പാഴ്ജലത്തിന്റെ പുനർചംക്രമണം ശുദ്ധജല ക്ഷാമത്തിന്‌ പരിഹാരം

പാഴ്ജലത്തിന്റെ പുനർചംക്രമണം ശുദ്ധജല ക്ഷാമത്തിന്‌ പരിഹാരം
March 21 04:50 2017

March 22 ലോക ജലദിനം

ഭൂമിയിലെ ശുദ്ധജലം 3 ശതമാനമാണെങ്കിലും അതിൽ നമുക്ക്‌ ഉപയോഗിക്കാവുന്നത്‌ ഒരു ശതമാനത്തിൽ കുറവാണ്‌. ഈ ജലത്തിന്റെ വലിയൊരു ഭാഗവും പാഴായിപ്പോകുന്നതിനെപ്പറ്റി പഠനം നടത്തുകയും റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്ത കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഫാമിഗിലിറ്റിയുടെ അഭിപ്രായമനുസരിച്ച്‌ വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ, ഓരോ വർഷവും 1.5 ശതമാനം കണ്ട്‌ ജലം ബാഷ്പമായി കടലിൽ പതിക്കുന്നു

സതീഷ്‌ ബാബു കൊല്ലമ്പലത്ത്‌

മഴയുടെ തോത്‌ കുറയുന്നതിനനുസരിച്ച്‌ മാത്രമല്ല, ജലസംരക്ഷണത്തെയും അതിന്റെ പുനർചംക്രമണത്തെയും ആശ്രയിച്ചാണ്‌ കുടിവെള്ളത്തിന്റെ ലഭ്യത തീരുമാനിക്കുന്നത്‌. ഇന്ത്യക്ക്‌ ലോകത്തിലെ മറ്റേതൊരു രാഷ്ട്രങ്ങളേക്കാൾ കൂടുതൽ ശരാശരി മഴ (100 എംഎം) ലഭിക്കുന്നുണ്ട്‌. എന്നാൽ, ഇന്ത്യയേക്കാൾ കുറഞ്ഞ മഴ ലഭിക്കുന്ന ആസ്ട്രേലിയ, പനാമ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ ശുദ്ധജലക്ഷാമം ഇന്ത്യയുടെ അത്ര അനുഭവിക്കുന്നില്ല എന്നു മാത്രമല്ല, ആളോഹരി ജലലഭ്യതയും കൂടുതലാണ്‌. ലഭിക്കുന്ന ജലം ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പാഴ്ജലം ശുദ്ധീകരിക്കുന്നതിൽ ഉള്ള പോരായ്മയും ജലക്ഷാമം രൂക്ഷമാക്കി. അതുകൊണ്ടാണ്‌ ഐക്യരാഷ്ട്രസഭ ഈ വർഷത്തെ ജലദിനത്തിന്റെ മുദ്രാവാക്യം പാഴ്ജലം എന്നായി തീരുമാനിച്ചത്‌.
ലോകത്ത്‌ ആകെ ലഭിക്കുന്ന ശുദ്ധജലത്തിന്റെ മൂന്ന്‌ ശതമാനത്തിന്റെ നാലിൽ മൂന്ന്‌ ഭാഗം പോലും നമുക്ക്‌ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ശുദ്ധജലം പാഴ്ജലമായി പുഴയിലും തടാകത്തിലും അരുവികളിലുമായി പുറന്തള്ളുമ്പോൾ അവ തിരിച്ചുകിട്ടാൻ പറ്റാത്ത രീതിയിൽ നമുക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്‌. ഭക്ഷണം പാകം ചെയ്യുന്നതിനും അലക്കുന്നതിനും കുളിക്കുന്നതിനും ടോയ്‌ലറ്റിൽ ഉപയോഗിക്കുന്നതിനും മൊത്തം ശുദ്ധജലത്തിന്റെ 0.1 ശതമാനത്തിൽ കുറവ്‌ മാത്രമേ വരുന്നുള്ളൂ. ഇതുകൂടാതെ നാം ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ ബാഷ്പമായി പോകുന്നു. അമിതമായിട്ടുള്ള അന്തരീക്ഷ ഊഷ്മാവിന്റെ ഫലമായി സംഭവിക്കുന്ന ഈ ഒരു അസ്വാഭാവിക ജല പരിക്രമണം കാരണം രാസപദാർത്ഥങ്ങളും ഖരവസ്തുക്കളും ഒഴിച്ചുള്ള