Tuesday
21 Aug 2018

പള്ളിക്കലാറ്‌ ഇനിയും ഒഴുകും

By: Web Desk | Sunday 16 July 2017 4:45 AM IST

കയ്യേറ്റവും, മാലിന്യ ഭീഷണിയും മൂലം ഒരു പുഴയുടെ നാശം കേട്ടുകേഴ്‌വിയില്ലാത്തതെങ്കിലും പള്ളിക്കലാറ്‌ ഇന്ന്‌ ജീവിക്കുന്ന രക്തസാക്ഷിയാണ്‌. പ്രകൃതിയോടുള്ള മനുഷ്യന്റെ അതിക്രമം മൂലം നശിച്ചുപോയ ഒരു നദിയെ,
ഒരു സംസ്കാരത്തെ തിരിച്ചു പിടിക്കാൻ, അതിനെപ്പറ്റി ചിന്തിക്കാൻ മുതിർന്നവരെ പ്രേരിപ്പിച്ചത്‌ കുരുന്നുകളാണ്‌

മനു പോരുവഴി
ആപ്രഭാതത്തിനായ്‌ രശ്മിയും, രഞ്ജിത്തും, കാത്തിരിക്കുകയായിരുന്നു.കിഴക്കുദിക്കിൽ നിന്നും സൂര്യകിരണങ്ങൾ ഇരച്ചിറങ്ങിയതോടെ അവർ പെടുു‍ന്നനെ ഉണർന്നെണീച്ചു. തിടുക്കത്തിൽ പ്രഭാത കൃത്യകൾ നടത്തി അമ്മയുടെ കൈകളിൽ നിന്നും ചോറു പൊതിയും വാങ്ങി അതിരറ്റ ആഹ്ലാദത്തോടെ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമായവർ വീടുവിട്ടിറങ്ങി. അന്നവർ പോയത്‌ സ്കൂളിലേക്കായിരുന്നില്ല.നാടിന്റെ നാഡീഞ്ഞരമ്പുകളിലൂടെ ഒഴുകിപ്പരന്നിരുന്ന ഒരു പുഴയുടെ പഴയ സസംസ്കാരത്തെ വീണ്ടെടുക്കുന്നതിനായിരന്നു. ആറ്റിൻ തീരത്തെ ആളൊഴിഞ്ഞ പുൽപ്പടർപ്പിൽ കൂട്ടുകാരുമൊത്ത്‌ അവർ ഒത്തുചേർന്നു. പത്തനംതിട്ട തെങ്ങമം പള്ളിക്കൽ ലോവർ പ്രൈമറി സ്കൂളിലെ രണ്ടാം തരത്തിലും നാലാം തരത്തിലും പഠിക്കുന്ന വിദ്യാർഥികളാണവർ.തെക്കൻ കേരളത്തിൽ കമ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ അഗ്നിയുടെ ചൂടും, കരുത്തും നൽകിയ ശൂരനാടിന്റെ ഹൃദയത്തിലൂടെ ഒഴുകിപ്പരന്ന ഒരു നദിയെ, ഒരു സംസ്കാരത്തെ, വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കം കുറിയ്ക്കലിനായിരുന്നു പുസ്തകം മറന്നവർ ഒരു ദിനം ആറിന്റെ തീരത്ത്‌ ഒത്തുചേർന്നത്‌.
ഒരു കാലത്ത്ശൂരനാട്‌ നിവാസികളുടെ ഹൃദയതാളമായിരുന്നു പള്ളിക്കലാറ്‌. പണ്ടു പണ്ട്‌ തെന്നല പിള്ളമാരുടെ ധാർഷ്ട്യത്തിനു മുന്നിൽ മുട്ടുമടക്കാതെ തലയുയർത്തി നിന്ന മാനുഷിക അവകാശങ്ങൾക്കു വേണ്ടി പോരാടിയ ഒരു ജനതയുടെ നീല ഞരമ്പുകളിലൂടെയൊഴുകിയ രക്തമായിരുന്നു പള്ളിക്കലാറ്‌. വിപ്ലവ ജ്വാലയിൽ ശൂരനാടിന്റെ മൺ തരികൾ ചുവന്നപ്പോൾ ആ തീചൂടേറ്റ്‌ പള്ളിക്കലാറും ചുന്നിി‍രുന്നു.
കാലങ്ങൾ കടന്നു പോകും പോലെ നദിയിലൂടെ വെള്ളവും ഒഴുകി നീങ്ങി. ഒരിക്കൽ ഒഴുകി പരന്നിരുന്ന പള്ളിക്കലാറ്‌ ശുഷ്കിച്ചു. നദീതീരത്ത്‌ രൂപമെടുത്ത ഒരു സംസ്കാരം പഴമക്കാരുടെ ഓർമ്മയിലൊതുങ്ങി.നഗരവൽക്കരണത്തിന്റെ അധിനിവേശം ഗ്രാമ ഹൃദയത്തെ തകർത്തെറിഞ്ഞപ്പോൾ നഷ്ടമായത്‌ പള്ളിക്കലാറിന്റെ ഓളങ്ങളായിരുന്നില്ല ഒരു നാടിന്റെ വിശുദ്ധി കൂടിയായിരുന്നു. പള്ളിക്കലാറിന്റെ സാംസ്കാരിക ഗരിമ കേട്ടറിഞ്ഞ രശ്മിയും, രഞ്ജിത്തും ആ വിദ്യാലയത്തിലെ കൂട്ടുകാരെയും കൂട്ടി ആ നദിയുടെ പുനസൃഷ്ടിക്കുളള തുടക്കം കുറിക്കലിനായി ഒത്തുചേർന്നപ്പോൾ, സ്കൂൾ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും സ്ഥലം എം എൽ എ ചിറ്റയം ഗോപകുമാറും കുരുന്നുകളോടൊപ്പം കൈകോർത്തപ്പോൾ അക്ഷരാർഥത്തിൽ വിസ്മൃതിയിലാണ്ടുപോയ ഒരു നദിയുടെ ഉയർത്തെഴുന്നേൽപ്പിനാണ്‌ വഴിയൊരുങ്ങിയത്‌.

