പന്ന്യൻ ഭരതൻ: അക്ഷരാർഥത്തിൽ കമ്മ്യൂണിസ്റ്റ്‌

പന്ന്യൻ ഭരതൻ: അക്ഷരാർഥത്തിൽ കമ്മ്യൂണിസ്റ്റ്‌
May 30 04:45 2017

മഹേഷ്‌ കക്കത്ത്‌

ഭരതേട്ടന്റെ ഓർമ്മകൾ പകർത്തിവയ്ക്കാനുള്ള ശ്രമം വർഷങ്ങൾക്ക്‌ മുമ്പ്‌ തുടങ്ങിയിരുന്നെങ്കിലും അന്നൊക്കെ ഭരതേട്ടൻ സ്നേഹപൂർവം അതിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ ഒരു മാസം മുമ്പ്‌ എനിക്ക്‌ ഭരതേട്ടന്റെ ഫോൺ വന്നു. അത്യാവശ്യമായി വീട്ടിലേയ്ക്ക്‌ വരണം എന്നാണ്‌ ആവശ്യപ്പെട്ടത്‌. എന്തിനാണെന്ന്‌ ചോദിച്ചപ്പോൾ പറഞ്ഞു “കുറച്ച്‌ കാര്യങ്ങൾ കുറിച്ചുവയ്ക്കാനുണ്ട്‌. അതിന്‌ നീ സഹായിക്കണം.” സംഘടനാ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി രണ്ടുദിവസം ഭരതേട്ടനോടൊപ്പം ചെലവഴിച്ചു. എഐവൈഎഫിന്റെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി മമ്മൂട്ടിയും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾ ഞങ്ങളിൽ ആവേശവും അത്ഭുതവും സൃഷ്ടിക്കുന്നതായിരുന്നു.
കുടുംബജീവിതം, ബീഡി തൊഴിലാളിയായും ട്രേഡ്‌ യൂണിയൻ പ്രവർത്തകനായും നടന്ന കാലം, ലഹരിയായി കൊണ്ടുനടന്ന ഫുട്ബോൾ കളി, കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തനം, 1964-ലെ പാർട്ടിയിലെ ഭിന്നിപ്പിനെ തുടർന്ന്‌ ദുർബലമായ കണ്ണൂരിലെ പാർട്ടിക്ക്‌ പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ, ജനയുഗത്തിലെ പത്രപ്രവർത്തനകാലം, മലബാറിലെ ബീഡി തൊഴിലാളികൾക്ക്‌ ജീവിതം നൽകിയ കേരള ദിനേശ്‌ ബീഡി സഹകരണസംഘത്തിന്റെ പിറവിയും വളർച്ചയും തുടങ്ങി കൂടെ പ്രവർത്തിച്ച നേതാക്കളും പ്രവർത്തകരുമായുള്ള ആത്മബന്ധങ്ങൾ, വാർധക്യം മനുഷ്യനെ പ്രയാസപ്പെടുത്തുന്നതിന്റെ അനുഭവം വരെ പങ്കുവച്ചാണ്‌ രണ്ടാം ദിവസം ഞങ്ങൾ പിരിഞ്ഞത്‌. വീട്ടിൽ നിന്ന്‌ ഇറങ്ങി ഞങ്ങളുടെ കൂടെ റോഡിലേയ്ക്ക്‌ വന്ന ഭരതേട്ടൻ വലതുകൈയിൽ ശക്തിയായി പിടിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഒരുപക്ഷേ ഇനി നമ്മൾ തമ്മിൽ കാണില്ല. ഒന്നോ രണ്ടോ ആഴ്ചകൾക്കകം ഞാൻ പോകും. ഇത്‌ എന്റെ യാത്രപറച്ചിലായി കരുതുക.” ഇതുകേട്ട്‌ ഒരു നിമിഷം സ്തംഭിച്ചുനിന്നശേഷം ഭരതേട്ടന്റെ മുഖത്ത്‌ നോക്കി ഞങ്ങൾ പറഞ്ഞു. ഇനിയും കാണാം വീണ്ടും വരാം. പക്ഷേ, അന്ന്‌ പറഞ്ഞ രണ്ടാഴ്ച തികയുന്നതിന്‌ മുമ്പ്‌ പ്രിയസഖാവ്‌ യാത്രപറഞ്ഞ്‌ പോയിരിക്കുന്നു.
കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കരുത്തായിരുന്നു പന്ന്യൻ ഭരതൻ. പ്രായഭേദമന്യേ ആരുമായും സഹകരിക്കാൻ ഭരതേട്ടന്‌ കഴിഞ്ഞിരുന്നു. പ്രത്യേകിച്ച്‌ വിദ്യാർത്ഥി-യുവജനരംഗത്തെ സഖാക്കളായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. സഖാക്കളുടെ എന്ത്‌ പ്രശ്നവും കേൾക്കാനും പരിഹാരം കാണാനും മനസുകാണിച്ച കമ്മ്യൂണിസ്റ്റായിരുന്നു ഭരതേട്ടൻ. തന്റെ ചെറുപ്പകാലത്ത്‌ കണ്ണൂരിലെ മൈതാനങ്ങളിൽ പന്തുരുട്ടി തുടങ്ങിയ ഫുട്ബോൾ കളിയാവാം അദ്ദേഹത്തിൽ എന്നും ഒരു സ്പോർട്ട്സ്മാൻ സ്പിരിറ്റ്‌ ഉണ്ടാക്കിയത്‌. എന്ത്‌ പ്രശ്നത്തിൽ ഇടപെടുമ്പോഴും ആ ചുറുചുറുക്ക്‌ ഭരതേട്ടൻ കാണിച്ചിരുന്നു. ഫുട്ബോളും രാഷ്ട്രീയവും രണ്ടും ഒരുപോലെ ആവേശമായിരുന്നു. കളിയേയും കളിക്കാരേയും പറ്റി പറയുമ്പോൾ നൂറ്‌ നാവായിരുന്നു. ആ ‘കളിഭ്രാന്ത്‌’ അവസാന കൂടിക്കാഴ്ചയിലും ഞങ്ങൾ കണ്ടു. പന്ന്യൻ ഭരതേട്ടൻ നേതൃത്വം കൊടുത്ത കണ്ണൂർ ലക്കി സ്റ്റാർ ഫുട്ബോൾ ക്ലബ്‌, വർഷങ്ങൾക്ക്‌ മുമ്പ്‌ കോഴിക്കോട്‌ നടന്ന സ്റ്റേറ്റ്‌ നാഗ്ജി അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയിലെ ഒന്നാംനിര ഫുട്ബോൾ ടീമായ കൽക്കത്ത മോഹൻ ബഗാനെ തോൽപ്പിച്ചതിന്റെ ഓർമ്മകൾ ഇന്നലെ നടന്നതുപോലെ വിവരിക്കുകയായിരുന്നു. ഭരതേട്ടൻ ബീഡിപ്പണിയെടുത്തിരുന്ന പിവിഎസ്‌ ഫാക്ടറിയിലെ തൊഴിലാളികളെ ഉൾപ്പെടുത്തി യൂണൈറ്റഡ്‌ ബ്രദേഴ്സ്‌ എന്ന പേരിൽ ഫുട്ബോൾ ടീമിനെ സംഘടിപ്പിച്ചാണ്‌ ഈ രംഗത്തെ തന്റെ സംഘാടക മികവ്‌ തെളിയിച്ചത്‌. പിന്നീട്‌ കണ്ണൂരിലെ എണ്ണംപറഞ്ഞ ഫുട്ബോൾ മത്സരങ്ങളുടെ സംഘാടകരിൽ ഒരാളായി പന്ന്യൻ ഭരതൻ ഉണ്ടായിരുന്നു. 1951-ൽ ചിറക്കൽ താലൂക്ക്‌ ബീഡി-ചുരുട്ട്‌ തൊഴിലാളി യൂണിയൻ പുനഃസംഘടിപ്പിച്ച്‌ കണ്ണൂർ ടുബാകോ വർക്കേഴ്സ്‌ യൂണിയൻ (എഐടിയുസി) രൂപീകരിച്ചപ്പോൾ അതിന്റെ പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രേഡ്‌ യൂണിയൻ രംഗത്തെ നേതൃത്വപരമായ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കണ്ണൂരിലെ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന സഖാവ്‌ സി കണ്ണേട്ടന്റെ സ്നേഹവാത്സല്യം തൊഴിലാളികളെ സംഘടിപ്പിക്കാൻ വലിയ ആവേശം നൽകിയിരുന്നു. പാർട്ടിഭിന്നിപ്പിനെ തുടർന്ന്‌ രണ്ടുപേരും രണ്ടുപക്ഷത്തായെങ്കിലും അവർ പരസ്പരം വലിയ ഇഷ്ടക്കാരായി തുടർന്നു. സി കണ്ണൻ 1957 കണ്ണൂരിൽ നിന്ന്‌ നിയമസഭയിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ ടുബാകോ വർക്കേഴ്സ്‌ യൂണിയന്റെ അസിസ്റ്റന്റ്‌ സെക്രട്ടറിയായും പിന്നീട്‌ സെക്രട്ടറിയായും ഭരതേട്ടൻ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ ഭിന്നിപ്പിനെ തുടർന്ന്‌ 1965-ൽ കണ്ണൂർ ടൗൺ ഹാളിൽ ചേർന്ന ടുബാകോ വർക്കേഴ്സ്‌ യൂണിയന്റെ ജനറൽബോഡി യോഗത്തിൽ വച്ചാണ്‌ ഭരതേട്ടനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തത്‌. ആയിരക്കണക്കിന്‌ ബീഡി തൊഴിലാളികൾ അംഗമായ ആ യൂണിയനെ പിളർത്തി ഭരതേട്ടൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കുകയായിരുന്നു. ഒന്നിച്ച്‌ ഉണ്ടുറങ്ങി, സുഖദുഃഖങ്ങൾ പങ്കിട്ട്‌ കഴിഞ്ഞ സമരസഖാക്കൾ അതോടെ ശത്രുക്കളെപ്പോലെയായി.
പിളർപ്പിന്‌ ശേഷമുള്ള ആ നാളുകൾ ദുരിതപൂർണമായിരുന്നു. ആഹാരം കഴിക്കാൻ പോലും കൈയിൽ കാശില്ലാതെ സംഘടനാപ്രവർത്തനം നടത്തിയ ആ നാളുകളിൽ ഉച്ചഭക്ഷണം നൽകി സഹായിച്ചിരുന്നത്‌ കണ്ണൂർ നഗരത്തിലെ ബീഡി തൊഴിലാളികളായിരുന്നു. ഭിന്നിപ്പിന്റെ സമയത്ത്‌ എ വി കുഞ്ഞമ്പു ആയിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി. ഭിന്നിപ്പിന്‌ ശേഷം ടി സി നാരായണൻ നമ്പ്യാരെ സിപിഐ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആ ജില്ലാ കൗൺസിലിലേയ്ക്ക്‌ പന്ന്യൻ ഭരതനും തിരഞ്ഞെടുക്കപ്പെട്ടു. അന്നുതൊട്ട്‌ 47 വർഷക്കാലം പാർട്ടി ജില്ലാ കൗൺസിൽ അംഗമായിരുന്നു ഭരതേട്ടൻ. പിളർപ്പിനുശേഷം ഓരോ പ്രദേശത്തും ഒറ്റപ്പെട്ടുപോയ പ്രവർത്തകരെ കണ്ടെത്തി പാർട്ടിയോട്‌ ചേർത്തുനിർത്തുന്നതിൽ സഖാവ്‌ പി പി മുകുന്ദൻ അസാധാരണമായ സംഘടനാമികവാണ്‌ കാണിച്ചത്‌. ഇന്നത്തെ കാസർഗോഡ്‌ ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ സിപിഐയെ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്‌ മുകുന്ദേട്ടനായിരുന്നുവെന്ന്‌ ഭരതേട്ടൻ പറയാറുണ്ടായിരുന്നു. പാർട്ടി ജില്ലാ കൗൺസിലിന്‌ ഓഫീസ്‌ കണ്ടെത്തിയതും വാടക നൽകി ഉപയോഗിച്ചിരുന്ന ആ കെട്ടിടവും സ്ഥലവും വിലകൊടുത്ത്‌ വാങ്ങാൻ ഫണ്ടുശേഖരണം നടത്തി വിജയിപ്പിച്ചതുമെല്ലാം സാഹസികമായ അനുഭവങ്ങളായിരുന്നു. ഇന്നത്തെ കണ്ണൂർ ജില്ലാ കൗൺസിൽ ഓഫീസായ എൻ ഇ ബാലറാം സ്മാരകം നിൽക്കുന്ന സ്ഥലവും അതിലെ കെട്ടിടവും ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ്‌ അന്ന്‌ പാർട്ടി വാങ്ങിയത്‌. ഒറ്റദിവസം കൊണ്ട്‌ ഒരു രൂപ കൂപ്പൺ ഉപയോഗിച്ച്‌ ഫണ്ട്‌ പിരിച്ച്‌ ആവശ്യമായ തുകയുടെ പകുതിയോളം കണ്ടെത്തി. ബാക്കി തുക പതുക്കെ കൊടുത്തുതീർക്കുകയായിരുന്നു. തൃശൂരിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന നവജീവൻ പത്രം പാർട്ടി ഭിന്നിപ്പിനെ തുടർന്ന്‌ കോഴിക്കോട്‌ വച്ച്‌ പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ ഭരതേട്ടൻ നവജീവൻ ലേഖകനായി. 1967-ൽ നവജീവൻ പത്രത്തിന്റെ കണ്ണൂർ പ്രതിനിധിയായി. 1970-ൽ ജനയുഗം കോഴിക്കോട്‌ നിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ ജനയുഗത്തിന്റെ കണ്ണൂർ ലേഖകനായി. 1994 ജനുവരി 31-ന്‌ ജനയുഗത്തിൽ നിന്നും വിരമിച്ചു. അതിനിടയിൽ കണ്ണൂരിലെ പത്രപ്രവർത്തകരുടെ ആസ്ഥാനമായ പ്രസ്ക്ലബിന്റെ കെട്ടിടനിർമാണത്തിന്‌ മുന്നിട്ടിറങ്ങി. രണ്ടുതവണ പ്രസ്ക്ലബിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ബീഡി തൊഴിലാളികളുടെ നേതാവും അവർക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട കേരള ദിനേശ്‌ ബീഡി കേന്ദ്രസംഘത്തിന്റെ ഡയറക്ടർമാരിൽ ഒരാളുമായിരുന്നു ഭരതേട്ടൻ. നല്ല ഫുട്ബോൾ കളിക്കാരനും മികച്ച ഫുട്ബോൾ സംഘാടകനും ജനയുഗത്തിലൂടെ അറിയപ്പെടുന്ന പത്രപ്രവർത്തകനായും അദ്ദേഹം കഴിവ്‌ തെളിയിച്ചു. മികച്ച സഹകാരിയും നല്ല ട്രേഡ്‌ യൂണിയൻ പ്രവർത്തകനുമായിരുന്നു. അക്ഷരാർഥത്തിൽ ഒരു കമ്മ്യൂണിസ്റ്റായി ജീവിച്ച മനുഷ്യൻ എന്ന പേര്‌ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ഭരതേട്ടൻ കടന്നുപോയത്‌. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്‌ മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

  Categories:
view more articles

About Article Author