ജലം നീരാവിയായി പോവുകയും ചെയ്യുന്നു. ഇതുകാരണം പാഴ്ജലത്തിന്റെ മലിനതീവ്രത വർധിക്കുകയും മാരകമായ രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. ലോകത്തിലെ ശരാശരി വർഷപാതം 5177 മില്ല്യൻ ക്യുബിക്‌ മീറ്ററാണ്‌. ഇതിന്റെ 70 ശതമാനത്തിൽ കൂടുതൽ ബാഷ്പീകരണം സംഭവിച്ച്‌ 1860 മെട്രിക്‌ ടെൺ ബില്യൺ മാത്രമേ ശുദ്ധജലമായി ലഭിക്കുന്നുള്ളൂ. ഇന്ത്യയുടെ ശരാശരി ബാഷ്പീകരണ നിരക്ക്‌ 50 മുതൽ 250 സെന്റീമീറ്റർ വരെയാണ്‌. അതായത്‌ കേരളത്തിൽ പെയ്യുന്ന മഴയുടെ 50 ശതമാനവും നീരാവിയായിപ്പോവുന്നു. നമുക്ക്‌ ലഭിക്കുന്ന മഴയുടെ വലിയൊരു ഭാഗവും ബാഷ്പമായി പോകുകയും അവ കടലിൽ മഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ശുദ്ധജലം .26% മാത്രമേ വീട്ടാവശ്യത്തിനും കൃഷിക്കും വ്യവസായ ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ഈ ശുദ്ധജലം തന്നെ പാഴായി പുഴയിലൂടെ അവ വീണ്ടും കടലിൽ എത്തിച്ചേരുകയും ശുദ്ധജലത്തിന്റെ അളവ്‌ വീണ്ടും കുറയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ അഹമ്മദ്നഗർ ജില്ലയിൽ ഹിവ്രബസാർ എന്നൊരു ഗ്രാമമുണ്ട്‌. ശുദ്ധജലക്ഷാമം സഹിക്കാതെയായപ്പോൾ 1972 കാലഘട്ടത്ത്‌ പൂനയിലേക്കും ബോബെയിലേക്കും കുറേ പേർ കുടിയേറി താമസിക്കുകയും ഈ വില്ലേജിന്റെ ജനസംഖ്യാ നിരക്ക്‌ തന്നെ കുറയുകയും ചെയ്തു. ഈ അവസരത്തിലാണ്‌ പോപ്പാട്ട്‌ പവാർ എന്ന വിദ്യാർത്ഥിനി ജലസംഭരണ രംഗത്ത്‌ മാതൃക കാണിക്കുകയും തിരിച്ചുപോയ ഗ്രാമീണരെ മടക്കിക്കൊണ്ടുവരികയും ചെയ്ത ചരിത്രമുണ്ട്‌. പഞ്ചായത്തിൽ 52 ഓളം വലിയ ജലകലുങ്കുകളും 32 ഓളം ഊറൽ ടാങ്കുകളും ഒൻപതോളം ചെക്ക്‌ ഡാമുകളും നിർമ്മിച്ച്‌ മഴവെള്ളം ഈ സംഭരണികളിൽ എത്തിച്ച്‌ നീരാവിയായി പോകുന്നത്‌ തടയുകയും ചെയ്തതോടുകൂടി ഭൂഗർഭ അറകളിലെ ജലവിതാനം വർദ്ധിച്ചു. ഡ്രിപ്പ്‌ ഇറിഗേഷൻ വഴി കൃഷി തുടങ്ങിയതോടുകൂടിയും കാർഷികോൽപ്പാദന രംഗത്ത്‌ നാലു മുതൽ അഞ്ചു മടങ്ങ്‌ വരെ വർദ്ധനവുണ്ടായി. ഡ്രിപ്പ്‌ ഇറിഗേഷൻ വർദ്ധിച്ചതോടുകൂടി പാഴ്ജലത്തിന്റെ അളവ്‌ കുറയുകയും ശുദ്ധജലം വർദ്ധിക്കുകയും ചെയ്തത്‌ ഇവിടെ നാം ഓർക്കേണ്ടതാണ്‌.
വരുമാനം വർധിക്കുന്നതിന്‌ അനുസരിച്ച്‌ ശുദ്ധജല ഉപഭോഗത്തിന്റെ അളവ്‌ വർധിക്കുകയും ആനുപാതികമായി ജലം പാഴായി പോകുകയും ചെയ്യുന്നതാണ്‌ കാണുന്നത്‌. ഈ പാഴ്ജലത്തെ ജലപരിക്രമണം ചെയ്യാതെ ജലാശയങ്ങളിലേക്ക്‌ നേരെ തള്ളിവിടുന്നത്‌ ജലക്ഷാമം വർദ്ധിക്കുന്നതിന്‌ ഇടവരുത്തി. ഉയർന്ന വരുമാനക്കാരായ രാജ്യങ്ങളിൽ വീട്ടാവശ്യത്തിന്‌ ശുദ്ധജലത്തിന്റെ 11 ശതമാനവും, വ്യവസായത്തിന്‌ 59 ശതമാനവും, കൃഷിക്ക്‌ 30 ശതമാനവും ഉപയോഗിക്കുമ്പോൾ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വീട്ടാവശ്യത്തിന്‌ എട്ടും വ്യവസായത്തിന്‌ പത്തും കൃഷിക്ക്‌ എൺപത്തിരണ്ടും ശതമാനം ഉപയോഗിക്കുന്നു. ജലത്തിന്റെ പുനരുപയോഗം നടത്തിയാൽ മാത്രമേ ഇന്നുള്ള ജലക്ഷാമത്തിന്‌ പരിഹാരം കാണാൻ കഴിയൂ. ഇന്ത്യയിലെ പേപ്പർ മില്ലിൽ ഉപയോഗിക്കുന്ന ജലം ശുദ്ധജലമാണ്‌. ഇവ ആവശ്യം കഴിഞ്ഞാൽ പുഴയിലേക്കോ കടലിലേക്കോ തള്ളുകയാണ്‌ പതിവ്‌. (ഇത്‌ ഒരു ഉദാഹരണം മാത്രം). ഫിൻലാന്റ്‌, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പേപ്പർ മില്ലിൽ ഉപയോഗിക്കുന്ന ജലം റീസൈക്കിളിങ്‌ ചെയ്ത പാഴ്ജലമാണ്‌. ഇവിടെ ഒരു യൂണിറ്റ്‌ ഉത്പാദനം നടത്തുന്നതിന്‌ 90% വരെ ശുദ്ധജലം ലാഭിച്ചിട്ടുണ്ട്‌. പൾപ്പ്‌ വ്യവസായം കെമിക്കലിൽ നിന്നും തെർമോകെമിക്കലിലേക്ക്‌ മാറിയപ്പോൾ മുമ്പ്‌ ഉപയോഗിച്ചതിനേക്കാൾ കുറഞ്ഞ ജലം കൊണ്ട്‌ മാത്രം ഈ വ്യവസായം നടത്താൻ കഴിഞ്ഞു.
2012 ലെ പോപ്പുലേഷൻ റിസെർച്ച്‌ ഫൗണ്ടേഷന്റെ കണക്കനുസരിച്ച്‌ നാലിൽ രണ്ടാളുകൾ ഓരോ ദിവസവും ജലമാലിന്യ രോഗത്തിന്‌ ഇരയാകുന്നു. ഇത്‌ പാഴ്ജലം മൂലമാണെന്നാണ്‌ വിലയിരുത്തിയത്‌. 2018 ആകുമ്പോഴേക്കും നാലിൽ മൂന്ന്‌ ആളുകളും ജലമാലിന്യ-വായുമലിനീകരണ സംബന്ധ രോഗങ്ങൾക്ക്‌ അടിമയാകുമെന്ന്‌ കണ്ടിട്ടുണ്ട്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ജലമാലിന്യരോഗങ്ങളും പാഴ്ജലവും കണ്ടുവരുന്നത്‌ വികസ്വര രാഷ്ട്രങ്ങളിലാണ്‌. ഇത്തരം രാഷ്ട്രങ്ങളിൽ നിന്ന്‌ വിസർജ്ജിക്കപ്പെടുന്ന പാഴ്ജലം കുറവാണെങ്കിലും അന്തരീക്ഷത്തിൽ വർദ്ധിച്ചുവരുന്ന ഊഷ്മാവും കാർബൺ ഡൈഓക്സൈഡും ബാഷ്പീകരണം വർദ്ധിക്കുകയും ശുദ്ധജലം നീരാവിയായി പാഴ്ജലത്തിന്റെ അളവ്‌ വർദ്ധിക്കുകയും ചെയ്യുന്നു. മൊത്തം കാർബൺ വിസർജ്ജനത്തിന്റെ 72 ശതമാനവും സംഭാവന ചെയ്യുന്ന അമേരിക്കയും ജി 7 രാഷ്ട്രങ്ങളുമാണ്‌.
ഭൂമിയിലെ ശുദ്ധജലം 3 ശതമാനമാണെങ്കിലും അതിൽ നമുക്കുപയോഗിക്കാവുന്നത്‌ ഒരു ശതമാനത്തിൽ കുറവാണ്‌. ഈ ജലത്തിന്റെ വലിയൊരു ഭാഗവും പാഴായിപ്പോകുന്നതിനെപ്പറ്റി പഠനം നടത്തുകയും റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്ത കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഫാമിഗിലിറ്റിയുടെ അഭിപ്രായമനുസരിച്ച്‌ വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ, ഓരോ വർഷവും 1.5 ശതമാനം കണ്ട്‌ ജലം ബാഷ്പമായി കടലിൽ പതിക്കുന്നു. വികസ്വരരാഷ്ട്രങ്ങൾ നേരിടുന്ന ഈ ജലനഷ്ടം വികസിത രാഷ്ട്രങ്ങളായ അമേരിക്കയടക്കമുള്ള ജി7 രാഷ്ട്രങ്ങളിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന വിഷവാതകങ്ങൾ കാരണമാണ്‌. എക്സ്റ്റേണൽ പൊല്യൂഷൻ ഇഫക്ട്‌ ഓഫ്‌ വാട്ടർ (ഇ.പി.ഇ.ഡബ്യൂ) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം കൊണ്ടാണ്‌ ലോകത്തിലെ 200 ൽപരം രാഷ്ട്രങ്ങളിലെ ശുദ്ധജലം നഷ്ടപ്പെട്ട്‌ പാഴ്ജലമായിത്തീരുന്നത്‌.
ജലക്ഷാമത്തിന്‌ കാരണം ജനസംഖ്യാ വർദ്ധനവാണെന്ന്‌ വാദം ലോകമാസകലം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌. നാം ഉപയോഗിക്കുന്ന ജലം ബാഷ്പമായിപ്പോയി ഭൂമിയിലേക്ക്‌ തന്നെ മഴയായി തിരിച്ച്‌ നിക്ഷേപിക്കുന്നതിനാൽ ഈ വിനിമയ പ്രക്രിയ സന്തുലിതമായി നിലനിർത്തുന്നതിനാൽ ഒരിക്കലും ജനസംഖ്യാ വർദ്ധനവ്‌ ജലക്ഷാമത്തിനിടവരുത്തില്ല. മനുഷ്യൻ ഉപയോഗിച്ച ജലം ഭൂമിയിൽ തന്നെ തിരിച്ചെത്തുക എന്നുള്ളതാണ്‌ പ്രകൃതി നിയമം. നാം സൃഷ്ടിച്ചിട്ടുള്ള വൻവിഷവാതകങ്ങൾ ബൂമറാംഗ്‌ പോലെ നമ്മളിലേക്ക്‌ തന്നെ തിരിച്ചുവരുന്നത്‌ കാലാവസ്ഥാ മാന്ദ്യം സൃഷ്ടിച്ചുകൊണ്ടാണ്‌. ഇതാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും ജലക്ഷാമം വർദ്ധിക്കുന്നതിന്‌ ഇടവരുത്തുന്നത്‌.
ജലത്തിന്റെ പുനർനിക്ഷേപം നഷ്ടപ്പെടുന്നതോടുകൂടി ജലക്ഷാമം ഉണ്ടാകാൻ തുടങ്ങി എന്നതാണ്‌ വസ്തുത. അമിതമായ ഉപഭോഗമാണ്‌ ജലക്ഷാമത്തിലേക്ക്‌ നയിച്ചത്‌ എന്ന ധാരണ മാറ്റണം. മനുഷ്യൻ കൃത്രിമമായി ജലത്തിലുണ്ടാക്കിയിട്ടുള്ള അസ്വാഭാവിക മാറ്റങ്ങൾ ജലത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും അവയെ വിഷലിപ്തമാക്കുകയും ചെയ്യുന്നതോടുകൂടിയാണ്‌ ജലക്ഷാമം എന്ന പ്രതിഭാസം ഭൂമിയിലുണ്ടാവാൻ തുടങ്ങിയത്‌. ഇങ്ങനെ അശുദ്ധീകരിക്കപ്പെട്ടിട്ടുള്ള ജലം ബാഷ്പീകരിച്ച്‌ വീണ്ടും ഭൂമിയിൽ നിക്ഷേപിക്കപ്പെടുമ്പോൾ അവ മലിനപ്പെട്ടുപോവുന്നു.
വർദ്ധിച്ചുവരുന്ന ജലക്ഷാമം ചുരുക്കം ചില രാഷ്ട്രങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിഭാസമാണ്‌. ഇവ താൽക്കാലികമായി തരണം ചെയ്യുന്നതിന്‌ പാഴ്ജലത്തെ ജലപരിക്രമണത്തിലൂടെ മാറ്റിയെടുത്ത്‌ ശുദ്ധജലമാക്കുക മാത്രമാണ്‌ ഒരു പോംവഴി. ഈ രാഷ്ട്രങ്ങൾ നടത്തുന്ന വൻ വിസർജ്ജനങ്ങൾ ലഘൂകരിച്ചാൽ കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ നിന്ന്‌ കടലിലേക്ക്‌ പെയ്തിറങ്ങുന്ന മഴ കുറയ്ക്കുന്നതിനും ജലക്ഷാമം സഹായിക്കും. ഈ വസ്തുത ഓർമ്മപ്പെടുത്താനുള്ളതാകട്ടെ ഈ വർഷത്തെ ജലദിനം.

  Categories:
view more articles

About Article Author