പുഴയൊഴുകും വഴി
ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ ചൂരൽ വയലിൽ നിന്നും ആരംഭിച്ച്‌ രണ്ടര കിലോമീറ്റർ ഒഴുകി പള്ളിക്കൽ പഞ്ചായത്തിലെ മേക്കുന്നു മുകളിലെത്തുന്നു.അവിടെ നിന്നും തെക്കോട്ടു പത്ത്‌ കിലോമീറ്റർ ഒഴുകി ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലെ രണ്ടു കണ്ണിക്കലെത്തുന്ന തോട്ടുവാതോടും പത്തനംതിട്ട ഏഴംകുളം പഞ്ചായത്തിലെ പുതുമലയിൽ നിന്നും തുടങ്ങി മുപ്പത്തിയഞ്ച്‌ കിലോമീറ്റർ പടിഞ്ഞാട്ടൊഴുകി അടൂർ നഗരഹൃദയത്തെ പുണർന്ന്‌ കടമ്പനാട്‌, പള്ളിക്കൽ, പോരുവഴി പഞ്ചായത്തുകളെ തഴുകി രണ്ടു കണ്ണിക്കലെത്തി തോട്ടുവാതോടിനൊപ്പം ചേർന്ന്‌ ഒന്നായ്‌ ഒഴുകുന്ന അടൂർ വലിയതോടും പിന്നീട്‌ ശൂരനാട്‌ തെക്ക്‌, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ പഞ്ചായത്തുകളിലുടെ കടന്ന്‌ കരുനാഗപ്പള്ളി വട്ടക്കായലിൽ ചെന്നു ചേരുന്നു. മലനിരകളിൽ നിന്നും പിറവിയെടുക്കാതെ ചെറു ഉറവകളിൽ ജനിച്ച്‌ അറുപതോളം ചെറുതോടുകളിലൂടെ ജൻമംകൊണ്ട കേരളത്തിലെ നാൽപ്പത്തിനാലു നദികളിൽ എകയാണ്‌ പള്ളിക്കലാറെന്നത്‌ ചരിത്രം.

