Saturday
26 May 2018

പൊന്മുടിയിലെ മഴപ്പക്ഷികൾ

By: Web Desk | Tuesday 13 June 2017 4:55 AM IST

സി സുശാന്ത്‌

നീണ്ട കടുത്ത ഒരു വേനൽക്കാലത്തിന്‌ അറുതിവരുത്തിക്കൊണ്ട്‌ കേരളത്തിന്‌ കുളിരിന്റെയും നനവിന്റെയും കുളിർമ്മ നൽകിക്കൊണ്ട്‌ ഇടവപ്പാതി കടന്നുവന്നിരിക്കുന്നു.കുളിർമഴയ്ക്കായി ദാഹിച്ച കേരളീയർ ഇന്ന്‌ മൺസൂൺ മഴക്കാലത്തിന്റെ നിർവൃതിയിലാണ്‌. കരിഞ്ഞുണങ്ങിയ പുൽമേടുകൾ ഇളംപച്ച പുൽനാമ്പുകളാൽ പച്ചപ്പുതപ്പണിഞ്ഞിരിക്കുന്നു. വനാന്തരങ്ങൾ വീണ്ടും ഇരുളടഞ്ഞ കടുംപച്ചയുടെ മേലങ്കി അണിഞ്ഞിരിക്കുന്നു. പ്രകൃതിനിരീക്ഷകരെ സംബന്ധിച്ചിടത്തോളം മഴക്കാലവും പ്രകൃതിരഹസ്യങ്ങൾ തേടിയുള്ള സഞ്ചാരമാണ്‌.
തിരുവനന്തപുരത്തെ പ്രകൃതിരമണീയതയുടെ പര്യായമായ പൊന്മുടിക്കുന്നുകളും മൺസൂൺ മഴയുടെ കുളിരും നനവും നുകർന്ന്‌ പച്ചപ്പട്ടണിഞ്ഞിരിക്കുന്നു. കല്ലാറിലെ ചെറുകൈത്തോടുകൾ തെളിനീരാൽ പരിലസിച്ച്‌ പാഞ്ഞൊഴുകുന്നു. പൊന്മുടിയിലെ പ്രഭാതങ്ങൾ മൂടൽമഞ്ഞും കുളിരും കവർന്നെടുത്തിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകൾ മറച്ചുകൊണ്ട്‌ കോടമഞ്ഞ്‌ പെയ്തിറങ്ങുന്ന കാഴ്ച സഞ്ചാരികൾക്ക്‌ സ്വപ്നസദൃശ്യമായ ദൃശ്യങ്ങളാണ്‌ നൽകുന്നത്‌. പ്രകൃതിയിലെ തൂവൽക്കുപ്പായക്കാരായ പക്ഷികൾ ഈ നനവിൽ ആഹ്ലാദിക്കുന്നുണ്ടാകും. ദേശാടനപ്പക്ഷികൾ ഏപ്രിലിൽ മടങ്ങിപ്പോയതിനുശേഷം പക്ഷികൾ കുറയുന്നകാലമാണ്‌ മഴക്കാലം.
