പൂമുഖകിളിവാതിൽ അടയ്ക്കുകില്ല മാണിപ്പെണ്ണേ നിന്നെ ഉറക്കുകില്ല!

പൂമുഖകിളിവാതിൽ അടയ്ക്കുകില്ല മാണിപ്പെണ്ണേ നിന്നെ ഉറക്കുകില്ല!
May 15 04:55 2017

വാതിൽപ്പഴുതിലൂടെ
ദേവിക
കെ എം മാണിക്ക്‌ ഇതു പാട്ടുകളുടെ കാലം. ഈയടുത്ത്‌ കോട്ടയത്തുവെച്ച്‌ മാണിപ്പെണ്ണിനെ ഏതോ വിരുതൻ ഒന്നു തൊട്ടുനോക്കിയപ്പോൾ മാണി പാടി, ‘തൊട്ടു തൊട്ടില്ല, മൊട്ടിട്ടുവല്ലോ മേലാകെ.’
ആ പാട്ടു കേട്ടതോടെ രമേശ്‌ ചെന്നിത്തലയ്ക്ക്‌ ആകെ ഒരു ഹർഷോന്മാദം. മാണിക്കെതിരെ ഞാൻ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. കതകുചാരിയിട്ടേയുള്ളൂ. പക്ഷേ കോട്ടയത്തെ എ ഗ്രൂപ്പുകാർ കട്ടായമായി പാടി; അടച്ചിട്ട ജാലകങ്ങൾ തുറക്കുകയില്ലെന്ന്‌. പാട്ടുകൾ കേട്ടുകൊണ്ടാണ്‌ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ നെടുമ്പാശേരിയിൽ പറന്നിറങ്ങിയത്‌. ഡൽഹിയിൽ കുര്യന്റെ ആഫീസ്‌ പൂട്ടാറായി. ഇനിയെങ്കിലും പണി ഇവിടെ നോക്കണം. ഒത്തുവന്നാൽ മാവേലിക്കരയിൽ നിന്ന്‌ നിയമസഭയിലേക്ക്‌ ഒരുകൈ നോക്കണം. അതിനു മാണിയേയും കൂട്ടാം.
മാണിപ്പെണ്ണിനെതിരെ ഏതു കോൺഗ്രസുകാരനാണ്‌ വാതിൽ അടച്ചിട്ടത്‌, താൻ റോമിൽ പോയ തക്കത്തിന്‌ ഈ വാതിലടയ്ക്കലാകാമോ എന്നീ ചോദ്യങ്ങൾക്കുശേഷം കുര്യനും പാടുന്നു; പുമുഖകിളിവാതിൽ അടയ്ക്കുകില്ല കാമുകി നിന്നെ ഞാൻ ഉറക്കുകില്ല… പാടിപ്പതിഞ്ഞ ആ പാട്ടുകേട്ട്‌ കോൺഗ്രസുകാർ ഞെട്ടുമ്പോൾ മാണിപ്പെണ്ണിനെ പണ്ടൊന്നു തൊട്ടു നോക്കിയവരിൽ നിന്നും ഒരു വിരഹഗാനം. ‘വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല, എന്റെ തുളസിത്തറയിലിരുന്നില്ല, എൻ താമരമാലയണിഞ്ഞില്ലാ..! പക്ഷേ കുര്യനുണ്ടോ വിടുന്നു. കുഞ്ഞുമാണിപ്പെണ്ണ്‌ ജോസ്‌ മോനുമായി വന്നാലും താൻ മിന്നുകെട്ടിക്കൊള്ളാമെന്ന്‌ പ്രലോഭനം.’

