പുകയില ഉപയോഗം മുതിർന്ന പൗരന്മാരിൽ പലതരം രോഗാവസ്ഥകളുണ്ടാക്കുന്നതായി പഠനം

പുകയില ഉപയോഗം മുതിർന്ന പൗരന്മാരിൽ പലതരം രോഗാവസ്ഥകളുണ്ടാക്കുന്നതായി പഠനം
March 19 04:45 2017

തിരുവനന്തപുരം : പ്രായമായവരിൽ ഒന്നിലധികം രോഗാവസ്ഥകൾ ഒരുമിച്ചു കണ്ടുവരുന്ന ശാരീരികസ്ഥിതിക്ക്‌ (മൾട്ടി മോർബിഡിറ്റി) പുകയില ഉപയോഗം കാരണമാകുന്നതായി കേരളമുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.
സാംക്രമികേതരമായ ജീവിതശൈലീരോഗങ്ങൾ മൂലമുള്ള ശാരീരിക ക്ലേശങ്ങൾ കേരളത്തിൽ ഉയരുന്നതായും മെഡിക്കൽ ഗവേഷണരംഗത്തെ പ്രമുഖ ഓൺലൈൻ ജേണൽ ‘ബിഎംജി ഓപ്പൺ’ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രക്താതിമർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഏറ്റവുമധികം കാണപ്പെടുന്നത്‌ കേരളത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.
60 വയസിനുമുകളിൽ പ്രായമുള്ള 9,852 പേരിൽ നടത്തിയ പഠനത്തിൽ 45.5 ശതമാനം പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും പുകയില ഉപയോഗിക്കുന്നവരായി കണ്ടെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാനിധി ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചുനടത്തിയതാണ്‌ ഈ പഠനം.
പഠനം നടന്ന വർഷം സാംക്രമികേതര രോഗങ്ങളുള്ളവരിൽ പുകയില ഉപയോഗിക്കുന്നവർ ആശുപത്രിയിലാക്കപ്പെടുന്നത്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണെന്നും കണ്ടെത്തി.
ആർ്ര‍െതെറ്റിസ്‌, രക്താതിമർദം, തിമിരം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, തളർവാതം, വിഷാദരോഗം, മറവിരോഗം, മസ്തിഷ്കാഘാതം, അൽഷിമേഴ്സ്‌, അർബുദം എന്നിങ്ങനെ 12 സാംക്രമികേതര രോഗങ്ങളാണ്‌ പഠനം പരിഗണിച്ചത്‌. ഇവയിൽ രണ്ടെണ്ണമെങ്കിലും ഒരുമിച്ച്‌ ഒരേ വ്യക്തിയിൽ കണ്ടുവരുന്നതിനെയാണ്‌ പഠനം മൾട്ടി മോർബിഡിറ്റിയായി വിലയിരുത്തിയത്‌. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്നോളജിയിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത്‌ സയൻസ്‌ സ്റ്റഡീസ്‌, കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൽസസിലെ സെന്റർ ഫോർ പബ്ലിക്‌ ഹെൽത്ത്‌ എന്നിവടങ്ങളിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌.
മതിയായ പുകയില നിയന്ത്രണ ഇടപെടലുകളിലൂടെ പുകയില മൂലമുള്ള മൾട്ടിമോർബിഡിറ്റി തടയാനാകുമെന്ന്‌ പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും അച്യുതമേനോൻ സെന്ററിലെ പ്രൊഫസറും മേധാവിയുമായ ഡോ. കെ ആർ തങ്കപ്പൻ പറഞ്ഞു. പുകയില നിയന്ത്രണത്തിലൂടെ കേരളത്തിൽ സാംക്രമികേതര രോഗങ്ങൾ സൃഷ്ടിക്കുന്ന ഭൗതിക, സാമ്പത്തിക ക്ലേശങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കും. പുകയിലഹേതുവായ രോഗങ്ങളുടെ സാമ്പത്തികബാധ്യത പ്രതിവർഷം കേരളത്തിൽ 1514 കോടി രൂപയാണ്‌. ഇത്‌ ഉദ്പാദന വിഭവങ്ങളുടെ വലിയ ചോർച്ചയാണ്‌ കാണിക്കുന്നത്‌. പുകയിലയുടെ ലഭ്യതയും ആവശ്യവും കുറയ്ക്കുന്നത്‌ നയചർച്ചകൾക്ക്‌ വിഷയമാക്കുന്നതും ചെറുപ്പക്കാർ പുകയില ഉപയോഗം ആരംഭിക്കുന്നത്‌ തടയാൻ നിയമനിർവഹണം ശക്തമാക്കുന്നതും അത്യന്താപേക്ഷിതമാണെന്ന്‌ ടുബോകോ ഫ്രീ കേരളയുടെ വൈസ്‌ ചെയർമാൻ കൂടിയായ ഡോ. തങ്കപ്പൻ പറഞ്ഞു.
പുകയില വളരെ അടിമപ്പെടുത്തുന്ന വസ്തു ആയതിനാൽ ഉപയോഗം തുടങ്ങുന്നത്‌ തടയുകയാണ്‌ പ്രധാനമെന്ന്‌ പഠനത്തിന്റെ മുഖ്യരചയിതാവായ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ സെന്റർ ഫോർ പബ്ലിക്‌ ഹെൽത്തിലെ അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. ജി കെ മിനി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തത്വത്തിലും യാഥാർഥ്യത്തിലും പുകയില വിമുക്തമാക്കണമെന്നും ഡോ. മിനി പറഞ്ഞു.
തമിഴ്‌നാട്‌, പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയാണ്‌ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്ന മറ്റു സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനത്തിൽനിന്നും മുതിർന്ന പൗരന്മാർ അടങ്ങുന്ന 1,280 വീടുകൾ തെരഞ്ഞെടുക്കപ്പെട്ടു. 47 ശതമാനം പുരുഷൻമാർ ഉൾപ്പെട്ട പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 68 വയസായിരുന്നു.

  Categories:
view more articles

About Article Author