പരിഹാരം വൈകുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാഭരണകൂടം വേദിയൊരുക്കുന്നു

June 16 01:59 2017

കോഴിക്കോട്: ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടം ജനങ്ങളുടെ കയ്യെത്തും ദൂരത്ത് എത്തുന്നു. സാങ്കേതിക പ്രശ്‌നങ്ങളില്‍ കൂടുങ്ങി പരിഹാരം വൈകുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ് നേരിട്ട് ഇടപെടുന്ന അദാലത്തുകള്‍ക്ക് വേദിയൊരുങ്ങുകയാണ്.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടത്തും അല്ലാത്തതുമായ സ്ഥലത്ത് വീടു നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ നടപടികള്‍ ത്വരിതപ്പെടുത്തി തീര്‍പ്പാക്കുന്നതിനുളള അദാലത്തുകള്‍ ജൂലൈ ആറ് മുതല്‍ തുടങ്ങും. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ ഓഫീസുകള്‍, കൃഷി ഓഫീസുകള്‍, പ്രിന്‍സിപ്പില്‍ അഗ്രികള്‍ച്ചര്‍ ഓഫീസ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന 2051 അപേക്ഷകളാണ് ഇതില്‍ പരിഗണിക്കുക. കോഴിക്കോട് ബ്ലോക്ക്, കോര്‍പ്പറേഷന്‍, കുന്ദമംഗലം ബ്ലോക്ക്, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികള്‍ എന്നിവയിലെ അപേക്ഷകള്‍ ജൂലൈ ആറിന് രാവിലെ 9 മണി മുതലും കൊടുവളളി, ചേളന്നൂര്‍ ബ്ലോക്കുകള്‍, കൊടുവളളി, മുക്കം മുനിസിപ്പാലിറ്റികള്‍ എന്നിവയിലേത് ഉച്ചയ്ക്ക് ശേഷവും കോഴിക്കോട് ബ്ലോക്ക് ഓഫീസില്‍ പരിഗണനയ്ക്ക് എടുക്കും. പന്തലായനി ബ്ലോക്ക്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, ബാലുശ്ശേരി ബ്ലോക്ക്, എന്നിവയുടേത് പന്തലായനി ബ്ലോക്ക് ഓഫീസില്‍ ജൂലൈ ഏഴിന് രാവിലെ അദാലത്ത് നടക്കും. പേരാമ്പ്ര, മേലടി ബ്ലോക്കുകള്‍, പയ്യോളി മുനിസിപ്പാലിറ്റി എന്നിവയുടെത് ഉച്ചയ്ക്ക് ശേഷം ഇതേ വേദിയില്‍ നടക്കും. വടകര, തൂണേരി ബ്ലോക്കുകളുടെയും വടകര മുനിസിപ്പാലിറ്റിയുടെയും അദാലത്ത് വടകര ബ്ലോക്ക് ഓഫീസില്‍ ജൂലൈ 11 ന് രാവിലെയാണ്. കുന്നുമ്മല്‍, തോടന്നൂര്‍ ബ്ലോക്കുകളുടേത് ഉച്ചയ്ക്ക് ശേഷം ഇവിടെ നടക്കും. ലഭ്യമായ അപേക്ഷകളില്‍ ജൂണ്‍ 30 നകം തീരുമാനമെടുക്കാനും വിവരം അദാലത്തിനു മുമ്പായി അപേക്ഷകരെ അറിയിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിചാരണ ആവശ്യമുളള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും.

view more articles

About Article Author