പുതിയ പുറങ്കടൽ തുറമുഖം: ആശങ്കയ്ക്ക്‌ അറുതിയില്ല

പുതിയ പുറങ്കടൽ തുറമുഖം: ആശങ്കയ്ക്ക്‌ അറുതിയില്ല
March 20 04:45 2017

അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം

ബേബി ആലുവ
കൊച്ചി: തുറമുഖത്തിന്റെ പ്രാരാബ്ധങ്ങളുടെ കഥ പറയാനാണെങ്കിൽ പകലിതുപോരാ. രാജ്യത്തെ 13 മേജർ തുറമുഖങ്ങളിലൊന്നായ കൊച്ചിക്ക്‌ നാളുകളായി സ്ഥിരം മേധാവി പോലുമില്ല. മറ്റുപല പ്രധാന പദവികളും ഇപ്രകാരം ഒഴിഞ്ഞു കിടക്കുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ തുറമുഖത്തിനായി വകയിരുത്തി എന്ന്‌ പ്രഖ്യാപിച്ചത്‌ വെറും 37 കോടി രൂപ. കണക്കനോടടുത്തപ്പോൾ തട്ടിപ്പ്‌ പുറത്തായി. യഥാർത്ഥത്തിൽ കിട്ടിയത്‌ 10 കോടി മാത്രം. ബാക്കി 27 കോടി തുറമുഖട്രസ്റ്റിന്റെ സ്വന്തം പണം. ഇത്‌ കാലങ്ങളായി ഈ പൊതുമേഖലാ സ്ഥാപനത്തോട്‌ കേന്ദ്ര ഭരണാധികാരികൾ തുടർന്നു വരുന്ന അവഗണനയുടെ ഒരു ദൃഷ്ടാന്തം മാത്രം.
രാജ്യത്തെ മറ്റ്‌ 12 മേജർ തുറമുഖങ്ങളോടൊപ്പം കൊച്ചിയെയും ഉൾപ്പെടുത്തി കമ്പനിയാക്കാനുള്ള ചരടുവലികൾ അണിയറയിൽ തകൃതിയായി നടക്കുന്നു. അതിന്‌ കഴിഞ്ഞ എൻഡിഎ സർക്കാരിന്റെ കാലത്തോളം പഴക്കമുണ്ട്‌. ഭൂമി കച്ചവടമാണ്‌ പ്രധാന ലക്ഷ്യം. ഈ തുറമുഖങ്ങളുടെ കൈവശം 2.60 ലക്ഷത്തോളം ഏക്കർ ഭൂമിയുണ്ട്‌. കൊച്ചി തുറമുഖത്തിനു മാത്രമായുണ്ട്‌ 2000 ഏക്കറിലധികം സ്ഥലം. തുറമുഖങ്ങളെ കമ്പനിയാക്കിയാൽ സ്ഥാപനങ്ങളും ഭൂമിയും കോർപ്പറേറ്റുകളുടെ സ്വകാര്യ സ്വത്തായി മാറും. സർക്കാരിനും തൊഴിലാളി സംഘടനകൾക്കും ഇന്നുള്ള പങ്കാളിത്തം നഷ്ടമാകും. രണ്ട്‌ പാർലമെന്റ്‌ സമിതികൾ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയും തുറമുഖങ്ങളിലെ തൊഴിലാളി സംഘടനകൾ ദേശ വ്യാപകമായി പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തതോടെ പഴയ എൻ ഡി എ സർക്കാർ പിൻവലിഞ്ഞെങ്കിലും നരേന്ദ്രമോഡി സർക്കാർ കച്ചവട ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ്‌.
വല്ലാർപാടത്ത്‌ കണ്ടെയ്നർ ടെർമിനൽ സ്ഥാപിക്കാൻ ദുബൈ പോർട്ട്‌ വേൾഡ്‌ എന്ന കുത്തക കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതോടെ ഒറ്റാലിൽ കിടന്നതുമില്ല, കിഴക്കുനിന്ന്‌ വന്നതുമില്ല എന്ന അവസ്ഥയിലായി തുറമുഖ ട്രസ്റ്റ്‌. വല്ലാർപാടം വന്നപ്പോൾ നിലവിലുണ്ടായിരുന്ന ഐലന്റിലെ രാജീവ്‌ ഗാന്ധി ടെർമിനൽ അന്ത്യശ്വാസം വലിച്ചു. കൂട്ടുകച്ചവടത്തിൽ നിന്ന്‌ വരുമാനമൊന്നുമില്ല എന്നതിനു പുറമെ, ചെലവുകളിൽ ചിലത്‌ വ്യവസ്ഥ പ്രകാരം പോർട്ട്‌ ട്രസ്റ്റ്‌ വഹിക്കേണ്ടി വന്നതിനാൽ അതിനുള്ള പണം കണ്ടെത്തേണ്ടതായും അങ്ങനെയുള്ള ചെലവുകളിലൊന്നാണ്‌ നേരത്തെ പറഞ്ഞ കപ്പൽചാലിന്‌ ആഴം വർദ്ധിപ്പിക്കാൻ വേണ്ടി വരുന്ന 150 കോടി. തുടക്കത്തിൽ ഇത്‌ 40-50 കോടിയായിരുന്നു. കാലം മാറിയപ്പോൾ 150 കോടിയായി. ഈ വകയിൽ കാൽക്കാശ്‌ പോർട്ട്‌ ട്രസ്റ്റിന്‌ കൊടുക്കാൻ കൂട്ടുകക്ഷിയായ ഡി പി വേൾഡോ രക്ഷിതാവായ കേന്ദ്ര സർക്കാരോ ഇന്നുവരെ തയ്യാറായിട്ടില്ല. നഷ്ടത്തിൽ നിന്നു കരകയറാൻ തുറമുഖത്തിനു കഴിയുന്നുമില്ല. ഈ വർഷം 25 കോടിയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ. കഴിഞ്ഞ വർഷം 