Monday
23 Oct 2017

പാരിസ്‌ ഉടമ്പടി പിന്മാറ്റം: ട്രമ്പ്‌ ഒറ്റപ്പെടുന്നു

By: Web Desk | Saturday 3 June 2017 3:00 AM IST

സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാരിസ്‌ കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന്‌ പിന്മാറിക്കൊണ്ടുള്ള യുഎസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ പ്രഖ്യാപനം ലോകരാഷ്ട്ര തലസ്ഥാനങ്ങളിലും യു എസ്‌ ബിസിനസ്‌ നേതൃത്വത്തിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തി. വ്യാഴാഴ്ചത്തെ ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്ന്‌ 48 മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും യു എസ്‌ രാഷ്ട്ര നേതൃത്വം ആഗോളരംഗത്ത്‌ ഒറ്റപ്പെടുന്നതിന്റെ സൂചനകൾ ശക്തമാണ്‌. പാരിസ്‌ ഉടമ്പടി നിലനിന്നാലും ഇല്ലെങ്കിലും കാലാവസ്ഥാ സംരക്ഷണത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി റഷ്യയിൽ സെന്റ്‌ പീറ്റേർസ്സ്‌ ബർഗ്ഗ്‌ അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഇന്ത്യ പ്രകൃതിയെആദരിക്കുന്നുവെന്നും അതിനെ ചൂഷണം ചെയ്യുന്നതിന്‌ എതിരാണെന്നും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ സാന്നിധ്യത്തിൽ മോഡി പ്രസ്താവിച്ചു.
പാരിസ്‌ ഉടമ്പടി പുനരാലോചിക്കാമെന്ന ട്രംപിന്റെ നിർദേശം തള്ളിയ യൂറോപ്യൻ യൂണിയൻ വാഷിങ്ങ്ടണെ മറികടന്ന്‌ യു എസ്‌ ബിസിനസ്‌ ലോകവുമായും സംസ്ഥാന ഗവർണർമാരുമായും കൈകോർത്ത്‌ ചരിത്രപ്രധാനമായ ഉടമ്പടി നടപ്പിലാക്കുമെന്ന്‌ വ്യക്തമാക്കി. ബ്രസൽസിൽ ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിയാങ്ങും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്‌ ജീൻ-ക്ലൗഡ്‌ യുൻകറും ആഗോളതാപനത്തിനെതിരെ യോജിച്ച്‌ പ്രവർത്തിക്കുമെന്ന്‌ പറഞ്ഞു. ജർമനി, ഫ്രാൻസ്‌, കാനഡ തുടങ്ങി യുഎസിതര പാശ്ചാത്യ വികസിത രാഷ്ട്രങ്ങൾ ഒന്നടങ്കം ട്രംപിന്റെ നിലപാട്‌ തള്ളി പാരിസ്‌ ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്ന്‌ പ്രഖ്യാപിച്ചു.
യുഎസിൽ ട്രംപിന്റെ ബിസിനസ്‌ ഉപദേശകരായിരുന്ന ടെസ്ല സ്ഥാപകൻ എലോൺ മസ്ക്‌, ഡിസ്നിയുടെ റോബർട്ട്‌ ഇഗർ എന്നിവർ തൽസ്ഥാനങ്ങൾ രാജിവച്ചു. യുഎസിൽ നിന്നുള്ള ആഗോള കോർപറേറ്റുകളായ ഗോൾഡ്മാൻ സാച്സ്‌, ഫേസ്ബുക്ക്‌, മൈക്രോസോഫ്റ്റ്‌, ഫോഡ്‌, ജനറൽ ഇലക്ട്രിക്‌ തുടങ്ങിയവർ ട്രംപിനെതിരെ പരസ്യമായി രംഗത്തുവന്നു. മുൻ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ട്രംപിന്റെ നിലപാട്‌ ലോകത്തിന്റെ ഭാവിയുടെ നിഷേധമാണെന്ന്‌ ഒരു പ്രസ്താവനയിൽ പറഞ്ഞു. ട്രമ്പ്‌ ഉടമ്പടിയിൽ നിന്ന്‌ പന്മാറിക്കൊണ്ടുള്ള തന്റെ പ്രഖ്യാപനത്തിൽ സാന്ദർഭികമായി പരാമർശിച്ച പിറ്റ്സ്ബർഗ്ഗ്‌ മേയർ ബിൽ പെഡുടോ പിറ്റ്സ്ബർഗ്ഗ്‌ ലോകത്തിനൊപ്പം പാരിസ്‌ ഉടമ്പടിക്കുവേണ്ടി നിലകൊള്ളുമെന്ന്‌ വ്യക്തമാക്കി.