പട്ടാളക്കാരും പതഞ്ജലി എന്ന പറ്റിക്കൽ പ്രസ്ഥാനവും

പട്ടാളക്കാരും പതഞ്ജലി എന്ന പറ്റിക്കൽ പ്രസ്ഥാനവും
May 07 04:55 2017

നേരും പോരും
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
പട്ടാളക്കാരേയും പശുക്കളേയും സ്നേഹിക്കുക എന്നത്‌ രാജ്യസ്നേഹത്തിന്റെ അടിസ്ഥാന പ്രമാണമാക്കിയവരാണല്ലോ ആർഎസ്‌എസുകാർ. ഒരാൾ പട്ടാളക്കാരനായതുകൊണ്ടു മാത്രം അയാളോ അയാളുടെ കുടുംബമോ ആർഎസ്‌എസുകാരാൽ സ്നേഹിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തുകൊള്ളണമെന്നില്ല. ഒരാൾ പട്ടാളക്കാരൻ ആയിരിക്കുകയും മുസ്ലിം അല്ലാതിരിക്കുകയും ചെയ്താലേ പട്ടാളക്കാരനേയും കുടുംബത്തേയും സ്നേഹിക്കൂ എന്നതാണ്‌ സംഘപരിവാര രാജ്യസ്നേഹികളുടെ നിലപാട്‌. ഇതിനു തെളിവാണ്‌ അഖ്ലക്ക്‌ മുഹമ്മദിനെ പശുഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ചു തല്ലിക്കൊന്ന സംഘപരിവാരത്തിന്റെ കൊടും ക്രൂരനടപടി. അഖ്ലക്ക്‌ മുഹമ്മദ്‌ ഒരു പട്ടാളക്കാരന്റെ പിതാവായിരുന്നു. എന്നിട്ടും അദ്ദേഹം നിർദ്ദയം കൊല്ലപ്പെട്ടു. അതിനാലാണ്‌, പട്ടാളക്കാരൻ മുസ്ലിം അല്ലാതിരുന്നാലേ അയാൾക്കും അയാളുടെ കുടുംബാംഗങ്ങൾക്കും സംഘപരിവാര തെമ്മാടിത്തങ്ങളിൽ നിന്നു തെല്ലെങ്കിലും സുരക്ഷ പ്രതീക്ഷിക്കാനാവൂ എന്നു പറഞ്ഞത്‌. മതാധിഷ്ഠിത വിഭാഗീയ ബുദ്ധിയോടെയാണ്‌ സംഘപരിവാരം എന്തിനേയും കാണുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ മാട്ടിറച്ചി വ്യാപാരി സംഗീത്‌ സോം എന്ന ബിജെപി എംഎൽഎയാണ്‌. മാടുകളെ കൊല്ലാതെയും കൊല്ലിക്കാതെയും വിദേശത്തേയ്ക്ക്‌ മാട്ടിറച്ചി കയറ്റി അയയ്ക്കുന്ന കച്ചവടം ചെയ്യാൻ ആർക്കും ആവില്ലല്ലോ. എന്നിട്ടും ഈ കച്ചവടം ചെയ്യുന്ന സംഗീത്‌ സോം ആക്രമിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഉണ്ടായില്ല. കാരണം സംഗീത്‌ സോം സംഘപരിവാരികളുടെ നേതാവും ഹിന്ദുവുമാണ്‌. ഹിന്ദു ടൺകണക്കിനു മാട്ടിറച്ചി വിറ്റ്‌ കോടീശ്വരനായാൽ സംഘപരിവാരത്തിനതൊരു പ്രശ്നമല്ല. ഇതൊക്കെ സൂചിപ്പിക്കുന്നത്‌ മതാധിഷ്ഠിത വിഭാഗീയബുദ്ധി എന്നതൊഴിച്ചൊരു പ്രത്യയശാസ്ത്രവും സംഘപരിവാരത്തിന്റെ പശുസ്നേഹത്തിനു പിന്നിലോ പട്ടാളസ്നേഹത്തിനു പിന്നിലോ ഇല്ലെന്നാകുന്നു. ഇപ്പറഞ്ഞതിനു അടിവരയിടുന്ന ഒരു അഭിശപ്ത സംഭവം ഈയിടെ രാജ്യവ്യാപകമായ ശ്രദ്ധനേടുകയുണ്ടായി. പക്ഷേ, അക്കാര്യത്തെ കുറിച്ച്‌ മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ‘കമാ’ എന്നൊരക്ഷരം എഴുതുകയോ പറയുകയോ ചെയ്തില്ല, സംഭവം ഇതാണ്‌. രാജ്യം കാക്കുന്ന പട്ടാളക്കാർക്ക്‌ കുടിക്കാനായി വിതരണം ചെയ്തുവന്നിരുന്ന നെല്ലിക്കാജ്യോൂസിൽ അനാരോഗ്യകരവും അപായകരവുമായ രാസമാലിന്യങ്ങൾ ഉണ്ടെന്നു പരിശോധിച്ചു റിപ്പോർട്ട്‌ നൽകിയത്‌ കേന്ദ്ര ഫോറൻസിക്‌ ലാബാണ്‌. നെല്ലിക്കാ ജ്യോൂസിന്റെ നിർമ്മാണ കമ്പനി ‘പതഞ്ജലി’യും അതിന്റെ ഉടമസ്ഥൻ ബാബാ രാംദേവുമാണ്‌. നരേന്ദ്രമോഡിയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കുക എന്നതാണ്‌ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു പ്രചാരണം നടത്തിയ ആളാണു കാവിധാരിയും ഹഠയോഗാഭ്യാസിയുമായ ബാബാ രാംദേവ്‌. അതുകൊണ്ടായിരിക്കും നെല്ലിക്കാജ്യോൂസി ൽ മായം കലർത്തി വ്യാപാരം നടത്തുന്ന ബാബാ രാംദേവിനെതിരെ ഒരു സംഘപരിവാരക്കാരനും പടനയിക്കാതിരുന്നത്‌. കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങൾ നൽകി മുഖ്യധാരാ മാധ്യമങ്ങളെ വിലയ്ക്കെടുത്തു അടിമപ്പെടുത്തിയ ‘പതഞ്ജലി’ എന്ന കമ്പനിയുടെ ഉടമസ്ഥനായ ബാബാ രാംദേവിന്റെ ഉൽപ്പന്നത്തിൽ മായമുണ്ടെന്ന കേന്ദ്ര ലാബിന്റെ പരിശോധനാ റിപ്പോർട്ട്‌ ചർച്ചചെയ്യാനുള്ള രാജ്യസ്നേഹത്തിന്റെ ‘നിഷ്പക്ഷത’ മാധ്യമങ്ങൾക്കും ഉണ്ടായില്ല. എങ്ങനെയുണ്ടാവാൻ? പണത്തിനും മീതെ പറക്കുന്ന പരുന്തുകളല്ലല്ലോ നമ്മുടെ മാധ്യമങ്ങൾ. ഇവറ്റകൾ ഞങ്ങളുടേത്‌ നിഷ്പക്ഷവും നിർഭയവും വിട്ടുവീഴ്ച ചെയ്യാത്തതുമായ മാധ്യമപ്രവർത്തനമാണെന്നൊക്കെ ചാനൽചർച്ചാവതരണങ്ങൾക്കിടയിൽ ചിലയ്ക്കുന്നത്‌ കേൾക്കുമ്പോൾ യഥാർത്ഥത്തിൽ ഓക്കാനിക്കാനാണു തോന്നുന്നത്‌.
ആതതായികളാരായാലും അവരെ നിഷ്ക്കരുണം കൊല്ലണമെന്നാണു ഭാരതീയ ധർമ്മശാസ്ത്രങ്ങളിൽ മഹർഷിമാർ പറഞ്ഞുവച്ചിട്ടുള്ളത്‌. ആതതായികളിൽ ‘ഭക്ഷണത്തിൽ മായം ചേർത്തുവിൽക്കുന്നവരും’ ഉൾപ്പെടും. ഈ നിലയിൽ ഭാരതീയ ധർമ്മശാസ്ത്രമനുസരിച്ച്‌ വധശിക്ഷയ്ക്കു വിധേയമാക്കപ്പെടേണ്ട ക്രൂരകർമ്മമാണ്‌ ബാബാ രാംദേവ്‌ ചെയ്തിരിക്കുന്നത്‌. പട്ടാളക്കാർക്ക്‌ കുടിക്കാനായി കേന്ദ്ര ഗവൺമെന്റ്‌ അയാളുടെ കമ്പനിയിൽ നിന്നു വാങ്ങിയിരുന്ന നെല്ലിക്കാജ്യോൂസിലാണ്‌ അനാരോഗ്യകരമായ രാസവസ്തുക്കൾ ഉൾപ്പെടുന്ന മായം കലക്കിയിരിക്കുന്നത്‌. പട്ടാളക്കാരുടെ ആരോഗ്യക്ഷയത്തിനു ഇടവരുത്തുന്ന പാനീയം വിറ്റു എന്നതിൽ രാജ്യദ്രോഹമില്ലെങ്കിൽ പിന്നെന്താണ്‌ രാജ്യദ്രോഹം? ‘ജനഗണമന’ എന്നു തുടങ്ങുന്ന ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കാത്തതും നരേന്ദ്രമോഡിയെ വിമർശിക്കുന്നതും മാത്രമേ രാജ്യദ്രോഹമാകൂ എന്നാണോ? ഇക്കാര്യത്തിൽ ഒരു വിശദീകരണം അങ്ങേയറ്റത്തു അമിത്ഷാ മുതൽ ഇങ്ങേയറ്റത്തു കുമ്മനം രാജശേഖരൻ വരെ ഉൾപ്പെടുന്ന സംഘി നേതാക്കളിൽ നിന്നു രാജ്യം പ്രതീക്ഷിക്കുന്നുണ്ട്‌. ‘പതഞ്ജലി’ എന്ന കമ്പനിക്കെതിരേയും അതിന്റെ ഉടമയായ ബാബാ രാംദേവിനെതിരേയും എന്തു നടപടിയാണ്‌ ‘രാജ്യസ്നേഹ’ത്താ ൽ വീർപ്പുമുട്ടുന്ന നരേന്ദ്രമോഡി സർക്കാറും സംഘപരിവാരവും കൈക്കൊള്ളാൻ പോകുന്നത്‌ എന്നാണ്‌ വിശദീകരിക്കേണ്ടത്‌.
അഗസ്ത വെസ്റ്റ്ലാൻഡ്‌ ഹെലികോപ്ടർ ഇടപാടിലെ കോഴക്കളികളിൽ മാത്രമല്ല രാജ്യദ്രോഹമുള്ളതെന്നും പട്ടാളക്കാരുടെ ഭക്ഷണത്തിൽ മായം കലക്കി കൊള്ളലാഭമുണ്ടാക്കുന്നതിലും രാജ്യദ്രോഹമുണ്ടെന്നും വിലയിരുത്തുന്ന യഥാർത്ഥ രാജ്യസ്നേഹികൾ ഇന്നാട്ടിലുണ്ട്‌-അമ്മയോടുള്ള സ്നേഹം മുദ്രാവാക്യം പോലെ നെറ്റിയിലൊട്ടിച്ചു നടക്കാത്തവരും എന്നാൽ ഓരോ ഹൃദയത്തുടിപ്പിലും മാതൃസ്നേഹത്തോടുള്ള ആദരം നെഞ്ചകത്തു കൊണ്ടുനടക്കുന്നവരുമായ യഥാർത്ഥ രാജ്യസ്നേഹികളാണ്‌ നെല്ലിക്കനീരിലും നഞ്ഞു കലക്കിയ നരാധമനായ ബാബാ രാംദേവിനെതിരെ നരേന്ദ്രമോഡി സർക്കാർ എന്തു നടപടിയെടുക്കാൻ പോകുന്നു എന്നു ചോദിക്കുന്നത്‌. മറുപടി പറയാനുള്ള രാജ്യസ്നേഹം യഥാർത്ഥത്തിൽ നെഞ്ചകത്തുണ്ടെങ്കിൽ, സംഘപരിവാരനേതൃത്വം മറുപടി പറയണം. ‘നേരോടെ നിർഭയം’ മാധ്യമപ്രവർത്തനം നടത്തുന്നവരുണ്ടെങ്കിൽ അവർ ഇക്കാര്യം ചർച്ചചെയ്യണം. പട്ടാളക്കാർക്കുവേണ്ടി മുതലക്കണ്ണീരു കലർത്തിയ മഷിയാൽ ബ്ലോഗെഴുതുന്ന കേണൽ മോഹൻലാലിനെ പോലുള്ള ‘ജീവിതമേ അഭിനയം’ ആക്കിയവർ പട്ടാളക്കാർക്കുള്ള പാനീയത്തിലും നഞ്ഞു കലക്കിയ പതഞ്ജലി എന്ന സ്ഥാപനത്തെ കുറിച്ചും അതിന്റെ മുതലാളിയായ കാവി കോടീശ്വരനെ കുറിച്ചും നാലുവരി ബ്ലോഗെങ്കിലും എഴുതുവാനുള്ള ചങ്കൂറ്റം കാണിക്കണം.
തോന്നിയതുമാത്രം പുലമ്പുന്നതാവരുത്‌ രാജ്യസ്നേഹം.

  Categories:
view more articles

About Article Author