Thursday
24 May 2018

പെരുവല്ലിപ്പാടത്തെ ദളിത്‌ ജനതയ്ക്ക്‌ വഴിനടക്കാൻ വിലക്ക്‌

By: Web Desk | Monday 19 June 2017 4:55 AM IST

ഇ എം സതീശൻ
പഴയ കൊച്ചി രാജ്യത്തെ പ്രശസ്തമായ ക്ഷേത്രമാണ്‌ ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യം. അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഐതിഹാസികമായ കുട്ടംകുളം സമരം നടന്നതിവിടെയാണ്‌. സർക്കാർ നിയോഗിക്കുന്ന ‘കൂടൽമാണിക്യം ദേവസ്വം ബോർഡ്‌’ ആണ്‌ ക്ഷേത്രഭരണം നിർവഹിക്കുന്നത്‌. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേമതിൽ റോഡ്‌ ആയിരക്കണക്കായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പെരുവല്ലിപ്പാടം ഹരിജൻ കോളനിയിലേക്കുള്ള വഴിയാണ്‌. ഉണ്ണായിവാരിയർ കലാനിലയത്തിലേക്കും ഇതുവഴിയാണ്‌ പോകേണ്ടത്‌. രണ്ട്‌ വർഷം മുമ്പ്‌ യാതൊരു മൂന്നാര്റിയിപ്പുമില്ലാതെ കൂടൽ മാണിക്യം ദേവസ്വം അധികൃതർ ഈ റോഡിൽ മതിൽകെട്ടി വഴിയടച്ചുപൂട്ടി. ‘ഉണ്ണായി വാരിയർ കലാനിലയത്തിലേക്കുള്ള വഴി’ എന്ന്‌ എഴുതിയ ചൂണ്ടുപലക എടുത്ത്‌ വലിച്ചെറിയുകയും ചെയ്തു. പെരുവല്ലിപ്പാടം കോളനിയിലേയ്ക്കുള്ള വഴി അടച്ചുപൂട്ടിയതിനെതിരെ ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയർന്നപ്പോൾ, റോഡ്‌ ക്ഷേത്രം വകയാണെന്നും സന്ധ്യ കഴിഞ്ഞാൽ റോഡിൽ മദ്യപാനമുൾപ്പെടെ അസാന്മാർഗിക പ്രവർത്തനങ്ങൾ നടക്കുന്നത്‌ അനുവദിക്കാനാവില്ലെന്നും അതുകൊണ്ടാണ്‌ അടച്ചുപൂട്ടിയതെന്നും ക്ഷേത്രം അധികൃതർ വിശദീകരണം നൽകി. പെരുവല്ലിപ്പാടം കോളനി നിവാസികൾക്കും ഇതര ജനവിഭാഗങ്ങൾക്കും ഇപ്പോൾ ഇരിങ്ങാലക്കുട നഗരം ചുറ്റി കിലോമീറ്ററുകൾ താണ്ടി വേണം വീടുകളിൽ എത്തിച്ചേരാൻ. ജാതിവിവേചനത്തിനും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ കഴിഞ്ഞ രണ്ടു വർഷങ്ങളായി ജനങ്ങൾ സമരത്തിലാണ്‌. ഈ പ്രശ്നം ഏറ്റെടുത്ത്‌ ആദ്യമായി സമരരംഗത്തു വന്ന സംഘടന യുവകലാസാഹിതിയാണ്‌.
ദേവസ്വം അധികാരികളുടെ നിയമവിരുദ്ധമായ നടപടിക്കെതിരെ ഒട്ടേറെ ബഹുജന സംഘടനകളും ജനകീയ കൂട്ടായ്മകളും സജീവമായി സമരരംഗത്താണ്‌. അവർ അധികാരികൾക്ക്‌ പരാതികൾ നൽകുകയും കോടതിയിൽ അപ്പീൽ ബോധിപ്പിക്കുകയും ചെയ്തു. അതിനെത്തുടർന്ന്‌ കളക്ടറും ആർഡിഒയും സംഭവസ്ഥലം സന്ദർശിച്ചു. അടച്ചുപൂട്ടിയ റോഡ്‌ ക്ഷേത്രം വകയാണെന്ന ദേവസ്വം അധികൃതരുടെ അവകാശവാദത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുന്നതിന്‌ ക്ഷേത്രഭൂമി സർവേ നടത്തി. റവന്യൂ അധികാരികൾ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ ദേവസ്വം അടച്ചുകെട്ടിയ റോഡ്‌ റവന്യൂ പുറമ്പോക്ക്‌ സ്ഥലമാണെന്ന്‌ കണ്ടെത്തുകയും ദേവസ്വം ബോർഡിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന്‌ തെളിയുകയും ചെയ്തു. മാത്രമല്ല, കാലങ്ങളായി ഈ റോഡ്‌ ടാർ ചെയ്ത്‌ അറ്റകുറ്റപ്പണികൾ നടത്തി പരിപാലിച്ചുവരുന്നത്‌ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുമാണ്‌. പൊതുവഴി