പരിസ്ഥിതി സൗഹൃദ ഹരിതവിപ്ലവം ഇന്നിന്റെ ആവശ്യം

പരിസ്ഥിതി സൗഹൃദ ഹരിതവിപ്ലവം ഇന്നിന്റെ ആവശ്യം
April 18 04:55 2017

ഹരിതവിപ്ലവം ഒരു സാമ്രാജ്യത്വ ഗൂഢാലോചന 2
സിജോ പൊറത്തൂർ

തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ ‘വിപ്ലവസിദ്ധാന്തം’ അതിന്റെ ഗുണഭോക്താക്കളെ ഏതുതരത്തിൽ ബാധിക്കും എന്നതിനെക്കുറിച്ച്‌ ഇതിന്റെ പ്രചാരകർക്ക്‌ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അഥവാ അത്തരം കാര്യങ്ങളൊന്നും അവർ ശ്രദ്ധിക്കാനേ പോയില്ല. ഗുണഭോക്താക്കളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിലവാരത്തെക്കുറിച്ച്‌ വ്യക്തമായ പഠനങ്ങൾ നടത്തിയും ജനജീവിതത്തിന്റെ നാനാവശങ്ങൾ പരിഗണിച്ചും നടപ്പാക്കേണ്ടിയിരുന്ന ഒന്നാണ്‌ ഹരിതവിപ്ലവം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഹരിതവിപ്ലവത്തിന്റെ ഗുണഭോക്താക്കളെ വിശ്വാസത്തിലെടുക്കുന്നതിലും അവരുടെ യഥാർത്ഥ ജീവിതാവസ്ഥ മനസിലാക്കുന്നതിലും ഹരിതവിപ്ലവ പ്രവാചകർ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്‌. അർഹതയുള്ളവയുടെ നിലനിൽപ്പ്‌ എന്ന ഡാർവിൻ സിദ്ധാന്തമാണ്‌ ഇവിടെ പ്രയോഗിച്ചതെന്ന്‌ കാണാൻ കഴിയും. പ്രകൃതിയെയും കൃഷിഭൂമിയെയും മാതൃതുല്യം ആദരിക്കുന്ന പാരമ്പര്യമാണ്‌ ലോകത്തെവിടെയുമുള്ള കർഷകരുടേത്‌. ആ പാരമ്പര്യത്തെ കൈവെടിയാൻ അവരെ പ്രേരിപ്പിച്ചുകൊണ്ട്‌ ലാഭനഷ്ടങ്ങളുടെ കളങ്ങൾ തീർത്തതും മേൽപ്പറഞ്ഞ ചതിയന്മാരാണ്‌. പ്രാദേശിക ഭക്ഷ്യക്രമങ്ങളെ ബോധപൂർവം തമസ്കരിച്ചു. ഓരോ പ്രദേശത്തിന്റെയും തനത്‌ ഭക്ഷ്യവിഭവങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശ്രമമുണ്ടായില്ല.
