പരാജയപ്പെട്ട ഒരു ജനതയായി മാറാതിരിക്കാൻ സമൂഹ മനഃസാക്ഷി ഉണരണം

May 15 04:55 2017

പയ്യന്നൂരിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം വടക്കേമലബാറിൽ തുടർന്നുവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകൾക്ക്‌ അറുതിവരുന്നുവെന്ന കേരളത്തിന്റെ പ്രതീക്ഷയ്ക്ക്‌ മങ്ങലേൽപ്പിച്ചിരിക്കുന്നു. അത്‌ ഒറ്റപ്പെട്ട സംഭവമാണെന്നും അത്യന്തം ദൗർഭാഗ്യകരമെന്നും അവിടെ നടന്നുവരുന്ന സമാധാനശ്രമങ്ങൾക്ക്‌ വിഘാതമാവരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പൂർണമായി യോജിക്കുമ്പോഴും ആശങ്കകളും അനിശ്ചിതത്വവും ഭയത്തിന്റെ അന്തരീക്ഷവും നിലനിൽക്കുകയാണ്‌. കണ്ണൂരിൽ കാലങ്ങളായി തുടർന്നുവരുന്ന അക്രമ, കൊലപാതക രാഷ്ട്രീയ സംസ്കാരമാണ്‌ അത്തരത്തിൽ കേരളത്തിന്റെ സമൂഹ മനഃസാക്ഷിയെ അസ്വസ്ഥമാക്കുന്നത്‌. അവിടെ തുടർന്നുവരുന്ന അക്രമ, കൊലപാതക പരമ്പരകൾ ഒന്നുപോലും പൊടുന്നനെ, യാദൃശ്ചികമായി ഉണ്ടാവുന്ന ഒന്നല്ല. അവ ഓരോന്നും കുറ്റമറ്റ രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട്‌ സുസംഘടിതമായി നടപ്പാക്കുന്ന കൊടുംപാതകങ്ങളാണ്‌. നാടിനും ജനതയ്ക്കും അപമാനകരമായ അത്തരം നിഷ്ഠുര സംഭവങ്ങളെ നിശിതമായി അപലപിക്കാനും കുറ്റവാളികളെ തള്ളിപ്പറയാനും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വം സന്നദ്ധമാകുന്നില്ലെന്നത്‌ മഹാഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളായ ജനങ്ങൾക്കും ഉൾക്കൊള്ളാനാവാത്ത രാഷ്ട്രീയ വൈകൃതമാണ്‌. അതിലുമപ്പുറം അത്തരം കൊടുംകുറ്റവാളികൾക്ക്‌ രാഷ്ട്രീയത്തിന്റെ പരിവേഷം നൽകി സംരക്ഷണമൊരുക്കുന്നത്‌ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. നാടിനെ കൊലക്കളങ്ങളും കുടുംബങ്ങളെ വിലാപഭൂമികളുമാക്കി മാറ്റുന്ന ഗൂഢാലോചനകളെയും അക്രമ, കൊലപാതക രാഷ്ട്രീയത്തെയും പരസ്യമായി തള്ളിപ്പറയാതെയും അത്തരം കുറ്റവാളികൾക്ക്‌ രാഷ്ട്രീയത്തിലും രാഷ്ട്രീയ സംഘടനകളിലും സ്ഥാനമില്ലെന്ന്‌ അസന്നിഗ്ദമായി പ്രഖ്യാപിച്ച്‌ അത്‌ അക്ഷരംപ്രതി നടപ്പിലാക്കാതെയും ഈ മണ്ണിൽ നിന്ന്‌ മനുഷ്യരക്തത്തിന്റെ ദീനരോധനം അവസാനിപ്പിക്കാനാവില്ലെന്ന്‌ അറിയേണ്ടവരെല്ലാം തിരിച്ചറിയണം.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചിട്ടുള്ളവർ ഇന്നത്തെ ദാരുണാവസ്ഥയ്ക്ക്‌ തുല്യ ഉത്തരവാദികളാണ്‌. അത്‌ മറച്ചുവച്ച്‌ സംസ്ഥാന ഭരണാധികാരത്തിന്റെ പേരിൽ സിപിഐ(എം)നെ ഒറ്റപ്പെടുത്തി പ്രതിക്കൂട്ടിലാക്കാമെന്ന വ്യാമോഹത്തിലാണ്‌ ബിജെപി ആർഎസ്‌എസ്‌ നേതൃത്വം. ആയിരങ്ങളെ കൂട്ടക്കൊല ചെയ്ത ഗുജറാത്തിലൊ വർഗീയ കലാപങ്ങളും സംഘ്പരിവാർ ഫാസിസ്റ്റ്‌ അക്രമിസംഘങ്ങൾ ദിനംപ്രതിയെന്നോണം നിരപരാധികളെ പിച്ചിചീന്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊ ഗവർണർമാർക്കില്ലാത്ത വിശേഷാധികാരം കേരളാ ഗവർണറുടെമേൽ ആരോപിച്ച്‌ കേന്ദ്രഭരണത്തിന്റെ ഉമ്മാക്കി കാട്ടി എൽഡിഎഫ്‌ ഗവൺമെന്റിനെ ഭീഷണിപ്പെടുത്താനാണ്‌ അവർ ശ്രമിക്കുന്നത്‌. കണ്ണൂരിൽ സായുധസേനാ വിശേഷാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്നുപോലും അവർ പറയുന്നു. പതിറ്റാണ്ടുകളായി അഫ്സ്പ നിലനിൽക്കുന്ന ജമ്മുകശ്മീരിലും മണിപ്പൂരിലും നേടാനാവാത്തത്‌ കേരളത്തിലും കണ്ണൂരിലും നേടാനാവുമെന്ന്‌ സംഘ്‌ നേതാക്കൾ കരുതുന്നുവെങ്കിൽ അവർ ജീവിക്കുന്നത്‌ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നല്ലാതെ മേറ്റ്ന്താണ്‌ പറയാനാവുക? രാഷ്ട്രീയാന്ധത ബാധിച്ച ചാവേറുകളെ വ്യാമോഹിപ്പിക്കുന്നതിനപ്പുറം മറ്റൊരർഥവും അവർ പോലും സ്വന്തം ആവശ്യത്തിന്‌ കൽപിച്ചു നൽകുന്നുണ്ടാവില്ല. നിരപരാധികളുടെ അരുംകൊലകൾക്കും അമ്മപെങ്ങന്മാരുടെ കൂട്ടബലാത്സംഗങ്ങൾക്കും അപ്പുറം അഫ്സ്പക്ക്‌ ഈ രാജ്യത്തിനുവേണ്ടി എന്ത്‌ സംഭാവനയാണ്‌ നൽകാനായിട്ടുള്ളത്‌?
കേരളം നേരിടുന്നത്‌ അതീവ ഗുരുതരമായ ഒരു വെല്ലുവിളിയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്റെ കലവറയില്ലാത്ത നിശ്ചയദാർഢ്യവും കേരള സമൂഹത്തിന്റെ കൂട്ടായ ഇടപെടലും മാത്രമേ ഈ ദുരവസ്ഥയ്ക്ക്‌ മറുപടിയായുള്ളു. നാളിതുവരെയുണ്ടായ അറുകൊല ദുരന്തങ്ങളുടെ ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ അശാന്തിയുടെയും വിലാപത്തിന്റെയും ദിനങ്ങൾക്ക്‌ വിരാമമിടാനാവില്ല. ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു യുദ്ധവും അവസാനിച്ച ചരിത്രം മനുഷ്യരാശിക്കില്ല. തിരിച്ചുപിടിക്കാനാവാത്തവിധം നഷ്ടപ്പെട്ടതെല്ലാം ഒരു ദുഃസ്വപ്നം പോലെ വിസ്മരിക്കാനുള്ള കരുത്ത്‌ കാണിക്കാൻ ആ ദുരന്തങ്ങൾക്ക്‌ ഉത്തരവാദികളായ നേതൃത്വം തയാറാവണം. പ്രതികാരത്തിന്റെയും കുടിപ്പകയുടെയും സ്ഥാനത്ത്‌ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും പുതുജീവിത പ്രതീക്ഷയുടെയും തിരിനാളങ്ങൾ ഇരകളുടെ ജീവിതത്തിൽ പകർന്നുനൽകാൻ ഭരണകൂടത്തിനും സമൂഹത്തിനും കഴിയണം. അതിന്‌ ഭരണാധികാരികളെയും രാഷ്ട്രീയ നേതൃത്വത്തെയും പ്രവർത്തകരെയും ഇരകളുടെ ബന്ധുമിത്രാദികളെയും പ്രാപ്തരാക്കാൻ കേരളത്തിന്റെ സമൂഹമനഃസാക്ഷി ഒന്നിച്ച്‌ അണിനിരക്കണം. അത്‌ അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ്‌. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക നേതൃത്വത്തിന്‌ അത്തരമൊരു മാറ്റത്തിന്‌ നേതൃത്വം നൽകാൻ കഴിയുന്നില്ലെങ്കിൽ പരാജയപ്പെട്ട ഒരു ജനതയായി ചരിത്രം നമ്മെ വിലയിരുത്തും.

  Categories:
view more articles

About Article Author