എങ്കിലും മഴക്കാലത്തെ സ്നേഹിക്കുന്ന പക്ഷികളുമുണ്ട്‌. പൊന്മുടിയിലെ മഴക്കാലം ആസ്വദിച്ച്‌ മഴയും മഞ്ഞുംകൊണ്ട്‌ കൂടുതീർക്കുവാനെത്തുന്ന ചില മഴപ്പക്ഷികളെ പരിചയപ്പെടാം. പൊന്മുടിയിലും അതുപോലെ മൂവായിരത്തിനും അയ്യായിരത്തിനും അടിക്കും ഇടയിൽ ഉയർന്ന മലനിരകളിലും വസിക്കുന്ന പശ്ചിമഘട്ടത്തിലെ തനതു പക്ഷിയാണ്‌ പുൽക്കുരുവി. തവിട്ടുനിറമുള്ള വീതിയുള്ള വാലുള്ള ഈ ചെറിയ പക്ഷി മലനിരകളിൽ ഒരാൾപൊക്കത്തിനുമേൽ വളരുന്ന പുൽക്കൂട്ടത്തിലാണ്‌ കാണപ്പെടുക. പൊന്മുടിയിൽ മഴ ശക്തിപ്രാപിക്കുന്നതോടെ പ്രാദേശിക ദേശാടകരായ പുൽക്കുരുവിയെ പൊന്മുടി അപ്പർസാനിറ്റോറിയം ഭാഗത്തെ പുൽമേടുകളിൽ കണ്ടുവരുന്നു. മഴക്കാലത്താണ്‌ ഇവയുടെ കൂടുകെട്ടൽ ആരംഭിക്കുന്നത്‌.
ആൺപക്ഷികൾ നീണ്ട പുൽത്തണ്ടുകളിൽ വാൽതാഴ്ത്തിപ്പിടിച്ച്‌ ഉച്ചത്തിൽ ‘പീറ്റ്‌ – പീറ്റ്‌ – പീറ്റ്‌’ എന്നോ ‘സ്വീറ്റ്‌ – സ്വീറ്റ്‌ – സ്വീറ്റ്‌’ എന്നോ പാടിത്തുടങ്ങുന്നു. തന്റെ പാട്ടുകൊണ്ട്‌ തന്റെ കൂടിനുചുറ്റും വേലിതീർക്കുകയാണ്‌ അവൻ ചെയ്യുന്നത്‌. ഈ അതിർത്തിക്കുള്ളിൽ മറ്റ്‌ ആൺപക്ഷികൾക്ക്‌ പ്രവേശനമില്ല. അതിർത്തികടന്നുവന്നാലോ ഉടമ അവനെ തുരത്തിയോടിക്കുന്നു. പുൽക്കൂട്ടത്തിനിടയിൽ നാരും വേരുമൊക്കെകൊണ്ട്‌ ഗോളാകൃതിയിൽ മറഞ്ഞുകിടക്കുന്ന കൂടുതീർക്കുന്നു. മഴയും കോടമഞ്ഞും ഒളിച്ചുകളി നടത്തുന്ന ദിവസങ്ങളിൽ ആൺ – പെൺ പക്ഷികൾ മാറിമാറി അടയിരിക്കുന്നു. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങളെ തീറ്റുവാനും അവ ഒരുപോലെ പ്രയത്നിക്കുന്നു.
ജൂലൈ മധ്യമാകുന്നതോടെ കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു. ഇക്കാലത്ത്‌ പൊന്തകളിൽ നിന്ന്‌ പൊന്തകളിലേയ്ക്ക്‌ ഒളിഞ്ഞു സഞ്ചരിക്കുന്ന പുൽക്കുരുവിസംഘത്തെ പുൽമേട്ടിൽ കാണാം. കൂടുകെട്ടൽ കാലം കഴിഞ്ഞാൽ പുൽക്കുരുവികൾ പൊന്മുടിയോട്‌ വിടപറഞ്ഞ്‌ മറ്റു മലനിരകളിലേയ്ക്ക്‌ പോകുന്നു.
മഴക്കാലമാകുന്നതോടെ പൊന്മുടിക്കുന്നുകളിൽ സജീവമാകുന്ന മറ്റൊരു പക്ഷിയാണ്‌ പാറ വരമ്പൻ. വരമ്പൻ വർഗത്തിൽപ്പെട്ട ഇവയ്ക്ക്‌ മണ്ണിന്റെ നിറവും ദേഹത്ത്‌ നിറയെ വരകളും കുറികളുമാണ്‌. നിലത്ത്‌ ഇരതേടി നടക്കുന്ന ഇവയ്ക്ക്‌ ഒളിഞ്ഞു ജീവിക്കുന്നതിന്‌ പ്രകൃതി നൽകിയിരിക്കുന്ന വർണമാണിത്‌. പരിസരവുമായി ചേർന്ന നിറമായതിനാൽ പെട്ടെന്നിവയെ കണ്ടെത്തുവാൻ കഴിഞ്ഞുവെന്ന്‌ വരില്ല. പാറകളിലൂടെ ഓടിനടന്ന്‌ ഇര തേടുന്നതിനാലാണ്‌ ഇവയെ പാറവരമ്പൻ എന്നുവിളിക്കുന്നത്‌.
