Tuesday
17 Jul 2018

പരിസ്ഥിതി രാഷ്ട്രീയം

By: Web Desk | Tuesday 20 June 2017 4:55 AM IST

എം എം സചീന്ദ്രൻ
പരിസ്ഥിതിവാദത്തിന്‌ അതിന്റെ വിശാലമായ അർത്ഥത്തിൽ, മാനവചരിത്രത്തോളംതന്നെ പഴക്കം അവകാശപ്പെടാനുണ്ടാകും. പ്രാചീനസംസ്കൃതികളെല്ലാം പ്രകൃതിയേയും അതിന്റെ വിവിധ പ്രതിഭാസങ്ങളേയും ആരാധിച്ചിരുന്നു എന്നതിന്‌ ഉദാഹരണങ്ങൾ നിരവധിയുണ്ട്‌. പക്ഷേ ആ ആരാധനയൊന്നും, ഗോത്രത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി മരങ്ങൾ മുറിക്കുന്നതിനോ ജന്തുക്കളെ വേട്ടയാടുന്നതിനോ തടസമായിരുന്നില്ല. പലപ്പോഴും കൊന്നതിന്റെ പരിഹാരമായിരുന്നു ആരാധനയും പൂജയും. മനുഷ്യർ പ്രകൃതിയിൽനിന്ന്‌ അന്യരല്ലാതെ, പ്രകൃതിയുടെതന്നെ ഭാഗമായി ജീവിച്ചുപോന്ന കാലം എന്ന്‌ അക്കാലത്തെക്കുറിച്ചു പറയാമെങ്കിലും അത്‌ അക്കാലത്തെ മനുഷ്യവർഗത്തിന്റെ നിവൃത്തികേടും പരിമിതിയും ആയി മാത്രമേ കാണേണ്ടതുള്ളൂ. പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന കൃതിയിൽ ഏംഗൽസിന്റെ നിരീക്ഷണം ആധുനിക പരിസ്ഥിതിവാദത്തിന്റെ അടിത്തറയായിവർത്തിക്കുന്നതു കാണാം.
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ യൂറോപ്യൻ നവോത്ഥാനം, ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ, വ്യാവസായികവിപ്ലവം, അന്യദേശങ്ങളിലേയ്ക്കുള്ള പര്യവേഷണങ്ങൾ എന്നിവയെല്ലാം പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണത്തിനും പ്രകൃതിനാശത്തിനും വഴിവെച്ചു. നഗരവൽക്കരണത്തിനും മാലിന്യം നിറയുന്നതിനും ഇതു കാരണമായി. പ്രകൃതിയെ മുറിച്ച്‌ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക്‌ ഉപകരിക്കുന്നകഷണങ്ങളാക്കണം എന്ന, ഫ്രാൻസിസ്‌ ബേക്കന്റെ വാക്കുകൾ യൂറോപ്യൻ നവോത്ഥാനത്തിന്റെയും തുടർന്നുവന്ന വ്യാവസായിക വിപ്ലവത്തിന്റെയും പ്രചോദനമായി വർത്തിച്ചു. ശാസ്ത്രജ്ഞാനമാണ്‌, മനുഷ്യർക്ക്‌ പ്രകൃതിക്കുമേൽ അധീശത്വം നൽകുന്ന ആയുധമായി വർത്തിച്ചത്‌ എന്നു പറയാം. എന്നാൽ അതേ ശാസത്രജ്ഞാനംതന്നെയാണ്‌, പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ടുള്ള അപകടങ്ങളെക്കുറിച്ചും മൂന്നാര്റിയിപ്പു നൽകിയത്‌.
ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെയും പ്രകൃതിസ്നേഹികളുടെയും ഉച്ചക്കിറുക്ക്‌ എന്ന നിലയിൽനിന്നു മാറി പരിസ്ഥിതിയുടെ രാഷ്ട്രീയം ഇന്ന്‌ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടയായി മാറിയിരിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഗ്രീൻ പൊളിറ്റിക്സ്‌, ഇക്കോളജിസം, ഡീപ്‌ ഇക്കോളജിസം തുടങ്ങിയ പദങ്ങളൊക്കെ ഇന്ന്‌ പരിസ്ഥിതിയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചാവിഷയങ്ങളാണ്‌.
ഏറ്റവും ഒടുവിൽ 2017 ജൂൺ ഒന്നാം തീയതി വന്ന പ്രധാനപ്പെട്ട വാർത്തകളിലൊന്ന്‌, പാരീസ്‌ എഗ്രിമെന്റിൽനിന്ന്‌ അമേരിക്ക പിന്മാറിയിരിക്കുന്നതായി പ്രസിഡണ്ട്‌ ഡൊണാൾഡ്‌ ട്രമ്പ്‌ അറിയിച്ചതാണ്‌. 2015 ഡിസംബർ 12ന്‌ പാരീസിൽ വെച്ചായിരുന്നു കോൺഫറൻസ്‌. ഗ്ലോബൽ ഗ്രീൻഹൗസ്‌ ഗ്യാസ്‌ എമ്മിഷന്ന്‌ കാരണക്കാരായിട്ടുള്ള 55 രാജ്യങ്ങളെങ്കിലും ഒപ്പിട്ടാലേ കരാർ യാഥാർത്ഥ്യമാകൂ എന്നായിരുന്നു കൺവൻഷന്റെ നിബന്ധന. 2016 ഏപ്രിൽ 22ന്‌ ഭൗമദിനത്തിൽ ന്യൂയോർക്കിലെ ഒരു ചടങ്ങിൽവെച്ച്‌ ഒപ്പിടൽ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. മുകളിൽപ്പറഞ്ഞ 55 രാജ്യങ്ങളടക്കം ആകെ 195 രാജ്യങ്ങൾ കരാറിൽ ഒപ്പിട്ടു. ഇവരിൽ 148 രാഷ്ട്രങ്ങളുടെ നിയമനിർമ്മാണസഭകൾ ഈ നടപടി അംഗീകരിച്ചു കഴിഞ്ഞു. ഈഫൽ ടവറിൽ ദീപം തെളിയിച്ചുകൊണ്ട്‌ പാരിസ്‌ എഗ്രിമെന്റിന്റെ ഒന്നാം വാർഷികവും പാരീസിൽ ആഘോഷിച്ചു. ഓസോൺ പാളികൾക്കു വിള്ളലുണ്ടാക്കുന്ന വാതകങ്ങളുടെ അന്തരീക്ഷവ്യാപനം തടയാൻ ഉദ്ദേശിച്ചുള്ള കരാർ 2020ൽ പ്രാവർത്തികമാക്കാനാണ്‌ പദ്ധതിയിട്ടിരുന്നത്‌. പാരീസ്‌ എഗ്രിമെന്റിൽനിന്ന്‌ പിൻവാങ്ങാൻ അമേരിക്ക തീരുമാനിച്ചതോടെ ലോകത്തിൽ ഇപ്പോൾ ഈ കരാറിൽനിന്ന്‌ വിട്ടു നിൽക്കുന്നത്‌ ആകെ മൂന്നു രാഷ്ട്രങ്ങളാണ്‌. നിക്കരാഗ്വ, സിറിയ പിന്നെ യുണൈറ്റ്‌ സ്റ്റെയ്റ്റ്സ്‌ ഓഫ്‌ അമേരിക്കയും. എന്തുകൊണ്ട്‌ ഡൊണാൾഡ്‌ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്ക ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നു മനസ്സിലാക്കാൻ പാരീസ്‌ എഗ്രിമെന്റിന്റെയും ഈയിടെ വന്ന ചില പരിസ്ഥിതി പഠനങ്ങളുടെയും വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്‌. മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ പാരീസ്‌ എഗ്രിമെന്റിന്റെ കാതൽ.
