Thursday
21 Sep 2017

പനി; പേടി വേണ്ട, പനിക്ക്‌ ഒരു കഷായക്കൂട്ട്‌

By: Web Desk | Tuesday 18 July 2017 4:45 AM IST

ദിവസങ്ങളോളം നമ്മെ തളർത്തി അക്ഷീണം പടരുന്ന പനി, ഒട്ടേറെ കാലങ്ങൾ മനുഷ്യനെ വലച്ച ഒരസുഖം തന്നെയാണ്‌. പണ്ടുകാലങ്ങളിൽ മനുഷ്യർ ഒറ്റമൂലികൾ ആശ്വാസം കണ്ടെത്തിയിരുന്ന പനികൾ ഇന്ന്‌ പേര്‌ മാറി, വിവിധ രീതികളിൽ നമ്മിൽ പ്രയാണം നടത്തുകയാണ്‌. ഒറ്റമൂലികളുടെ ഗുണങ്ങൾ അറിഞ്ഞ്‌ മനസിലാക്കുകയും പുതിയ തലമുറകൾക്ക്‌ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേർ നമുക്ക്‌ ചുറ്റുമുണ്ട്‌. പണ്ടുകാലത്ത്‌ ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട്‌ ആശ്വാസം കണ്ടെത്തിയിരുന്നു. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത്‌ പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്നതും എന്നാൽ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു. ഏതുരോഗത്തിനും തൊടിയിൽ നിന്നൊരു ഒറ്റമൂലി. അതിൽ രോഗം ശമിക്കും. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. സാധാരണയായി വീടുകളിൽ കാണപ്പെടുന്ന, പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ചാണ്‌ ഒറ്റമൂലികൾ ഉണ്ടാക്കുന്നത്‌. ജനയുഗത്തിന്റെ മാന്യ വായനക്കാരൻ അയച്ച ഒരു ഫലപ്രദമായ ഒരു ഒറ്റമൂലിയുടെ നിർമ്മാണവിധവും കത്തും ചുവടെ ചേർക്കുന്നു.

പനിക്ക്‌ ഒരു കഷായക്കൂട്ട്‌
2006 – 2007-ൽ ചിക്കുൻഗുനിയ വ്യാപകമായി പടർന്നപ്പോൾ താഴെ പറയുന്ന കഷായക്കൂട്ടു കഴിച്ചാണ്‌ രക്ഷപ്പെട്ടത്‌. ഇക്കാര്യം എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഞാനും എന്റെ എല്ലാ കുടുംബാംഗങ്ങളും ചെറിയ പേരക്കുട്ടി ഉൾപ്പെടെ ഈ കഷായം എല്ലാത്തരം പനിക്കും ഉപയോഗിച്ചുവരുന്നു.
കാട്ടുതുളസി, ചെറിയ ആടലോടകം, കിരിയാത്ത്‌, കുരുമുളക്‌ ഇവ 25 ഗ്രാം വീതം. മല്ലി 50 ഗ്രാം, ചെറിയ ഉള്ളി 125 ഗ്രാം എന്നിവ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച്‌ ഒരു ലിറ്ററാക്കി ദിവസം മൂന്നുനേരം ഒരൗൺസ്‌ വീതം കഴിക്കണം. മല്ലിയും കുരുമുളകും ഉള്ളിയും ചതച്ചിടണം. കാട്ടുതുളസി കിട്ടിയില്ലെങ്കിൽ കൃഷ്ണതുളസിയും ഉപയോഗിക്കാം. സാധാരണ പനി, വൈറൽ പന, ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ എല്ലാ പനികൾക്കും ഈ കഷായം സിദ്ധൗഷധമാണ്‌. കുഞ്ഞുങ്ങൾക്ക്‌ തിളപ്പിച്ചാറിയ വെള്ളം ചേർത്ത്‌ നേർപ്പിച്ചു കൊടുക്കണം. കേരളത്തിലും മറ്റു പലയിടത്തും പനി വ്യാപകമായ സാഹചര്യത്തിൽ ഈ കഷായത്തെപ്പറ്റി ജനങ്ങളുടെ ശ്രദ്ധയിൽ വരുത്തണമെന്ന്‌ അറിയിച്ചുകൊള്ളുന്നു.

ജി പി കുമാരസ്വാമി
റിട്ടയർ സയന്റിസ്റ്റ്‌
സൂര്യകാന്തി, ജെപിഎൻ-72
തൈക്കാട്‌,
തിരുവനന്തപുരം