പരിഷ്കൃത സമൂഹത്തിന്‌ അക്രമം അപമാനകരം

പരിഷ്കൃത സമൂഹത്തിന്‌ അക്രമം അപമാനകരം
May 15 04:55 2017

എല്ലാ സ്ഥലത്തും പല പേരിൽ അക്രമങ്ങൾ അരങ്ങേറുന്നുണ്ട്‌. ഇതിന്‌ തടയിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും നടപടികൾ ഉണ്ടാകണം.
ഡോ. എം ലീലാവതി

ഇന്ന്‌ രാഷ്ട്രീയ കക്ഷി വിചാരിച്ചാലും അണികളെ നിയന്ത്രിക്കാ ൻ പറ്റാത്ത അവസ്ഥയാണ്‌. ഇതിന്‌ പരിഹാരം കാണാൻ സർവ്വ കക്ഷിയോഗങ്ങൾ ചേരുന്നുണ്ടെങ്കിലും ഒന്നും നടപ്പാക്കാൻ സാധിക്കാത്ത അവസ്ഥയാണ്‌.
അഷ്ടമൂർത്തി

വർഷങ്ങളായുള്ള രാഷ്ട്രീയ പകപ്പോക്കൽ ജനങ്ങ ൾ ഏറ്റെടുക്കുന്നില്ല. അത്‌ ഏത്‌ രാഷ്ട്രീയ പാർട്ടി നടത്തിയ കൊലപാതകമായിരുന്നാലും ജനങ്ങൾ അവ സ്വീകരിക്കുന്നില്ല. രാഷ്ട്രീയത്തോടുതന്നെ പുച്ഛമാണ്‌ ഇതുവഴി ജനങ്ങൾക്കുള്ളത്‌.
ഡോ. ത്രേസ്യ ഡയസ്‌

കണ്ണൂരിലെ അക്രമങ്ങളെ സാമൂഹ്യമായി നേരിടണം. സാമൂഹ്യപരമായ ഒരു സമീപനത്തിലൂടെ മാത്രമേ അത്‌ സാധ്യമാകൂ. അവിടത്തെ ജനങ്ങളുടെ സാമൂഹികവും വൈകാരികവുമായ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്‌. അത്‌ അംഗീകരിക്കാനും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലേക്ക്‌ കൊണ്ടുവരാനും കഴിയണം. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ്‌ നിലവിലെ വിഷയങ്ങൾക്ക്‌ കാരണം. ഇത്‌ പലപ്പോഴും ചേരിതിരിവിനും അക്രമത്തിലും കലാശിക്കുന്നു.
കെ എൽ മോഹനവർമ്മ

“സ്നേഹമാണ്‌ അകിലസാരമൂഴിയിൽ, അക്രമം ഒന്നിനും ഒരു പരിഹാരമല്ല”.
ചുനക്കര രാമൻകുട്ടി

കഴിഞ്ഞ 10 വർഷങ്ങളായി രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരികയാണ്‌. വ്യക്തിവൈരാഗ്യം പോലെ രാഷ്ട്രീയ വൈരാഗ്യം കൊലപാതകങ്ങളായി ആവർത്തിക്കുകയാണ്‌. അണികളെ മര്യാദയ്ക്ക്‌ നിർത്താൻ നേതാക്കൾ ശ്രമിക്കുന്നില്ല. അവർ പഠിപ്പിക്കേണ്ടത്‌ അവരവരുടെ പാർട്ടി തത്വ സംഹിതകളാണ്‌. എന്നാൽ അതിനെ വിസ്മരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാഠങ്ങൾ പഠിപ്പിക്കാനാണ്‌ പാർട്ടികൾ ശ്രമിക്കുന്നത്‌. പകരത്തിനുപകരം കൊലചെയ്ത്‌, ഏതു രീതിയിലും അധികാരത്തിൽ കയറിക്കൂടാനുള്ള ശ്രമമാണിത്‌. എല്ലാ സ്വാധീനങ്ങൾ ഉപയോഗിച്ചും കുതന്ത്രങ്ങൾ നടത്തിയും കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടുകളാണ്‌ പാർട്ടികൾ നടത്തിവരുന്നത്‌. അണികളെ നിലയ്ക്കു നിർത്താൻ പാർട്ടികൾ തയ്യാറാകണം. എന്നാൽ രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ മറന്ന്‌ യാഥാർത്ഥ്യത്തെ മനസിലാക്കുന്നില്ല. പൊതുജനങ്ങൾ ഇതെല്ലാം കാണുകയും വിശകലനം ചെയ്യുന്നത്‌ അരക്ഷിതാവസ്ഥ മാത്രമേ ഉണ്ടാക്കു.
ജസ്റ്റിസ്‌ ഡി ശ്രീദേവി

