പട്ടിണിക്കിടുന്നുവെന്ന്‌ ആരോപണം ഉന്നയിച്ച ജവാൻ പ്രശ്നക്കാരനെന്ന്‌ ബിഎസ്‌എഫ്‌

പട്ടിണിക്കിടുന്നുവെന്ന്‌ ആരോപണം ഉന്നയിച്ച ജവാൻ പ്രശ്നക്കാരനെന്ന്‌ ബിഎസ്‌എഫ്‌
January 11 04:45 2017

ശ്രീനഗർ: അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്ക്‌ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്നും ജവാന്മാർക്ക്‌ ലഭിക്കേണ്ട സാധനങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നുവെന്നും ആരോപണം ഉന്നയിക്കുകയും ചെയ്ത ജവാൻ ടി ബി യാദവ്‌ സ്ഥിരം പ്രശ്നക്കാരനാണെന്ന്‌ അതിർത്തി രക്ഷാസേന (ബിഎസ്‌എഫ്‌) വ്യക്തമാക്കി. കടുത്ത മദ്യപാനിയായ യാദവിന്‌ സൈനികനെന്ന നിലയിൽ വളരെ മോശം സേവന ചരിത്രമാണ്‌ ഉള്ളതെന്നും ബിഎസ്‌എഫ്‌ വ്യക്തമാക്കി. ജവാന്മാർക്ക്‌ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന്‌ ചിത്രങ്ങൾ സഹിതം യാദവ്‌ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്‌ വൈറലായിരുന്നു.
സർവീസിൽ കയറിയ കാലം മുതൽ ഇയാൾ സ്ഥിരം അച്ചടക്ക നടപടികൾക്ക്‌ വിധേയനായിട്ടുണ്ട്‌ യാദവ്‌. അനുവാദമില്ലാതെ പുറത്തു പോവുക, നിയമം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ നപടികൾ യാദവിന്റെ ഭാഗത്ത്‌ നിന്ന്‌ പലതവണ ഉണ്ടായിട്ടുണ്ട്‌. മദ്യപാനി കൂടിയായ യാദവ്‌ മുതിർന്ന ഓഫിസർമാരോട്‌ മോശമായി പെരുമാറിയിട്ടുണ്ട്‌. മേലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന്‌ നാലു വർഷം മുമ്പ്‌ യാദവിനെ സൈനിക കോടതി ശിക്ഷിച്ചിരുന്നു. പിന്നീടാണ്‌ വീണ്ടും സർവീസിൽ എത്തിയത്‌. അന്നുമുതൽ മുതിർന്ന ഓഫിസർമാരുടെ സ്ഥിരം നിരീക്ഷണത്തിലാണ്‌ യാദവെന്നും ബിഎസ്‌എഫ്‌ വ്യക്തമാക്കി.
യാദവിന്റെ വീഡിയോ പോസ്റ്റ്‌ ഇതിനോടകം തന്നെ 26 ലക്ഷം പേർ കണ്ടു കഴിഞ്ഞു. 1,65 ലക്ഷം പേർ പങ്കുവയ്ക്കുകയും ചെയ്തു. പലപ്പോഴും ഒരു പൊറോട്ടയും ചായയും മാത്രമാണ്‌ പ്രഭാത ഭക്ഷണമായി ലഭിക്കുന്നതെന്നും പൊറോട്ടയ്ക്ക്‌ അച്ചാറോ കറിയോ ഒന്നും കിട്ടാറില്ലെന്നും യാദവ്‌ പറഞ്ഞിരുന്നു. ഉച്ചയ്ക്ക്‌ റൊട്ടിയോടൊപ്പം മഞ്ഞളും ഉപ്പും മാത്രം ചേർത്ത പരിപ്പു കറിയുമാണ്‌ ലഭിക്കുന്നത്‌. പലപ്പോഴും രാത്രി ഭക്ഷണം ലഭിക്കാതെ ഒഴിഞ്ഞ വയറുമായാണ്‌ കിടക്കയിലേക്ക്‌ പോകുന്നതെന്നും യാദവ്‌ പറഞ്ഞിരുന്നു.
സംഭവം സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ്്‌ ഉത്തരവിട്ടു.

  Categories:
view more articles

About Article Author