പൊതുഅവധികൾ വെട്ടിക്കുറക്കാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദ്ധതി

പൊതുഅവധികൾ വെട്ടിക്കുറക്കാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദ്ധതി
April 21 03:15 2017

കോഴിക്കോട്‌: സർക്കാർ പ്രഖ്യാപിച്ച പൊതുഅവധികൾ വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി വെട്ടിക്കുറച്ച്‌ അടുത്ത അധ്യായന വർഷം അൺ എയ്ഡഡ്‌ മേഖലയിൽ പുതിയ തീരുമാനങ്ങൾ നടപ്പാക്കാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദ്ധതി.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ പ്രൈമറിതലം തൊട്ട്‌ ഹയർസെക്കൻഡറി തലംവരെ വിപുലമായ മാറ്റം വരുത്തുമെന്നാണ്‌ ഓൾ കേരള സെൽഫ്‌ ഫിനാൻസ്‌ സ്കൂൾ ഫെഡറേഷൻ പറയുന്നത്‌. സർക്കാരുമായി ആലോചിക്കാതെയാണ്‌ അവധികൾ വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾ ഇവർ കൈക്കൊള്ളുന്നത്‌.
തങ്ങളുടെ തീരുമാനങ്ങളോട്‌ യോജിക്കാൻ കഴിയുന്നവർ മാത്രം സ്വാശ്രയ സ്കൂളുകളിൽ പഠിച്ചാൽ മതിയെന്ന അഭിപ്രായമാണ്‌ ഇവർക്കുള്ളത്‌. തീരുമാനങ്ങൾക്കെതിരെ ഉണ്ടായേക്കാവുന്ന എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നും ഇവർ പറയുന്നു.
ആകെയുള്ള 190 പ്രവർത്തി ദിനങ്ങളിൽ പലതും പൊതു അവധി, ഹർത്താൽ എന്നിവ കാരണം നഷ്ടപ്പെടുന്നത്‌ തടഞ്ഞ്‌ വർഷത്തിൽ 220 പ്രവൃത്തി ദിനങ്ങൾ ഉറപ്പ്‌ വരുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ശനിയാഴ്ചകൾ, മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങൾ, മറ്റ്‌ പൊതു അവധികൾ, ഓണം ക്രിസ്തുമസ്‌ അവധികൾ കുറക്കുമെന്നാണ്‌ ഇവർ പറയുന്നത്‌. ഇതിനായി പുതിയ അക്കാദമിക്‌ കലണ്ടർ പുറത്തിറക്കും.
സംഘടനക്ക്‌ കീഴിലുള്ള 1600 ഓളം സ്കൂളുകളിൽ ഇത്‌ നടപ്പാക്കുമെന്നും തങ്ങൾ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്തും നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ്‌ ഇവരുടെ ആവശ്യം.
അടുത്ത അധ്യയന വർഷം മുതൽ മുഴുവൻ സ്കൂളുകളിലും മലയാളം നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തോടും ഇവർക്ക്‌ കാര്യമായ യോജിപ്പില്ല. ഇത്‌ സംബന്ധിച്ച്‌ മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തോട്‌ കേന്ദ്രീയ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാത്തതിനെ ആരും എതിർക്കുന്നില്ലല്ലോ എന്ന മറുവാദമാണ്‌ ഇവർ ഉയർത്തുന്നത്‌. സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ മലയാളം സംസാരിച്ചതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ ഫൈൻ ഇടാക്കുന്നത്‌ സംബന്ധിച്ച്‌ കഴിഞ്ഞ അധ്യായന വർഷം നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇത്‌ തെറ്റായ പ്രചാരണമാണെന്നാണ്‌ ഇവർ മറുപടി നൽകിയത്‌.
കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തിന്റെ പിറകോട്ട്‌ പോക്കിന്‌ സ്വാശ്രയ മേഖലയെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ലെന്നും സർക്കാർ വിദ്യാഭ്യാസ മേഖലയെ പരീക്ഷണ ശാലയാക്കുന്നതാണ്‌ ഇതിന്‌ കാരണമെന്നും ഇവർ പറഞ്ഞു.
മതപഠനശാലകൾ നടത്തുന്നതുപോലെ സ്കൂൾ നടത്തുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ രാമദാസ്‌ കതിരൂർ, ജനറൽ സെക്രട്ടറി പി പി ഏനു എന്നിവർ വ്യക്തമാക്കി.

  Categories:
view more articles

About Article Author