പിതാവ്‌ ദുരിതക്കിടക്കയിൽ കാരുണ്യത്തിന്റെ താങ്ങുതേടി കലാകാരി

പിതാവ്‌ ദുരിതക്കിടക്കയിൽ കാരുണ്യത്തിന്റെ താങ്ങുതേടി കലാകാരി
April 28 04:45 2017

പത്തുവർഷം മുമ്പ്‌ വീഴ്ചയെ തുടർന്ന്‌ ഗുരുതര പരിക്കേറ്റ്‌ പിതാവ്‌ ദുരിതക്കിടക്കയിൽ. കലാകാരിയായ യുവതിക്ക്‌ പിതൃ ശുശ്രൂഷയ്ക്കായി ഉപേക്ഷിക്കേണ്ടിവന്നത്‌ ജീവിതോപാധിയായ നാടകാഭിനയം. തിരുവനന്തപുരം കരമനയിലെ ശാന്തി എസ്‌ നായർ എന്ന യുവതിയാണ്‌ പിതാവിന്റെ ചികിത്സയ്ക്കും നിലനിൽപ്പിനുമായി കാരുണ്യത്തിന്റെ കൈത്താങ്ങ്‌ തേടുന്നത്‌. പെയിന്റിങ്‌ ജോലിക്കിടെ രണ്ടുനില കെട്ടിടത്തിൽ നിന്ന്‌ വീണാണ്‌ ശാന്തിയുടെ പിതാവ്‌ എ നാരായണൻ നായർ ഗുരുതര പരിക്കുകളോടെ കിടപ്പിലായത്‌. പലതവണ ശസ്ത്രക്രിയക്ക്‌ വിധേയനായിട്ടും നാരായണൻ നായർക്ക്‌ ദുരിതക്കിടക്കയിൽ നിന്ന്‌ മോചനമായിട്ടില്ല. പിതാവിന്റെ ദുരിതത്തോടെ നാടക കലാകാരിയായിരുന്ന ശാന്തിയുടെ അഭിനയമോഹത്തെയും തളർത്തി. അതോടെ ജീവിതോപാധിയും നിലച്ചു. വളരെ ചെറിയ പ്രായത്തിൽതന്നെ അഭിനയം ആരംഭിച്ച യുവതി കെപിഎസിയുടെ നിരവധി നാടകങ്ങളിൽ വേഷമണിഞ്ഞു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തുലാഭാരം തുടങ്ങിയ പ്രധാന നാടകങ്ങളിലെല്ലാം അഭിനയിച്ച ഇവർക്ക്‌ അഭിനയ ജീവിതത്തിന്റെ ഊഷ്മളമായ ഓർമകളുണ്ട്‌.
സിപിഐ 18-ാ‍ം പാർട്ടി കോൺഗ്രസ്‌ തിരുവനന്തപുരത്ത്‌ നടന്നപ്പോൾ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അവതരിപ്പിച്ചു. നാടകത്തിൽ വേഷമണിഞ്ഞ ശാന്തിയെന്ന പെൺകുട്ടി ചെങ്കൊടിയേന്തി നിൽക്കുന്ന വർണചിത്രം പത്രങ്ങളിലെ ഒന്നാംപുറത്തെ വാർത്തയായിരുന്നു. കെപിഎസിയിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്ന ശാന്തിക്ക്‌ പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാൽ അഭിനയ ജീവിതത്തിന്‌ തിരശീല ഇടേണ്ടിവരികയായിരുന്നു. പിതാവിന്റെ ചികിത്സാ ചെലവും നിത്യജീവിത ചെലവുകളും ഇപ്പോൾതന്നെ വലിയ ബാധ്യത സൃഷ്ടിച്ചിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ അവിവാഹിതയായി തുടരുന്നു.
സഹജീവി സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത സുമനസുകളുടെ സഹായത്തോടെയാണ്‌ പിതാവും മകളും വാടകവീട്ടിലെ ജീവിതം മുന്നോട്ടുനീക്കുന്നത്‌. പിതാവിന്‌ ഇനിയും തുടർ ചികിത്സ ആവശ്യവുമാണ്‌. അതുകൊണ്ടുതന്നെ ഇനിയും സുമനസുകളുടെ സഹായം പ്രതീക്ഷിച്ചിരിപ്പാണ്‌ ശാന്തിയും പിതാവും. സഹായം സ്വീകരിക്കുന്നതിനായി പിതാവ്‌ നാരായണൻ നായരുടെ പേരിൽ എസ്ബിഐ ഫോർട്ട്‌ ബ്രാഞ്ചിൽ അക്കൗണ്ട്‌ നിലവിലുണ്ട്‌.അക്കൗണ്ട്‌ നമ്പർ: 20198743031 ഐഎഫ്‌എസ്സി കോഡ്‌ & എസ്ബിഐഎൽ 0060333. വായനക്കാരിൽ നിന്നും കലാസ്നേഹികളിൽ നിന്നും സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്‌ ശാന്തിയും പിതാവും.

view more articles

About Article Author