പാക്‌- അഫ്ഗാൻ ഏറ്റുമുട്ടൽ തുടരുന്നു

പാക്‌- അഫ്ഗാൻ ഏറ്റുമുട്ടൽ തുടരുന്നു
May 08 04:45 2017

50 സൈനികരെ കൊലപ്പെടുത്തിയതായി പാകിസ്ഥാൻ
ഇസ്ലാമാബാദ്‌: അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു. അഫ്ഗാനിസ്ഥാന്റെ അഞ്ച്‌ ചെക്ക്‌ പോയിന്റുകൾ നശിപ്പിച്ചതായും അൻപത്‌ സൈനികരെ കൊലപ്പെടുത്തിയതായും പാക്‌ സൈന്യം ഇന്നലെ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച ആദ്യം പാക്‌-അഫ്ഗാൻ അതിർത്തിയിൽ പത്ത്‌ പാക്‌ സിവിലിയൻന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പ്രശ്നങ്ങൾ ആരംഭിച്ചത്‌.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽ നൂറോളം സൈനികർക്ക്‌ പരിക്കേറ്റതായി പാക്‌ മേജർ ജനറൽ നദിം അഹമദ്‌ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ ഒട്ടും സന്തോഷം നൽകുന്നതല്ലെന്നും അഫ്ഗാൻ പൗരന്മാർ മുസ്ലിങ്ങളും തങ്ങളുടെ സഹോദരന്മാരുമാണെന്ന്‌ അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
ബലൂചിസ്ഥാനിലെ ഗ്രാമങ്ങളിൽ ജനസംഖ്യാനിർണയപ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പാക്‌ സംഘത്തിന്‌ നേരെ അഫ്ഗാൻ സൈനികർ വെടിയുതിർത്തതോടെയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്‌. സംഘത്തിൽ ഉണ്ടായിരുന്ന 10 പാക്‌ സിവിലിയന്മാരാണ്‌ കൊല്ലപ്പെട്ടത്‌. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 പേർ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ സംഭവമാണ്‌ ഇത്‌. തീവ്രവാദികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച്‌ ഇരുരാജ്യങ്ങളും തമ്മിൽ കുറ്റപ്പെടുത്തുകയും തീവ്രാവാദ വിരുദ്ധപോരാട്ടങ്ങൾ നടത്തുന്നതിനുമിടയിലാണ്‌ സ്ഥിതിഗതികൾ വഷളായിരിക്കുന്നത്‌.
അഫ്ഗാനിസ്ഥാന്റെ അഞ്ച്‌ അതിർത്തി ചെക്ക്‌ പോയിന്റുകൾ തകർത്തതായി ദക്ഷിണമേഖലാ കമാൻഡ്‌ ലഫ്‌.ജനറൽ അമിർ റിയാസ്‌ അറിയിച്ചു. പാകിസ്ഥാന്റെ മണ്ണിൽ അക്രമം അഴിച്ചുവിടുന്ന ഒരോരുത്തർക്കും ഇതൊരു പാഠമായിരിക്കണമെന്നും അഫ്ഗാൻ നയങ്ങളിൽ മാറ്റമില്ലാത്തിടത്തോളം അതിർത്തി അടച്ചിടൽ തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാൻ സേനയ്ക്കെതിരെ അപ്രതീക്ഷിതവും അടിയന്തരവുമായ നടപടിയെടുക്കേണ്ട സാഹചര്യമാണ്‌ നിലവിലേതെന്ന്‌ പാക്‌ പ്രതിരോധമന്ത്രി ഖവാജ ആസിഫ്‌ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്ഥിതിഗതികൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അഫ്ഗാൻ സേനയുടെ പ്രകോപനപരമായ നടപടികളാണ്‌ പ്രശ്നങ്ങൾ വഷളാക്കുന്നതെന്നും മേജർ ജനറൽ അഹമദ്‌ പറഞ്ഞു. 2,200 കിലോമീറ്റർ അതിർത്തിയാണ്‌ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പങ്കിടുന്നത്‌. പാകിസ്ഥാൻ അതിർത്തി അടച്ചതോടെ ഇരുവശത്തും ജനങ്ങൾ കുടുങ്ങി കിടക്കുകയാണ്‌. സാധനസാമഗ്രികളുടെ കൈമാറ്റത്തിന്‌ അഫ്ഗാനിസ്ഥാന്‌ പാകിസ്ഥാന്റെ സേവനം അത്യാവശ്യമാണ്‌. മധ്യ ഏഷ്യൻ മാർക്കറ്റുകളും പാചകവാതകം, വൈദ്യുതിയെന്നിവയുടെ ലഭ്യതയ്ക്കും പാകിസ്ഥാന്‌ അഫ്ഗാനിസ്ഥാനെ ആശ്രയിക്കാതെ കഴിയില്ല.

  Categories:
view more articles

About Article Author