Monday
25 Jun 2018

പന്തളം പി ആർ മാധവൻപിള്ള: കർഷക പ്രസ്ഥാനത്തിന്റെ ധീര നായകൻ

By: Web Desk | Saturday 29 July 2017 4:55 AM IST

പി എസ്‌ സുരേഷ്‌
“കൃഷിക്കാർ അനധികൃത പ്രവേശനക്കാരല്ല. കേരളീയ മാതാക്കൾ പ്രസവിച്ച കേരളീയ പൗരന്മാരാണവർ. അനധികൃത പ്രവേശനക്കാരനായ എന്നുപറഞ്ഞ്‌ കൃഷിക്കാരെ ഇവിടെ നിന്ന്‌ ഒഴിപ്പിച്ചാൽ ഈ നാട്ടുകാർക്കും വേണ്ടാത്ത; അനധികൃത പ്രവേശനക്കാരായ ഉപദേശി റാവുവിനെ ഞങ്ങൾ അയാളിരിക്കുന്ന കസേലയിൽ നിന്നുമൊഴിപ്പിക്കും.”
ദേവികുളത്തുനടന്ന കർഷകരുടെ മഹാസമ്മേളനത്തെ സാക്ഷിനിർത്തി പന്തളം പി ആർ മാധവൻപിള്ള ഈ പ്രഖ്യാപനം നടത്തിയപ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ ഉയർന്ന നിലയ്ക്കാത്ത ഹർഷാരവവും കയ്യടിയും. തുടർന്ന്‌ അദ്ദേഹത്തിന്‌ സംസാരിക്കാൻ പോലും കഴിയാത്ത വിധം ജനങ്ങൾ ഇളകിമറിഞ്ഞു.
1956 മാർച്ച്‌ 23ന്‌ പനമ്പള്ളി മന്ത്രിസഭ തകർന്നു. രാജപ്രമുഖന്റെ ഉപദേഷ്ടാവായി നിയമിതനായ പി എസ്‌ റാവു ആദ്യം കൈവച്ചത്‌ മലയോര കർഷകർക്കെതിരെയാണ്‌. വനഭൂമിയിലെ അനധികൃത പ്രവേശനക്കാരെ പുറത്താക്കാനുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചു. തെക്ക്‌ പാണിപ്പറ്റുമുതൽ വടക്ക്‌ നെല്ലിയാമ്പതി വരെയുള്ള ദശലക്ഷക്കണക്കായ കർഷക കുടുംബങ്ങൾ ഒഴിപ്പിക്കൽ ഭീഷണിയുടെ കരിനിഴലിൽ തള്ളിനീക്കപ്പെട്ടു.
എന്തുവില കൊടുത്തും ഒഴിപ്പിക്കൽ തടയണമെന്ന വികാരം മലയോരങ്ങളിൽ അലയടിച്ചു. മറ്റൊരു കർഷക സംഘടനയും കൃഷിക്കാരെ സഹായിക്കാൻ മുന്നോട്ട്‌ വന്നില്ല. തിരുക്കൊച്ചി കർഷകസംഘം നേതാക്കളായ പന്തളം പി ആറും ജേക്കബ്ബാശാനും വെള്ളത്തൂവൽ വഴി കാട്ടുവഴികളിലൂടെ നടന്നാണ്‌ യോഗസ്ഥലത്തെത്തിയത്‌. ദേവികുളം കർഷകസംഘം എന്ന പേരിൽ ജാതിചിന്തയ്ക്ക്‌ അതീതമായ ഒരു സംഘടനയ്ക്ക്‌ അന്ന്‌ രൂപം നൽകി. നാരായണക്കുറുപ്പ്‌ പ്രസിഡന്റും സി ഐ നാരായണൻ ജനറൽസെക്രട്ടറിയുമായ ആ സംഘടനയുടെ കുടക്കീഴിലാണ്‌ പതിനായിരക്കണക്കിന്‌ കൃഷിക്കാർ ആ മഹാസമ്മേളനത്തിൽ പങ്കെടുത്തത്‌. അണികളുടെ അടങ്ങാത്ത ആവേശത്താൽ അന്ന്‌ തന്റെ ‘ബാലൻസ്‌’ തെറ്റിപ്പോയി എന്ന്‌ പി ആർ ഒരിക്കലെഴുതിയിട്ടുണ്ട്‌.
