പൊതുവിതരണ സംവിധാനത്തെ കൊള്ളക്കാരിൽ നിന്നും മോചിപ്പിക്കണം

January 12 05:00 2017

കേരളത്തിലെ പൊതുവിതരണ സംവിധാനത്തിനും അതിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന്‌ ഉപഭോക്താക്കൾക്കും ഏറെ ആശ്വാസം പകർന്ന നടപടിയാണ്‌ ഭക്ഷ്യ-സിവിൽ സപ്ലൈസ്‌ മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ കോട്ടയം ആർപ്പൂക്കരയിലെ സ്വകാര്യ അരിമില്ലിൽ നടന്ന റെയ്ഡ്‌. നെല്ല്‌ സംഭരിച്ച്‌ അരിയാക്കി പൊതുവിതരണത്തിന്‌ നൽകാൻ ചുമതലപ്പെടുത്തിയ പ്രസ്തുതമില്ല്‌ അവരുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നൂറ്‌ ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരി തിരച്ചിലിൽ കണ്ടെത്തി. കേരളത്തിലെ കർഷകരിൽ നിന്ന്‌ സംഭരിക്കുന്ന നെല്ല്‌ കുത്തി അരിയാക്കി വിതരണത്തിന്‌ നൽകുന്നതിന്‌ പകരം അയൽ സംസ്ഥാനങ്ങളിൽ നിന്നും സംഭരിച്ച ഭക്ഷ്യയോഗ്യമല്ലാത്ത അരി കൃത്രിമ നിറം ചേർത്ത്‌ പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളവയാണ്‌ പിടിച്ചെടുത്ത അരി എന്ന്‌ വ്യക്തം. കേരളത്തിലെ പൊതുവിതരണ ശൃംഖലയിലൂടെ സ്വകാര്യമില്ലുകൾ വിതരണത്തിനെത്തിക്കുന്ന അരിയിൽ ഗണ്യമായ ഒരു പങ്ക്‌ ഇത്തരത്തിലുള്ളതാണെന്ന പരാതി ഏറെക്കാലമായി ഉള്ളതാണ്‌. ഈ തട്ടിപ്പിൽ ഇപ്പോൾ പിടിയിലായ മില്ലിനു പുറമേ മറ്റ്‌ പല സ്വകാര്യമില്ലുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പരക്കെ പരാതിയുണ്ട്‌. സ്വകാര്യമില്ലുകൾ കഴിഞ്ഞ കുറേക്കാലമായി നടത്തിവരുന്ന ഈ തട്ടിപ്പ്‌ ഒറ്റപ്പെട്ട സംഭവമാണെന്ന്‌ കരുതുക വയ്യ. ഒരു പറ്റം സ്വകാര്യമില്ലുടമകൾ ഭക്ഷ്യ-സിവിൽ സപ്ലൈസിലെയും ഭക്ഷ്യ-സുരക്ഷാ വകുപ്പിലെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ അറിവോടെയാണ്‌ ഈ തട്ടിപ്പ്‌ നടത്തിവരുന്നതെന്ന്‌ വ്യക്തം. അതിന്‌ അറുതിവരുത്താൻ വകുപ്പ്മന്ത്രിയുടെ നേതൃത്വത്തിൽ ഭക്ഷ്യസിവിൽ സപ്ലൈസ്‌ വകുപ്പ്‌ സ്വീകരിച്ച മുൻകൈ ശ്ലാഘനീയവും പിന്തുണ അർഹിക്കുന്നതുമാണ്‌.
പൊതുവിതരണത്തിന്‌ സംസ്ഥാനത്തിന്‌ ലഭ്യമായ മൊത്തം അരി രണ്ട്‌ സ്രോതസുകളിലൂടെയാണ്‌ കിട്ടിവരുന്നത്‌. അധിക ഭക്ഷ്യധാന്യം ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്‌ കേന്ദ്രസർക്കാർ സംഭരിച്ച്‌ നൽകുന്നതാണ്‌ ഒരു പങ്ക്‌. മറ്റൊന്ന്‌ സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല്‌ നേരിട്ട്‌ സംഭരിച്ച്‌ അരിയാക്കി വിതരണത്തിനെത്തിക്കുന്നു. സംസ്ഥാനത്ത്‌ ഉൽപാദിപ്പിക്കുന്ന നെല്ല്‌ സംഭരിച്ച്‌ അരിയാക്കി സൂക്ഷിക്കുന്നതിനും വിതരണത്തിനെത്തിക്കുന്നതിനും സ്വകാര്യ-സഹകരണ മേഖലകളെയാണ്‌ ആശ്രയിച്ചുവരുന്നത്‌. ഇതാണ്‌ പല സ്വകാര്യ കമ്പനികളും സ്വന്തം ബ്രാൻഡായി പൊതുവിപണിയിൽ കൂടിയ ലാഭത്തിന്‌ വിറ്റഴിക്കുന്നത്‌. പകരം ഭക്ഷ്യയോഗ്യമല്ലാത്ത അരി അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ മില്ലുകളിൽ നിന്നും സംഭരിച്ച്‌ അപകടകാരികളായ നിറം കലർത്തി പൊതുവിതരണത്തിനെത്തിക്കുകയാണ്‌ പതിവ്‌. മായം കലർന്ന അപകടകാരിയായ ഇത്തരം അരി കണ്ടെത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ട ഭക്ഷ്യ-സുരക്ഷാ വിഭാഗം സംസ്ഥാനത്ത്‌ ആരോഗ്യവകുപ്പിന്‌ കീഴിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. രാജ്യത്ത്‌ പൊതുവിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വിഭാഗം വേറിട്ടു പ്രവർത്തിക്കുന്നത്‌ പ്രായോഗികതലത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്‌. കേരളത്തിൽ നിന്നുള്ള അരിക്ക്‌ പുറമേ കേന്ദ്രവിഹിതമായി ലഭിക്കുന്ന അരിയിലും നിറം കലർത്തി തട്ടിപ്പു നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാകുന്നതോടെ വാതിൽപ്പടി വിതരണം വരെ ചുമതല സർക്കാർ നേരിട്ട്‌ നിർവഹിക്കുമ്പോൾ ഒരു പക്ഷേ ഈ പരാതിക്ക്‌ പരിഹാരമായേക്കാം.
മന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോൾ കണ്ടെത്തിയ പൊതുവിതരണ സംവിധാനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും എതിരായ നടപടിക്ക്‌ ഉത്തരവാദികളായവർ മാതൃകാപരമായ ശിക്ഷാനടപടികൾക്ക്‌ വിധേയമാവണം. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണത്തിനെത്തിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നതിൽ തർക്കമില്ല. മായം ചേർക്കുന്നവരെയും അതിന്‌ കൂട്ട്‌ നിൽക്കുന്നവരെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഗവണ്മെന്റ്‌ നിഷ്കരുണം നടപടി സ്വീകരിക്കണം. സമാനമായ തട്ടിപ്പിലേർപ്പെട്ടിട്ടുള്ള മില്ലുടമകൾക്കും ഉദ്യോഗസ്ഥർക്കും ആ നടപടികൾ ഒരു താക്കീതായി മാറണം. പൊതുവിതരണ രംഗത്ത്‌ പല രൂപത്തിലും ഭാവത്തിലും തട്ടിപ്പും കൊള്ളയും തുടർന്നുവരുന്നുണ്ട്‌. സംഭരിച്ച അരി നിറച്ചുപോകുന്ന ട്രക്കുകൾ പലതും മറ്റുവഴികളിലൂടെ അരിമിൽ ഗോഡൗണുകളിൽ തന്നെ തിരിച്ചെത്തുന്ന ജാലവിദ്യകൾ പലയിടത്തും പതിവാണ്‌. പട്ടിണിക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന മില്ലുടമകൾ രക്ഷപ്പെടാൻ അനുവദിച്ചു കൂട. പൊതുവിതരണ സംവിധാനത്തെ കൊള്ളക്കാരിൽ നിന്നും മോചിപ്പിക്കാനും അത്‌ കാര്യക്ഷമമായി നിലനിർത്താനും സർക്കാർ നടത്തുന്ന ഏത്‌ ശ്രമത്തിനും ജനങ്ങളുടെ സർവാത്മനായുള്ള പിന്തുണ ഉണ്ടാവും.

  Categories:
view more articles

About Article Author