Saturday
26 May 2018

പരിഭാഷ വേണ്ടാത്ത ഹൃദയത്തിന്റെ ഭാഷ

By: Web Desk | Monday 17 July 2017 4:45 AM IST

സ്വന്തം ലേഖകൻ
കൊല്ലം: ജീവൽസ്പർശിയായ കാര്യങ്ങളാണ്‌ പറയുന്നതെങ്കിൽ അവിടെ ഭാഷ ഒരു പ്രശ്നമേയല്ല. ഹൃദയത്തിന്റെ ഭാഷയ്ക്ക്‌ പരിഭാഷയുടെ ആവശ്യം തന്നെയില്ല. ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പോരാട്ടമുഖമായ ജെഎൻയു മുൻ പ്രസിഡന്റ്‌ കനയ്യകുമാറിന്റെ ഹിന്ദിയിലുള്ള പ്രസംഗം ശ്രവിച്ച ആയിരങ്ങളുടെ പ്രതികരണം അതാണ്‌ തെളിയിച്ചത്‌. ഫാസിസത്തിന്റെ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി ആ പ്രസംഗം കത്തിക്കയറിയപ്പോൾ ജനസഹസ്രങ്ങൾ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു. നഗരം രാവിലെ മുതൽ തന്നെ കാതോർത്തത്‌ ആ ശബ്ദം കേൾക്കാനാണ്‌.
എഐവൈഎഫ്‌-എഐഎസ്‌എഫ്‌ ലോങ്മാർച്ചിനെ വരവേൽക്കാനും കനയ്യകുമാറിനെ കാണാനും കേൾക്കാനുമായി പത്തുമണിക്ക്‌ മുമ്പുതന്നെ ചിന്നക്കടയും പരിസരവും നിറഞ്ഞുകവിഞ്ഞു. സമ്മേളന നഗരിയായ പൈഗോഡൗൺ മൈതാനിയിലേക്ക്‌ ജാഥാംഗങ്ങളെ വരവേൽക്കാനായി സമീപപ്രദേശങ്ങളിൽ നിന്ന്‌ ജനാവലിയുടെ വൻ ഒഴുക്കാണ്‌ ഉണ്ടായത്‌. യുവാക്കളുടെയും വിദ്യാർഥികളുടെയും അഭൂതപൂർവ്വമായ ആവേശമാണ്‌ നഗരം ദർശിച്ചത്‌. എഐവൈഎഫിന്റെയും എഐഎസ്‌എഫിന്റെയും പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ അനേകം ജാഥകൾ സ്വീകരണ സ്ഥലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. ജാഥാംഗങ്ങൾ എത്തുന്നതിന്‌ എത്രയോ മുമ്പേ സമ്മേളന പന്തൽ നിറഞ്ഞുകവിഞ്ഞു. സമീപകാലത്തൊന്നും കാണാൻ കഴിയാത്ത വിധമുള്ള ജനപ്രവാഹമായിരുന്നു ഇന്നലെ ഉണ്ടായത്‌.
ജാഥാംഗങ്ങളെ കോർപ്പറേഷൻ ഓഫീസിന്‌ മുന്നിൽ നിന്നും റെഡ്‌വോളന്റിയർമാരുടെയും ബാന്റ്‌ സംഘങ്ങളുടെയും അകമ്പടിയോടെയാണ്‌ സ്വീകരണ സ്ഥലത്തേക്ക്‌ ആനയിച്ചത്‌. റോഡിനിരുവശവും ആയിരക്കണക്കിന്‌ ആളുകളാണ്‌ ജാഥാംഗങ്ങളെ ആശിർവദിക്കാനും അവർക്ക്‌ അഭിവാദ്യമരുളാനും കാത്തുനിന്നത്‌. സമ്മേളന സ്ഥലത്ത്‌ ആദ്യം ജാഥാംഗങ്ങൾ എത്തിയപ്പോഴും തുടർന്ന്‌ കനയ്യകുമാർ എത്തിയപ്പോഴും സമ്മേളനപന്തലിൽ നിന്ന്‌ ഉച്ചത്തിലുള്ള മുദ്രവാക്യം വിളിയും കരഘോഷങ്ങളുമുയർന്നു. അക്ഷരാർത്ഥത്തിൽ കാണികൾ ഇളകിമറിയുകയായിരുന്നു. കനയ്യകുമാറിന്റെ ചിത്രമെടുക്കാൻ ആയിരക്കണക്കിനാളുകൾ തങ്ങളുടെ മൊബെയിൽഫോൺ ക്ലിക്ക്‌ ചെയ്യുന്നതും ഒരു കാഴ്ചയായിരുന്നു. കേരളത്തിനെതിരെ സംഘപരിവാർ ശക്തികൾ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ഒന്നൊന്നായി എടുത്തുപറഞ്ഞുകൊണ്ടാണ്‌ കനയ്യകുമാർ പ്രസംഗം തുടങ്ങിയത്‌. ഇന്ത്യയിൽ ഫാസിസത്തിന്റെ കടന്നുവരവിനെയും ജാതിവർഗീയ വികാരങ്ങൾ ഇളക്കിവിട്ട്‌ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനെയും പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുവിദ്യാഭ്യാസത്തെയും തകർക്കുകയും കാവിവൽക്കരിക്കുകയും ചെയ്യുന്നതിനെപ്പറ്റിയും കനയ്യകുമാർ എടുത്തുകാട്ടി. ജനങ്ങളുടെ പോക്കറ്റ്‌ കാലിയാക്കുന്ന മോഡിയുടെ സാമ്പത്തികനയങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
ബിജെപി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ മതേതര ശക്തികളുടെ സംയോജനമാണ്‌ ഇന്ത്യയ്ക്ക്‌ ഇന്നാവശ്യമെന്ന്‌ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി പിന്നീട്‌ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ അനൈക്യത്തെപ്പറ്റി ചോദിച്ചപ്പോൾ മതേതരത്വത്തിനും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുമ്പോൾ പ്രതിപക്ഷത്തിന്‌ യോജിപ്പിന്റെ മാർഗ്ഗങ്ങൾ ഉരുത്തിരിയുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള യുവാക്കളുടെ പോരാട്ടം ശക്തിപ്പെടുത്തണം. മോഡിയുടെ ഗുജറാത്ത്‌ മോഡൽ എന്നുപറയുന്നത്‌ വെറും കാപട്യമാണ്‌. ഗുജറാത്തിൽ ശക്തമായ പ്രതിപക്ഷനിര ഇല്ലാത്തതാണ്‌ ഇന്ന്‌ ആ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മോഡിയുടെ സാമ്പത്തിക നയങ്ങൾ അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയുള്ളതാണെന്നും കനയ്യകുമാർ കൂട്ടിച്ചേർത്തു.