Thursday
24 May 2018

പാടങ്ങളിൽ നിന്നും പടരുന്ന കലാപങ്ങൾ

By: Web Desk | Saturday 17 June 2017 4:55 AM IST

കാഴ്ച
പി എ വാസുദേവൻ
ഗതികെട്ട കർഷകരുടെ സമരങ്ങൾ, ഏതാനും സംസ്ഥാനങ്ങളിലെ ഭരണത്തെ തന്നെ ഗതിമുട്ടിച്ചപ്പോഴാണ്‌ അവരുടെ ദുരിതം ഇന്ത്യ അറിയുന്നത്‌. തമിഴ്‌നാട്‌ കർഷകർ ഡൽഹിയെ സമരം ചെയ്ത്‌ ഉഴുതുമറിച്ചു. അത്‌ വേണ്ടത്ര ഏശിയില്ല. മഹാരാഷ്ട്രയിൽ സമരം വളരെ ശക്തമായതോടെ സർക്കാർ വഴങ്ങി. ചെറുകിട കർഷകരുടെ കടം എഴുതിത്തള്ളാനും മറ്റുള്ളവരുടേത്‌ ചില മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്വാസം നൽകാനും തീരുമാനമായതോടെ 11 ദിവസം നീണ്ടുനിന്ന കർഷക കലാപം തൽക്കാലം അവസാനിച്ചു. മധ്യപ്രദേശിൽ കർഷകസമരത്തെ അവഗണിച്ച ശിവരാജ്സിങ്‌ ചൗഹാൻ, രാഷ്ട്രീയമണ്ഡലത്തിൽ ഒറ്റപ്പെടുമെന്നായപ്പോൾ കർഷകർക്കുവേണ്ടി നിരാഹാരമിരുന്നു. അഭയം നൽകേണ്ട വ്യക്തി അഭയാർഥിക്കൊപ്പമിരുന്ന്‌ ഒരു നാടകം കളിച്ചു. നിരാഹാരമല്ലേ, ഒരു ദിവസം കഴിഞ്ഞതോടെ മുഖ്യനും വിഷമമായി. സമരകാലത്ത്‌ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കും പരിഹാരം നൽകുമെന്നും മൻസോറിലെത്തിയ കർഷകപ്രതിനിധികൾക്ക്‌ ഉറപ്പുനൽകി. ഉടനെ നിരാഹാരം പിൻവലിച്ച്‌ മുഖ്യൻ സ്ഥലംവിട്ടു.
ഇനി പ്രശ്നം മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങളുടെ ഗതി എന്താവുമെന്നതാണ്‌. മിനിമം താങ്ങുവിലയുടെ ചോടെ കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നത്‌ കുറ്റകരമായി കാണുമെന്നതാണ്‌ ഒരു പ്രധാനകാര്യം. എല്ലാ മുൻസിപ്പൽ പ്രദേശത്തും കിസാൻ ബസാറുകൾ സ്ഥാപിക്കും. അമുൽ മാതൃകയിൽ ഒരു സഹകരണസ്ഥാപനവും രൂപീകരിക്കും. പുറമെ 1,000 കോടി രൂപയുടെ ഒരു വിലസ്ഥിരതാ ഫണ്ടും നിലവിൽ വരും. ഇതൊക്കെ വളരെ കാതലായ പരിഹാരനിർദ്ദേശങ്ങളാണെങ്കിലും കർഷകർക്ക്‌ അവയുടെ ഫലങ്ങൾ എപ്പോൾ, എത്രവേഗത്തിൽ കിട്ടുമെന്നതാണ്‌ പ്രശ്നം. വാഗ്ദാനങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്‌. എന്നിട്ടും നിരവധി കർഷക ആത്മഹത്യകൾ നടന്നു. സമരകാലത്തുതന്നെ ഒരു കർഷകൻ ബാങ്ക്‌ ജപ്തി ഭയന്ന്‌ ജീവനൊടുക്കി.