ഹരിതവിപ്ലവം ജൈവ ആവാസവ്യവസ്ഥയോട്‌ ചെയ്ത ക്രൂരതകൾ ചെറുതല്ല. നിത്യഹരിതവന പ്രദേശങ്ങൾ ഉൾപ്പെടുന്ന രാജ്യങ്ങളിലാണ്‌ ഈ കെടുതികൾ ഏറ്റവും കൂടുതലായും പ്രകടമായത്‌. അപൂർവമായി മാത്രം കണ്ടുവരുന്ന അനേകം ജീവജാതികൾ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കപ്പെട്ടു. ചിലതിന്‌ രൂപമാറ്റം സംഭവിച്ചു. വിളവൈവിധ്യമായിരുന്നു പരമ്പരാഗത കൃഷിരീതികളുടെ മുഖ്യ സവിശേഷത. എന്നാൽ വിളവൈവിധ്യത്തിനു പകരം ഏകവിള സമ്പ്രദായം അടിച്ചേൽപിക്കപ്പെട്ടു. ഒരേ കൃഷിയിടത്തിൽ തന്നെ പലതരത്തിലുള്ള ഭക്ഷ്യധാന്യങ്ങൾ, ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ മുതലായവ കൃഷി ചെയ്തിരുന്ന നാട്ടുവിദ്യകളെ അശാസ്ത്രീയം എന്നുപറഞ്ഞ്‌ നിരാകരിക്കാനാണ്‌ ഗൂഢാലോചകർ പരിശ്രമിച്ചത്‌. ആശയപ്രചരണത്തിനുവേണ്ടി സമർത്ഥരായ ശാസ്ത്രജ്ഞരെ അവർ നേരത്തെ തന്നെ പൊന്നുംവിലയ്ക്കെടുത്തിരുന്നുവല്ലോ. ‘മികച്ചത്‌, മികച്ചത്‌’ എന്ന വായ്ത്താരി നിരന്തരമായി കേട്ടപ്പോൾ പാവപ്പെട്ട കർഷകരുടെ മനസിന്‌ ഇളക്കം തട്ടിയെന്നതും നേര്‌. അവർ ക്രമേണ നാടൻരീതികളും നാട്ടു സാങ്കേതികവിദ്യകളും കയ്യൊഴിയാൻ നിർബന്ധിതരായി. ചാണകവും മൂത്രവും മണത്തിരുന്ന കൈകളിൽ ഫാക്ടംഫോസും യൂറിയയും പൊട്ടാഷും മണക്കാൻ തുടങ്ങി. വിളവ്‌ വർധിപ്പിച്ചു. പുതിയ വിത്തിനങ്ങൾ- മഴയെ, കീടബാധയെ, കാറ്റിനെയൊക്കെ പ്രതിരോധിക്കാൻ ശേഷിയുള്ളവ രംഗപ്രവേശം ചെയ്തു. കൂടുതൽ വളം കൂടുതൽ വിളവ്‌ എന്നതായി മുദ്രാവാക്യം. മണ്ണിൽ ചേർക്കുന്ന രാസവളങ്ങളും ചെടികളിൽ തളിക്കുന്ന കീടനാശിനികളും തങ്ങളുടെ കുടിവെള്ള സ്രോതസുകളിൽ തന്നെയാണ്‌ തിരികെയെത്തുന്ന കാര്യം കർഷകർ സൗകര്യപൂർവം മറന്നുപോയി.
പരമ്പരാഗത രീതിയിൽ കൃഷി ചെയ്തിരുന്ന കാലഘട്ടത്തിൽ അനേകതരത്തിൽപ്പെട്ട വിളകൾ പരിപാലിക്കപ്പെട്ടു പോന്നിരുന്നു. നാടൻ വിത്തുകളും ഇലക്കറികളും കിഴങ്ങുവർഗങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നു. ഓരോ തവണ വിളവെടുപ്പ്‌ കഴിയുമ്പോഴും അടുത്ത തവണത്തേയ്ക്കുള്ള നടീൽ വസ്തുക്കളും വിത്തുകളും ശേഖരിച്ച്‌ സൂക്ഷിച്ചിരുന്നു. ഈ രീതിശാസ്ത്രമാണ്‌ ഹരിതവിപ്ലവത്തിന്റെ കടന്നുവരവോടെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേയ്ക്ക്‌ മറഞ്ഞുപോയത്‌. ജൈവ വൈവിധ്യത്തിന്റെ പ്രാഥമിക പാഠങ്ങളെ നിരാകരിച്ചതുവഴി കീടങ്ങളും അവയെ ഭക്ഷിക്കുന്ന