1. ആഗോള താപനില വ്യാവസായിക വിപ്ലവത്തിനു മുമ്പുണ്ടായിരുന്ന അളവിലും 2 ഡിഗ്രി സെൽഷ്യസ്സിൽ അധികമാവാതെ നിലനിർത്തുക. വർദ്ധനവ്‌ 1.5 ഡിഗ്രി സെൽഷ്യസ്സിൽ നിലനിർത്താനാണ്‌ കരാറിൽ ഒപ്പിട്ട രാഷ്ട്രങ്ങൾ കൂട്ടായി പരിശ്രമിക്കുക. 1880 എന്ന വർഷത്തെ അടിസ്ഥാനമായെടുത്താണ്‌ ഗ്ലോബൽ റിക്കോർഡ്‌ കീപ്പിംഗ്‌ ആരംഭിക്കുന്നത്‌.
2. കാലാവസ്ഥാവ്യതിയാനംകൊണ്ടുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ഭക്ഷ്യ ധാന്യങ്ങളുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ഗ്രീൻ ഹൗസ്‌ ഗ്യാസ്‌ എമ്മിഷൻ കുറയ്ക്കുക.
3. ഈ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ പണം കണ്ടെത്താൻ സ്ഥിരമായ സംവിധാനം ഒരുക്കുക.
ഇത്തരത്തിൽ സമഗ്രമായ ആദ്യത്തെ പരിസ്ഥിതിസംരക്ഷണ കരാറാണ്‌ പാരീസ്‌ എഗ്രിമെന്റ്‌എന്നു കരുതപ്പെടുന്നു. പാരിസ്‌ എഗ്രിമെന്റിന്റെ മുൻഗാമിയായിരുന്ന ക്യോട്ടോ പ്രോട്ടോക്കോളുമായി താരതമ്യപ്പെടുത്തുമ്പോൾ നിയമപരമായി അടിച്ചേൽപ്പിക്കാനാവില്ല എന്നതാണ്‌ ഈ എഗ്രിമെന്റിന്റെ പ്രത്യേകത. ഓരോ രാജ്യവും സ്വന്തം ഇഷ്ടവും താൽപര്യവും അനുസരിച്ച്‌ സ്വമേധയാ നടപ്പിലാക്കേണ്ടതാണ്‌ പാരിസ്‌ എഗ്രിമെന്റ്‌. മുകളിൽനിന്ന്‌ താഴേയ്ക്ക്‌ എന്നതല്ല, താഴെനിന്ന്‌ മുകളിലേയ്ക്ക്‌ എന്നതാണ്‌ അതിന്റെ ഘടന. ഓരോ രാഷ്ട്രത്തിന്റെയും സംഭാവന അഞ്ചു വർഷത്തിൽ ഒരിക്കൽ പരിശോധനയ്ക്കു വിധേയമാക്കും. 2023ലാണ്‌ ആദ്യത്തെ വിലയിരുത്തൽ നടക്കേണ്ടത്‌.