കടം എഴുതിത്തള്ളൽ മാത്രം പ്രശ്നപരിഹാരമല്ലെന്ന്‌ ഏതാനും ആഴ്ചകൾക്കുമുമ്പ്‌ ഈ പംക്തിയിൽ എഴുതിയിരുന്നു. കടബാധ്യത വന്ന്‌ ജീവനൊടുക്കുന്നവരെ കുറിച്ച്‌ നടത്തിയ ചില വിശദപഠനങ്ങൾ ഒട്ടേറെ മറ്റു പ്രശ്നങ്ങളും വ്യക്തമാക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ കടമെഴുതിത്തള്ളലിനപ്പുറത്ത്‌ ഫലവത്തായ പരിഹാര പാക്കേജുകൾ വേണമെന്നു നാം വാദിക്കുന്നത്‌. കടം തിരിച്ചടയ്ക്കാനാവാത്തതിലുള്ള ദുരിതത്തിനുപുറമെ തെറ്റായ വിള പാറ്റേണുകൾ, ഋണബാധ്യതയുടെ ഘടന, അവ വാങ്ങിയ സ്രോതസുകളുടെ ഘടന തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കർഷക ആത്മഹത്യയ്ക്ക്‌ കാരണമാവുന്നുണ്ടെന്നാണ്‌ മഹാരാഷ്ട്രയിലും പഞ്ചാബിലും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. രണ്ട്‌ വൈവിധ്യമുള്ള പ്രദേശങ്ങളാണെങ്കിലും ഇക്കാര്യത്തിൽ സദൃശങ്ങളായ കാരണങ്ങളാണ്‌ കണ്ടെത്താനായത്‌. അത്‌ കർഷകർക്ക്‌ പൊതുവായ ചില പ്രശ്നങ്ങളുണ്ടെന്നും അവയാണ്‌ ഗതികെട്ട ആത്മഹത്യയിലെത്തിക്കുന്നതെന്നും ചുരുക്കം.
അതായത്‌ തിരക്കിട്ടൊരു എഴുതിത്തള്ളൽ കരാറിൽ ഒപ്പിട്ട്‌, മധ്യപ്രദേശ്‌ മുഖ്യനെപ്പോലെ ഉണ്ണാവ്രതം നിർത്തി രക്ഷപ്പെട്ടതുകൊണ്ട്‌ താൽക്കാലിക ആശ്വാസമേ കർഷകർക്കുള്ളു; മുഖ്യനാണെങ്കിൽ ചോറുണ്ണാമെന്ന ആശ്വാസവും. കൃഷി ജിഡിപിയുടെ 13.7 ശതമാനം മാത്രമാണെങ്കിലും കൃഷിയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ അതിനനുസരിച്ച്‌ വ്യത്യാസമുണ്ടായിട്ടില്ല. അതുതന്നെ ലാഭകരമല്ലാത്ത കാർഷികവൃത്തിക്കുള്ള തെളിവാണ്‌. കാർഷിക മേഖലയിലെ നിക്ഷേപത്തിലും കഴിഞ്ഞ ദശകത്തിൽ ഗണ്യമായ കുറവുണ്ടായി. ബാങ്കുകൾ കൂടുതൽ വായ്പ നൽകുന്നുണ്ടെന്ന്‌ പറയുന്നുണ്ടെങ്കിലും സ്ഥാപനേതര വായ്പയുടെ ശതമാനം വളരെ കൂടിയിട്ടുണ്ട്‌. കൂടുതൽ ഭൂമിയുള്ളവർക്ക്‌ കടം കൊടുക്കാനാണ്‌, ചെറുകിടക്കാർക്ക്‌ കൊടുത്ത്‌ കടത്തിന്റെ വ്യാപ്തി വർധിപ്പിക്കാനല്ല ബാങ്കുകളും ശ്രമിക്കുന്നത്‌. കടക്കാരായ കർഷക കുടുംബങ്ങൾ മൊത്തത്തിന്റെ 52 ശതമാനം വരുമെന്ന്‌ ചില പഠനങ്ങൾ പറയുന്നു. മഹാരാഷ്ട്രയിൽ 57 ശതമാനവും പഞ്ചാബിൽ 53 ശതമാനവുമാണ്‌.
