പൂന്തോട്ടത്തിലെ സുന്ദരികൾ

പൂന്തോട്ടത്തിലെ സുന്ദരികൾ
March 11 04:45 2017

അനുകൃഷ്ണ എസ്‌
പൂന്തോട്ടത്തെ കൂടുതൽ സുന്ദരമാക്കാൻ ആഗ്രഹിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട രണ്ടു സുന്ദരിമാരാണ്‌ കല്യാണ സൗഗന്ധികവും ടോർച്ച്‌ ലില്ലിയും. രണ്ടുപേരും ഒന്നിനൊന്ന്‌ മുന്നിലാണ്‌.
പൂന്തോട്ടത്തിന്‌ മനോഹാരിത നൽകുന്നതിനു പുറമെ സുഗന്ധവും പകരുന്നതാണ്‌ കല്യാണ സൗഗന്ധികം. പാലപ്പൂവിനെപ്പോലെ സന്ധ്യാനേരത്താണ്‌ ഈ പുഷ്പം ചുറ്റും സുഗന്ധം പരത്തുന്നത്‌. നീളമുള്ള പച്ച ഇലകളുടെ ഏറ്റവും മുകളിലായി തലയുയർത്തി നിൽക്കുന്ന വെള്ള പുഷ്പങ്ങൾ ലില്ലിപ്പൂക്കൾ പോലെ മനോഹരമാണ്‌. ഇഞ്ചിയുടെ കുടുംബക്കാരിയായ കല്യാണസൗഗന്ധികത്തിന്റെ ശാസ്ത്രനാമം ഹെലിക്കോണിയ റോസ്ട്രേറ്റ എന്നാണ്‌. വീട്ടുമുറ്റത്തുള്ള പൂന്തോട്ടങ്ങളിൽ സാധാരണയായി വളരുന്ന ഈ സസ്യം ഹാങ്ങിങ്‌ ലോബസ്റ്റർ ക്ലോ എന്നാണ്‌ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്‌.
ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും വിരിയുന്നതിന്‌ നാലഞ്ചു ദിവസങ്ങൾ വേണം.
നടീലും ശുശ്രൂഷയും: പൂന്തോട്ടത്തിൽ തണൽ ഉള്ളിടത്ത്‌ ഇഞ്ചിയുടേതു പോലുള്ള കിഴങ്ങ്‌ നടാം. തറയിൽ നട്ടാൽ അഞ്ചു വർഷത്തോളം അനക്കേണ്ടതില്ല. ചെടിച്ചട്ടിയിലും വളർത്താം. പക്ഷേ രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം പറിച്ച്‌ വേറെ മണ്ണു നിറച്ച്‌ വീണ്ടും നടേണ്ടതാണ്‌.
ഒരു തണ്ടിൽ നിന്ന്‌ ഒരു പൂങ്കുലയേ ഉണ്ടാകുകയുള്ളൂ. എല്ലാ പൂക്കളും വിരിഞ്ഞതിനു ശേഷം തണ്ടുകൾ മുറിച്ചു മാറ്റുന്നത്‌ പുതിയ തണ്ടുകൾ ഉണ്ടാകുവാൻ സഹായിക്കും.
അധികം പരിചരണം വേണ്ടാത്ത കല്യാണ സൗഗന്ധികം സാധാരണ പൂന്തോട്ടങ്ങളിലെ അംഗമാണ്‌. സന്ധ്യാനേരത്ത്‌ പൂക്കളുടെ നറുമണം നമ്മുടെ വീട്ടു മുറ്റത്തും അനുഭവപ്പെടാൻ കല്യാണ സൗഗന്ധികം പോലുള്ള നാടൻ ചെടികൾ ഉപകരിക്കും.
ലില്ലിയെക്കുറിച്ച്‌ പറയാനും ഒട്ടേറെയുണ്ട്‌ കാര്യം. ലില്ലിയെസസ്യകുടുംബത്തിൽപെട്ട ഈ പൂന്തോട്ട സുന്ദരിയുടെ ജന്മനാട്‌ ദക്ഷിണാഫ്രിക്കയാണ്‌. വീതി കുറഞ്ഞ നീണ്ട ഇലകൾക്കു നടുവിൽ ഉയർന്നൂ നിൽക്കുന്ന തീപ്പന്തം പോലുളള ഇതിന്റെ പൂവ്‌ ആരെയും മോഹിപ്പിക്കുന്നു. നിഫോഫിയ യുവേറിയ (ഗിശുവീളശമ ൌ‍്മൃശമ) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇതിനെ ആദ്യമായി ലോകത്തിന്‌ പരിചയപ്പെടുത്തിയത്‌ ജോൺ ഹിറോണിമസ്‌ നിഫോഫ്‌ എന്ന ജർമ്മൻ സസ്യശാസ്ത്രജ്ഞനാണ്‌. തന്റെ പേരിനാൽ തന്നെ അറിയപ്പെടുന്ന ഈ സസ്യത്തെകുറിച്ച്‌ അദ്ദേഹം സ്വന്തം പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്‌. ലോകമെമ്പാടുമായി 60 മുതൽ 75 വരെ സ്പീഷീസുകളുളള ഇതിന്റെ ചുവപ്പും മഞ്ഞയും കലർന്ന കുലയോടുകൂടിയ പൂവിനമാണ്‌ ഇന്ത്യയിൽ പ്രത്യേകിച്ച്‌ കേരളത്തിൽ കണ്ടുവരുന്നത്‌. വേനൽക്കാലാന്ത്യത്തിലും ശരത്ക്കാലമധ്യത്തിലും കൂട്ടമായ ഇലകൾക്കു നടുവിൽ ഭംഗിയുളള പൂക്കുലകൾ ഉയർന്നുവരുന്നു. ഇത്തരം ചെടികൾ ഫലഫൂയിഷ്ഠമായതും നീർവാർച്ചാ സൗകര്യമുളളതുമായ മണ്ണിൽ നന്നായി വളരുന്നു. ഉറച്ച നാരുവേരു പടലമുളള ടോർച്ച്‌ ലില്ലി, ലാൻഡ്‌ സ്കേപ്പ്‌ ചെയ്തിട്ടുളള പൂന്തോട്ട പാർശ്വങ്ങളിലും റോക്ക്‌ ഗാർഡനുകളുടെ വശങ്ങളിലും ഒരു മണ്ണു സംരക്ഷകയായി നട്ടു വളർത്താവുന്നതാണ്‌. പ്രജനനം വിത്തുമൂലമോ തായ്ച്ചെടിയുടെ ചുവട്ടിൽ നിന്ന്‌ പിരിച്ചുനട്ടോ സാധ്യമാക്കാം.

  Categories:
view more articles

About Article Author