പെട്ടവനെയും പാപ്പരാക്കാനുള്ള ഗൂഡലക്ഷ്യം കൂടി ഈ നടപടിയിൽ സംശയിക്കേണ്ടിയിരിക്കുന്നു. ബഹുരാഷ്ട്ര കുത്തകകൾക്ക്‌ ഇന്ത്യയിലെ ചെറുകിട വ്യാപാരരംഗം തുറന്നുകൊടുത്ത നടപടിയും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്‌. കറൻസി പിൻവലിക്കുന്നതിനെകുറിച്ചുള്ള മുൻകൂർ വിവരം കോർപ്പറേറ്റുകൾക്കും മറ്റു ‘വേണ്ടപ്പെട്ടവർക്കും’ മുൻകൂർ ലഭിച്ചിരുന്നു എന്നുതന്നെ അനുമാനിക്കാം. പല കോർപ്പറേറ്റുകളും വൻതുക ബാങ്കുകളിലേക്ക്‌ മാറ്റിയിരുന്നു. ബംഗാൾ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ ആ ദിവസം ഒരു കോടിരൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. 550 കോടി രൂപ ചെലവിട്ട്‌ കർണാടകയിലെ മുൻ ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഡി മകളുടെ വിവാഹം നടത്തിയതും ഇതേസമയത്തായിരുന്നു. ഇതും കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നില്ല എന്ന്‌ എങ്ങനെ കരുതും.
(അവസാനിക്കുന്നില്ല)

  Categories:
view more articles

About Article Author