പാകിസ്ഥാൻ തുടരുന്ന പ്രകോപനങ്ങൾ

April 12 04:55 2017

പാകിസ്ഥാൻ ഇന്ത്യക്കെതിരായ അനാവശ്യ പ്രകോപനങ്ങൾ തുടരുകയാണ്‌. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ ഖുൽഭൂഷൺ യാദവിന്‌ പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ച സംഭവം. യാദവിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പാകിസ്ഥാനെതിരെ വൻ പ്രതിഷേധമാണ്‌ ഉയർന്നിട്ടുള്ളത്‌. ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ പ്രതിഷേധമുയരുകയുണ്ടായി. അയൽരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമെന്നതിനപ്പുറം ഇത്‌ ആഗോളതലത്തിൽ ഉയർന്നുവരേണ്ട വിഷയമാണ്‌.
ചാരനെന്നാരോപിച്ച്‌ 2016 മാർച്ച്‌ മൂന്നിനാണ്‌ ബലൂചിസ്ഥാനിൽ വച്ച്‌ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ ഖുൽഭൂഷൺ യാദവിനെ പിടികൂടുന്നത്‌. പിന്നീട്‌ അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടുള്ള ഏകപക്ഷീയ നടപടികളാണ്‌ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്‌.
ഇന്ത്യൻ ചാരസംഘടനയായ റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന്‌ ആരോപിച്ച്‌ 2016 മാർച്ച്‌ മൂന്നിന്‌ പിടികൂടിയ യാദവിന്റെ അറസ്റ്റ്‌ വിവരം മൂന്നാഴ്ചയിലധികം കഴിഞ്ഞ്‌ 27 നാണ്‌ ഇന്ത്യൻ സ്ഥാനപതിയെ അറിയിക്കുന്നത്‌. 29 ന്‌ യാദവ്‌ കുറ്റസമ്മതം നടത്തുന്നുവെന്ന്‌ കാട്ടിയുള്ള വീഡിയോ പുറത്തുവിട്ടു. പ്രസ്തുത വീഡിയോയുടെ സത്യസന്ധതയെ സംബന്ധിച്ച്‌ അപ്പോൾ തന്നെ സംശയങ്ങൾ ഉയർന്നിരുന്നതാണ്‌. കഴിഞ്ഞ ഡിസംബർ ഏഴിന്‌ പാക്‌ സെനറ്റർമാരോടായി നടത്തിയ പ്രസംഗത്തിൽ വിദേശകാര്യ വകുപ്പ്‌ മന്ത്രി സർതാജ്‌ അസീസ്‌ പറഞ്ഞത്‌ യാദവിൽ നിന്ന്‌ മതിയായ തെളിവുകൾ കിട്ടിയില്ലെന്നാണ്‌. വെറും പ്രസ്താവനകളല്ലാതെ മറ്റൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. വളരെ ഉത്തരവാദപ്പെട്ട ഒരാൾ നടത്തിയ ഈ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്ഥാനെതിരായ വികാരമുണ്ടാക്കുമെന്ന്‌ തിരിച്ചറിഞ്ഞ പാകിസ്ഥാൻ പിന്നീട്‌ തിരുത്തുകയുണ്ടായി.
ഇപ്പോൾ ഖുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക്‌ വിധിക്കുന്നതിനായി രജിസ്റ്റർ ചെയ്തുവെന്ന്‌ പറയുന്ന പ്രഥമവിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്തിരിക്കുകയാണ്‌. ഇതിന്‌ കടുത്ത ഭാഷയിലുള്ള പ്രതികരണമാണ്‌ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്‌. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന 12പാക്‌ തടവുകാരെ വിട്ടയക്കില്ലെന്ന്‌ ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണ്‌. പാകിസ്ഥാൻ ഹൈക്കമ്മിഷണറെ വിളിച്ച്‌ വരുത്തിയാണ്‌ ഇന്ത്യ നിലപാട്‌ അറിയിച്ചത്‌.
പാക്‌ ഒത്താശയോടെ പത്താൻകോട്ടിൽ സൈനിക താവളത്തിന്‌ നേരെ ആക്രമം നടത്തിയതിന്‌ പിറകേയാണ്‌ യാദവിനെ പിടികൂടി ചാരനെന്ന്‌ മുദ്ര കുത്തിയത്‌. അതിന്‌ പുറമേ സെപ്റ്റംബർ 18 ന്‌ ഉറിയിലും ഭീകരാക്രമണമുണ്ടായി.
