പത്താമുദയത്തിൽ പുതുകൃഷിയ്ക്ക്‌ തുടക്കമിട്ട്‌ കരിമണ്ണൂരിലെ വിദ്യാർഥി കൂട്ടായ്മ

പത്താമുദയത്തിൽ പുതുകൃഷിയ്ക്ക്‌ തുടക്കമിട്ട്‌ കരിമണ്ണൂരിലെ വിദ്യാർഥി കൂട്ടായ്മ
April 25 04:45 2017

കരിമണ്ണൂർ: കാർഷികമേഖലയുടെ പുതുവർഷ ദിനമായ മേടമാസത്തിലെ പത്താമുദയത്തിൽ പുതിയ അധ്യയന വർഷത്തെ കാർഷിക പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ട്‌ കരിമണ്ണൂർ സെന്റ്‌ ജോസഫ്സ്‌ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്‌ ആന്റ്‌ ഗൈഡ്‌ കുട്ടികൾ മണ്ണിലിറങ്ങി.
അവധിക്കാലമായിരുന്നിട്ടും കൃഷിയോടുള്ള അഭിനിവേശമാണ്‌ പാരമ്പര്യത്തിന്റെ മാതൃക പിന്തുടർന്ന്‌ കൃഷിപ്രവർത്തനങ്ങൾക്കായി പത്താമുദയനാളിൽ ഒരേക്കർ വിസ്തൃതിയുള്ള കൃഷിയിടത്തിലേയ്ക്ക്‌ കുട്ടിക്കർഷകരെത്തുവാൻ കാരണമായത്‌. പരമ്പരാഗത കർഷകരിൽ നിന്ന്‌ മേടമാസത്തിലെ പത്താമുദയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കുട്ടികൾ ഈ ദിവസം തന്നെ കൃഷിക്കായി തിരഞ്ഞെടുക്കുകയായിരുന്നു. ചേന, ചേമ്പ്‌, ചെറുകിഴങ്ങ്‌, കാച്ചിൽ എന്നിവയുടെ കൃഷിക്കാണ്‌ പ്രിൻസിപ്പൽ ജോർജ്ജ്‌ ജോസഫ്‌ കേളകത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ടത്‌. ഇതോടൊപ്പം വിവിധയിനം വാഴകൾ, കപ്പ എന്നിവയുടെ പരിചരണവും വളപ്രയോഗവും നടത്തിയത്‌ പത്താമുദയത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. പരിഷ്കാരത്തിന്റെ ഭാവപ്പൊലിമകൾ മാറ്റിവച്ച്‌ കേരളത്തനിമയുടെ പാരമ്പര്യവും സംസ്കാരവും കൃഷിയുമായി കോർത്തിണക്കാനുള്ള പരിശ്രമം നാടൻപാട്ടിന്റെ ശീലുകളുമായി മണ്ണിലിറങ്ങിയ കുട്ടികൾക്ക്‌ ആവേശമായി.
ഇതോടൊപ്പം കുട്ടികൾതന്നെ തയ്യാറാക്കിയ കാർഷിക കലണ്ടർ സ്കൂൾ മാനേജർ ഫാ. തോമസ്‌ കുഴിഞ്ഞാലിൽ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്‌ കുട്ടികളെ അഭിനന്ദിച്ചു. സ്കൗട്ട്‌ മാസ്റ്റർ ജിജി എം ജോൺ, ഗൈഡ്‌ ക്യാപ്റ്റൻ കെ ബേബി റാണി എന്നിവർ പരിപാടിയ്ക്ക്‌ നേതൃത്വം നൽകി.

  Categories:
view more articles

About Article Author