പോരാട്ടത്തിന്റെ അലകൾ
കയ്യൂർ സമര ചരിത്രത്തിൽ തേജസ്വിനി പുഴയ്ക്കുള്ള സ്ഥാനമാണ്‌ ശൂരനാട്‌ സമര ചരിത്രത്തിൽ പള്ളിക്കലാറിനെ അടയാളപ്പെടുത്തുന്നത്‌. ആറിന്റെ വലതുകരയിലുള്ള വെറ്റിലക്കൊടികൾ, ഏത്തവാഴത്തോപ്പുകൾ, കർഷക തൊഴിലാളിമാടങ്ങൾ, ഇവയൊക്കെ ആദ്യകാല കമ്യൂണിസ്റ്റ്‌ നേതാക്കൻമാരുടെ ഒളിത്താവളങ്ങളായിരുന്നു. ജനാധിപത്യ യുവജന സംഘടനയുടെ ആദ്യ ജാഥയിൽ പങ്കെടുത്ത ചെറുപ്പക്കാരായ സഖാക്കൻമാരെയെല്ലാം തെന്നല ജൻമിമാരുടെ കൽപ്പന പ്രകാരം സ്വന്തം വീടുകളിൽ നിന്ന്‌ പുറത്താക്കിയപ്പോഴൊക്കെ ഇവർ ഒത്തുചേർന്നത്‌ പള്ളിക്കൽ ഡാമിന്റെ വടക്കു പുറത്തുള്ള മണൽത്തറകളിലായിരുന്നു. സഖാക്കൻമാരെ തിരഞ്ഞെത്തുന്ന പോലീസ്‌ ഏമാൻമാർ കുണ്ടനിടവഴികളും, വയൽ വരമ്പുകളും, താണ്ടി മൂന്നു നാലു കിലോമീറ്റർ പിന്നിട്ടെത്തുമ്പോഴേക്കും ഇവർ ഒളിവിൽ മറയുമായിരുന്നു.രാജ ഭരണകാലത്ത്‌ നിർമ്മിച്ച പള്ളിക്കൽ തടയണയാണ്‌ ഇതിന്‌ ഏറ്റവും സഹായിച്ചിരുന്നത്‌. 1949 ഡിസംബർ 31 ന്റെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും ആറിന്റെ തീരത്തായിരുന്നുവെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നു.

ഒരു സംസ്കാരത്തിന്റെ പിറവി…
ഒരു കാലത്ത്‌അടൂർ, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ ജനങ്ങളുടെ സാമൂഹിക മാറ്റത്തിന്‌ തുടക്കം കുറിച്ചു കൊണ്ട്‌ ഒരു പുത്തൻ സംസ്കാരത്തിന്റെ പിറവിയ്ക്ക്‌ തുടക്കം കുറിച്ചത്പള്ളിക്കലാറിന്റെ കരകളിലായിരുന്നു. നദീതീരത്തെ കൈതകളിൽ നിന്നുള്ള തഴപ്പായ നിർമ്മാണവും, കന്നേറ്റി മേഖലയിലെ കയർ വ്യവസായവും, തൊടിയൂർ ഭാഗത്തെ കരിമ്പിൻ കൃഷിയും പ്രധാന കവിതോപാധികളായിരുന്നു. ട്രാവൻകൂർ സിമിന്റ്‌ സിന്‌ ആവശ്യമായി വരുന്ന വൈറ്റ്‌ ക്ലേയും, ആറ്റിലെ കറുത്ത ചെളിയിൽ നിർമ്മിക്കുന്ന പാവുമ്പയിലെ ഇഷ്ടികയും ചിരപ്രചാരം നേടിയിരുന്നു. അപൂർവയിനം മത്സ്യസമ്പത്തും, വിവിധയിനം കുറ്റിച്ചെടികളും ആറിന്റെ സംഭാവനയായിരുന്നു.കാടുമുടി ആറിന്റെ നാശം തുടങ്ങിയതോടെ പിറവിയെടുത്ത സംസ്കാരവും വിസ്മൃതിയിലൊതുങ്ങുകയായിരുന്നു.