വിദ്യാഭ്യാസത്തിൽ കേരളം ഏറെ മുന്നിലാണ്‌. പക്ഷേ നമ്മുടെ സംസ്കാരത്തെ ചില ശക്തികൾ പിഴപ്പിക്കുന്നുണ്ട്‌. കാരണം, നാം നമ്മുടെ അയൽപക്കത്തെ തിരിച്ചറിയുന്നില്ല. ഒരുമിച്ചു പ്രവർത്തിക്കുകന്നുവെന്ന ബോധനം നമുക്ക്‌ നഷ്ടപ്പെടുന്നു. പണ്ട്‌ അധ്വാനത്തിന്റെ ഒരു സംസ്കാരമുണ്ടായിരുന്നു കേരളത്തിന്‌. ഒരു മിച്ച്‌ പണിയെടുക്കുന്നവർ ഒരു പൊതുബോധത്തിന്റെ ഉടമകളായിരുന്നു. ഇപ്പോൾ അതെല്ലാം നഷ്ടപ്പെട്ടു. സഹോദരൻ സഹോദരനെ കൊല്ലുന്നകഥ ബൈബിളിലുണ്‌. ആ കഥയിൽ ദൈവം ചോദിക്കുകയാണ്‌, “നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽ നിന്നും എന്നോട്‌ നിലവിളിക്കുന്നു”. ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോയെന്ന്‌ കൊലപാതകിയായ കായേന്റെ ചോദ്യമുണ്ട്‌. ഇതാണിപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്‌. ഓരോ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തിമിരം കയറി കണ്ണു കാണാൻ വയ്യാതെ, ഹൃദയത്തിൽ ഇരുട്ടു നിറയ്ക്കുന്നവർ. ഇങ്ങനെ ഒരു ജനതയ്ക്ക്‌ മുന്നോട്ടുപോകാനാകില്ല. സമൂഹത്തിൽ ഭയവും വിദ്വേഷവും വെറുപ്പും നിറയുകയാണ്‌. അതിനെ ഉയർന്ന തലങ്ങളിൽ നിൽക്കുന്ന ആളുകൾ ഒത്താശപാടുകയും ചെയ്യുന്നു. ഏതുതരം അവകാശങ്ങൾക്കുവേണ്ടിയും സമരം ചെയ്യാം, ആശയങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യാം. ഇപ്പോൾ കേരളത്തിൽ നടക്കുന്ന അക്രമവും ആഭാസവുമാണ്‌. മനസ്‌ മരവിച്ചില്ലെങ്കിൽ ജനത്തെ തിരിച്ചറിയാൻ ഇനിയെങ്കിലും ശ്രമിക്കണം.
ജോർജ്ജ്‌ ഓണക്കൂർ

ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും നാടാണ്‌ ഇന്ത്യ. അദ്വൈതം പഠിപ്പിച്ച ശങ്കരാചാര്യരുടെയും നവോഥാന നായകരായ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നാടാണ്‌ കേരളം. മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ നടാണിത്‌. അക്രമ രാഷ്ട്രീയവും ജനാധിപത്യവും ഒരിക്കലും പൊരുത്തപ്പെടുന്ന ആശയങ്ങളല്ല. ജനാധിപത്യം പുലരുന്ന നാട്ടിൽ വ്യവസ്ഥാപിതമായി എന്തു പ്രശ്നവും പരിഹരിക്കാമെന്നിരിക്കെ അക്രമ മാർഗ്ഗം സ്വീകരിക്കുന്നത്‌ കാടത്തമാണ്‌. ബിജെപിയും സിപിഐ എമ്മുമാണ്‌ അക്രമത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്‌. പുതിയ തലമുറയുടെ ഭാവിയെ ഓർത്തെങ്കിലും ഇതിന്‌ അന്ത്യം കുറിക്കേണ്ടതാണ്‌. അക്രമത്തിനുപകരം ആശയ സംവാദത്തിന്റെ തലത്തിലേക്ക്‌ നമുക്കു കടക്കാം. അതാണ്‌ സാംസ്കാരിക കേരളത്തിന്‌ ഉചിതമായ മാർഗ്ഗം.
ഡോ. എം ആർ തമ്പാൻ

കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ബോധവത്കരണമാണ്‌ വേണ്ടത്‌. മനഃശാസ്ത്രപരമായ ഇടപെടലുകളും അനിവാര്യമാണ്‌. ആരുടെയും ഉത്തേജിപ്പിക്കുന്ന പ്രസംഗങ്ങൾ കൊണ്ട്‌ മുറിവേറ്റവന്റെ വൃണത്തെ ഉണക്കാൻ കഴിയില്ല. ചാനൽ ചർച്ചകളിൽ സായൂജ്യം അടയുന്ന സമൂഹം ഒന്നിനും ഒരു പരിഹാരമല്ല. സ്വയം വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി ജീവൻ പോലും കളയാൻ വെമ്പി നിൽക്കുന്നവന്റെ അത്മാർത്ഥയെ ഒരു രാഷ്ട്രീയ പാർട്ടികളും മുതലെടുക്കാൻ പാടില്ല. കൊലപാതകങ്ങളെക്കുറിച്ചുള്ള ചർച്ചകളും മെഴുകുതിരി അനുശോചനങ്ങളും ഒന്നിനും പരിഹാരമല്ല.
സലിംകുമാർ

ലോകമെമ്പാടും സാംസ്ക്കാരികമായി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ അന്ധമായ രാഷ്ട്രീയത്തിന്റെ പേരിൽ അക്രമം നടത്തുന്നത്‌ അപലപനീയമാണ്‌. ഇത്‌ പരിഷ്കൃത സമൂഹത്തിന്‌ ചേർന്ന നിലപാടല്ല. ഇത്തരം രാഷ്ട്രീയ പാർട്ടികളെ ഒറ്റപ്പെടുത്തണം
ഡോ: ബിജു
(ചലചിത്രസംവിധായകൻ)

ഭരണകൂടവും അധികാരകേന്ദ്രങ്ങളും മനുഷ്യത്വം കൈവെടിയുമ്പോൾ കൊലപാതകവും അക്രമവും ഉണ്ടാകും. നാടിനെ നല്ലവഴിക്ക്‌ തിരിച്ചുവിടാൻ മനസ്സുള്ള നേതാക്കൾ ഭരണകൂടം നിയന്ത്രിക്കുമ്പോൾ മാത്രമേ അതിൽ മാറ്റമുണ്ടാക്കാൻ കഴിയൂ.
ഡോ. എ റസലുദ്ദീൻ
മുൻ ഡയറക്ടർ കേരള സർവകലാശാല പബ്ലിക്കേഷൻസ്‌ വിഭാഗം

സമാധാനശ്രമങ്ങളെല്ലാം പ്രഹസനമാക്കിക്കൊണ്ട്‌ പരിഷ്കൃത സമൂഹത്തിന്‌ ഒട്ടും ചേരാത്തവിധമുള്ള കൊലപാതകം കഴിഞ്ഞ ദിവസം കണ്ണൂരിൽ അരങ്ങേറി. ഓരോ കൊലപാതകം നടക്കുമ്പോഴും അതിന്‌ യഥാർത്ഥ ഇരകളാകുന്നത്‌ സ്ത്രീകളാണ്‌. അവരുടെ ഉറ്റവരാണ്‌ വെട്ടേറ്റ്‌ മരിക്കുകയും പ്രതിസ്ഥാനത്തുണ്ടാകുകയും ചെയ്യുന്നത്‌. എന്നാൽ ഇതിനെതിരെ സ്ത്രീകളുടെ ശബ്ദം സമൂഹത്തിൽ ഉയരുന്നില്ല. കണ്ണൂർ എന്നത്‌ സ്നേഹമുള്ള മനുഷ്യരുടെ ജില്ലയാണെന്നാണ്‌ പൊതുവെ പറയുന്നത്‌. ചില പ്രദേശങ്ങളിൽ നടക്കുന്ന ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നാടിന്റെ അന്തസ്സിനെത്തന്നെ ബാധിച്ചിരിക്കുകയാണ്‌. രാഷ്ട്രീയനേതൃത്വത്തിന്റെ നിയന്ത്രണത്തിന്‌ അതീതമായാണ്‌ ഇത്തരം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്‌. ഓരോ കൊലയാളിയും ഉണ്ടാകുന്നത്‌ ഓരോ വീട്ടിൽ നിന്നാണ്‌. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ശക്തമാക്കി, ചെറുപ്പക്കാരിലുള്ള ഇത്തരം ദുഷ്പ്രവണതകളെ തുടക്കത്തിൽതന്നെ കണ്ടെത്തി ഇല്ലാതാക്കിയാൽ മാത്രമെ സമൂഹത്തിൽ ഇത്തരം അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ.
പ്രൊഫ. വി. ലിസി മാത്യു, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശികകേന്ദ്രം

ഓരോ ജീവനെടുക്കുമ്പോഴും ഓരോ കുടുംബത്തിന്റെ പ്രതീക്ഷയാണ്‌ അസ്തമിക്കുന്നത്‌. പല തലമുറകളിലേയ്ക്ക്‌ അതിന്റെ ആഘാതം പടരുന്നു. രാഷ്ട്രീയത്തിൽ നിന്ന്‌ ക്രിമിനലുകളെ അകറ്റി നിർത്തുകയാണ്‌ വേണ്ടത്‌. ക്രിമിനലിസത്തെ ന്യായീകരിക്കാത്ത അവരെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയമുണ്ടാകണം. അതിനായി ജനങ്ങൾ ഇപ്പോഴത്തെ നിസ്സംഗഭാവം വിട്ട്‌ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഡോ. സി വി പ്രതാപൻ
മുൻ ആരോഗ്യവകുപ്പ്‌ ഡയറക്ടർ

രാഷ്ട്രീയ കൊലപാതകങ്ങളേക്കാ ൾ ഭീകരമാണ്‌ ഇതെല്ലാം സ്വാഭാവിക കാര്യമല്ലേ എന്ന തോന്നൽ സമൂഹത്തിലുണ്ടാകുന്നത്‌. അത്തരത്തിലേക്കാണ്‌ കാര്യങ്ങൾ പോയിരിക്കുന്നത്‌. കൊലപാതക വാർത്ത കേട്ടാലും ആളുകൾക്കിപ്പോൾ അത്‌ സാധാരണമായ ഒരു കാര്യം മാത്രമായാണ്‌ അനുഭവപ്പെടുന്നത്‌. നമ്മുടെയെല്ലാം മനസ്സ്‌ അത്രമാത്രം നിർവ്വികാരമായിപ്പോയിരിക്കുന്നു. ഇതിന്റെ കൂടെ പ്രതിഫലനമാണ്‌ റോഡിൽ വണ്ടിയിടിച്ച്‌ മരണത്തോട്‌ മല്ലിടിച്ച്‌ ഒരാൾ കിടന്നാൽ പോലും ആരും സഹായത്തിനെത്താത്തത്‌. ഇത്തരം മാനസിക നില ആളുകൾക്കുണ്ടാകുന്നത്‌ വലിയ പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകും.
ഒരു കൊലപാതകം കഴിയുമ്പോൾ ചാനലിലും മറ്റുമായി കുറേ ചർച്ചകൾ നടക്കും. വീണ്ടും കൊലപാതകങ്ങൾ ആവർത്തിക്കുകയും ചെയ്യും. സംവാദങ്ങൾക്ക്‌ തന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്‌. കേരളത്തെ ഞെട്ടിച്ച ടി പി ചന്ദ്രശേഖരൻ വധത്തിന്‌ ശേഷം പാർട്ടികൾക്കുള്ളിലും സമൂഹത്തിലും വലിയ ചർച്ചകൾ നടന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും നമ്മൾ ഏറെ പ്രതീക്ഷിച്ചു. എന്നാൽ വീണ്ടും കൊലപാതക പരമ്പരകൾ സംസ്ഥാനത്ത്‌ നടക്കുകയാണ്‌. മാറാത്ത നാടിനെയോർത്ത്‌ മനസ്സിൽ വലിയ നിരാശയാണുള്ളത്‌.
സനൽ കുമാർ ശശിധരൻ (സംവിധായകൻ)