ഈ സമ്മേളനത്തിന്‌ ഉടൻ ഫലമുണ്ടായി. പിഎസ്‌ റാവു ചർച്ചയ്ക്കായി നേരിട്ട്‌ കർഷകസംഘം നേതാക്കളെ ക്ഷണിച്ചു. ‘നിങ്ങൾക്കെന്താ വേണ്ടതെന്ന’ ആമുഖത്തോടെയാണ്‌ റാവു സംസാരിച്ചത്‌. തങ്ങൾക്ക്‌ ഏഴ്‌ ആവശ്യങ്ങൾ ഉണ്ട്‌. അതംഗീകരിച്ചാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന്‌ പി ആർ പറഞ്ഞു.
മലയോരകർഷകരെ ഒഴിപ്പിക്കാൻ പുറപ്പെടുവിച്ച ഉത്തരവ്‌ പിൻവലിക്കുക, കൃഷിക്കാരുടെ നികുതി കുടിശികകൾ റദ്ദാക്കുക, കൃഷിക്കാരുടെ കൈവശഭൂമി സർവ്വേ ചെയ്യുക, കൈവശഭൂമി കൃഷിക്കാർക്ക്‌ പതിച്ചുകൊടുക്കുക, അവിടെ നിൽക്കുന്ന 36 ഇഞ്ചിൽ കവിഞ്ഞ്‌ വീതിയുള്ള തടികൾ കൃഷിക്കാർക്ക്‌ പകുതി വിലയ്ക്ക്‌ നൽകുക, 36 ഇഞ്ച്‌ വീതിയില്ലാത്ത തടികൾ കൃഷിക്കാർക്ക്‌ വിട്ടുകൊടുക്കുക, ഭൂമിക്ക്‌ അടിസ്ഥാന നികുതി മാത്രം ഈടാക്കുക എന്നിവയായിരുന്നു ഏഴിന ആവശ്യങ്ങൾ.
കോട്ടയം, കൊല്ലം, തിരുവനന്തപുരം കളക്ടർമാരും ചീഫ്‌ സെക്രട്ടറി, റവന്യൊാസ്ക്രട്ടറി എന്നിവരും യോഗത്തിൽ സംബന്ധിച്ചു. സുദീർഘമായ ചർച്ചയ്ക്കൊടുവിൽ നാടകീയമായ ഈ ഏഴിന ആവശ്യങ്ങളും അംഗീകരിച്ചതായി റാവു പ്രഖ്യാപിച്ചു. അത്‌ സംബന്ധിച്ച ഉത്തരവും ഉടൻ പുറപ്പെടുവിച്ചു.
അങ്ങനെ എത്ര എത്ര സമരങ്ങൾക്കാണ്‌ പന്തളം പി ആർ നേതൃത്വം കൊടുത്തത്‌. കേരളത്തിൽ കർഷക സംഘടന കെട്ടിപ്പടുക്കുന്നതിൽ അവിസ്മരണീയമായ പങ്കു വഹിച്ച നേതാവാണ്‌ പന്തളം പി ആർ.
1917 മാർച്ച്‌ ആറിന്‌ തട്ടയിൽ ചരവീട്ടിൽ തെക്കതിൽ ആർ നാരായണപിള്ളയുടെയും പന്തളത്ത്‌ പട്ടിരേത്ത്‌ കുടുംബത്തിൽ ഗൗരിയമ്മയുടെയും മകനായി ജനിച്ച പന്തളം പി ആർ തട്ടയിൽ ഗവൺമെന്റ്‌ പ്രൈമറി സ്കൂളിലായിരുന്നു പഠിച്ചത്‌.