‘വ്യാളിമുഖം വെച്ചുതീർത്ത വളഞ്ഞവാതിൽ രണ്ടും ആളകത്തിരുന്നാൽ കാണാം’ എന്ന കുമാരനാശാന്റെ വാസവദത്തെയെപോലെ ഉത്തരപാലയിലെ ഉത്തരോപാന്തത്തിലുള്ള വിസ്തൃതമാം രാജവീഥിയിൽ കരചരണങ്ങളറ്റുകിടക്കുമ്പോഴും മാണിപ്പെണ്ണിന്‌ കലിപ്പ്‌ സിപിഐയോടാണ്‌. ഞങ്ങൾ ഇടതുമുന്നണിയിൽ വന്നാൽ സിപിഐയുടെ ഗ്രേഡ്‌ കുറയുമെന്നാണ്‌ മാണിയുടെ പുതിയ സൂത്രവാക്യം. മാണിയുടെ ആറാണോ വലുത്‌ സിപിഐയുടെ പത്തൊൻപതാണോ വലുതെന്ന്‌ ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒരു ചോദ്യവും. എന്റെ ആറ്‌ ഇമ്മിണി ബല്യ ആറാണെന്ന്‌ ബഷീറിയൻ ശൈലിയിൽ മാണിക്ക്‌ അങ്ങിനെയങ്ങു പറയാനും വയ്യ. കാരണം മാണിക്കിപ്പോൾ ആറുപേർ കൂടെയില്ല. ആകെയുള്ളതു താനും മോനും. കൂടെയുണ്ടായിരുന്നവർ സലാം പറഞ്ഞു പടിയിറങ്ങിനിൽക്കുമ്പോൾ കാനത്തിന്‌ ഇനി ചോദ്യം മാറ്റി ചോദിക്കാം, ഒന്നാണോ വലുത്‌ പത്തൊൻപതാണോ വലുത്‌ എന്ന്‌.
മാണിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ ഭൂമിമലയാളത്തിലുള്ളവർക്കും ഇടതുപക്ഷത്തിനും മാണിസംഘത്തെ വേണ്ടെന്ന്‌ കാനം പറഞ്ഞതിനിടയിലാണ്‌ മാണിക്കെതിരെ ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വന്റെ ഒരു അപാരചെയ്ത്ത്‌! മാണിയെ ഇടതുമുന്നണിക്കു വേണ്ടെന്നും അക്കാര്യം ആലോചിച്ചിട്ടില്ലെന്നും ഒരു ഉഗ്രപ്രഖ്യാപനം. കോട്ടയത്തുകാരായ കാനവും വിശ്വനും കോട്ടയത്തുകാരൻ തന്നെയായ മാണിയെ അങ്ങനെയങ്ങ്‌ അറുത്തുമുറിച്ചെറിയുന്നത്‌ കരുണയാണോ!

ഇതെല്ലാം കേട്ട മാണി ഇന്നലെ പറഞ്ഞതാണ്‌ സത്യത്തോട്‌ ചേർന്നു നിൽക്കുന്നത്‌. ഏതു മുന്നണിയിൽ ചേരണമെന്ന്‌ താൻ തീരുമാനിക്കുമെന്ന്‌. അപ്പോൾ പാർട്ടിവിട്ടുപോയ ഫ്രാൻസിസ്‌ ജോർജ്ജ്‌ പറഞ്ഞതാണ്‌ ശരി. മാണി ഏകാധിപതിയാണ്‌, കുടുംബവാഴ്ച കണ്ടുപിടിച്ചവനാണ്‌ എന്നൊക്കെ അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ‘ഞാനും ഞാനും മോനും പിന്നെ എന്റെ കുട്ടിയമ്മയും’ എന്ന്‌ പൂമരപ്പാട്ടുപാടിയ മാണിയെക്കുറിച്ച്‌ പി ജെ ജോസഫിനും സി എഫ്‌ തോമസ്‌, മോൻസ്‌ ജോസഫ്‌ ഇത്യാദികൾക്കും ഇനി എന്തുപറയാനുണ്ടെന്നേ അറിയാനുള്ളു. മാണിക്കും മോനും കണ്ണുകിട്ടാതിരിക്കാനുള്ള നോക്കുകുത്തിയായി തങ്ങൾ ഇനിയും കെട്ടിത്തൂങ്ങി നിന്നുകൊള്ളാമെന്ന്‌ അവർ പറയുമോ എന്തോ!

കഴിഞ്ഞ ദിവസം ഒരു നസ്രാണിക്കുട്ടി അമ്മയോടു ചോദിച്ചു; മമ്മീ ഈ കുരിശിന്റെ ഉപയോഗമെന്ത്‌? അസത്തേ വേണ്ടാതീനം പറയുന്നോ എന്നു കയർത്ത്‌ അമ്മ പറഞ്ഞു. മനുഷ്യരാശിയുടെ മോചനത്തിന്‌ അവതരിച്ച യേശുദേവന്റെ സഹനത്തിന്റെയും പീഡാനുഭവത്തിന്റെയും ചിഹ്നമാണ്‌ മോനേ കുരിശ്‌. അതുകൊണ്ടാണ്‌ നാം അതു കഴുത്തിലണിയുന്നത്‌. ക്രിസ്തുദേവനെ തറച്ച കുരിശായതുകൊണ്ടാണ്‌ നാമതിനെ വണങ്ങുന്നത്‌.
എട്ടും പൊട്ടും തിരിയാത്ത കുട്ടിയായതിനാൽ കുട്ടി ആ ഉത്തരത്തിൽ തൃപ്തിയടഞ്ഞു. കൂടുതൽ ചോദ്യങ്ങളുണ്ടായിരുന്നുവെങ്കിൽ ആ അമ്മയ്ക്ക്‌ ഉത്തരങ്ങൾ പൂഴ്ത്തിവയ്ക്കേണ്ടി വരുമായിരുന്നു. യേശുക്രിസ്തുവിനെ തറച്ച കുരിശിന്റെ ഇരുവശത്തും രണ്ടു കള്ളന്മാരേയും ഒപ്പം കുരിശിൽ തറച്ചിട്ടുണ്ടെന്നു പറയണമായിരുന്നു.

ഇടുക്കിയിലെ കാട്ടുകള്ളന്മാർക്കും അവരുടെ ക്രിമിനൽ വിശ്വാസ ചിഹ്നമാണ്‌ കുരിശെന്ന്‌ ആ അമ്മയ്ക്ക്‌ കുരിശിൽ തൊട്ടു പറയാമായിരുന്നു. ഇടുക്കിയിലെ കുരിശു കൃഷി സൃഷ്ടിക്കുന്ന വാർത്താപ്രഞ്ചത്തിനിടയിലാണ്‌ ഇങ്ങുതെക്ക്‌ പൂവാർ കടലോരത്തെ മറ്റൊരു കുരിശു കൃഷിയുടെ വാർത്ത പുറത്തുവന്നിരിക്കുന്നത്‌. അവിടെ ഐസാ ലാ ഡികൊക്കോ എന്നൊരു നക്ഷത്ര റിസോർട്ടുണ്ട്‌. സാക്ഷാൽ വിശുദ്ധ മാണിയുടെ പുന്നാര മരുമോന്റെ റിസോർട്ട്‌. കടലും കായലും അതിരിട്ടു കിടക്കുന്ന ഈ റിസോർട്ടിൽ ഒരിക്കൽ ദേവിക പോയിരുന്നു. അങ്ങിങ്ങു ചെറുദ്വീപുകളിൽ കുരിശുകൾ നാട്ടിയിരിക്കുന്നു. റിസോർട്ടിന്‌ വൃക്ഷാവരണമായി കശുമാവിൻ തോപ്പുകൾ, ഇപ്പോഴല്ലേ അറിയുന്നത്‌ സർക്കാർ ഭൂമികയ്യേറിയാണ്‌ റിസോർട്ടും കുരിശു കൃഷിയുമെന്ന്‌. ഇടുക്കിയിൽ നിന്നും പാലാവഴി പൂവാറിലേക്കും കള്ളക്കുരിശിന്റെ വഴികൾ വെട്ടിയിരിക്കുന്നുവെന്ന്‌ ഇപ്പോഴല്ലേ അറിയുന്നത്‌! ‘മാൻപേടയോട്‌ മുനികന്യകയഭ്യസിച്ചോ, മാൻപേടതന്നെ മുനികന്യയോടഭ്യസിച്ചോ’ എന്ന മട്ടിൽ മാണിയിൽ നിന്നു പാപ്പാത്തിച്ചോലയിലെ ടോംസ്കറിയാ വട്ടകുന്നേൽ കള്ളക്കുരിശുകൃഷി അഭ്യസിച്ചോ അതോ വടക്കുന്നേൽ കുടുംബം മാണിയെ കുരിശുകൃഷി പഠിപ്പിച്ചോ എന്നേ ഇനിയറിയാനുള്ളു. എന്തായാലും കുരിശിന്‌ അങ്ങിനെയും ഒരുപയോഗമുണ്ടെന്ന്‌ കുട്ടിയെ അമ്മ പഠിപ്പിക്കാത്തത്‌ ഭാഗ്യം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി പ്രസവിച്ച കുട്ടിയെ കന്യാസ്ത്രീ മഠത്തിൽ ഒളിപ്പിച്ച ആൽബിനച്ചന്റെ കഴുത്തിലും കുരിശുണ്ടായിരുന്നു. കൂട്ടുപ്രതികളായ കർത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രീമാരുടെ കഴുത്തിലും കുരിശുണ്ടായിരുന്നു. ജയിലിലായപ്പോൾ ആ കുരിശുകൾ ജെസിബി ഉപയോഗിക്കാതെ തന്നെ അധികൃതർ ഊരിമാറ്റി. ഇപ്പോൾ കേൾക്കുന്നത്‌ പീച്ചിയിലെ ഒരു വികാരിയച്ചനായ സനൽ കെ ജെയിംസ്‌ അച്ചന്റെ കഥ. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ജീവപര്യന്തം ശിക്ഷിക്കപ്പട്ട ഈ അച്ചന്റെ കുരിശ്‌ ഊരേണ്ടിവന്നില്ല.
