Wednesday
18 Jul 2018

പാർലമെന്റ്‌ വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകും

By: Web Desk | Monday 17 July 2017 3:50 AM IST

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ന്‌ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം പതിവുപോലെ പ്രക്ഷുബ്ധമായിരിക്കും. പ്രതിപക്ഷ നേതാക്കളുമായി സമ്മേളനത്തിന്‌ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ ഇന്നലത്തെ കൂടിക്കാഴ്ച നൽകുന്ന സൂചനയും അതുതന്നെയാണ്‌. ഗോരക്ഷയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും രാഷ്ട്രീയ, വർഗീയ നിറം കലർത്തരുതെന്ന്‌ നരേന്ദ്രമോഡി പ്രതിപക്ഷ നേതാക്കളോട്‌ ആവശ്യപ്പെട്ടു. മോഡി ഭരണത്തിൻകീഴിൽ രാജ്യത്ത്‌ വ്യത്യസ്ത സംഭവങ്ങളിലായി 28 മുസ്ലിങ്ങൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്‌. അക്രമത്തിന്‌ ഇരകളാകുന്നത്‌ മുസ്ലിങ്ങളും ദളിതരും മാത്രമാണ്‌. അവയെപ്പറ്റി പാർലമെന്റിൽ ഒരിക്കൽ പോലും പ്രതികരിക്കാൻ തയാറാവാത്ത പ്രധാനമന്ത്രി പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാവണം അനുനയത്തിനു ശ്രമിക്കുന്നതെന്നുവേണം കരുതാൻ.
ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സർക്കാരുകളുടെ ചുമലിൽ കെട്ടിവച്ച്‌ തടിതപ്പാനുള്ള ശ്രമമാണ്‌ നരേന്ദ്രമോഡിയുടേത്‌. എന്നാൽ ഗോഹത്യയുടെ പേരിൽ നടന്ന കൊലപാതകങ്ങളും മറ്റ്‌ അക്രമസംഭവങ്ങൾ അരങ്ങേറിയത്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌. മാത്രമല്ല, അത്തരം സംഭവങ്ങളെ ന്യായീകരിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനുമാണ്‌ സംസ്ഥാന ബിജെപി സർക്കാരുകളും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ സംഘ്പരിവാർ നേതൃത്വവും ശ്രമിച്ചുപോന്നിട്ടുള്ളത്‌. കക്ഷിരാഷ്ട്രീയത്തിനും മതസമുദായ പരിഗണനകൾക്കും അതീതമായി പ്രതിഷേധങ്ങൾക്ക്‌ ഇടനൽകിയ ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും വർഷകാല സമ്മേളനത്തിൽ മോഡി സർക്കാരിനെ പ്രതിക്കൂട്ടിലാക്കും.
ഇന്ത്യ, ചൈന, ഭൂട്ടാൻ ത്രിരാഷ്ട്ര അതിർത്തിയിലെ ഉദ്വേഗജനകമായ സൈനിക അന്തരീക്ഷം, കശ്മീരിൽ കെട്ടടങ്ങാൻ വിസമ്മതിക്കുന്ന സംഘർഷം, അമർനാഥ്‌ തീർഥാടകർക്കെതിരായ തീവ്രവാദി ആക്രമണം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തും. പശ്ചിമ ബംഗാളിലെ ഡാർജിലിങ്‌ മേഖലയിലെ അസ്വസ്ഥതയും 24 പർഗാനയിലെ സാമുദായിക അന്തരീക്ഷവും പാർലമെന്ററി ചർച്ചകളിൽ ഇടം പിടിക്കും.
ജിഎസ്ടിയുടെ പിതൃത്വം അവകാശപ്പെട്ട്‌ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന അർദ്ധരാത്രി നാടകവും വേണ്ടത്ര തയാറെടുപ്പുകൾ പൂർത്തിയാക്കാതെ അത്‌ നടപ്പാക്കിയതും സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ്‌, ഇസ്രയേൽ സന്ദർശനങ്ങളും ഇരുരാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളും വർഷകാല സമ്മേളന ചർച്ചകളിൽ ഇടംപിടിക്കാതിരിക്കില്ല.
നോട്ട്‌ അസാധൂകരണം സംബന്ധിച്ച്‌ വ്യക്തമായ അന്തിമ കണക്കുകൾ അവതരിപ്പിക്കുന്നതിൽ സർക്കാരിനും റിസർവ്വ്‌ ബാങ്കിനുമുണ്ടായ പരാജയവും ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശ്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന കാർഷിക പ്രതിസന്ധിയും കർഷക ആത്മഹത്യകളും സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. കാർഷിക കടാശ്വാസ പദ്ധതികളോട്‌ പുറം തിരിഞ്ഞുനിൽക്കുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെയും കേന്ദ്ര സർക്കാരിന്റെയും നയങ്ങൾ കടുത്ത വിമർശനം ക്ഷണിച്ചുവരുത്തും. സമ്മേളനകാലയളവിലാണ്‌ നൂറിൽപരം കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മധ്യപ്രദേശിലെ കർഷക സമരത്തിന്റെ ചുഴലികണ്ണായി മാറിയ മാൻസോറിൽ നിന്നുളള കർഷക ജാഥ തലസ്ഥാനത്ത്‌ എത്തിച്ചേരുക എന്നതും ശ്രദ്ധേയമാണ്‌.
സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്ന്‌ കാര്യമായ യാതൊരു നടപടിക്രമങ്ങൾക്കും ഇടയില്ല. അന്തരിച്ച ലോകസഭാംഗങ്ങളായ വിനോദ്‌ ഖാന്ന, അനിൽ ദാവെ എന്നിവർക്കും രാജ്യസഭാംഗമായ പി ഗോവർധൻ റെഡ്ഡിക്കും അനുശോചനം രേഖപ്പെടുത്തി ഇരുസഭകളും പിരിയും. ഇന്നുതന്നെയാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇരുസഭകളിലെ അംഗങ്ങളും വോട്ട്‌ രേഖപ്പെടുത്തുക.
വർഷകാല സമ്മേളനത്തിൽ അഴിമതി നിരോധന ഭേദഗതി ബിൽ, വിസിൽ വിളിക്കാരുടെ സംരക്ഷണയ്ക്കായുള്ള ബിൽ, പൗരത്വ ഭേദഗതി ബിൽ, മോട്ടോർ വാഹന ഭേദഗതി ബിൽ, ഉപഭോക്തൃ സംരക്ഷണ ബിൽ, കമ്പനി ഭേദഗതി ബിൽ തുടങ്ങി ഒരു ഡസൻ ബില്ലുകൾ പാസാക്കാനാണ്‌ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്‌.