ബാലനായിരിക്കുമ്പോൾ രാജവാഴ്ചയ്ക്കും സവർണമേധാവിത്വത്തിനും എതിരെ പോരാടാൻ പ്രചോദനം ലഭിച്ചത്‌ യാദൃശ്ചികമായ സംഭവമാണ്‌. വൈക്കം സത്യഗ്രഹത്തിന്റെ ഘട്ടത്തിൽ തിരുവിതാംകൂറിലെത്തിയ മഹാത്മാഗാന്ധിക്ക്‌ അടൂരിൽ സ്വീകരണം നൽകി. കൂട്ടുകാർക്കൊപ്പം മാധവൻപിള്ളയും ഗാന്ധിജിയെ കാണാൻ ചെന്നു. ഗാന്ധിജിയുടെ അടുത്തെത്തിയ ചുറുചുറുക്കുള്ള ആ ബാലനെ അദ്ദേഹം അടുത്തുവിളിക്കുകയും പുറത്ത്‌ തലോടുകയും കുശലം ചോദിക്കുകയും ചെയ്തു. ആ മഹാത്മാവിന്റെ വാത്സല്യം അനുഭവിക്കാൻ കഴിഞ്ഞത്‌ ബാലനായ മാധവൻപിള്ളയെ വല്ലാതെ മാറ്റിത്തീർത്തു. പിന്നീട്‌ പന്തളത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനെത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിന്‌ നിർണായക സ്വാധീനം ചെലുത്തിയത്‌ രണ്ട്‌ അദ്ധ്യാപകരായിരുന്നു. പി വി വേലുക്കുട്ടിയും, എം എൻ ഗോവിന്ദൻനായരുമായിരുന്നു അവർ. അടൂർ ഇംഗ്ലീഷ്‌ ഹൈസ്കൂളിൽ പഠിച്ചശേഷം തിരുവനന്തപുരം സയൻസ്‌ കോളജിൽ ഇന്റർമീഡിയറ്റിന്‌ ചേർന്നോടെ രാഷ്ട്രീയത്തിൽ കൂടുതൽ തൽപ്പരനായി.
ചങ്ങനാശ്ശേരി എസ്‌ ബി കോളജിലെ യൂണിയൻ ജനറൽ സെക്രട്ടറി, സ്പീക്കർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. അപ്പോഴേക്കും പ്രമുഖ വിദ്യാർത്ഥിനേതാവായി മാറി. കോളജിലെ സ്റ്റുഡന്റ്സ്‌ കോൺഗ്രസ്‌ പ്രസിഡന്റായിരുന്ന പി ആറിനെ ഹോസ്റ്റലിൽ നിന്ന്‌ പുറത്താക്കി. ഇതേ തുടർന്ന്‌ ശക്തമായ വിദ്യാർത്ഥി സമരം ഉണ്ടാവുകയും പിന്നീട്‌ ഹോസ്റ്റലിൽ തിരിച്ചെടുക്കേണ്ടിവരുകയും ചെയ്തു.
തിരുവനന്തപുരം ലോ കോളജിൽ നിന്നും ബിഎൽ പാസായ ശേഷം മാവേലിക്കര താലൂക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയായി. സർ സിപിക്കെതിരായ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു. പിആറിനെ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റ്‌ ചെയ്തു. കെ കെ ചെല്ലപ്പൻപിള്ള, വെയ്യൂർക്കര കൃഷ്ണപിള്ള എന്നിവരോടൊപ്പം യുവകേരളത്തിന്റെ സഹപത്രാധിപരായി. അഭിപ്രായവ്യത്യാസം കാരണം യുവകേരളം വിട്ടു. ‘ഇടതുപക്ഷം’ എന്ന വാരികയിലും, കേരളം പത്രത്തിലും പിന്നീട്‌ പ്രവർത്തിച്ചു.
എറണാകുളത്തുനിന്ന്‌ നവലോകം പത്രം തുടങ്ങുന്നത്‌ അതിനുശേഷമാണ്‌. ധനാഢ്യനായ പിതാവ്‌ 25 പറ നിലം വിറ്റ്‌ നൽകിയ തുക കൊണ്ടാണ്‌ സ്വന്തമായി അച്ചടി സംവിധാനത്തോടെ നവലോകം തുടങ്ങിയത്‌. ജോസഫ്‌ തെള്ളിയും ആ സംരംഭത്തിൽ കൂട്ടുകൂടി. സാമ്പത്തിക പരാധീനത കാരണം ആ പത്രം അധികകാലം മുന്നോട്ട്‌ പോയില്ല. ആ പ്രസാണ്‌ പിന്നീട്‌ കൊല്ലം ജനയുഗത്തിലേക്ക്‌ കൊണ്ടുവന്നത്‌. അതിനുവേണ്ടി മധുര പാർട്ടി കോൺഗ്രസ്‌ നടക്കുമ്പോൾ എംഎൻ ഇടത്തട്ട നാരായണൻ വഴി അരുണആസഫലിയിൽ നിന്ന്‌ പണം കടം വാങ്ങിയതും അതിലൊരു ഭാഗം ഉപയോഗിച്ച്‌ നവലോകത്തിന്റെ കടം വീട്ടി പ്രസ്സ്‌ കൊല്ലത്തേക്ക്‌ കൊണ്ടുവന്നതും മറ്റൊരു ചരിത്രം.