കർഷക ആത്മഹത്യകളെ ഈ സന്ദർഭരത്തിലാണ്‌ നാം കാണേണ്ടത്‌. 2014-ൽ മാത്രം 12,360 ആത്മഹത്യകളാണ്‌ നടന്നത്‌. മഹാരാഷ്ട്രയെ കാർഷിക സംസ്ഥാനമായാണ്‌ കണക്കാക്കുന്നത്‌. എന്നിട്ടും അവിടെ 2568 കർഷകർ 2014-ൽ ജീവനൊടുക്കി. അതിന്റെ പ്രധാന കാരണം ആരോഗ്യപ്രശ്നങ്ങളും കടബാധ്യതയുമായിരുന്നു. തുടർച്ചയായ വിളനാശം വൻ കടബാധ്യതകളുണ്ടാക്കി. സർക്കാരിന്റെ സഹായം വാഗ്ദാനങ്ങൾക്കപ്പുറം പോയില്ല. ദാരിദ്ര്യമുണ്ടാക്കുന്നതാണല്ലോ ആരോഗ്യപ്രശ്നം. അങ്ങനെ കാർഷിക കടങ്ങൾക്ക്‌ സങ്കീർണമായ ഏറെ പരസ്പരബന്ധിത കാരണങ്ങളുണ്ട്‌. ഇപ്പോഴത്തെ എഴുതിത്തള്ളലുകളും രാഷ്ട്രീയ മുതലെടുപ്പുകളാവുന്നതിനു മുമ്പ്‌ ചില സമഗ്ര ദീർഘകാല കാർഷിക മേഖലാ പുനരുജ്ജീവന അന്വേഷണങ്ങൾ നടക്കണം. ഏതാണ്ട്‌ ഒന്നേകാൽ ലക്ഷം കോടി രൂപയാണ്‌ എഴുതിത്തള്ളുക. ബാങ്കുകൾ പ്രതിഷേധം തുടങ്ങി. സംസ്ഥാന സർക്കാരുകൾ ഫണ്ട്‌ കണ്ടെത്തണമെന്നാണ്‌ കേന്ദ്രമന്ത്രി ജെയ്റ്റ്ലി പറയുന്നത്‌. ഇതൊക്കെ ഇനിയും ഇത്തരം തർക്കങ്ങളായി തുടരുമ്പോഴും കർഷകരുടെ പ്രശ്നങ്ങൾ ബാക്കിയാവും.
കൃഷിക്കാർ മുന്നോട്ടുവച്ച കുറേ ആവശ്യങ്ങൾ ഉണ്ട്‌. ന്യായവില, കൂടുതൽ നല്ല വിപണി സൗകര്യം, വായ്പ സ്ഥാപനങ്ങളുടെ കാര്യക്ഷമത, നല്ല വിത്തും വളവും, സമയാസമയത്ത്‌ ജലസേചനം, വിപണി സ്തംഭനസമയത്ത്‌ സംഭരണം തുടങ്ങി ഒട്ടേറെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങളാണ്‌ അവർ ഉന്നയിച്ചത്‌. ഈ പ്രാവശ്യം തെക്കും വടക്കുമുള്ള കർഷകർ ഒന്നായി സമരമുഖത്താണ്‌. രാജസ്ഥാനിലെ കർഷകർ സമരം അവസാനിപ്പിച്ചിട്ടില്ല. തമിഴ്‌ കർഷകരുടെ സമരം ഡൽഹിയിൽ ഒരു വൻ സംഭവമായിരുന്നു. ഇനിയും ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ മോഡി സർക്കാരിനാവില്ല.
