Sunday
24 Jun 2018

പാടിയടുത്ത ഗായകൻ: മുഹമ്മദ്‌ റാഫി അന്തരിച്ചിട്ട്‌ 37 വർഷം

By: Web Desk | Saturday 29 July 2017 4:50 AM IST

യേശുദാസ്‌ പെരേര

ജനലക്ഷങ്ങളുടെ ആരാധനയ്ക്കപ്പുറം ഇന്ത്യയ്ക്ക്പുറത്ത്‌ പാടി പ്രശസ്തി നേടിയ ഗായകൻ എന്ന മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ്‌ റാഫിയ്ക്ക്‌ കിട്ടിയത്‌. ദുഃഖ, പ്രമേ, ദേശഭക്തി, ഗസ്സൽസ്‌, ഭജൻസ്‌ തുടങ്ങി സംഗീതത്തിന്റെ എല്ലാ ഭാവതലങ്ങളും സ്പർശിച്ച്‌ ആരാധകരെ മാസ്മരിക ലഹരിയിൽ ലയിപ്പിച്ച മറ്റൊരു ഗായകനും ഇല്ലെന്ന്‌ പറയുന്നത്‌ ശരിയാണ്‌. റാഫിയെ കൈപിടിച്ച്‌ ഗാനലോകത്തിലേക്ക്‌ നയിച്ച നൗഷാദ്‌ അലി 1988ൽ ധ്വനി എന്ന ചിത്രത്തിന്‌ സംഗീതം പകരുവാൻ കേരളത്തിൽ എത്തിയപ്പോൾ ഒരു മാധ്യമ സംവേദന വേളയിൽ റാഫിയ്ക്ക്‌ നൽകിയ നിർവചനം ഏറെ ശ്രദ്ധേയമായി. “നിങ്ങൾ സാക്ഷാൽ ദൈവത്തിന്റെ ശബ്ദം ശ്രവിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ റാഫിയുടെ പാട്ടുകൾ കേട്ടാൽ മതി ”. ഈ നിർവചനത്തിൽ ഒതുങ്ങുകയാണ്‌ റാഫി എന്ന ഗായകൻ. ഇന്ത്യൻ ഔട്ട്‌ സ്റ്റാൻഡിങ്‌ സിംഗർ എന്ന്‌ പണ്ഡിറ്റ്‌ നെഹ്‌റു വിശേഷിപ്പിച്ച റാഫിയുടെ കസേര ഒഴിഞ്ഞുതന്നെ കിടക്കുന്നു. നെഹ്‌റു തന്റെ ജയിൽവാസ വേളയിൽ ഏകാന്തതയ്ക്ക്‌ ഒരു പരിധിവരെ പരിഹാരമായി റാഫിയുടെ പാട്ട്‌ കേട്ടും തന്റെ മകൾ പ്രിയദർശിനിയ്ക്ക്‌ (ഇന്ദിരാഗാന്ധി) കത്തുകൾ എഴുതിയുമായിരുന്നുവെന്ന്‌ അദ്ദേഹം തന്നെ പലപ്പോഴും സമ്മതിച്ചിട്ടുണ്ട്‌.
നമ്മുടെ അഭിമാനഗായകൻ യേശുദാസിന്റെ വരവോടുകൂടി ഒരു ഒറ്റയാൻ പ്രകടനത്തിന്‌ മാത്രം സാക്ഷ്യം വഹിക്കേണ്ടിവന്ന കേരളംപോലെ റാഫിയുടെ അരങ്ങേറ്റത്തോടെ ഹിന്ദി സിനിമാ ഗാനരംഗത്തുനിന്നും മേറ്റ്ല്ലാ ഗായകരും പിറകോട്ടു പോകേണ്ടിവന്നു. നാല്‌ പതിറ്റാണ്ടുകൾകൊണ്ട്‌ 4500 ഗാനങ്ങൾ പാടി റാഫി ഒരു വിസ്മയമായി. ഏത്‌ തരത്തിലുള്ള അഭിനയ പാടവത്തിനും അനുയോജ്യമാംവിധം സ്വരഭാവങ്ങൾ ചിട്ടപ്പെടുത്തിയിരുന്ന മറ്റൊരു ഗായകനും ഇല്ലായിരുന്നുവെന്നത്‌ തന്റെ ആദ്യകാല ഗാനങ്ങൾ ചിട്ടപ്പെടുത്തിയ മദൻമോഹൻ അഭിപ്രായപ്പെട്ടിരുന്നു.
തേരി ആഘോം കെ ശിവ
ദുനിയാം മൈം രഖാക്യാ ഹായ്‌
എന്ന മദൻമോഹൻ റാഫി കൂട്ടുകെട്ടിലെ ഗാനം ഏറെ പ്രശസ്തമാണ്‌. നൗഷാദ്‌ അലിയുടെ സംഗീതയാത്രയിലായിരുന്നു റാഫിയുടെ ഹിന്ദുസ്ഥാനി സംഗീത പരിശീലനവും ഉയർച്ചയും രേഖപ്പെടുത്തിയിരിക്കുന്നത്‌. പാകിസ്ഥാനിലെ പട്ടാൻ എന്ന ഗ്രാമത്തിൽ ആടിനെ മേയിച്ച്‌ നടന്നിരുന്ന റാഫിയെ കണ്ടെത്തിയത്‌ നൗഷാദ്‌ അലി ആയിരുന്നുവെന്ന്‌ പറയാം.
