പൂരം കൊടിയിറങ്ങുമ്പോൾ

പൂരം കൊടിയിറങ്ങുമ്പോൾ
May 06 04:55 2017

പൂരങ്ങളുടെ പൂരം തൃശൂർ പൂരത്തിന്‌ കൊടിയിറങ്ങിയപ്പോൾ ഒരു ജനതയുടെതന്നെ ഒരു വർഷത്തെ കാത്തിരിപ്പിനാണ്‌ വിരാമമാകുന്നത്‌. ഒരു ജനതയുടെ തന്നെ മനസ്സിലേക്ക്‌ കൊട്ടിക്കയറിക്കൊണ്ടാണ്‌ ഓരോ പൂരത്തിനും തിരശ്ശീല വീഴുക. അടുത്ത പൂരനാളുകൾ സ്വപ്നം കണ്ടുകൊണ്ടാവും ഓരോ മലയാളിയും പൂരപ്പറമ്പ്‌ വിട്ടിട്ടുണ്ടാവുക. അതാണ്‌ പൂരം… തൃശൂർപൂരം. ഇന്നലെ ഒരു മഴയിൽ പൊട്ടിമുളച്ചതല്ല ഈ മഹാപൂരം. അതിന്‌ കേരള സംസ്കാരത്തിൽ തന്നെ അന്തർലീനമായ ബന്ധമുണ്ട്‌.
തൃശ്ശൂർ എന്ന നാടിനെ ലോക പ്രശസ്തമാക്കുന്നതിന്‌ ഏറ്റവും വലിയ പങ്കു വഹിച്ച ഒന്നാണ്‌ തൃശ്ശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന്‌ 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്‌. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ്‌ തൃശ്ശൂർ പൂരം ആഘോഷിക്കുന്നത്‌. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക്‌ ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന്‌.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്‌, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട്‌ എന്നിവയാണ്‌ പ്രധാന ആകർഷണങ്ങൾ. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ്‌ ബ്രഹ്മസ്വം മഠത്തിലേക്ക്‌ കൊണ്ടു പോകുന്ന പുറപ്പാട്‌ എഴുന്നള്ളത്ത്‌, മഠത്തിൽ നിന്ന്‌ പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തിൽ വരവ്‌ എഴുന്നള്ളത്ത്‌, ഉച്ചക്ക്‌ പാറമേക്കാവ്‌ ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്‌, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്‌, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന്‌ ശേഷമുള്ള വെടിക്കെട്ട്‌, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ്‌ പ്രധാന ചടങ്ങുകൾ.
ശക്തൻ തമ്പുരാന്റെ കാലത്ത്‌ കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന്‌ ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ്‌ വിശ്വാസം.
തൃശ്ശൂർ നഗരമധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട്‌ മൈതാനത്തിലുമായാണ്‌ പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്‌. തിരുവമ്പാടിപാറമേക്കാവ്‌ ക്ഷേത്രങ്ങളിലെ ദേവിമാരാണ്‌ തൃശ്ശൂർപൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്‌. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ ഉപദേവതയായ ഭഗവതിയാണ്‌ പങ്കെടുക്കുന്നത്‌. എട്ട്‌ ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ്‌ തൃശ്ശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ്‌ ദേവസ്വങ്ങൾക്ക്‌ മാത്രമായി ചില അവകാശങ്ങൾ ഉണ്ട്‌. വടക്കുംനാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും അവകാശങ്ങളാണ്‌.
ഇലഞ്ഞിത്തറമേളം
പൂരത്തിലെ പ്രധാന ചടങ്ങാണ്‌ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്ക്‌ അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ്‌ പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ കാരമുക്ക്‌ ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നൈതിലക്കാട്ട്‌ ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്‌, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ്‌ ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ ദേവതമാർ ചെറുപൂരവുമായി എത്തും.
വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണ്‌ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്‌. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ്‌ പണ്ട്‌ പാറമേക്കാവ്‌ ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്‌. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന്‌ നട്ടതാണ്‌.
വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത്‌ പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ്‌ ഇവിടെ കൊട്ടുന്നത്‌. മുൻ നിരയിൽ ഉരുട്ട്‌ ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്‌. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്‌. മിക്കവർക്കും ഇതൊരു വഴിപാടാണ്‌. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽ കെട്ടിനകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിന്റെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽ കെട്ടിനകത്ത്‌ കൊട്ടാറുള്ളത്‌.
പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത്‌ വിട്ട്‌ വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം, അതിനുശേഷം അടിച്ചു കലാശം, പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത്‌ ചെണ്ട മുന്നോട്ട്‌ തള്ളിപ്പിടിച്ച്‌ വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ്‌ കൊട്ടുകയായി. ഇത്‌ കുഴഞ്ഞുമറിഞ്ഞ്‌ എന്നാണ്‌ വിളിക്കപ്പെടുന്നത്‌. കാണികളെ വിസ്മയത്തുമ്പത്ത്‌ പിടിച്ചിരുത്തി കൊടുങ്കാറ്റ്‌ ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ്‌ വൈകിട്ട്‌ നാലരയോടെ പാറമേക്കാവ്‌ പൂരം വടക്കുംനാഥനെ വലം വെച്ച്‌ തെക്കോട്ടിറങ്ങുകയായി.
കുടമാറ്റം
ഇത്‌ രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്‌-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു മത്സരിക്കുന്നതാണു കുടമാറ്റം.
ഓരോ കുട ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു 14 ആനകൾക്ക്‌ ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.
എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്‌. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത്‌ അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിന്റെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി. അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു പ്രദർശിപ്പിക്കും.
ഇത്‌ മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്‌.കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും.
ഒരു ചെറിയ വെടിക്കെട്ടോടെ ഇത്‌ അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു. എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും.
പകൽ പൂരം
പൂരപിറ്റേന്ന്‌ രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്‌. പാറമേക്കാവ്‌ ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട്‌ മണിയോടെ അവസാനിക്കുന്നു. മേളത്തിന്‌ ശേഷം വെടിക്കെട്ട്‌ നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.
പൂരക്കഞ്ഞി
പൂരത്തിന്റെ പിറ്റേന്ന്‌ പൂരത്തിന്‌ സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും നൽകുന്ന പൂരക്കഞ്ഞിയും പ്രശസ്തമാണ്‌. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്കഞ്ഞിയോടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും. ഒട്ടേറെ വിവാദങ്ങളും പൂരത്തിന്‌ കൂട്ടായുണ്ട്‌.

  Categories:
view more articles

About Article Author