ഇത്തരത്തിൽ പല മാർഗങ്ങളിലൂടെയും ഭീകരരെ ഉപയോഗിച്ചും ഇന്ത്യയ്ക്കു നേരെ അനാവശ്യ പ്രകോപനം തുടരുന്നതിനിടയിലാണ്‌ കഴിഞ്ഞ ദിവസം പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിവരം പുറത്തുവന്നത്‌. ഒരു വർഷത്തിലധികമായി ജയിലിൽ പാർപ്പിച്ച്‌ ഭീകരമായ പീഡനത്തിനിരയാക്കിയ ശേഷമാണ്‌ യാദവിന്‌ ഇപ്പോൾ വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്‌.
കഴിഞ്ഞ വർഷം ജനുവരിയിൽ പത്താൻകോട്ടിലുള്ള വ്യോമസേനയുടെ താവളം ആക്രമിച്ച ഭീകരർക്കെതിരെയുള്ള സുരക്ഷാ ഏജൻസികളുടെ നടപടിയിൽ ഏഴ്‌ ഭീകരരെയാണ്‌ വധിച്ചത്‌. പാക്‌ പിന്തുണയോടെ നടന്ന ഈ ഭീകരാക്രമണം ആഗോള തലത്തിൽ തന്നെ അമർഷത്തിനിടയാക്കിയെങ്കിലും പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം ആവർത്തിക്കുകയായിരുന്നു. കശ്മീരിലും പ്രകോപനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
ഇതിന്റെ തുടർച്ചയായി സെപ്റ്റംബറിൽ ഉറിയിൽ ഭീകരാക്രമണമുണ്ടായി. തിരിച്ചടിയായാണ്‌ ഇന്ത്യ അതിർത്തി കടന്ന്‌ ഭീകര താവളങ്ങളിലേയ്ക്ക്‌ സർജിക്കൽ സ്ട്രൈക്ക്‌ നടത്താൻ നിർബന്ധിതമായത്‌. എന്നിട്ടും പ്രകോപനം അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാർദം ഊട്ടിയുറപ്പിക്കാനുമുള്ള നിലപാടുകളല്ല പാകിസ്ഥാൻ പിന്തുടരുന്നതെന്നാണ്‌ യാദവിന്റെ ഏകപക്ഷീയ വധശിക്ഷാവിധി തെളിയിക്കുന്നത്‌.
അസഹിഷ്ണുതയെ അലങ്കാരമാക്കുന്ന ഭരണാധികാരികളാണ്‌ ഇരുരാജ്യങ്ങളെയും നയിക്കുന്നതെന്നത്‌ ഈ സംഭവങ്ങളുടെ തുടർച്ചയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുണ്ട്‌. പാകിസ്ഥാനെതിരായ നയതന്ത്രപരമായ ഇന്ത്യൻ ഭരണാധികാരികളുടെ നീക്കങ്ങളെ പിന്തുണയ്ക്കുമ്പോഴും അസഹിഷ്ണുതയുടെ വക്താക്കളാണ്‌ ഇവിടെയുള്ള ഭരണാധികാരികളും എന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി മാത്രം ഇതിനെ കാണാൻ ഇന്ത്യൻ ഭരണാധികാരികൾ ശ്രമിക്കുമോ എന്നതാണ്‌ എല്ലാവരേയും ആശങ്കയിലാക്കുന്നത്‌. പാക്‌ വിരുദ്ധവികാരത്തിനപ്പുറം അസഹിഷ്ണുത വ്യാപിപ്പിക്കാനുള്ള ആയുധമായി ഇത്തരം സംഭവങ്ങളെ ഉപയോഗിക്കാനുള്ള ഹീന ശ്രമങ്ങൾ ചില സംഘടനകളിൽ നിന്നുണ്ടായിട്ടുണ്ട്‌. അത്‌ ആശാസ്യമല്ല.
ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തോടെയും സൗഹാർദത്തോടെയും മുന്നോട്ടുപോകണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഇരുരാജ്യങ്ങളിലേയും മഹാഭൂരിപക്ഷം ജനങ്ങളും. അവരുടെ താൽപര്യങ്ങളെ മനസിലാക്കി മുന്നോട്ടുപോകാൻ ഭരണാധികാരികൾ തയ്യാറായേ തീരൂ. പാകിസ്ഥാൻ പ്രകോപനം അവസാനിപ്പിക്കണമെന്ന്‌ പറയുമ്പോഴും ഈ വിഷയം രാജ്യത്ത്‌ അസഹിഷ്ണുതയ്ക്കുള്ള ഉപാധിയായി മാറ്റാനുള്ള നീക്കത്തിനെതിരെയും ജാഗ്രത പാലിക്കേണ്ടതുണ്ട്‌.

  Categories:
view more articles

About Article Author