പാകിസ്ഥാനിൽ ഭീകരാക്രമണം: കൊല്ലപ്പെട്ടവർ 73

പാകിസ്ഥാനിൽ ഭീകരാക്രമണം: കൊല്ലപ്പെട്ടവർ 73
June 25 03:45 2017

ലഷ്കർ ഇ ജഗ്വി സുന്നി ഉത്തരവാദിത്തം ഏറ്റെടുത്തു
പെഷ്‌വാർ: കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളിൽ കൊല്ലപ്പട്ടവരുടെ എണ്ണം 73 ആയി. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്‌. പാകിസ്ഥാനിൽ ഷിയാ ഭൂരിപക്ഷമുള്ള പരച്ചിനാർ ഗോത്രവർഗ മേഖലയിലെ മാർക്കറ്റിലും ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽ ഇൻസ്പെക്ടർ ജനറൽ എഹ്സാൻ മെഹബൂബിന്റെ ഓഫീസിന്‌ സമീപവുമാണ്‌ സ്ഫോടനങ്ങൾ നടന്നത്‌. താലിബാനുമായി ബന്ധമുള്ള ലഷ്കർ ഇ ജഗ്വി സുന്നി എന്ന സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പരച്ചിനാർ നഗരത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 55 പേർ മരിക്കുകയും 75 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. ഈ സ്ഫോടനം നടന്ന്‌ മണിക്കൂറുകൾക്കകം തുരി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചു. ഇരുപതോളം പേർക്ക്‌ പരിക്കേറ്റു. പരച്ചിനാറിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ 261 പേർ സ്ഫോടനത്തെ തുടർന്ന്‌ ചികിത്സയിലാണ്‌. ഇതിൽ 62 പേർ അതീവഗുരുതരാവസ്ഥയിലാണ്‌.
ക്വറ്റയിലുണ്ടായ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഐജി ഓഫിസ്‌ ലക്ഷ്യമിട്ടാണ്‌ ആക്രമണം നടന്നതെന്നും ആക്രമണം നടന്ന സമയത്ത്‌ അദ്ദേഹം ഓഫിസിലുണ്ടായിരുന്നില്ലെന്നും പ്രവിശ്യ സർക്കാർ വക്താവ്‌ അൻവർ ഉൽ ഹഖ്‌ കാകർ പറഞ്ഞു. സഫോടനം നടന്നതിന്‌ സമീപത്ത്‌ നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ പാകിസ്ഥാൻ, സേനയുടെ ചൈന ചെക്ക്പോസ്റ്റ്‌, ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതി തുടങ്ങിയവ ഇതിന്‌ സമീപമാണ്‌.
പെഷ്‌വാറിന്‌ സമീപമുള്ള തീവ്രവാദികളുടെ ഒളിത്താവളത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ മൂന്ന്‌ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ രണ്ട്‌ പൊലീസുകാർക്ക്‌ പരിക്കേറ്റു. അവധിദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട്‌ ബോംബ്‌ നിർമ്മാണം നടത്തുന്നതിനിടെയാണ്‌ പരിശോധന നടന്നതെന്നും പൊലീസ്‌ വക്താവ്‌ അറിയിച്ചു. തീവ്രവാദികളുടെ പേര്‌ വിവരങ്ങൾ പുറത്ത്‌ വിട്ടിട്ടില്ല.

  Categories:
view more articles

About Article Author