മിനിമം താങ്ങുവിലപോലും ഫലവത്തായി നടപ്പിലാക്കിയിട്ടില്ല. ഏതാണ്ട്‌ 23 വിളകൾക്ക്‌ നൽകുന്ന താങ്ങുവില സംഭരണഘട്ടത്തിലെത്തുമ്പോൾ നെല്ലിലും ഗോതമ്പിലും മാത്രമായി ചുരുങ്ങുന്നു. ഹരിയാന, പഞ്ചാബ്‌, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിൽ ഇത്‌ ഭേദപ്പെട്ട രീതിയിൽ നടപ്പിലാക്കുന്നുണ്ട്‌. ബാക്കി സ്ഥലങ്ങളിൽ മിക്കവാറും വിൽപ്പന നടക്കുന്നത്‌ സ്വകാര്യ കച്ചവടക്കാർക്കാണ്‌. ഈ സ്വകാര്യ വ്യാപാരികൾ തന്നെ ഇവർക്ക്‌ വിത്തും വളവും നൽകുന്നു. അതിലും അവർക്ക്‌ ലാഭമുണ്ട്‌. 2014 മുതൽ സ്ഥാപനവായ്പ വർധിപ്പിച്ചെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും 40 ശതമാനം കർഷകർ ഇന്നും സ്വകാര്യ ഏജൻസികളിൽ നിന്നാണ്‌ വായ്പയെടുക്കുന്നത്‌. കാർഷിക മേഖലയിലേയ്ക്കുള്ള ക്രെഡിറ്റ്‌ പ്രവാഹത്തിൽ വലിയൊരു പങ്കും പോകുന്നത്‌ അഗ്രോ ബിസിനസ്‌ കമ്പനികൾക്കുമാണ്‌.
കൃത്യസമയത്തെ സംഭരണകാര്യത്തിലും ഔദ്യോഗിക കാലതാമസങ്ങളും നിയമക്കുരുക്കുകളും ഉണ്ടാകുന്നത്‌ കർഷകരെ വല്ലാതെ വലയ്ക്കുന്നുണ്ട്‌. കർഷകരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായെന്ന്‌ കൃഷി വെൽഫെയർ മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌ തന്നെ പറയുന്നു. കൃഷിയിലെ നഷ്ടം കന്നുകാലി വളർത്തലും വിൽക്കലുമായി നികത്താമെന്നുവെച്ചാൽ പുതിയ പശുനയം അതിനും സമ്മതിക്കില്ല.
ഏതാണ്‌ ഇന്ത്യ മുഴുവനും കർഷകസമരങ്ങൾ പടർന്നുകഴിഞ്ഞു. യു പി, പഞ്ചാബ്‌, ഹരിയാന, ഛത്തീസ്ഗഢ്‌, തെലങ്കാന, തമിഴ്‌നാട്‌, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ സമരമുഖത്താണ്‌. താൽക്കാലിക പരിഹാരങ്ങൾ കൊണ്ട്‌ ഇവ പരിഹരിക്കാനാവില്ല. അതാണ്‌ മേൽ സൂചിപ്പിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നത്‌. അതിനിടയിലാണ്‌ കടബാധ്യത ഏറ്റെടുക്കില്ലെന്ന്‌ ജെയ്റ്റ്ലി പറയുന്നതും. ഇപ്പോഴത്തെ താൽക്കാലിക ആശ്വാസത്തിനുശേഷം ഇതിനിയും ശക്തമാവും. കാരണം പ്രശ്നങ്ങൾ വേരോളം അടിയിലാണ്‌. കർഷകസംഘടനകളുടെ ബാധ്യത കൂടുന്നു. പുതിയ ഉത്തരവാദിത്വത്തിൽ അത്തരം സംഘടനകൾ തയ്യാറാകേണ്ട ഘട്ടമാണിത്‌.

ഈ ലേഖനം അയക്കാൻ തുടങ്ങുമ്പോഴാണ്‌ മധ്യപ്രദേശിൽ രണ്ട്‌ കർഷകർ കൂടി ആത്മഹത്യ ചെയ്ത വാർത്ത വന്നത്‌. മൂന്നാമതൊരാൾ മുഖ്യമന്ത്രി ശിവരാജ്സിങ്‌ ചൗഹാന്റെ ജില്ലയിലെ സെഹോറുകാരനുമാണ്‌. അയാളുടെ മരണം വാർധക്യ സഹജമായ രോഗം കാരണമാണെന്ന്‌ പൊലീസ്‌ വ്യാജറിപ്പോർട്ടും ഉണ്ടാക്കി. ചൊവ്വാഴ്ച ജീവനൊടുക്കിയ ഒരു കർഷകന്റെ കടബാധ്യത 1.7 ലക്ഷമാണ്‌. ചില്ലറ നടപടികളും വാഗ്ദാനങ്ങളും കൊണ്ടുമാത്രം ഒതുങ്ങുന്നതാവില്ല ഈ സമരം. കാരണങ്ങൾ അത്ര അഗാധവും വ്യാപ്തവുമാണ്‌.