പുറങ്കടലിൽ പുതിയ തുറമുഖം: മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

പുറങ്കടലിൽ പുതിയ തുറമുഖം: മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ
March 18 04:45 2017

അറബിക്കടലിൽ പുതിയ തുറമുഖം സ്ഥാപിക്കാനുള്ള നീക്കത്തിൽ എതിർപ്പ്‌ ശക്തം

ബേബി ആലുവ
സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ അറബിക്കടലിൽ പുതിയൊരു തുറമുഖം കൊണ്ടുവരാനുള്ള നീക്കം മത്സ്യത്തൊഴിലാളി സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തുന്നു. വാണിജ്യ സ്ഥാപനങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും നിർമ്മാണവും വൻതോതിലുള്ള ഭൂമി കച്ചവടവുമൊക്കെ ചേർത്തുള്ള ഉപനഗരം കടലിൽ സൃഷ്ടിക്കാനാണ്‌, തുറമുഖത്തിന്റെ മറപിടിച്ച്‌ ഉന്നമിടുന്നതെന്നാണ്‌ പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.
കടലിന്റെ ആവാസ വ്യവസ്ഥ തകിടം മറിയുന്നതിനും മത്സ്യസമ്പത്തിന്റെ നാശത്തിനും ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം അടയുന്നതിനും പുറങ്കടൽ തുറമുഖം കാരണമാകുമെന്നാണ്‌ ഈ രംഗത്തെ സാങ്കേതിക വിദഗ്ധരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും വിലയിരുത്തൽ. കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്റെ ആശയത്തിന്‌ കേന്ദ്ര സർക്കാരിന്റെ പിൻബലവുമുണ്ട്‌.
നാല്‌ വർഷം മുമ്പ്‌ ഇത്തരത്തിൽ നീക്കമുണ്ടായെങ്കിലും മത്സ്യത്തൊഴിലാളികളുടെ കടുത്ത എതിർപ്പിനെതുടർന്ന്‌ താൽക്കാലിമായി നടപടി മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. അതിനു മുമ്പ്‌ വിഴിഞ്ഞത്ത്‌ 6000 ഏക്കൽ കടൽ നികത്തി ഉപനഗരം നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എഐടിയുസി രംഗത്തുവന്നതോടെ അതിൽ നിന്നും അധികൃതർ തലയൂരി.
40,000 ത്തിനും 50,000ത്തിനും ഇടയ്ക്ക്‌ കോടികൾ ചെലവ്‌ വരുന്ന 3250 ഏക്കർ കടൽ നികത്തിയ ഭൂമിയിൽ ബൃഹത്‌ പദ്ധതിക്കാണ്‌ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ കരുക്കൾ നീക്കുന്നത്‌. പുതുവൈപ്പിനോട്‌ ചേർന്നുള്ള കടലിലെ 2600 ഏക്കറും ഫോർച്ചുകൊച്ചിയോട്‌ ചേർന്നുള്ള ഭാഗത്തെ 650 ഏക്കറും പുറങ്കടൽ തുറമുഖത്തിനായി സജ്ജമാക്കാനാണ്‌ തീരുമാനം. പുതുവൈപ്പിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും കടലിലേക്ക്‌ ആറ്‌ കിലോമീറ്റർ ദൂരത്തായി ഇതിലേക്ക്‌ രണ്ട്‌ പുലിമുട്ടുകൾ നിർമ്മിക്കും. 