1952 ൽ ഇറങ്ങിയ ബൈജു ബാവര എന്ന സിനിമയിലെ ഭഗവാൻ …. ഒ…ദുനിയാകി രഘുവാലേ എന്ന നൗഷാദ്‌ അലി സംഗീതം നൽകിയ ഗാനവും, 1960 ൽ ഇറങ്ങിയ ചൗദുവിൻ കാ ചാന്ദ്‌ എന്ന ചിത്രത്തിലെ “ചൗദു വിൻ കാ ചാന്ദ്‌ ” എന്ന ബോംബെ രവി സംഗീതം നൽകിയ ഗാനവും 1964ൽ ഇറങ്ങിയ ദോസ്തി എന്ന ചിത്രത്തിലെ “ചാഹൂം ഗ മേം തുച്ഛെ സാഞ്ച്‌ സവേരെ, രാഗീ മനുവാ ദുഃഖ്‌, ജാനേ വാലോം സര തുടങ്ങിയ ലക്ഷ്മി കാന്ത്‌, പ്യാരിലാൽ സംഗീതം നൽകിയ റാഫിയുടെ ഗാനങ്ങളും ഇന്ത്യയിലെ 14 ഭാഷകളിലെ ജനപ്രിയ ഗാനങ്ങളായി മാറി. അവർ ഈ ഗാനങ്ങൾ സുഖ ദുഃഖങ്ങളുടെ സംവേദനമായി ഇപ്പോഴും പാടി അനുഭവിച്ചു പോരുന്നു. കേരളത്തിലെ വടക്കൻ പ്രവിശ്യയിലുള്ള പാലക്കാട്ടും കോഴിക്കോടുമൊക്കെ ഇപ്പോഴും മലയാളികൾ റാഫിയുടെ ഗാനങ്ങൾക്ക്‌ മറ്റാരുടെ ഗാനത്തേക്കാളും പ്രാധാന്യം കൊടുത്തുപോരുന്നു. അക്കാലത്തെ സിനിമാ നായക നടന്മാർക്ക്‌ അഭിനയ മികവിനുള്ള പൂർണ്ണതയും താരപദവിയുമൊക്കെ കൈവന്ന്‌ കിട്ടിയത്‌ ഒരു പരിധിവരെ റാഫിയുടെ ഗാനങ്ങൾ പാടി അഭിനയിച്ചതുകൊണ്ടാണെന്ന്‌ പറയാം.
മഹാത്മാഗാന്ധിയെക്കുറിച്ച്‌ “സുനോസുനോ യേ ദുനിയാവാലാ ബാപ്പുജികാ അമർ കഹാനി ” എന്ന സമർപ്പണ ഗാനം കേൾക്കാനിടയായപ്പോൾ റാഫിയെ കാണണമെന്ന്‌ നെഹ്‌റു ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്രേ. തുടർന്നുള്ള കൂടിക്കാഴ്ചയിലും ചടങ്ങിലുംവച്ച്‌ റാഫിയ്ക്ക്‌ രാജ്യത്തിന്റെ പരമോന്നത ബഹുമതിയും അംഗീകാരവുമായ ‘രജത്പതക്‌ ’ സമ്മാനിച്ചിരുന്നു.
കേരളത്തിലെ തലസ്ഥാന നഗരിയിൽ 1963ൽ പാളയം മുസ്ലിം പള്ളിയുടെ ഉദ്ഘാടന ചടങ്ങിൽ റാഫി പാടുവാൻ വന്നത്‌ ചരിത്ര നിമിഷങ്ങളാണ്‌. ജനലക്ഷങ്ങളുടെ തിരക്ക്‌ മാനിച്ചുകൊണ്ട്‌ ആ അവസരത്തിൽ പാളയം പള്ളി മുതൽ തമ്പാനൂർ, കിഴക്കേക്കോട്ട അതിർത്തികൾവരെ സ്പെഷ്യൽ സ്പീക്കേഴ്സിലൂടെ ഒഴുകിവന്ന ആ ഗാനധാര ആസ്വാദകർ ആടിയും പാടിയും ഏറ്റുപാടിയും ആഘോഷിച്ചുപോന്നു. 1924ൽ പഞ്ചാബിൽ ജനിച്ച റാഫി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട്‌. 13-ാ‍ം വയസിൽ തന്റെ ആദ്യത്തെ ഗാനമേള പഞ്ചാബിൽ അരങ്ങേറിയതായി പറയപ്പെടുന്നു. 1944ൽ ബോംബെയിലെത്തിയ ഈ ഗായകനെ സിനിമയിലേക്ക്‌ ആനയിച്ച്‌ അവസരം കൊടുത്തതും ശാസ്ത്രീയ സംഗീത പഠനത്തിന്‌ ആനയിച്ചതും നൗഷാദ്‌ അലി എന്ന സംഗീതജ്ഞനായിരുന്നു. 1980 ജൂലൈ 31-ാ‍ം തിയതി ഒരു ലണ്ടൻ പ്രോഗ്രാം കഴിഞ്ഞ്‌ ഹൃദയസ്തംഭനത്തിന്‌ വിധേയനായി അദ്ദേഹം നമ്മോട്‌ യാത്ര പറഞ്ഞുപോയി. റാഫി ബോളിവുഡിന്റെ മാത്രം ഗായകനല്ല. അദ്ദേഹത്തിന്റെ ഗാനങ്ങൾകൊണ്ട്‌ ഭാരതം മൊത്തത്തിൽ ഒരു സുവർണ്ണ കാലത്തിന്റെ അനുഭൂതിയിലായിരുന്നു. ഈ മാസം 31-ാ‍ം തിയതി ചരമ ദിനത്തിൽ നമുക്ക്‌ അദ്ദേഹത്തെ സ്മരിച്ച്‌ ആദരിക്കാം.