സമാനമായ മറ്റൊരു പീഡനക്കേസിൽ മരണംവരെ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സനലച്ചന്റെ കുരിശ്‌ അന്നേ ഊരിമാറ്റിയിരുന്നു. പാപ്പാത്തി ചോലയിലെ കുരിശിന്റെ മറ്റൊരു രൂപം. കയ്യേറ്റക്കാർക്കും കള്ളപ്പട്ടയക്കാർക്കും കാമാർത്തന്മാർക്കും കുരിശു വിശ്വാസ ചിഹ്നമാകുന്ന കലികാലത്ത്‌ യേശുക്രിസ്തു ഉയിർത്തെഴുന്നേൽക്കാത്തത്‌ ഭാഗ്യം. അല്ലെങ്കിൽ ഈ കള്ളക്കുരിശുകാരെ ചമ്മട്ടികൊണ്ടടിക്കില്ലായിരുന്നോ. പുനരവതരിച്ച ക്രിസ്തുദേവൻ എന്തായാലും ഇവരെ കുരിശിൽ തറയ്ക്കില്ലെന്നുറപ്പ്‌! കുരിശ്‌ അശുദ്ധമാക്കിക്കൂടല്ലോ.
സർവപുലിവാലുകളും തലയിൽ വലിച്ചുവച്ച കൽക്കത്താ ഹൈക്കോടതി ജസ്റ്റിസ്‌ സി എസ്‌ കർണൻ എന്തെല്ലാം നമ്പരുകളിറക്കിയാണ്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്‌. ഒരിക്കൽ മദ്രാസ്‌ ഹൈക്കോടതിയിൽ വിചാരണ നടക്കുമ്പോൾ അവിടെ പാഞ്ഞുകയറി കോടതി നടപടികൾ അലങ്കോലമാക്കി. പിന്നീട്‌ തന്നെ കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റി സ്വയം ഉത്തരവിറക്കി. ഇപ്പോൾ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഖെഹർ അടക്കം ഏഴു ന്യായാധിപരുടെ ‘തലപരിശോധിക്കണം’ എന്ന്‌ ഉത്തരവിറക്കി! കർണനെ അറസ്റ്റ്‌ ചെയ്യാൻ പരമോന്നത നീതിപീഠം ഉത്തരവിട്ടപ്പോൾ അവരെ അറസ്റ്റ്‌ ചെയ്ത്‌ ഹാജരാക്കാൻ കർണന്റെ ബദൽ ഉത്തരവ്‌. ‘നാടകാന്തം കവിത്വം’ പോലെ ഒടുവിൽ കർണൻ ഒളിവിൽ. ഇപ്പോൾ അറസ്റ്റും കേസുകെട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഒളിവിലിരുന്ന്‌ കർണൻ മാപ്പപേക്ഷ നൽകുന്നു.
എത്രയോ മാപ്പപേക്ഷകൾ സ്വീകരിച്ച സുപ്രിം കോടതി ഇപ്പോൾ മാപ്പപേക്ഷപോലും നിരസിച്ചിരിക്കുന്നു. പണ്ട്‌ പുരാണത്തിലെ പരാശര മഹർഷി കൊച്ചുവെളുപ്പാൻകാലത്ത്‌ കടത്തുകാരി മുക്കുവപ്പെണ്ണായ മത്സ്യഗന്ധിയോട്‌ കടത്തുകടത്തിത്തരാൻ അപേക്ഷിച്ചപ്പോൾ പറഞ്ഞ മറുപടി ‘നേരമൊന്നു വെളുത്തോട്ടെ, കാളിന്ദിയുണർന്നോട്ടേ, അക്കരെയിക്കരെ കടത്തിറങ്ങാൻ ആളുവന്നോട്ടെ’ എന്നപോലെയായിപ്പോയി.
കർണൻ ശിക്ഷിച്ച ഏഴു ജസ്റ്റിസുമാരെയും ഒന്ന്‌ ഒത്തു കിട്ടിക്കോട്ടെ എന്നിട്ടാകാം മാപ്പപേക്ഷ പരിഗണിക്കുന്നതെന്ന കോടതിയുടെ മറുപടി കഠിനമായിപ്പോയി. മാപ്പപേക്ഷ പരിഗണിച്ചു മാപ്പു നൽകുന്നതിലും വിവേചനമുണ്ടോ എന്ന്‌ ഇനി കർണശപഥം മതിയാക്കി കർണനു ചോദിക്കാം!

  Categories:
view more articles

About Article Author