ന്യൂജനറേഷൻ ബൈക്കുമായി ഫ്രീക്കൻമാർ; ആശങ്കയോടെ യാത്രക്കാർ

ന്യൂജനറേഷൻ ബൈക്കുമായി ഫ്രീക്കൻമാർ; ആശങ്കയോടെ യാത്രക്കാർ
June 19 03:10 2017

പി എസ്‌ സുജിത്ത്‌
ആലപ്പുഴ: ന്യൂജനറേഷൻ ബൈക്കുമായി ഫ്രീക്കന്മാർ റോഡ്‌ കയ്യടക്കുന്നത്‌ അപകടങ്ങൾ പെരുകാൻ കാരണമാകുന്നു.
ബൈക്കുകൾക്ക്‌ മോടികൂട്ടിയും ശബ്ദം വർധിപ്പിച്ചും ശക്തികൂട്ടിയുമാണ്‌ ന്യൂ ജനറേഷൻ വാഹനങ്ങൾ റോഡ്‌ കയ്യടക്കുന്നത്‌. സെയിലൻസർ, മഡ്ഗാഡ്‌, സാരിഗാർഡ്‌, വൈസർ, ഹാൻഡിൽ എന്നിവയിൽ മാറ്റം വരുത്തിയാണ്‌ ബൈക്കുകൾക്ക്‌ ഗ്ലാമർകൂട്ടുന്നത്‌. ബൈക്കുകൾക്ക്‌ മോടി കൂട്ടുവാനായി അൻപതിനായിരം രൂപ മുതൽ രണ്ട്‌ ലക്ഷം രൂപ വരെ ചിലവഴിക്കുന്നവരുമുണ്ട്‌.
ഒരു ലക്ഷം മുതൽ മൂന്ന്‌ ലക്ഷം മുകളിലോട്ടുള്ള ബൈക്കുകളാണ്‌ മോടി കൂട്ടുന്നതിനായി ഇവർ തെരഞ്ഞെടുക്കുന്നത്‌. യാത്രക്കാർക്ക്‌ യാതൊരു വിധ സുരക്ഷാ സംവിധാനവും ഒരുക്കാതെ വേഗതയ്ക്കും ശബ്ദത്തിനും മാത്രം പ്രാധാന്യം കൊടുത്താണ്‌ ന്യൂജനറേഷൻ ബൈക്കുകൾ നിർമിക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻപിലുള്ള പ്രധാന റോഡുകളിലും പരിസരങ്ങളിലും ന്യൂജൻ പിള്ളേരുടെ ബൈക്ക്‌ റേസിംഗ്‌ അഭ്യാസം യാത്രക്കാരെപ്പോലും ഭീതിയിലാഴ്ത്തുന്നതാണ്‌.
കേരളത്തിലെ റോഡുകളിൽ ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്റർ ആയിരിക്കെ നൂറ്‌ കിലോമീറ്റർ വേഗതയിലാണ്‌ ഇവരുടെ പാച്ചിൽ. ന്യൂജനറേഷൻ ബൈക്കുകളിൽ ജനപ്രീതി നേടിയ മറ്റൊരു വിഭാഗമാണ്‌ 250 സി സി ക്ക്‌ മുകളിലേയ്ക്കുള്ള സ്പോർട്ട്സ്‌ ബൈക്കുകൾ. ചെറുതായി ഒന്ന്‌ കൈ കൊടുത്താൽ തന്നെ നൂറ്‌ കിലോമീറ്റർ വേഗതയിലാകും ഇവയുടെ സഞ്ചാരം. സെക്കന്റുകൾ കൊണ്ടുതന്നെ മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗതയിലെത്താൻ സ്പോർട്ട്സ്‌ ബൈക്കുകൾക്കാകും.
കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്‌ അൻപത്‌ ശതമാനത്തിൽ അധികം പേരും ഇരുചക്ര വാഹനാപകടത്തിലാണ്‌. ഓട്ടോമോട്ടീവ്‌ റിസർച്ച്‌ ഇന്ത്യയുടെ അംഗീകാരത്തോടെ നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ പാർട്ട്സിൽപോലും മാറ്റം വരുത്തരുതെന്നാണ്‌ നിയമം. സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസകളിലും ബൈക്കുകൾ മോഡിഫിക്കേഷൻ ചെയ്യുന്നതിന്‌ ഓരോ മാസവും നൂറിലധികം അപേക്ഷകളാണ്‌ രജിസ്റ്റർ ചെയ്യുന്നത്‌. ബെക്കുകൾ ആഡംബരമാക്കുന്ന വർക്ക്ഷോപ്പുകൾ ഇന്ന്‌ എല്ലായിടത്തും മുളച്ചുപൊങ്ങിയിട്ടുമുണ്ട്‌.

  Categories:
view more articles

About Article Author