40.52 കോടിയായിരുന്നു നഷ്ടം. വല്ലാർപാടത്ത്‌ കണ്ടെയ്നർ ടെർമിനൽ തുടങ്ങിയിട്ട്‌ ആറ്‌ വർഷമാകുന്നു. ലക്ഷ്യമനുസരിച്ച്‌ 10 ലക്ഷം കണ്ടെയ്നറുകളെങ്കിലും പ്രതിവർഷം കൈകാര്യം ചെയ്യേണ്ടതാണ്‌. വില്ലിംഗ്ടൺ ഐലന്റിലെ പ്രവർത്തനരഹിതമായ രാജീവ്‌ ഗാന്ധി ടെർമിനലിൽ, വല്ലാർപാടം കമ്മീഷൻ ചെയ്യുന്നതിനു മുമ്പ്‌ 3.15 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിരുന്നതാണ്‌. ഇക്കുറിയും വല്ലാർപാടത്ത്‌ അഞ്ചുലക്ഷം കണ്ടെയ്നറുകൾ കൂടി എത്തിക്കാനായിട്ടില്ല. വല്ലാർപാടത്തെ വരുമാനത്തിന്റെ 33.3 ശതമാനമാണ്‌ വ്യവസ്ഥയനുസരിച്ച്‌ കൊച്ചി തുറമുഖത്തിനു ലഭിക്കേണ്ടത്‌.
കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിൽ നിന്നു ലഭിച്ച വിവരാവകാശ രേഖയിലെ വെളിപ്പെടുത്തൽ ഇപ്രകാരമാണ്‌. 2015-16-ൽ വല്ലാർപാടം ടെർമിനൽ കൈകാര്യം ചെയ്തത്‌ 4,19,550 ടി ഇ യു കണ്ടെയ്നറുകൾ. ഇതിൽ ട്രാൻസ്ഷിപ്പ്മെന്റ്‌ കണ്ടെയ്നറുകളുടെ എണ്ണം 21, 309 ടി ഇ യു മാത്രം. അതായത്‌ അഞ്ച്‌ ശതമാനം. ഈ കാലയളവിൽ കൈകാര്യം ചെയ്ത കപ്പലുകളുടെ എണ്ണം 643. ഇതിൽ, മെയിൻ ലൈൻ കപ്പലുകൾ 152 മാത്രം. 14.5. ഡ്രാഫ്റ്റ്‌ വേണ്ടതായ 15 കപ്പലുകൾ മാത്രമാണ്‌ ഇവിടെ എത്തിയ്ത. 152 കപ്പലുകൾക്കായി പോർട്ട്‌ ട്രസ്റ്റ്‌ നൽകിയ റിബേറ്റ്‌ 53.50 കോടി. ഇത്‌ കഴിച്ച്‌ തുറമുഖത്തിനു കിട്ടിയത്‌ 69 കോടി മാത്രം. പ്രതിവർഷം 10 ലക്ഷം ടി ഇ യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്നും കൊളംബോ, സിംഗപ്പൂർ എന്നീ തുറമുഖങ്ങളിൽ നിന്ന്‌ മെയിൻ ലൈൻ കപ്പലുകൾ കൂട്ടത്തോടെ വല്ലാർപാടത്തേക്ക്‌ വരുമെന്നും കൊട്ടിഘോഷിച്ചിടത്താണ്‌ ഈ ദയനീയ സ്ഥിതി.
കപ്പൽ അനുബന്ധ നിരക്കുകളിലുണ്ടായ വർദ്ധനവ്‌ മൂലം വിദേശ തുറമുഖങ്ങളോട്‌ മത്സരിക്കാനാവാത്ത സ്ഥിതി സംജാതമമായതോടെ കണ്ടെയ്നറുകളുടെ കാര്യത്തിൽ കാര്യമായ വളർച്ചയുണ്ടാകുമെന്ന കണക്കുകൂട്ടലുകൾ ആദ്യമേ തെറ്റി. രാജ്യത്തിനകത്തെ കമ്പനികൾ പോലും നിരക്കുവർദ്ധനവിന്റെ ഫലമായി വല്ലാർപാടത്തു നിന്നകലുകയും പഴയതുപോലെ വിദേശതുറമുഖങ്ങളെ ആശ്രയിക്കുകയും ചെയ്തു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നിർമ്മിച്ച വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ നടത്തിപ്പ്‌ 30 വർഷത്തേക്ക്‌, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റും ദുബൈ പോർട്ട്‌ വേൾഡും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ദുബൈ കമ്പനിക്കാണ്‌. ഈ ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കാൻ അടുത്തകാലത്ത്‌ പാർലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌ കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. അതോടെ കരാർ റദ്ദാക്കണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നു.
ഇത്തരം പരിതാപകരമായ അവസ്ഥയിൽ നിന്നുകൊണ്ടാണ്‌ കൊച്ചിൻ പോർട്ട്‌ ട്രസ്‌ററ്‌ 50000 കോടി മുടക്കി അറബിക്കടലിൽ പുതിയ തുറമുഖം സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ മനക്കോട്ട കെട്ടുന്നത്‌.
(അവസാനിച്ചു)

  Categories:
view more articles

About Article Author