ജീവികളും തമ്മിൽ നിലനിന്നിരുന്ന സമതുലനാവസ്ഥ ഇല്ലാതായി. ഉദാഹരണത്തിന്‌ ചെറുപ്രാണികളുടെ എണ്ണം പെരുകുമ്പോൾ തവളകൾ വർധിക്കുന്നു. ചെറുപ്രാണികളെ അവ ആഹാരമാക്കുന്നു. തവളകളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോൾ പാമ്പുകളുടെ എണ്ണവും അതിനനുസരിച്ച്‌ കൂടുകയും അവ തവളകളെ ആഹരിച്ച്‌ എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതൊരു പാരിസ്ഥിതിക ബലതന്ത്രമാണ്‌. ഈ ജൈവഘടനയ്ക്കാണ്‌ ആഘാതമേറ്റത്‌. ഇത്തരം സമതുലനാവസ്ഥകളാണ്‌ രാസവള-രാസകീടനാശിനി പ്രയോഗത്തിലൂടെ തകിടം മറിയുന്നത്‌. കീടനാശിനികൾ വഴി കീടനിയന്ത്രണം നടത്തുമ്പോൾ ഒരു വിഭാഗം ജീവികൾക്ക്‌ ആഹാരമില്ലാതാവുകയാണ്‌ ചെയ്യുന്നത്‌. വയലുകളുടെ സമ്പത്തായിരുന്ന എണ്ണിയാലൊടുങ്ങാത്ത സൂക്ഷ്മജീവജാതികൾ എന്നെന്നേയ്ക്കുമായി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ ഉന്മൂലന സിദ്ധാന്തം ഇപ്പോഴും പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഈയടുത്ത കാലത്ത്‌ കുട്ടനാട്ടിൽ നെല്ലിനുണ്ടായ മുഞ്ഞബാധയുടെ നാൾവഴി പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. അവിടെ രാസകീടനാശിനികൾ പ്രയോഗിച്ച വയലുകളിലാണ്‌ മുഞ്ഞബാധ ഏറ്റവും കൂടുതലായി കണ്ടത്‌. അതേസമയം ജൈവരീതിയിൽ പ്രകൃതിയെ മാനിച്ചുകൊണ്ട്‌ കൃഷി ചെയ്ത വയലുകളിൽ മുഞ്ഞയുടെ ആക്രമണം കാണാനില്ലായിരുന്നു. കൃഷി ശാസ്ത്രജ്ഞർ തന്നെ സമ്മതിച്ചതാണ്‌ ഇക്കാര്യം.
ഹരിതവിപ്ലവത്തിന്റെ മറ്റൊരു ദുരന്തം അത്‌ സാംസ്കാരികവിനിമയങ്ങളുടെ തകർച്ചയ്ക്ക്‌ ഇടയാക്കി എന്നുള്ളതാണ്‌. വിത്തുകൾ സംസ്കരിച്ച്‌ എടുക്കുന്നതു തുടങ്ങി സകല കാര്യങ്ങൾക്കും ഒരു സാംസ്കാരികസ്പർശം ഉണ്ടായിരുന്നു. കാർഷികവൃത്തിയോടനുബന്ധിച്ച്‌ നിരവധി ആചാരാനുഷ്ഠാനങ്ങൾ നിലനിന്നിരുന്നു. അവയെല്ലാം ഇല്ലാതായി. വിത്ത്‌ തയ്യാറാക്കുന്ന പ്രവൃത്തികൾ സ്ത്രീകളുടെ മേൽനോട്ടത്തിലാണ്‌ നടന്നിരുന്നത്‌. ഊർവരതയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും ഇതോടനുബന്ധിച്ച്‌ നടത്തിയിരുന്നു. രതിക്രിയയും കാർഷികവൃത്തിയും തമ്മിലും പാരസ്പര്യം ഉണ്ടായിരുന്നു. ഇന്ത്യൻ പൈതൃകസൂചകങ്ങളിൽ നിലം ഉഴുതു വിത്തിറക്കുന്ന പ്രക്രിയ തന്നെയും രതിക്രിയയുടെ പ്രതീകമായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. മറ്റു ലോക സംസ്കാരങ്ങളിലും ഇത്‌ വ്യത്യസ്തമായിരുന്നില്ല. കൃഷിയെക്കുറിച്ചുള്ള ഓർമ എന്നത്‌ ഭൂമിയിൽ നിന്ന്‌ മനുഷ്യരെപ്പോലെ സസ്യങ്ങളെ ഉൽപാദിപ്പിക്കുന്ന ആദിമരതിക്രിയയുടെ ഭാഗം തന്നെയാണ്‌. വയൽ സ്ത്രീകളുടെ ലൈംഗികാവയവമാണെന്നും കലപ്പ പുരുഷലൈംഗികാവയവമാണെന്നും കലപ്പകൊണ്ട്‌ നിലം ഉഴുമ്പോൾ ഭൂമി ഊർവരമാകുമെന്നും പാട്ടുരൂപത്തിലും മറ്റും ഇവിടെ പ്രചരിച്ചിരുന്നല്ലോ? ജനകൻ കലപ്പവെച്ച്‌ നിലം ഉഴുത്‌ പുറത്തെടുത്ത കുഞ്ഞാണല്ലോ സീത. വിത്ത്‌ ഒരുക്കിയിരുന്ന സ്ത്രീകൾ ചരിത്രത്തിന്റെ കാണാമറയത്തായി. പുരുഷന്മാർ ആ പണി ഏറ്റെടുത്തു. നാടൻ വിത്തുകൾ ഒരുക്കുന്നതിനു പകരം അത്യുൽപാദനശേഷിയുള്ള വിത്തുകൾ ബഹുരാഷ്ട്ര കുത്തകകളിൽ നിന്ന്‌ വാങ്ങാൻ അവർ നിർബിന്ധിതരായി. വിത്ത്‌ വാങ്ങാനും വിൽക്കാനും ഉള്ളതാണെന്ന പുതിയ ബോധം, അത്‌ കാർഷികമേഖലയുടെ നട്ടെല്ലാണെന്ന അനുഭവത്തെ മുക്കിക്കൊന്നു.
വിള വർധന എന്നത്‌ ഒരു സ്വപ്നമായി തന്നെ അവശേഷിച്ചതാണ്‌ ഹരിതവിപ്ലവത്തിന്റെ മറ്റൊരു ദുരന്തം. തുടക്കത്തിൽ വിള വർധനയുണ്ടായെങ്കിലും കാലം പോലെ മണ്ണ്‌ രാസവളങ്ങൾ മൂലം ഊർവരത നഷ്ടപ്പെട്ട്‌ ഊഷരമായി മാറുകയാണുണ്ടായത്‌. ഉൽപാദനക്ഷമതയെ അത്‌ സാരമായി ബാധിച്ചു. പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുക്കാതെയുള്ള വിളപര്യയക്രമം നിത്യഹരിതവന പ്രദേശങ്ങളുടെ ഉൾപ്പെടെ നാശത്തിന്‌ ഇടയാക്കി. മണ്ണൊലിപ്പ്‌, ജലക്ഷാമം, പരിസ്ഥിതി നാശം തുടങ്ങിയ ഉപോൽപന്നങ്ങളും ഹരിതവിപ്ലവം വഴി ഉണ്ടായി. പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുത്ത പൊക്കം കുറഞ്ഞ ഇനങ്ങൾക്ക്‌ കൂടുതൽ രാസവളം ആവശ്യമായിവന്നു. ഈ വിളകൾക്കാവശ്യമായ അത്രയും രാസവളങ്ങളും മാരകമായ കീടനാശിനികളും പടിഞ്ഞാറു നിന്ന്‌ വൻതോതിൽ വാങ്ങേണ്ടിയും വന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും വലിയൊരു വിപണിയായി ഏഷ്യൻ രാജ്യങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്‌. ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ജെയിനെവയിൽ ചേർന്ന്‌ ലോക പരിസ്ഥിതി ഉച്ചകോടിയിൽ എൻഡോസൾഫാൻ നിരോധിക്കുന്നതിന്‌ ബിൽ കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത്‌ വോട്ടുരേഖപ്പെടുത്തിയ രാജ്യമാണ്‌ ഇന്ത്യ. എൻഡോസൾഫാന്റെ എല്ലാ രൂപങ്ങളെയും ലോകം ഒന്നടങ്കം എതിർക്കുമ്പോഴായിരുന്നു അതെന്ന കാര്യം നാം മറക്കാതിരിക്കുക.
അമേരിക്കൻ അഗ്രിക്കൾച്ചർ ഡെവലപ്മെന്റ്‌ കൗൺസിൽ പ്രസിഡന്റായിരുന്ന ആർതർ മോസസ്‌ എന്ന സാമ്പത്തിക വിദഗ്ധന്റെ വാക്കുകൾ മേൽപ്പറഞ്ഞ വാദഗതികളെ ശരിവയ്ക്കുന്നതാണ്‌. “കൃഷിയധിഷ്ഠിത സമൂഹങ്ങളിൽ പൊതുവെ കാണപ്പെടുന്ന പരസ്പരാശ്രിത സാമൂഹ്യവ്യവസ്ഥയെ നിഷ്ക്രിയവും നിർജ്ജീവവുമാക്കേണ്ടത്‌ വിപണിതാൽപര്യങ്ങളെ വർധമാനമായ അളവിൽ സംരക്ഷിക്കുന്നതിന്‌ അനിവാര്യമാണ്‌”. എന്നുവെച്ചാൽ കൃഷിയധിഷ്ഠിത സമൂഹങ്ങളിൽ പൊതുവെ കാണപ്പെടുന്ന പരസ്പരാശ്രിത സാമൂഹ്യവ്യവസ്ഥയെ വിപണിയുടെ തന്ത്രങ്ങൾ മെനയുന്നവർക്ക്‌ ഭയമാണ്‌ എന്നുതന്നെ. ലോകം ഇന്ന്‌ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌ ഒരു ഉപഭോഗ വിപ്ലവത്തിലൂടെയാണ്‌. യഥാർത്ഥത്തിൽ വേണ്ടത്‌ ശാസ്ത്രീയവിപ്ലവമാണ്‌. പക്ഷെ അത്‌ നടക്കാതെ പോകുന്നു. നമ്മോട്‌ ഇതെല്ലാം പറയുന്നത്‌ ആഗോളീകരണത്തിന്റെ നേതാക്കന്മാരാണ്‌. വിലയ്ക്കെടുക്കപ്പെട്ട തലച്ചോറും നാവും ഉപയോഗിച്ച്‌ അവർ കുത്തകകൾക്കുവേണ്ടി ചിലച്ചുകൊണ്ടേയിരിക്കുന്നു. ഇത്‌ തിരിച്ചറിയുമ്പോഴാണ്‌ നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നവർ പ്രയോഗിക്കുന്ന ചതി ബോധ്യമാവുകയുള്ളൂ.
രണ്ടാം ഹരിതവിപ്ലവത്തെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ഒന്നാം ഹരിതവിപ്ലവത്തിന്റെ കെടുതികൾ ഓർമയിലുണ്ടായിരിക്കേണ്ടതാണ്‌. തികച്ചും പരിസ്ഥിതിസൗഹൃദമായ ഒരു ഹരിതവിപ്ലവത്തിനു മാത്രമേ ലോകത്തെ രക്ഷിക്കാനാവുകയുള്ളൂ. നമുക്കിനിയും ഹരിതവിപ്ലവം വേണം. അത്‌ പക്ഷെ, ഒന്നാം ഹരിതവിപ്ലവം തീർത്ത മുറിവുകൾ ഉണക്കുന്നതിനാകണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം നിമിത്തം ഊഷരമായ പ്രകൃതിയെ ഊർവരമാക്കുന്ന സക്രിയതയിലേക്ക്‌ ജീവശാസ്ത്രലോകം ചുവട്‌ മാറേണ്ടിയിരിക്കുന്നു. നല്ല മണ്ണും ശുദ്ധമായ വായുവും വിഷമുക്തമായ ഭക്ഷണവും തിരികെ നേടിയെടുക്കുന്ന രണ്ടാം ഹരിതവിപ്ലവം.
(അവസാനിച്ചു)

  Categories:
view more articles

About Article Author