പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം ഓർമ്മപ്പെടുത്തി ഇന്ന്‌ ലോകപൈതൃകദിനം

പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം ഓർമ്മപ്പെടുത്തി ഇന്ന്‌ ലോകപൈതൃകദിനം
April 19 04:50 2017

തിരുവനന്തപുരം: പൈതൃക ഇടങ്ങളെയും സ്മാരകങ്ങളെയും കുറിച്ച്‌ അവബോധം വളർത്തുവാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുവാനുമാണ്‌ ലോകപൈതൃകദിനം ആചരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.
ഈ വർഷത്തെ ലോകപൈതൃകദിനത്തിന്റെ പ്രതിപാദ്യവിഷയം സുസ്ഥിര വിനോദസഞ്ചാരമാണ്‌. അഭിമാനിക്കാവുന്ന പൈതൃകം കൊണ്ടും വിനോദസഞ്ചാരസാധ്യതകൾ കൊണ്ടും ഒരു പോലെ അനുഗ്രഹീതമാണ്‌ കേരളം. വിനോദസഞ്ചാര മേഖലക്ക്‌ നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുണ്ട്‌, എന്നാൽ ഒരു സുസ്ഥിര വികസനമാണ്‌ ഈ മേഖലയിൽ വേണ്ടത്‌ എന്ന്‌ ഈ സർക്കാർ കരുത്തുന്നു. അതുമുൻനിർത്തിയുള്ള ഒരു നയമാണ്‌ സർക്കാർ പ്രാവർത്തികമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
40 കോടി രൂപയാണ്‌ ഹെറിറ്റേജ്‌ ടൂറിസം പ്രോജക്റ്റുകൾക്കായി 2017-18 സാമ്പത്തികവർഷത്തിലേക്കായി എൽഡിഎഫ്‌ സർക്കാർ വകയിരുത്തിയിരിക്കുന്നത്‌. മുസിറിസ്‌ ഹെറിറ്റേജ്‌ പ്രോജക്റ്റാണ്‌ ഇന്ന്‌ കേരളത്തിൽ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പ്രോജക്റ്റ്‌. ഹെറിറ്റേജ്‌ ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി, ആലപ്പുഴ സ്പൈസ്‌ റൂട്ട്‌ പ്രോജക്റ്റുകൾ പുതുതായി ഏറ്റെടുക്കുന്നുണ്ട്‌. ആലപ്പുഴ ഹെറിറ്റേജ്‌ പ്രോജക്റ്റിന്റെ പ്രധാനപ്പെട്ട ഭാഗം കനാലുകളുടെ നവീകരണമാണ്‌. പ്രധാനകനാലുകളും ചെറുകനാലുകളും പൊഴികളും വൃത്തിയാക്കി സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കും. ഡച്ച്‌ സാങ്കേതികസഹകരണത്തോടെ ഇതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. മാസ്റ്റർപ്ലാനിന്റെ മുഖ്യയിനങ്ങൾക്ക്‌ കിഫ്ബിയാണ്‌ നിക്ഷേപം നടത്തുക.
തലശ്ശേരി ഉൾപ്പെടുന്ന ചരിത്രപ്രധാന സ്ഥലങ്ങൾ, സ്മാരകങ്ങൾ എന്നിവ ബന്ധപ്പെടുത്തി തലശ്ശേരി ഹെറിറ്റേജ്‌ സർക്യൂട്ട്‌ പ്രോജക്റ്റ്‌ നടപ്പിലാക്കും. ഇതിനായി ഒരു പ്രത്യേക പ്രവർത്തന പരിപാടി തയ്യാറാക്കുന്നതിനും മറ്റുമായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ നിർവഹണ പുരോഗതിക്കായി ഒരു സ്പെഷ്യൽ ഓഫീസറെയും നിയമിച്ചിട്ടുണ്ട്‌. തലശ്ശേരി ഹെറിറ്റേജ്‌ പ്രോജക്റ്റിന്റെ കീഴിലുള്ള ഇരുപത്തിയഞ്ച്‌ വിവിധ പ്രവൃത്തികൾക്കായി ഏകദേശം നാൽപത്തിയാറ്‌ കോടിയോളം രൂപയ്ക്ക്‌ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

  Categories:
view more articles

About Article Author