ജനാധിപത്യയുവജന സംഘടനയുടെ പ്രവർത്തകനായതിനാൽ അറസ്റ്റിലായി. ഒന്നരവർഷം ജയിൽവാസം അനുഷ്ഠിച്ചു. 1953-ലെ തിരുക്കൊച്ചി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കുന്നത്തൂർ എന്ന ദ്വയാംഗമണ്ഡലത്തിൽ നിന്നും വിജയിച്ചു. മന്നത്തുപത്മനാഭന്റെ അനുഗ്രഹാശ്ശിസ്സുകളോടെ മത്സരിച്ച എതിർസ്ഥാനാർത്ഥിയാണ്‌ പന്തളം പി ആറിന്‌ മുന്നിൽ അടിയറവ്‌ പറഞ്ഞത്‌. എതിർസ്ഥാനാർത്ഥിക്കുവേണ്ടി തോട്ടം ഉടമകൾ, ജന്മിമാർ, ഫാക്ടറി ഉടമകൾ, കോൺട്രാക്ടർമാർ തുടങ്ങിയവർ രംഗത്തുവന്നു. തോട്ടം തൊഴിലാളികളും കർഷകതൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും സാധാരണ കൃഷിക്കാരുമെല്ലാം പി ആറിന്‌ വോട്ട്‌ ചെയ്തതാണ്‌ ആ വിജത്തിനടിസ്ഥാനം.
1956 നവംബർ ഒന്നിന്‌ പീച്ചിയിൽ ചേർന്ന കർഷകസമ്മേളനം കർഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പി ആറിനെയും സെക്രട്ടറിയായി കേരളീയനേയും തെരഞ്ഞെടുത്തു.
1957ൽ പി ആർ കുന്നത്തൂരിൽ നിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ആ തെരഞ്ഞെടുപ്പിൽ മത്സരിച്ച കമ്മ്യൂണിസ്റ്റ്‌ സ്ഥാനാർത്ഥികളിൽ പകുതിയോളം പേർ കർഷകസംഘം പ്രവർത്തകരായിരുന്നു എന്നത്‌ കേരളത്തിൽ അവഗണിക്കാൻ വയ്യാത്ത ശക്തിയായി കർഷകർ വളർന്നു എന്നതിന്റെ തെളിവായി കരുതാം.
1965ൽ കോന്നിയിൽ പി ആർ പരാജയപ്പെട്ടെങ്കിലും ശക്തിയായ മത്സരമാണ്‌ അവിടെ നടന്നത്‌. 1967ൽ പി ആർ അവിടെ വീണ്ടും മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
72 മുതൽ 76 വരെയുള്ള കാലത്ത്‌ പന്തളത്ത്‌ മന്നം ഷുഗർമില്ലിന്റെ ചെയർമാനായി പ്രവർത്തിക്കുമ്പോഴാണ്‌ കരിമ്പ്‌ കൃഷിയുടെ വ്യാപനം ഉണ്ടായത്‌. കരിമ്പ്‌ കൃഷിയ്ക്ക്‌ വേണ്ടിയാണ്‌ ഫാമിംഗ്‌ കോർപ്പറേഷൻ തന്നെ രൂപീകരിച്ചത്‌. ഇക്കാര്യത്തിൽ അച്യുതമേനോൻ സർക്കാരിൽ പന്തളം പി ആർ നടത്തിയ ശ്രദ്ധേയമായ ഇടപെടൽ മൂലം ആ രംഗത്ത്‌ വലിയ ഉണർവ്വുണ്ടായി. പിൽക്കാലത്ത്‌ കരിമ്പുകൃഷി തന്നെ ഇല്ലാതാവുകയും ഫാമിംഗ്‌ കോർപ്പറേഷൻ റബ്ബർ കൃഷിയിലേക്ക്‌ തിരിയുകയും ചെയ്തത്‌ വേറെകാര്യം.
