പൂനത്തിന്റെ ശതകം പാഴായി; ഇന്ത്യയെ വീഴ്ത്തി ഓസീസ്‌ സെമിയിൽ

പൂനത്തിന്റെ ശതകം പാഴായി; ഇന്ത്യയെ വീഴ്ത്തി ഓസീസ്‌ സെമിയിൽ
July 13 04:45 2017

ബ്രിസ്റ്റോൾ: ഇന്ത്യൻ ഓപ്പണർ പൂനം റൗത്തിന്റെ ശതകവും ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ചെറുത്തുനിൽപ്പും പാഴായി. വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ സെമിയിലെത്തി.
ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യയ്ക്ക്‌ തുടക്കത്തിൽതന്നെ തിരിച്ചടിയേറ്റു. ഓപ്പണർ സ്മൃതി മണ്ടന മൂന്ന്‌ റൺസെടുത്ത്‌ പുറത്തായി. തുടർന്നെത്തിയ മിതാലിയുമൊത്ത്‌ പൂനം ഇന്ത്യൻ ഇന്നിങ്ങ്സിന്‌ അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന്‌ 155 റൺസ്‌ ചേർത്തു. എങ്കിലും അച്ചടക്കമുള്ള ഓസ്ട്രേലിയൻ ബൗളിങ്ങിനെതിരെ സ്കോറിങ്ങിന്‌ വേഗം കുറവായിരുന്നു. 69 റൺസെടുത്ത്‌ മിതാലി പുറത്തായതിന്‌ ശേഷമെത്തിയ ഹർമൻപ്രീത്‌ കുറച്ചുനേരം പിടിച്ചുനിന്നു. ഇതിനിടെ പൂനം സെഞ്ചുറി തികച്ചു.
136 പന്തിൽ നിന്നും 11 ബൗണ്ടറികളുടെ സഹായത്തോടെയാണ്‌ പൂനം 106 റൺസെടുത്തത്‌. സ്കോർ 203 ലെത്തിയപ്പോൾ പൂനം പുറത്തായതോടെ ഇന്ത്യ തകർച്ചയെ നേരിട്ടു, ഇതോടെ ഇന്ത്യയുടെ സ്കോർ ഏഴുവിക്കറ്റിന്‌ 226 റൺസിൽ ഒതുങ്ങി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 45.1 ഓവറിൽ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മെഗ്‌ ലാനിങ്‌ 76 റൺസും എലിസ്‌ പെറി 60 റൺസും നേടി പുറത്താകാതെ നിന്നു. നിക്കോൾ ബോൾട്ടൻ 36 റൺസും ബെത്‌ മൂണി 45 റൺസും നേടി. തോൽവിയോടെ ഇന്ത്യയ്ക്ക്‌ അടുത്ത മത്സരം ഏറെ നിർണായകമായി.

  Categories:
view more articles

About Article Author