പുതുവൈപ്പ്‌ ഐഒസി സമരം: പൊലീസ്‌ ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമെന്ന്‌ എഐവൈഎഫ്‌

പുതുവൈപ്പ്‌ ഐഒസി സമരം: പൊലീസ്‌ ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമെന്ന്‌ എഐവൈഎഫ്‌
June 19 04:45 2017

തൃശൂർ: എറണാകുളം പുതുവൈപ്പിൽ ജനവാസ കേന്ദ്രത്തിൽ ഐഒസി പ്ലാന്റ്‌ സ്ഥാപിക്കുന്നതിനെതിരെ സമാധാനപരമായി സമരം നടത്തിവന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ച കമ്മിഷണർ യതീഷ്ചന്ദ്ര അടക്കമുള്ള പൊലീസ്‌ ഉദ്യോഗസ്ഥരുടെ നടപടിയിൽ എഐവൈഎഫ്‌ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ജനനിബിഡമായ പ്രദേശത്ത്‌ പ്രദേശവാസികളുടെ കടുത്ത വിയോജിപ്പിനെ മറികടന്ന്‌ ഐഒസി പ്ലാന്റ്‌ സ്ഥാപിക്കുന്നതിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച്‌ മാസക്കാലമായി നടന്നുവരുന്ന സമരത്തെ തകർക്കുക എന്ന ആസൂത്രിത ലക്ഷ്യത്തോടെ ഐഒസി അധികൃതരും പൊലീസും നേരിട്ടത്‌.
യാതൊരു പ്രകോപനവുമില്ലാതെ സമരക്കാരെ കമ്മിഷണർ നേരിട്ടുതന്നെ തലങ്ങും വിലങ്ങും മർദ്ദിക്കുകയും ചവിട്ടുകയും തറയിലിട്ട്‌ വലിച്ചിഴക്കുകയും ചെയ്തത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിത പൊലീസ്‌ നയത്തിന്‌ വിരുദ്ധമാണ്‌. അതിജീവനത്തിനായി സമരം നടത്തുന്നവരെ തല്ലിചതയ്ക്കുന്നതിനുപകരം അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനാണ്‌ ശ്രമിക്കേണ്ടത്‌. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം. സമരക്കാരെ തല്ലിചതച്ചതിന്‌ നേതൃത്വം നൽകിയ കമ്മിഷണർ യതീഷ്ചന്ദ്ര ഉൾപ്പടെയുള്ള പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണമെന്ന്‌ എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.ആർ സജിലാലും സെക്രട്ടറി മഹേഷ്‌ കക്കത്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author