1957ലെ ആദ്യകമ്മ്യൂണിസ്റ്റ്‌ സർക്കാർ കൊണ്ടുവന്ന കാർഷികബന്ധ ബില്ലിന്റെ രൂപരേഖ തയ്യാറാക്കാൻ പാർട്ടി നിയോഗിച്ച ഒമ്പതംഗ കമ്മിറ്റിയിൽ അദ്ദേഹം അംഗമായി. കല്ലട പദ്ധതിക്കുവേണ്ടി നിയമസഭയ്ക്കകത്തും പുറത്തും ഏറ്റവും കൂടുതൽ വാദിച്ച വ്യക്തിയും അദ്ദേഹം തന്നെ. ഈ പദ്ധതിയെ ഒരു ഭ്രാന്തൻ ചിന്തയായി പലരും ചിത്രീകരിച്ചു. ഇന്ന്‌ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കൃഷിയ്ക്കും കുടിവെള്ളത്തിനും ഈ പദ്ധതി എത്ര പ്രയോജനപ്പെട്ടുവെന്ന്‌ പറയേണ്ടതില്ലല്ലൊ.
ഏത്‌ പ്രശ്നങ്ങളേയും നർമ്മബോധത്തോടെ കൈകാര്യം ചെയ്യാനുള്ള പി ആറിന്റെ കഴിവ്‌ ഒന്നുവേറെ തന്നെ. പന്തളത്ത്‌ കർഷകസംഘത്തിന്റെ മഹാസമ്മേളനവും പ്രകടനവും നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള റോഡിൽ കുടുങ്ങിപ്പോയി. അദ്ദേഹത്തിന്‌ മുന്നോട്ടും പിന്നോട്ടും പോകാൻ വയ്യാത്ത അവസ്ഥ. മുൻശുണ്ഠിക്കാരനായ പട്ടം വല്ലാതെ പ്രകോപിതനായി. കുറച്ചുദിവസം കഴിഞ്ഞ്‌ പട്ടം, പന്തളം പി ആറിനെ കണ്ടപ്പോൾ തന്റെ ദേഷ്യം മുഴുവൻ പി ആറിന്റെ മേൽ തീർത്തു. ശരിക്കും തെറി പറഞ്ഞു എന്നാണ്‌ പി ആർ അതേപ്പറ്റി എഴുതിയിട്ടുള്ളത്‌. ശകാരം തീർന്നപ്പോൾ പി ആർ പറഞ്ഞു. തെറി പറഞ്ഞിട്ട്‌ കാര്യമില്ല. ഒഴിപ്പിക്കൽ നിരോധന നിയമവും മറ്റ്‌ ഭൂനിയമങ്ങളും കൊണ്ടുവരുകയല്ലാതെ ഇതിന്‌ പരിഹാരമില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭ മറിച്ചിടുന്നതിന്റെ തലേ ആഴ്ച അത്തരം നാലഞ്ച്‌ ബില്ലുകൾ അന്നത്തെ റവന്യൂമന്ത്രി നടരാജപിള്ള കൊണ്ടുവന്നത്‌ ഓർക്കാതെ വയ്യ.
പി ആറിന്റെ മരണശേഷം ജനയുഗം വാരികയിൽ കാമ്പിശ്ശേരി എഴുതിയ മുഖക്കുറിപ്പിലെ ഹൃദയസ്പൃക്കായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.
“മൂന്നര ദശവർഷക്കാലത്തെ വിശ്രമരഹിതമായ പൊതുസേവനത്തിന്റെ അകാലികമായ അന്ത്യം 61-ാ‍ം വയസിൽ സംഭവിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിലിറങ്ങി. അഭിഭാഷകവൃത്തി വെടിഞ്ഞ്‌ വിപ്ലവപ്രസ്ഥാനങ്ങളുടെ മുൻനിരയിലെത്തി. യുവകേരളം, കേരളം, നവലോകം എന്നീ പത്രങ്ങളുടെ അധിപനെന്ന നിലയിൽ പത്രപ്രവർത്തനത്തിന്റെ ശക്തി തെളിയിച്ചു. ജനയുഗത്തിന്റെ വിധാതാക്കളിലൊരാളും അദ്ദേഹമായിരുന്നു. ശക്തമെന്നപോലെ നർമ്മമധുരമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. നിയമസഭാംഗമെന്ന പോലെ നിയമനിഷേധിയായും നന്നേ ശോഭിച്ചു.”