നിയമവിരുദ്ധമായിട്ടാണ്‌ ദേവസ്വം അധികാരികൾ മതിൽ കെട്ടിയടച്ചതെന്ന്‌ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിന്റേയും കോടതി പുറപ്പെടുവിച്ച ഉത്തരവിന്റേയും അടിസ്ഥാനത്തിൽ, തെക്കേ മതിൽ റോഡ്‌ പൊതുജനങ്ങളുടെ സഞ്ചാരത്തിനായി തുറന്നുകൊടുക്കുവാൻ ആർഡിഒ ഉത്തരവ്‌ പുറപ്പെടുവിച്ചു. അതോടൊപ്പം തന്നെ ജനങ്ങളുടെ പരാതി പരിശോധിച്ച സംസ്ഥാന ഗോത്ര കമ്മീഷനും ദേവസ്വം അധികാരികളുടെ നടപടി നിയമവിരുദ്ധമെന്നു കണ്ടെത്തി, അടച്ചുകെട്ടിയ റോഡ്‌ തുറന്നുകൊടുക്കുവാൻ ഉത്തരവിട്ടു. പ്രസ്തുത ഉത്തരവുകളൊന്നും ദേവസ്വം അധികൃതർ മാസങ്ങൾ കഴിഞ്ഞിട്ടും പാലിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ സമരം തുടരുകയാണ്‌.
ആയിരക്കണക്കായ ജനങ്ങളുടെ, അതും ഭൂരിപക്ഷം വരുന്ന ഹരിജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേൽ കുതിരകയറുവാനും സർക്കാരിന്റേയും കോടതിയുടേയും ഉത്തരവുകൾ ധിക്കരിക്കാനും ദേവസ്വം അധികൃതർക്ക്‌ കരുത്തുനൽകുന്ന നിഗൂഢശക്തികൾ ആരായിരിക്കാം. ക്ഷേത്രങ്ങൾ സർക്കാർ കയ്യടക്കുകയാണെന്നും ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ സർക്കാരിന്റെ മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയാണെന്നുമെല്ലാം ദുഷ്പ്രചരണം നടത്തുന്ന ശക്തികൾ ഇന്ന്‌ കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളുടെ അകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞും സജീവമാണ്‌. ഹിന്ദുമതത്തിന്റേയും ക്ഷേത്രങ്ങളുടേയും ദൈവത്തിന്റേയുമെല്ലാം മൊത്തക്കച്ചവടം ഏറ്റെടുത്ത ഈ ഛിദ്രശക്തികൾ ക്ഷേത്രവിശുദ്ധിയുടേയും പവിത്രതയുടേയും പേരിൽ, അതുവരെ ജനങ്ങൾ അനുഭവിച്ചുവന്ന പല സ്വാതന്ത്ര്യങ്ങളും നിഷേധിക്കുവാൻ ശ്രമിക്കുന്നുണ്ട്‌. അന്യമത വിദ്വേഷവും ദളിത്‌ പീഡനവും മുഖമുദ്രയാക്കിയ ഈ കപട മതവാദികൾ, സവർണ മേധാവിത്വത്തിന്റെ രാഷ്ട്രീയ സംരക്ഷകരാണെന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞുവരികയാണ്‌. ക്ഷേത്രപൗരോഹിത്യത്തിനുള്ള കുത്തകാവകാശം ബ്രാഹ്മണ മേധാവിത്വത്തിന്‌ അടിയറവച്ച്‌, തൊണ്ണൂറ്റിയൊമ്പത്‌ ശതമാനത്തിലധികം വരുന്ന അബ്രാഹ്മണ ജനതയെ “ഹിന്ദുഐക്യം” പറഞ്ഞ്‌ വഞ്ചിച്ചുകൊണ്ടിരിക്കുന്ന അഭിനവ ക്ഷേത്ര സംരക്ഷണവാദികളുടെ കാപട്യത്തിനെതിരെ കുട്ടംകുളം സമരത്തിന്റെ ഐതിഹാസിക പാരമ്പര്യമുള്ള ജനങ്ങൾ ഒന്നിക്കുകതന്നെ ചെയ്യും. മതേതര ജനാധിപത്യ പുരോഗമന ശക്തികൾ കേരളം ഭരിക്കുമ്പോൾ അയിത്ത വിരുദ്ധ സമരത്തിന്റെ ചരിത്രകേന്ദ്രമായ ഇരിങ്ങാലക്കുടയുടെ മണ്ണിൽ, സവർണ വിശുദ്ധിയുടെ പേരിൽ ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നിഗൂഢശക്തികൾക്കെതിരായി കർശന നിയമനടപടികൾ സ്വീകരിക്കുവാൻ ഒട്ടും സമയം വൈകിക്കൂടാ. സവർണ മേധാവിത്വം നിയമവിരുദ്ധമായി നടുവഴിയിൽ കെട്ടിപ്പൊക്കിയ അയിത്തമതിലുകൾ പൊളിച്ചുനീക്കുവാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചേ മതിയാവൂ.