കണ്ണൂരിൽ ശാശ്വതമായ സമാധാനം ഉണ്ടാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ പരിശ്രമിക്കണം. ഒരു രാഷ്ട്രീപാർട്ടിയുടെ പ്രവർത്തകൻ മരിക്കുമ്പോൾ അവരുടെ പാർട്ടി നേതൃത്വം പ്രതിഷേധമുയർത്തുകയും ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്യുന്നു. മറ്റൊരു പാർട്ടിയിലെ പ്രവർത്തകൻ മരിക്കുമ്പോൾ സമാനമായ പ്രവർത്തനങ്ങൾ ആ പാർട്ടിയും സ്വീകരിക്കുന്നു. ഇത്തരം നടപടികൾ ജനങ്ങളുടെ ജീവിതം സമാധാനപൂർണ്ണമാക്കുകയില്ല. കണ്ണൂരിൽ എയർപോർട്ടും മറ്റ്‌ വികസനങ്ങളും വന്നാലും സമാധാനമായ അന്തരീക്ഷം ഇല്ലെങ്കിൽ അതിന്‌ അർത്ഥമില്ല. സമാധാനമില്ലാത്തിടത്തുള്ള വികസനം പൂർണ്ണമായ വികസനവുമല്ല.
ഡോ. അലക്സ്‌ വടക്കുംതല
കണ്ണൂർ രൂപത ബിഷപ്പ്‌

അറിവ്‌ തിരിച്ചറിവായും തിരിച്ചറിവ്‌ സംസ്കാരമായും സംസ്കാരം വിവേകമായും മാറുമ്പോൾ, ആ സമൂഹം വിജയിച്ച സമൂഹമായി നാം വാഴ്ത്തും. എന്നാൽ ചുറ്റുപാടുമുള്ളവരെ സങ്കുചിതത്വത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാനുള്ള മനസ്സ്‌ വിവേകരാഹിത്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. അത്‌ ഒരു തോറ്റ ജനതയുടെ അടയാളമാണ്‌. അതുകൊണ്ടുതന്നെ തോൽക്കാതിരിക്കാനും ചരിത്രത്തെ തങ്ങളുടേതാക്കി മാറ്റാനും സഹജീവികളോട്‌ സഹഭാവം പ്രകടിപ്പിക്കുന്ന വിവേകം നമുക്കുണ്ടാകണം. അതായിരിക്കട്ടെ പ്രബുദ്ധത.
വത്സൻ പിലിക്കോട്‌

സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ പതുക്കെ സാമൂഹ്യദ്രോഹികളായി മാറുന്നുവെന്നതാണ്‌ കൊലപാതക രാഷ്ട്രീയങ്ങൾ ചൂട്ടിക്കാട്ടുന്നത്‌. അങ്ങനെ വരുമ്പോൾ കൊലപാതകങ്ങൾ സാമൂഹ്യ ദ്രോഹങ്ങളാവുന്നു. നേരത്തെ കൊലപാതകങ്ങൾ നടത്തിയാൽ അത്‌ സാമൂഹ്യ ദ്രോഹപ്രവർത്തമായിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യദ്രോഹമായി മാറുന്ന കാഴ്ചയാണ്‌ കാണുന്നത്‌. പണ്ടുകാലങ്ങളിൽ ജാതിയതയും വർഗീതയും വംശീയതയും കൊലപാതകത്തിന്‌ കാരണമായിരുന്നത്‌. ഇപ്പോഴത്തെ കൊലപാതങ്ങളും അതുതന്നെയാണ്‌ തെളിയിക്കുന്നത്‌. പലപ്പോഴും രാഷ്ട്രീയമെന്നും പറയുമ്പോഴും കൊലപാതകത്തിന്‌ പിന്നിൽ ഇതു തന്നെയാണ്‌. അതുകൊണ്ട്‌ രാഷ്ട്രീയ പാർട്ടികൾ അവരുടെ അജണ്ട മാറ്റേണ്ടതുണ്ട്‌.
എം എ റഹ്മാൻ

  Categories:
view more articles

About Article Author