പീപ്പിൾ ഫോർ ആനിമൽസ്‌ എന്ന സംഘടനയെ കുറിച്ചുള്ള ആരോപണം ബാലിശം

January 11 04:50 2017

ജനുവരി 10-ാ‍ം തീയതിയിലെ ജനയുഗത്തിൽ ഒന്നാം പേജിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയുടെ വാർത്താസമ്മേളനത്തിൽ പീപ്പിൾ ഫോർ ആനിമൽസ്‌ എന്ന സംഘടനയെ കുറിച്ചുള്ള ആരോപണത്തെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. മേനകഗാന്ധി ചെയർപേഴ്സനാണ്‌ എന്ന ഒരേയൊരു കാരണം പറഞ്ഞ്‌ ഇന്ത്യയൊട്ടുക്ക്‌ മൃഗസംരക്ഷണ മേഖലയിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയെ കുറിച്ച്‌ ചിറ്റിലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും ബാലിശമാണ്‌.
ഏതൊരു മേഖലയെക്കുറിച്ചും ശാസ്ത്രീയമായ അറിവുകൾ നേടിയതിനുശേഷം മാത്രമേ ആ മേഖലയിൽ എന്താണ്‌ അഭികാമ്യമായ പദ്ധതികൾ എന്ന്‌ നിർണയിക്കാൻ സാധ്യമാവൂ. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്പിസിഎ, പിപിഎ, സ്ട്രീറ്റ്‌ ഡോഗ്‌ വെൽഫെയർ തുടങ്ങിയ ഒരു സംഘടനയും തെരുവിൽ പേപ്പട്ടികൾ സ്വൈരവിഹാരം നടത്തട്ടെ എന്ന ഉദ്ദേശത്തോടെയല്ല പ്രവർത്തിക്കുന്നത്‌. തെരുവുപട്ടികളെ വിവേചനരഹിതമായി ഓട്ടിച്ചിട്ടുപിടിച്ച്‌ തല്ലിക്കൊന്നാൽ പ്രശ്നം പരിഹരിക്കപ്പെടും എന്ന്‌ വികലമായ മനസുള്ളവർക്കേ കരുതാൻ സാധിക്കുകയുള്ളൂ.
ഇന്ത്യയിൽ 600 ജില്ലകളിൽ ഫലപ്രദമായി മൃഗക്ഷേമരംഗത്ത്‌ പ്രവർത്തിക്കുന്ന തെരുവിലലയാൻ വിധിക്കപ്പെട്ട സാധുമൃഗങ്ങൾക്കായി 26 ആശുപത്രികളും 60 മൊബെയിൽ ആശുപത്രികളും 165 യൂണിറ്റുകളും ജനങ്ങളുടെ സംഭാവനകളെ ആശ്രയിച്ച്‌ നടത്തിക്കൊണ്ടുപോകുന്ന, സമൂഹത്തിലെ എല്ലാ മേഖലയിലും പെട്ട സുമനസുകളുടെ ഒരു സന്നദ്ധ സംഘടനയാണ്‌ പീപ്പിൾ ഫോർ അനിമൽസ്‌. ഈ സംഘടനയിൽ രണ്ടുലക്ഷത്തി അമ്പതിനായിരം പേർ അംഗങ്ങളാണ്‌. കേരളത്തിൽ അനിമൽ ബർത്ത്‌ കൺട്രോൾ രംഗത്ത്‌ ഏറ്റവും നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു. തെരുവിലുപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങൾ, രോഗാവസ്ഥയിൽപ്പെട്ട മൃഗങ്ങൾ, അനാഥമായ മൃഗങ്ങൾ ഇവയെ എല്ലാം സംരക്ഷിക്കുവാനുള്ള ശ്രമമാണ്‌ ഈ സംഘടന നടത്തുന്നത്‌.
തെരുവുമൃഗങ്ങളെ ദത്തെടുക്കുവാനും പ്രതിരോധ കുത്തിവയ്പ്പ്‌ നടത്താനും ബോധവൽക്കരണ ക്യാമ്പുകൾ നടത്താനും ഈ സംഘടന എസ്പിസിഎ, സ്ട്രീറ്റ്‌ ഡോഗ്‌ വാച്ച്‌ തുടങ്ങിയ മറ്റു സന്നദ്ധ സംഘടനകളുമായി ചേർന്ന്‌ പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന ഒരു സംഘടനയെക്കുറിച്ച്‌ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ ശരിയായ രീതിയല്ല.