പാരിസ്‌ എഗ്രിമെന്റിനെ സ്വീകരിക്കുന്നതിനാവശ്യമായ ബദൽ സംവിധാനങ്ങൾ ഓരോ രാജ്യത്തിന്റെയും നിലവിലുള്ള ഉൽപ്പാദനമേഖലയിൽ സ്വീകരിക്കേണ്ടതുണ്ട്‌. ഇതിന്‌ കോടിക്കണക്കിന്‌ മില്യൻ ഡോളർ ചെലവുവരും. ഈ പ്രക്രിയ പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം വികസിത രാജ്യങ്ങൾ അവികസിത രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും നൽകേണ്ടതുണ്ട്‌. വികസിത രാഷ്ട്രങ്ങൾ 2020 മുതൽ ഓരോ വർഷവും 100 ബില്യൻ (പതിനായിരം കോടി) ഡോളർവീതം നൽകാമെന്ന്‌ വാഗ്ദാനം ചെയ്യുന്നതാണ്‌ പാരീസ്‌ എഗ്രിമെന്റിന്റെ പ്രത്യേകത. 2025വരെ ഈ സാമ്പത്തിക സഹായം തുടരേണ്ടതുണ്ട്‌. ജി 7 രാഷ്ട്രങ്ങൾ ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ ഇൻഷൂറൻസിനായി 420 മില്യൻ ഡോളർ (42 കോടി) വാഗ്ദാനം ചെയ്തു കഴിഞ്ഞു. അമേരിക്കൻ പ്രസിഡണ്ട്‌ ഒബാമ, ഗ്രീൻ ക്ലൈമറ്റ്‌ ഫണ്ടിലേയ്ക്കായി, 500 മില്യൻ ഡോളർ (50 കോടി) വാഗ്ദാനം ചെയ്തിരുന്നു. അമേരിക്ക ആകെ വാഗ്ദാനം ചെയ്ത 3 ബില്യൻ (300 കോടി) ഡോളറിന്റെ ആദ്യത്തെ ഗഡു എന്ന നിലയ്ക്കാണ്‌ ഈ 500 മില്യൻ ഡോളർ. ഇങ്ങനെ ഗ്രീൻ ക്ലൈമറ്റ്‌ ഫണ്ടിലേയ്ക്കുള്ള ആകെ വാഗ്ദാനമായി 10 ബില്യൻ ഡോളർ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. അമേരിക്ക, ഫ്രാൻസ്‌, ജപ്പാൻ തുടങ്ങിയ വികസിത രാഷ്ട്രങ്ങൾ മാത്രമല്ല, മെക്സിക്കോ, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ വികസ്വരരാഷ്ട്രങ്ങളും ഗ്രീൻ ക്ലൈമറ്റ്‌ ഫണ്ടിലേയ്ക്ക്‌ തുക വാഗദാനം നൽകിയിട്ടുണ്ട്‌. കടുത്ത പ്രകൃതി ദുരന്തങ്ങളോ, ഭൂപ്രദേശങ്ങളുടെ നഷ്ടം, ദ്വീപുസമൂഹങ്ങൾ കടലെടുത്തു പോവുക തുടങ്ങിയ ദുരന്തങ്ങളോ സംഭവിക്കാനുള്ള സാധ്യത പാരിസ്‌ എഗ്രിമെന്റ്‌ പ്രത്യേകം പരിഗണിക്കുന്നുണ്ട്‌. ഇത്തരം നഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കും, കരാറിൽ പരിഹാരവും നിർദ്ദേശിക്കുന്നു.
അമേരിക്കയും വികസിതരാഷ്ട്രങ്ങളും എന്തിന്‌ ഇത്രയും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കണം, എന്നതാണ്‌ ട്രമ്പ്‌ ഉന്നയിക്കുന്ന ചോദ്യം. മറ്റു വികസിത രാഷ്ട്രങ്ങളും ഒരുപക്ഷേ നാളെ ഇതേ ചോദ്യം ചോദിച്ചേയ്ക്കാം. യൂറോപ്പിലെ വ്യവസായവൽകൃത രാഷ്ട്രങ്ങളും വടക്കേ അമേരിക്കയുമാണ്‌ ഏറ്റവും അധികം പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കിയത്‌. അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒന്നാമത്തെ ഉത്തരവാദിത്തം അവരുടേതാണ്‌, എന്നതാണ്‌ ആ ചോദ്യത്തിനുള്ള ഉത്തരം. ആകെയുള്ള ഗ്രീൻഹൗസ്‌ എമ്മിഷൻ ഗ്യാസിന്റെ നാൽപതു ശതമാനവും പുറത്തുവിടുന്നത്‌ അമേരിക്കയും ചൈനയും കൂടിച്ചേർന്നാണ്‌ എന്നു കണക്കാക്കിയിരിക്കുന്നു. ചൈന (ഹോംകോംങ്ങ്‌ അടക്കം) 20.09 ശതമാനവും, അമേരിക്ക 17.89 ശതമാനവും വാതകമാണ്‌ ഓസോൺ പാളികൾക്കു വിള്ളലേൽപ്പിക്കുന്ന തരത്തിൽ പുറത്തുവിടുന്നത്‌. ചൈനയുടെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, ആളോഹരിയെടുത്താൽ ചൈനയേക്കാളും ഇന്ത്യയേക്കാളുമൊക്കെ എത്രയോ കൂടുതലാണ്‌ അമേരിക്ക പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്‌ എന്നു കാണാം.
ലോകത്താകെ മുമ്പെങ്ങും ഇല്ലാത്ത തരത്തിൽ പാരിസ്ഥിതികമായ അവബോധം വർദ്ധിച്ചിരിക്കുന്നതു വസ്തുതയാണ്‌. കൂടുതൽ കൂടുതൽ പേർ ഓർഗാനിക്‌ ഉൽപ്പന്നങ്ങൾ കൃഷിചെയ്യുകയും ഉപയോഗിച്ചുതുടങ്ങുകയും ചെയ്യുന്നുണ്ട്‌. റീ സൈക്കിൾ ചെയ്യാവുന്ന പാത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നു. പ്രകൃതിവിഭവങ്ങൾക്കും പരിസ്ഥിതിക്കും ദോഷം വരുത്താത്ത ഇക്കോ ടൂറിസം ഇന്ന്‌ ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്‌.
പക്ഷേ ഇത്തരം അവബോധം കൊണ്ട്‌ ഉണ്ടാകുന്ന അനുകൂല ഘടകങ്ങളെയാകെ ഇല്ലായ്മചെയ്യുന്ന
തരത്തിലാണ്‌ ആഗോളമുതലാളിത്തവും അത്‌ സൃഷ്ടിക്കുന്ന ഉപഭോഗാധിഷ്ഠിതമായ ജീവിത ശൈലിയും കുതിച്ചുപായുന്നത്‌. വ്യാവസായികപുരോഗതി കൈവരിച്ച സമൂഹങ്ങളിലെ ഭൂരിപക്ഷം മനുഷ്യരും ആവശ്യപ്പെടുന്നത്‌ ഏറ്റവും കുറഞ്ഞ വിലയ്ക്ക്‌ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങളാണ്‌. പ്രകൃതിവിഭവങ്ങൾ പരമാവധി കൊള്ളയടിച്ച്‌ കയ്യും കണക്കുമില്ലാതെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അതിനുശേഷം ആ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഉതകുന്ന തരത്തിൽ മനുഷ്യരുടെ ആർത്തിയെ സൃഷ്ടിക്കുകയുമാണ്‌ കോർപ്പറേറ്റ്‌ മുതലാളിത്തം ചെയ്യുന്നത്‌. മനുഷ്യന്റെ ആഗ്രഹങ്ങളെയും ആർത്തിയേയും ആവശ്യങ്ങളായി അവതരിപ്പിക്കുന്ന പരസ്യങ്ങളാണ്‌ പരിസ്ഥിതിയുടെ ഏറ്റവും വലിയ ശത്രു എന്നു പറയേണ്ടിവരും. ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്കാരമാണ്‌ ആഗോള മാർക്കറ്റുകൾ സൃഷ്ടിക്കുന്നത്‌. കാരണം, അങ്ങനെയാകുമ്പോൾ മാത്രമേ തുടർച്ചയായി ഉൽപ്പാദിപ്പിച്ചുകൂട്ടുന്ന ഉൽപ്പന്നങ്ങൾക്ക്‌ മാർക്കറ്റുണ്ടാവുകയുള്ളൂ. വഴിയോരങ്ങളും കാട്ടു പ്രദേശങ്ങളും മലഞ്ചെരിവുകളും പർവതശിഖരങ്ങൾപോലും മാലിന്യം നിറയാൻ ഇതു കാരണമാകുന്നു.
