പനി ചര്‍ച്ചയ്ക്ക് എത്താത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി

June 16 01:53 2017

 

കൊല്ലം: ജില്ല പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമരുന്നതൊന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ കാര്യമല്ല. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ആരംഭിച്ചപ്പോള്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ കസേരകള്‍ ശൂന്യം. മൂന്ന് ചികിത്സാ വിഭാഗങ്ങളുടെയും ഡിഎംഒമാര്‍ യോഗത്തിനെത്തിയില്ല. ഇതേപ്പറ്റി അംഗങ്ങള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പട്ടികജാതി ഓഫീസര്‍, ട്രൈബല്‍ ഓഫീസര്‍, മൃഗസംരക്ഷണ ഓഫീസര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എത്തിയിട്ടില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യോഗത്തിനെത്താത്ത ഉദ്യോഗസ്ഥരെ അടിയന്തരമായി വിളിച്ചുവരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ നിര്‍ദ്ദേശിച്ചു.ഉച്ചയ്ക്കു ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വരുത്തി ജില്ലാ പഞ്ചായത്തില്‍ പ്രത്യേകയോഗം ചേര്‍ന്നു.
പലയിടത്തും ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും കുറവുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലാ ആശുപത്രിയില്‍ പനിക്ലിനിക്കില്‍ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ സമയം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള പറഞ്ഞു.വിക്ടോറിയ ആശുപത്രിയില്‍ സൗജന്യസേവനം നടത്താന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് അവസരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് അയക്കാനുള്ള സംവിധാനം എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്ന് അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ എസ്എസ്എല്‍സിക്ക് നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള അനുമോദനം 24ന് നടത്തും. സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ജൂലിയറ്റ് നെല്‍സണ്‍, ഇ എസ് രമാദേവി, അംഗങ്ങളായ എസ് ശോഭ, എസ് വേണുഗോപാല്‍, എസ് ഫത്തഹുദ്ദീന്‍, രശ്മി, എസ് പുഷ്പാനന്ദന്‍, സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

  Categories:
view more articles

About Article Author