3650 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന രണ്ട്‌ പുലിമുട്ടുകളിൽ ഒരെണ്ണത്തിനായി 1050 കോടി മുടക്കാൻ നാവിക സേന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ്‌ പോർട്ട്‌ ട്രസ്റ്റ്‌ അധികൃതർ പറയുന്നത്‌. ശേഷിക്കുന്ന പുലിമുട്ടിന്റെ നിർമ്മാണത്തിനുള്ള തുക പൊതുമേഖലാ സ്ഥാപനങ്ങളുമായോ ഇതരതുറമുറഖങ്ങളുമായോ ചേർന്ന്‌ ലഭ്യമാക്കാനാണ്‌ തീരുമാനം. വിദേശ കമ്പനികളുടെയും സ്വകാര്യ മേഖലയുടെയും സഹായത്തോടെ പദ്ധതി പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.
കേന്ദ്രീകൃത ഓയിൽ റിഫൈനറി, ഓയിൽ ട്രേഡിഡ്‌ ഹബ്ബ്‌, ഓഫ്‌ ഷേർറിങ്‌ ഫാബ്രിക്കേഷൻ ഫെസിലിറ്റി, ഫ്രീ ട്രേഡ്‌ വെയർ ഹൗസിംഗ്‌ സോൺ, അൾട്രാ മെഗാ പവർ പ്ലാന്റ്‌ തുടങ്ങിയവയൊക്കെ പുറങ്കടൽ തുറമുഖത്ത്‌ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഒരു ഭാഗത്ത്‌ നാവികസേനയുടെ യുദ്ധത്താവളം നിർമ്മിക്കാനും പരിപാടിയുണ്ട്‌.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ച്‌ ഉപ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കൂറ്റൻ റിഫൈനറികൾ വിഭാവനം ചെയ്യുന്നത്‌. 20 മില്യൺ മെട്രിക്‌ ടൺ എണ്ണ കൈകാര്യം ചെയ്യാവുന്ന റിഫൈനറിയോ ലിക്വിഡ്‌ ട്രേഡിംഗ്‌ ഹബ്ബോ ഒക്കെയാണ്‌ പഠന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്‌. ഇങ്ങനെ മനക്കോട്ടകൾ കെട്ടുമ്പോൾ, ഇതിനുപിന്നിലെ വൻ അപകടസാധ്യതകൾ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ അധികൃതർ. നഗര മദ്ധ്യത്തിലൂടെ എണ്ണക്കുഴലുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ കൊച്ചി ഇപ്പോൾ തന്നെ അപകടങ്ങളുടെ നടുവിലാണ്‌.
ഡ്രാഫ്റ്റ്‌ കൂടിയ കൂറ്റൻ കപ്പലുകളുടെ എണ്ണം ലോകത്ത്‌ വർദ്ധിച്ചുവരികയാണെന്നും ഇത്തരം കപ്പലുകൾക്ക്‌ നിലവിൽ കൊച്ചി, വല്ലാർപാടം എന്നിവിടങ്ങളിൽ അടുക്കാൻ കഴിയുന്നില്ലെന്നുമാണ്‌, പുറങ്കടൽ തുറമുഖം സ്ഥാപിക്കുന്നതിന്‌ ന്യായീകരണമായി അധികൃതർ പറയുന്ന മറ്റൊരു കാര്യം. ആഴക്കുറവാണ്‌ പ്രശ്നം. അന്താരാഷ്ട്ര സമുദ്രപാതയോട്‌ ചേർന്നാണ്‌ പുതിയ തുറമുഖം വിഭാവനം ചെയ്യുന്നത്‌ എന്നതിനാൽ ആഴക്കുറവ്‌ വിഷയമാകില്ലെന്നും അവർ അവകാശപ്പെടുന്നു.
ഇപ്പോൾ, കപ്പൽചാലിൽ അടിയുന്ന ചെളി കോരിമാറ്റാൻ വൻതുക പോർട്ട്‌ ട്രസ്റ്റ്‌ വഹിക്കേണ്ടിവരുന്നു എന്നതൊരു വസ്തുതയാണ്‌. കേന്ദ്രസർക്കാർ മനസ്സുവച്ചാൽ പരിഹരിക്കാവുന്നതാണ്‌ ഈ പ്രശ്നം. കൊൽക്കൊത്ത തുറമുഖത്തെ ഡ്രഡ്ജിങ്‌ ചെലവുകൾ വഹിക്കുന്നത്‌ കേന്ദ്രമാണ്‌.

നാളെ: പുനരവതരിക്കുന്നത്‌, എതിർപ്പുമൂലം പിൻവലിച്ച പദ്ധതി

  Categories:
view more articles

About Article Author