ഓണാട്ടുകരയുടെ താളം
ഓണാട്ടുകരയുടെ കാർഷിക സംസ്കാരത്തിന്‌ പള്ളിക്കലാറിന്റെ സ്വാധീനം വിലപ്പെട്ടതായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ പിൻബലമില്ലാതെ ഒരു കാലത്ത്‌ ആയിരക്കണക്കിന്‌ ഹെക്ടർ നെൽപ്പാടങ്ങളിൽ സമൃദ്ധമായി കതിർ മണികൾ സ്വർണ്ണവർണ്ണമണിഞ്ഞു ചാഞ്ചാടി നിൽക്കുന്നതിൽ പള്ളിക്ക ലാറിനുള്ള പങ്ക്‌ വിസ്മരിക്കാനാകാത്തതാണ്‌. ശൂരനാട്‌ തെക്ക്‌, ശൂരനാട്‌ വടക്ക്‌, പോരുവഴി, പള്ളിക്കൽ, തൊടിയൂർ, തഴവ, പഞ്ചായത്തുകളിൽപ്പെടുന്ന ഓണമ്പള്ളിൽ, അടക്കം പതിനായിരക്കണക്കിന്‌ ഹെക്ടർ പ്രദേശത്ത്‌ നെൽകൃഷിയും, ഏത്തവാഴ, നാടൻ പച്ചക്കറി, വെറ്റില ക്കൊടികൾ, തെങ്ങിൻ തോപ്പുകൾ എന്നിവയ്ക്കെല്ലാം ജീവജലം നൽകിയത്‌ പള്ളിക്കലാറാണ്‌. ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിൽ രണ്ട്‌ തടയണകളിൽ നിന്നായി എട്ടു ലിഫ്റ്റ്‌ ഇറിഗേഷൻ പമ്പ്‌ സ്റ്റേഷനുകളിൽ നിന്നായി കൃഷിയ്ക്കാവശ്യമായ വെള്ളം ഇപ്പോഴും പമ്പു ചെയ്യുന്നുണ്ട്‌.ആറിന്റെ തീരത്തെ കുടിവെള്ള പദ്ധതികളാണ്‌ കടുത്ത വരൾച്ചയിലും മിക്ക പഞ്ചായത്തുകളിലെ ദാഹജലം നൽകുന്നത്‌.

IMG-20_U

അവഗണനയുടെ നീർച്ചാലുകൾ
കയ്യേറ്റവും, മാലിന്യ ഭീഷണിയും മൂലം ഒരു പുഴയുടെ നാശം കേട്ടുകേഴ്‌വിയില്ലാത്തതെങ്കിലും പള്ളിക്കലാറ്‌ ഇന്ന്‌ ജീവിക്കുന്ന രക്തസാക്ഷിയാണ്‌. അടൂർ നഗരഹൃദയത്തിൽ ആറിന്റെ വശങ്ങൾ കയ്യേറി വൻ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു കഴിഞ്ഞു. നെല്ലിമുഗൾ മുതൽ മൂഴിയിൽ ഭാഗം വരെയുള്ള പന്ത്രണ്ട്‌ കിലോമീറ്റർ ദൂരത്തിൽ ആറിന്റെ രണ്ട്‌ വശങ്ങളും കയ്യേറ്റക്കാരുടെ പിടിയിലാണ്‌.ഇരുപത്‌ മീറ്റർ വരെ വീതിയുണ്ടായിരുന്ന സ്ഥലങ്ങളിലിപ്പോൾ കേവലം മൂന്നു മീറ്ററായി ചുരുങ്ങി.കയേറ്റക്കാരുടെ സ്ഥലങ്ങളിൽ കൽക്കെട്ടു നടത്തി ഉദ്യോഗസ്ഥ വൃന്ദവും കയ്യേറ്റക്കാരെ പിന്തുണച്ചു.നഗരത്തിലെ അടക്കം മുഴുവൻ മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള മാലിന്യ നിർമ്മാർജന കേന്ദ്രമായി പളളിക്കലാറ്‌ മാറിയിരിക്കുന്നു.ആറിനെ ആശയിച്ചു നിലനിന്ന കുടിവെള്ള പദ്ധതികൾ, കോളിഫോം ബാക്ടീരിയയുടെ അളവ്‌ ക്രമാതീതമായി ഉയർന്നതോടെ പ്രതിസന്ധിയലായി. കബോംബ അക്വാട്ടിക്ക എന്ന പായൽ കൂടി പടർന്നതോടെ നാശത്തിന്റെ ഹംസഗാനം പാടി. പ്രകൃതി സൃഷ്ടിച്ച നീർച്ചാലുകൾ മനുഷ്യൻ തകർക്കുന്ന വേദനാജനകമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു.

