Tuesday
22 Aug 2017

പനി നിയന്ത്രണവിധേയം; ആശങ്ക വേണ്ടെന്ന്‌ മന്ത്രി

By: Web Desk | Monday 19 June 2017 4:45 AM IST

കൊച്ചി: സംസ്ഥാനത്ത്‌ പനിപടരുന്നതിനെ തുടർന്ന്‌ വ്യാപകമായി അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിൽ പനി നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത്‌ പനി ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്‌ എന്നത്‌ വസ്തുതയാണ്‌. എന്നാൽ കാര്യങ്ങൾ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ തന്നെയാണ്‌. പകർച്ചപ്പനിയുടെ കാര്യത്തിൽ ഭയാനകമായ സ്ഥിതിവിശേഷമില്ലെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു
കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഏറെ പടർന്നു പിടിക്കാവുന്ന ഡെങ്കി, ചിക്കൻ ഗുനിയ, എച്ച്‌ വൺ എൻവൺ പനികളെ നിയന്ത്രിക്കുവാൻ ആരോഗ്യവകുപ്പിന്‌ സാധിച്ചിട്ടുണ്ട്‌. പകർച്ചപ്പനി മരണങ്ങളില്ലാത്ത കേരളം എന്നതാണ്‌ സർക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള ശക്തമായ ഇടപെടലാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. ജനങ്ങളുടെയാകെ പിന്തുണയുണ്ടെങ്കിലേ ഇത്‌ വിജയത്തിലെത്തിക്കാൻ കഴിയൂ. കാലാവസ്ഥയിലുണ്ടായ വ്യതിയാനവുംമറ്റും കൊണ്ട്‌ 2017ൽ പകർച്ചപ്പനി കൂടുന്ന സാഹചര്യം ഉണ്ടാകുമെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. അതേത്തുടർന്ന്‌ ജനുവരിയിൽതന്നെ മുൻകരുതൽ നടപടികൾ ആരംഭിച്ചു. ഹെൽത്തി കേരള ക്യാമ്പയിൻ അടക്കം രണ്ട്‌ ക്യാമ്പയിൻ ഇതിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്തു. കൊതുക്‌ നശീകരണത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി.
ഇതുവരെ 6808 പേർക്ക്‌ ഡെങ്കിപനി സ്ഥിരികരിച്ചു. 13 മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. എച്ച്‌ വൺ എൻ വൺ ബാധിച്ച്‌ 51 പേരും എലിപ്പനി ബാധിച്ച്‌ ഏഴ്‌ പേരും മരിച്ചു. മറ്റു പകർച്ച വ്യാധികളും ചേർത്താൽ 115 പേർ മരിച്ചതായി മന്ത്രി അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും മരണനിരക്ക്‌ കുറയ്ക്കുവാൻ ആരോഗ്യവകുപ്പിന്‌ സാധിച്ചു. ഈ സാഹചര്യത്തിലും ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം വസ്തുതകൾ മനസിലാക്കുവാൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനുവരിയിൽ തന്നെ സംസ്ഥാനത്ത്‌ പകർച്ച വ്യാധികളെ പ്രതിരോധിക്കുവാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്‌ ശുചീകരണ ജോലികളും പൂർത്തിയാക്കുവാൻ നിർദേശം നൽകി. എന്നാൽ മാലിന്യനീക്കം കാര്യമായി നടക്കാത്ത പ്രദേശങ്ങളിലാണ്‌ പനി പടർന്ന്‌ പിടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന്‌ മരുന്നുകൾ എത്തിച്ചിട്ടുണ്ട്‌. ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. ഡെങ്കി പനി പടർന്ന്‌ പിടിക്കുവാൻ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുവാൻ ആരോഗ്യ വകുപ്പ്‌ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചുകഴിഞ്ഞു. ഇതുവരെ 115 പേരാണ്‌ പനി ബാധിച്ച്‌ മരിച്ചത്‌. മരണസംഖ്യ ഉയരുവാനുള്ള സാധ്യത കണക്കിലെടുത്ത്‌ കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചുകഴിഞ്ഞു. പനി പടർന്ന്‌ പിടിക്കുന്നതിനെ കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കുകയാണ്‌ വേണ്ടത്‌. ദിവസേനയുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുവാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ വകുപ്പ്‌ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നതായും ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.


പനി മരണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നു
കൊച്ചി: സംസ്ഥാനത്തുണ്ടാകുന്നപനി മരണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പനി തടയുന്നതിൽ ആരോഗ്യവകുപ്പ്‌ പരാജയമാണ്‌ എന്ന്‌ പറയുന്നത്‌ ശരിയല്ല. പനി വ്യാപിക്കുന്നത്‌ തടയാൻ സർക്കാർ നാനാവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്‌ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മന്ത്രി തള്ളി. ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ നേരിടാവുന്ന സാഹചര്യമേ ഇവിടെയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പനി മരണങ്ങളെ രാഷ്ട്രീയ നാടകങ്ങൾക്കായി ഉപയോഗിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.