സമൂഹത്തിലെ ഓരോ വ്യക്തിയും അവന്റെ/ അവളുടെ കഴിവിനനുസരിച്ച്‌ പ്രവർത്തിക്കുകയും, സമൂഹം ആ വ്യക്തിയുടെ ആവശ്യത്തിനനുസരിച്ചുള്ളത്‌ നൽകുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയെ ആണല്ലോ കമ്മ്യൂണിസ്റ്റുകാർ സ്വപ്നം കാണുന്നത്‌. പക്ഷേ, വ്യക്തിയുടെ ആവശ്യം ആരാണ്‌ നിർണയിക്കുക എന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. മനുഷ്യരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ആർത്തിയേയും എങ്ങനെ വേർതിരിക്കും എന്നതും പ്രസക്തംതന്നെ. ആഗോളവൽകൃതമായ മാർക്കറ്റും കോർപ്പറേറ്റ്‌ കമ്പനികളുടെ പരസ്യങ്ങളും സൃഷ്ടിക്കുന്ന മോഹങ്ങളെ ആവശ്യമായി പരിഗണിച്ചാൽ സോഷ്യലിസവും കമ്മ്യൂണിസവും ഒരിക്കലും പ്രായോഗികമാവില്ല എന്നു സമ്മതിക്കേണ്ടിവരും. കാരണം, ആ മോഹങ്ങളെ പൂർത്തീകരിച്ചുകൊണ്ട്‌ ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന മുഴുവൻ മനുഷ്യർക്കും അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഉൽപ്പാദനം നടത്തണമെങ്കിൽ ഈയൊരു ഭൂമിയിലെ സമ്പത്തു മതിയാകില്ല എന്നതാണ്‌ വസ്തുത. സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ഒരു ബ്രിട്ടീഷ്‌ പത്രപ്രവർത്തകൻ ഗാന്ധിജിയോടു ചോദിച്ച ചോദ്യമുണ്ട്‌. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ ഇന്ത്യയിലെ മുഴുവൻ മനുഷ്യർക്കും ഇന്ന്‌ ബ്രിട്ടീഷുകാർ അനുഭവിക്കുന്ന ജീവിതനിലവാരം സാധ്യമാകുമോ എന്നതായിരുന്നു ആ ചോദ്യം. ബ്രിട്ടൻ എന്ന ചെറിയൊരു രാജ്യത്തെ ജനങ്ങൾക്ക്‌ ഈ ജീവിതനിലവാരത്തിലെത്താൻ ലോകത്തിന്റെ മുക്കാൽഭാഗം സമ്പത്തും കൊള്ളയടിക്കേണ്ടിവന്നു. ഇന്ത്യയെപ്പോലെ വലിയൊരു രാജ്യത്തെ മുഴുവൻ മനുഷ്യർക്കും ആ ജീവിതനിലവാരം കൈവരിക്കാൻ എത്ര ഭൂഗോളങ്ങളുടെ സമ്പത്ത്‌ കൊള്ളയടിക്കേണ്ടിവരും എന്നായിരുന്നു ഗാന്ധിജി തിരിച്ചു ചോദിച്ചത്‌. നമ്മുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുമാത്രമേ ഏതു രാഷ്ട്രീയ സാഹചര്യത്തിലും മാനവസമൂഹത്തിനു മുന്നോട്ടു പോകാൻ കഴിയൂ എന്നർത്ഥം. അവിടെയാണ്‌ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ പരിസ്ഥിതിയുടെ രാഷ്ട്രീയം അഥവാ പച്ചവിചാരം പ്രസക്തമാകുന്നതും.
(പ്രോഗ്രസീവ്‌ ഫോറം അതിരപ്പള്ളിയിൽ നടത്തിയ പരിസ്ഥിതി ക്യാമ്പിൽ
അവതരിപ്പിച്ച രേഖയിലെ പ്രസക്ത ഭാഗം)