വീണ്ടെടുപ്പിന്റെ പുതുവഴികൾ
അപ്രാപ്യമായത്‌ വീണ്ടെടുക്കാൻ കഴിഞ്ഞതിൽ ഒരു അക്ഷരമുറ്റത്തിന്‌ മർമ്മ പ്രധാനമായ പങ്കുണ്ട്‌. തെങ്ങമം ലോവർ പ്രൈമറി സ്കൂളിലെ നാലാം തരം വിദ്യാർഥികൾ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വിഷയം സ്വീകരിച്ചപ്പോൾ അനുദിനം മരണത്തിലേക്ക്‌ നീങ്ങുന്ന ഒരു പുഴയെ കുറിച്ചു പഠിക്കാൻ തീരുമാനിച്ചു. അവർ തയാറാക്കിയ വിശദമായ റിപ്പോർട്ട്‌ സഹായികളായ അധ്യാപകരോടും, രക്ഷകർത്താക്കളോടും ഒപ്പം നിയമസഭയിലെത്തി മുഖ്യമന്ത്രിയ്ക്ക്‌ സമർപ്പിച്ചു. മുഖ്യമന്ത്രിയിൽ നിന്നും പുഴയുടെ സംരക്ഷണ ദൗത്യം ഏറ്റെടുത്ത ധനകാര്യ വകുപ്പു മന്ത്രി നേരിട്ടെത്തി സംരക്ഷണ പദ്ധതികൾ പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനത്തിൽ പ്രഖ്യാപിച്ച സംരക്ഷണ പ്രവർത്തനങ്ങൾ തൊഴിലുറപ്പു തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും, നാട്ടുകാരും, ഒരു പോലെ തികച്ചും സേവന പ്രവർത്തനമായി നെഞ്ചോടു ചേർത്ത്‌ എറ്റെടുത്തു.മാലിന്യങ്ങൾ നീക്കം ചെയ്ത്‌ അറിന്റെ ഒഴുക്കിന്‌ തെളിമ ചാർത്തി. കയ്യേറ്റങ്ങൾ കണ്ടെത്താനും, വീണ്ടെടുക്കാനും പരിശ്രമങ്ങൾ തുടങ്ങി. അനന്തമായ ടൂറിസം സാധ്യതകളെ കണ്ണി ചേർത്ത്‌ പുനരുജ്ജീവനവും, സംരക്ഷണവും സർക്കാർ എറ്റെടുത്തപ്പോൾ മരണശയ്യയിൽ വീണു പോയൊരു പുഴയ്ക്ക്‌ പുനർജൻമം കിട്ടുകയായിരുന്നു.

കുരുന്നുകൾക്കൊരു ബിഗ്‌ സല്യൂട്ട്‌
പ്രകൃതിയോടുള്ള മനുഷ്യന്റെ അതിക്രമം മൂലം നശിച്ചുപോയ ഒരു നദിയെ, ഒരു സംസ്കാരത്തെ തിരിച്ചു പിടിക്കാൻ, അതിനെപ്പറ്റി ചിന്തിക്കാൻ മുതിർന്നവരെ പ്രേരിപ്പിച്ചത്‌ ഈ കുരുന്നുകളാണ്‌. നമ്മുടെയൊക്കെ കാൽക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഈ കുരുന്നുകൾ കാട്ടിയ ഒരു ജാഗ്രതയെ ഏതു വാക്കുകൾകൊണ്ട്‌ അടയാളപ്പെടുത്തും? അവരുടെ ചിന്തയെ അതിലേക്ക്‌ നയിച്ച അധ്യാപകരെ, രക്ഷാകർത്താക്കളെ നമുക്ക്‌ അഭിനന്ദിക്കാം. ഇത്തരം ചില കരുതലുകളെങ്കിലും ബാക്കി നിൽക്കുന്നല്ലോയെന്ന്‌ ആശ്വസിക്കാം. ഇതൊരു തുടക്കമാകട്ടെയെന്ന്‌ പ്രത്യാശിക്കാം……