നൂറ്റിതൊണ്ണൂറ്റിയഞ്ച്‌ രാഷ്ട്രങ്ങൾ ഒപ്പുവച്ച പാരിസ്‌ കാലാവസ്ഥ ഉടമ്പടി ആഗോളതാപനം വ്യവസായവൽക്കരണത്തിനു മുമ്പുളള കാലാവസ്ഥയിൽ രണ്ട്‌ ഡിഗ്രി സെന്റിഗ്രേഡ്‌ അധികരിക്കാതെ ഹരിതഗൃഹ വാതക വിസർജനം നിയന്ത്രിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്‌. ആഗോള കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ കാർബൺ ഡയോക്സൈഡ്‌ വാതകം ചരിത്രപരമായി ഏറ്റവും അധികം പുറത്തുവിട്ട്‌ മലിനീകരണം നടത്തിയത്‌ യുഎസ്‌ ആണ്‌. വൻതോതിലുള്ള വ്യവസായവൽക്കരണത്തെ തുടർന്ന്‌ കഴിഞ്ഞ ദശകത്തിൽ യുഎസിനെ പിന്തള്ളി ചൈന ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തി. ലോകത്ത്‌ അതിവേഗ സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാഷ്ട്രങ്ങൾ എന്ന നിലയിൽ ചൈനയും ഇന്ത്യയും ആഗോളതാപനത്തിന്‌ അപകടകരമായ സംഭാവന നൽകുന്ന രാഷ്ട്രങ്ങളായാണ്‌ വിലയിരുത്തപ്പെടുന്നത്‌.
എന്നാൽ 2014 ലെ കാർബൺ വിസർജ്യത്തിന്റെ കണക്കുകളിൽ പോലും ചൈനയും ഇന്ത്യയും ആളോഹരി കാർബൺ വിസർജ്യത്തിൽ യുഎസിനെക്കാൾ ഏറെ പിന്നിലാണെന്ന്‌ കാണാം. യുഎസിന്റെ ആളോഹരി കാർബൺ വിസർജ്യം 16.2 മെട്രിക്‌ ടണ്ണായി ഒന്നാംസ്ഥാനത്തായിരുന്നു. അതേകാലയളവിൽ 7.5 മെട്രിക്‌ ടണ്ണായി ചൈന ആറാമതും കേവലം 1.7 മെട്രിക്‌ ടണ്ണുമായി ഇന്ത്യ പതിനൊന്നാമതുമായിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും വികസന ആവശ്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഹരിതഗൃഹവാതക വിസർജനം നിയന്ത്രിക്കുന്നതിന്‌ വികസിത രാജ്യങ്ങളുടെ സാമ്പത്തിക സഹായം വികസ്വര രാഷ്ട്രങ്ങൾക്ക്‌ കൂടിയെ തീരൂവെന്ന്‌ പാരിസ്‌ ഉടമ്പടി വിലയിരുത്തിയിരുന്നു. നവീന നവീകരണ ഊർജസ്രോതസുകൾ വികസിപ്പിക്കുന്നതിനും ആഗോളതാപനം തടയുന്നതിനും മൂന്നുലക്ഷം കോടി ഡോളർ യുഎസ്‌ ചെലവഴിക്കുന്നതിന്‌ പാരിസ്‌ ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നു. അതിൽ ഒരു ലക്ഷം കോടി ഇതിനകം നൽകിയിട്ടുണ്ട്‌. ട്രംപിന്റെ പ്രഖ്യാപനത്തോടെ യു എസ്‌ അതിന്റെ വാഗ്ദാനത്തിൽ നിന്ന്‌ പിന്മാറുകയാണ്‌. ആഗോള കാലാവസ്ഥാ ഉടമ്പടി പ്രവർത്തനത്തെ അത്‌ പ്രതികൂലമായി ബാധിക്കും.
പാരിസ്‌ ഉടമ്പടിയെ തുടർന്ന്‌ ഊർജോൽപ്പാദനരംഗത്ത്‌ ഹരിതഗൃഹ വാതക വിസർജനം നിയന്ത്രിക്കാൻ ഇന്ത്യയും ചൈനയുമടക്കം ശ്രദ്ധേയമായ പദ്ധതികളാണ്‌ ആവിഷ്കരിച്ച്‌ നടപ്പാക്കിവരുന്നത്‌. യു എസിന്റെ പിന്മാറ്റം ഈ നീക്കങ്ങളെ തളർത്തും. കൽക്കരിയുടെയും പരമ്പരാഗത ഇന്ധനങ്ങളുടെയും ഉപയോഗം ഗണ്യമായി ഉയർത്താനാണ്‌ ട്രമ്പ്‌ ഭരണകൂടം ലക്ഷ്യമിടുന്നത്‌. അത്‌ യു എസിൽ കൂടുതൽ തൊഴിലും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുമെന്നാണ്‌ അവർ വാദിക്കുന്നത്‌.
കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരായ കരാറുകളിൽ നിന്ന്‌ യു എസ്‌ പിന്മാറുന്നത്‌ ഇത്‌ ആദ്യമല്ല. ക്യോട്ടോ പ്രോട്ടോക്കോളിൽ നിന്നും യു എസ്‌ വിട്ടുനിന്നിരുന്നു. എന്നാൽ യു എസ്‌ ബിസിനസ്‌ രാഷ്ട്രീയ വൃത്തങ്ങളിലും ജനങ്ങൾക്കിടയിലും വന്ന മാറ്റം ഉൾക്കൊള്ളാൻ ട്രമ്പ്‌ ഭരണകൂടം വിസമ്മതിക്കുന്ന കാഴ്ചയാണ്‌ ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌.