Monday
21 Aug 2017

പാവപ്പെട്ടവൻ ടൂറിസം ആലോചനകൾക്ക്‌ പുറത്ത്‌

By: Web Desk | Wednesday 7 June 2017 4:45 AM IST

ബേബി ആലുവ
കൊച്ചി: വിനോദസഞ്ചാരമേഖലയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളുമാണ്‌ നാടെങ്ങും. സർക്കാർ മുൻകയ്യെടുത്ത്‌ സംഘടിപ്പിക്കുന്നവയ്ക്കു പുറമെ, സ്വകാര്യമേഖലയിൽ നിന്നുള്ള പ്രസ്ഥാനങ്ങളും ചില ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും വരെ ഇതിനായി മുന്നോട്ടുവരുന്നുണ്ട്‌. വലിയ കൺവെൻഷൻ സെന്ററുകളും ഓഡിറ്റോറിയങ്ങളുമാണ്‌ ഇവയ്ക്ക്‌ വേദിയാവുക. ഈ ആലോചനകളും ചർച്ചകളുമൊക്കെ മുഖ്യമായും മുഖം തിരിച്ചുവയ്ക്കുന്നത്‌ പടിഞ്ഞാറോട്ടാണ്‌. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒരുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്‌. അതൊക്കെ എങ്ങനെ സംഘടിപ്പിക്കാം. സംഘടിപ്പിച്ചാൽത്തന്നെ വിദേശ സഞ്ചാരികളുടെ ഒഴുക്കിനു വേണ്ടി ഏത്‌ അണ, എങ്ങനെയാണ്‌ പൊട്ടിക്കേണ്ടത്‌. വടക്കേ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളും അടുത്തപടിയായി ചർച്ചയിലും മറ്റും വിഷയമാകാറുണ്ട്‌. എല്ലാം നല്ലതുതന്നെ. പക്ഷേ, ഈ ആലോചനകളുടെയും ചർച്ചകളുടെയും ഒരു ഘട്ടത്തിലും നാട്ടുകാരനായ സാധാരണക്കാരനായ ഒരു’ ടൂറിസ്റ്റ്‌’ രംഗപ്രവേശനം ചെയ്യാറില്ല.
കേരളത്തിൽ വിവിധ ജാതി മതസ്ഥരുടേതായി ലോക പ്രസിദ്ധങ്ങളായ എത്രയെത്ര തീർത്ഥാടന കേന്ദ്രങ്ങൾ. ഗുരുവായൂർ, വർക്കല, മലയാറ്റൂർ, ഇടപ്പള്ളി എന്നിങ്ങനെ അവ നീളുന്നു. ഇടുക്കി, വയനാട്‌, ആലപ്പുഴ, കൊച്ചി, കോട്ടയം എന്നിങ്ങനെ മലയോര-കായലോര-കടലോര സുഖവാസകേന്ദ്രങ്ങൾ. പഴയ കാലത്തിന്റെ തിരുശേഷിപ്പുകളായ എത്രയോ സ്മാരകങ്ങൾ. പക്ഷി സങ്കേതങ്ങൾ, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾ, കണ്ണും മനസ്സും കുളിർപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, കോൾനിലക്കാഴ്ചകൾ- ഇവയൊക്കെ കേരളത്തിലുണ്ട്‌. ഇവയിൽ പലതും ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത സാധാരണക്കാരായ മനുഷ്യരും കേരളത്തിലുണ്ട്‌. കേരളം കാണാത്ത മലയാളി.
സർക്കാരിന്റെയായാലും സ്വകാര്യ സ്ഥാപനങ്ങളുടെയായാലും വിനോദ സഞ്ചാരമേഖലയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ എന്നും ചർച്ചകളിൽ നിന്നും എന്തുകൊണ്ടാണ്‌ സാധാരണക്കാരനായ മലയാളി പുറത്താകുന്നത്‌.
ടൂറിസം രംഗത്തേക്ക്‌ സാധാരണക്കാരനെയും ആകർഷിക്കുന്നതിനു പറ്റിയ സാദ്ധ്യതകളെക്കുറിച്ച്‌ എന്താണ്‌ ആരും തലപുകയ്ക്കാത്തത്‌. വിനോദ സഞ്ചാരമെന്നാൽ സമ്പന്നരായ ഒരു വിഭാഗത്തെ മാത്രം മുന്നിൽക്കണ്ട്‌ സ്വരൂക്കൂട്ടുന്ന ഒരേർപ്പാട്‌ എന്നാണോ? ദൈവത്തിന്റെ സ്വന്തം നാട്‌, സമ്പന്നനല്ലാത്തതുകൊണ്ടുമാത്രം ഒരു മലയാളിക്ക്‌ അപ്രാപ്യമാവുകയാണോ? ഒരു സാധാരണക്കാരനായ സ്വദേശിയുടെ ആവലാതികൾക്ക്‌ നീളാൻ വഴികളെത്ര!
ഒരു കോടിയിലധികം സഞ്ചാരികളാണ്‌ ആണ്ടുതോറും ഈ സ്വപ്നഭൂമിയിലേക്ക്‌ എത്തുന്നത്‌ എന്നാണ്‌ സർക്കാർ കണക്ക്‌. 2021-ഓടെ വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 50 ശതമാനം കണ്ട്‌ വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതുവഴി അഞ്ചുവർഷം കൊണ്ട്‌ നാലുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സർക്കാർ പ്രത്യാശിക്കുന്നു. ജൂൺ പിറന്നതോടെ, വിനോദ സഞ്ചാരമേഖല അവധിക്കാല സീസൺ പിന്നിടുകയും മഴക്കാല സീസണിലേക്ക്‌ കടക്കുകയും ചെയ്തിരുന്നു. ഇനി, ഈ മേഖല പ്രധാനമായും പ്രതീക്ഷിക്കുന്നത്‌ ഉത്തരേന്ത്യയിൽ നിന്ന്‌ കായലോരക്കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളെയാണ്‌. കുറ കഴിഞ്ഞ്‌ വിദേശ സഞ്ചാരികളുമെത്തും. ഈ കാലം ആയുർവേദ സുഖചികിത്സയുടേതുകൂടിയാണ്‌. വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനുമായി സംസ്ഥാന സർക്കാർ ഒട്ടേറെ ബൃഹത്‌ പദ്ധതികളാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌.
(നാളെ: ഹോംസ്റ്റേകളും മടിശ്ശീലയിൽ കനമുള്ളവർക്ക്‌)