തെരുവു നായ്ക്കളുടെ വർധനവ്‌ തടയാനും അവയുടെ അക്രമവാസന ഇല്ലായ്മ ചെയ്യുവാനും ലോകത്തെല്ലായിടത്തും ശാസ്ത്രീയമായി അവലംബിക്കുന്ന രീതിയാണ്‌ ആനിമൽ ബർത്ത്‌ കൺട്രോൾ. തെരുവുനായകളെ വന്ധ്യം കരിക്കുക, പ്രതിരോധ കുത്തിവയ്പുകൾ നൽക്കുക എന്നിവയാണ്‌ ഇതിന്‌ സ്വീകരിക്കുന്ന പ്രധാന മാർഗങ്ങൾ. വന്ധ്യംകരണത്തിലൂടെ ആൺ നായകളുടെ ആക്രമണത്വരയും സംഘം ചേരാനുള്ള പ്രവണതയും ഇല്ലാതാവുന്നു. പെൺ പട്ടികൾ പിന്നീട്‌ പ്രസവിക്കുന്നില്ല. പ്രസവിക്കാത്തതിനാൽ തന്നെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി അവ അക്രമോത്സുകരാവുന്നില്ല. അതുപോലെ തന്നെ പ്രജനനകാലത്ത്‌ തമ്മിൽ ആക്രമിക്കുന്നതും ഇല്ലാതെയാവുന്നു. പ്രതിരോധ കുത്തിവയ്പിലൂടെ പേപ്പട്ടി വിഷബാധയും ഇല്ലാതെയാവും. ഈ പദ്ധതിയിലൂടെ ഏതാനും വർഷം കൊണ്ട്‌ തെരുവുനായകളുടെ എണ്ണം പരിമിതമാവും.
മാത്രമല്ല, ഉള്ളവതന്നെ ശാന്തസ്വഭാവികളുമാവും. ചിറ്റിലപ്പള്ളിയും കൂട്ടരും ക്രൂരമായരീതിയിൽ കൈയ്യിൽ കിട്ടുന്ന നായ്കളെ മുഴുവൻ കൊന്നൊടുക്കണം എന്നാണ്‌ വാശിപിടിക്കുന്നത്‌. ഈ പ്രാകൃതരീതിയിൽ അനേകം അപകടങ്ങൾ ഉണ്ട്‌. ഒന്നാമതായി ഇവരുടെ ക്രൂരതയ്ക്ക്‌ ഇരയാവുന്നത്‌ മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന തെരുവുനായകളാണ്‌. എളുപ്പത്തിൽ പിടികൂടാൻ സാധിക്കുന്നവ. സ്വൽപം ചോറുകൊടുത്താൽ വാലാട്ടി ചതിക്കെണിയറിയാതെ അടുത്തേയ്ക്കു വരുന്നവ.
മനുഷ്യനെ ആക്രമിക്കുന്ന ചെന്നായ്ക്കളുടെ സ്വഭാവവിശേഷങ്ങളുള്ള നായകൾ മനുഷ്യരുടെയിടയിലേയ്ക്ക്‌ ഇറങ്ങാറില്ല. രാത്രികളിൽ പറ്റമായി വന്ന്‌ മനുഷ്യരേയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നവയാണവ. ഇന്ന്‌ അത്തരം നായകൾ എല്ലായിടത്തും ഇറങ്ങിവരാത്തതിനു കാരണം മനുഷ്യരുമായി ബന്ധപ്പെട്ടു ജീവിക്കുന്ന തെരുവുനായകളാണ്‌. ഇത്തരം പറ്റമായി വരുന്ന ആക്രമണകാരികളെ ചെറുത്തുനിറുത്തുന്നത്‌ ഈ പാവം തെരുവുനായകളാണ്‌. ചിറ്റിലപ്പള്ളിയും പട്ടിപിടുത്തക്കാരും ഈ കമ്മ്യൂണിറ്റി ഡോഗ്സിനെ ഇല്ലായ്മ ചെയ്യുന്നതോടെ ഇരുളിന്റെ അക്രമണകാരികളായ നായ്ക്കൾ നിയന്ത്രണാതീതരാവും. നായകളെ കൊന്നുതീർക്കാനാവില്ല എന്നുകൂടി ഇവർ മനസിലാക്കുന്നത്‌ നന്ന്‌. ഒരു പ്രസവത്തിൽ എട്ടോളം കുട്ടികളുണ്ടാവും. വർഷത്തിൽ രണ്ടുപ്രസവവും. പ്രസവം നിർത്തുക എന്ന ഒരു മാർഗം മാത്രമേ ഫലപ്രദമാവുകയുള്ളു എന്ന്‌ ചിറ്റിലപ്പള്ളിമാർ മനസിലാക്കുന്നത്‌ നന്ന്‌. അവസാനമായി എന്നാൽ അപ്രധാനമല്ലാത്ത ഒരു കാര്യം കൂടി പറയട്ടെ; തെരുവിൽ കൊന്നൊടുക്കുക എന്നത്‌ ഒരു ഫാസിസ്റ്റ്‌ രീതിയാണ്‌. ഹിറ്റ്ലറും മുസോളിനിയും മുതൽ താലിബാനും ഐഎസും വരെ അവലംബിക്കുന്ന ഒരു പ്രാകൃതരീതി. തെരുവിൽ രക്തത്തിനായി മുറവിളി കൂടുന്നവർ ഫാസിസ്റ്റുകളല്ലാതെ മറ്റാരുമല്ല.

കെ ദിലീപ്‌
രേവതി, വട്ടിയൂർക്കാവ്‌

view more articles

About Article Author