മഴക്കാലം ശാന്തമാകുന്നതോടെ പാറവരമ്പൻ ‘ചില്ലുചിലുചിൽ’ എന്ന ഗാനമാലപിക്കുവാൻ തുടങ്ങുന്നു. തുടർന്ന്‌ ഇണയെ ആകർഷിക്കുവാൻ ഗാനാലാപനത്തോടൊപ്പം വായുവിൽ ഉയർന്നുപറക്കുകയും താഴത്തേയ്ക്ക്‌ പാടിക്കൊണ്ട്‌ നിലത്തിറങ്ങുകയും ചെയ്യുന്നു. പാട്ടും ഇണചേരലും കഴിഞ്ഞാൽ പാറകൾക്കരികിലെ ചെറു പൊന്തകളിലോ പുൽക്കൂട്ടത്തിന്‌ കീഴെയായിട്ടോ വേരുകകളും നാരുകളും കൊണ്ടു കൂടുതീർക്കുന്നു. നിലത്ത്‌ ഒളിഞ്ഞുകിടക്കുന്ന കൂട്ടിൽ പെൺപക്ഷി മുട്ടിയിടുന്നു. കൂട്ടിലേയ്ക്കുള്ള വരവും പോക്കും വളരെ ഗോപ്യമായിട്ടായതിനാൽ കൂടു കണ്ടെത്തുക ദുഷ്കരമാണ്‌.
വേനൽമഴ ആരംഭിക്കുന്നതോടെ കൂടുനിർമാണത്തിലേർപ്പെടുന്ന പക്ഷിയാണ്‌ തവിടൻകത്രിക. പൊന്മുടിയിലെ കെട്ടിടങ്ങളിലെ ഭിത്തികളിലാണ്‌ ഇവ കൂടുതീർക്കുന്നത്‌. മണ്ണും ചെളിയും ഉമിനീരും കലർത്തി ചുവരിൽ കൊക്ക്കൊണ്ട്‌ പറ്റിച്ചുചേർക്കുന്ന കൂടിന്‌ ഒരു ചായക്കോപ്പയുടെ ആകൃതിയാണുണ്ടാവുക. കൂടുണ്ടാക്കുവാൻ ആൺ – പെൺ പക്ഷികൾ ഒരുപോലെ പ്രയത്നിക്കുന്നു. കൂട്‌ പൂർത്തിയായാൽ പെൺപക്ഷി മുട്ടയിടുന്നു. മഴക്കാലം കഴിയുന്നതോടെ പറക്കമുറ്റിയ കുഞ്ഞുങ്ങൾ കൂടുവിടുന്നു.
പൊന്മുടിയിലെ മഴക്കാലത്തെ സ്നേഹിക്കുന്ന പക്ഷികൾ ഇനിയുമുണ്ട്‌. മീവൽപക്ഷികളായ കാനകത്രിക, നീണ്ട അരിവാൾ ചുണ്ടുള്ള ചോലക്കുടുവൻ, പുള്ളി ചിലപ്പൻ, പശ്ചിമഘട്ടത്തിലെ തനതുപക്ഷിയായ ചെഞ്ചിലപ്പൻ – ഇവയൊക്കെ കോടമഞ്ഞണിഞ്ഞ പൊന്മുടിയിൽ മഴക്കാലത്ത്‌ കൂടുതീർക്കുന്ന മഴപ്പക്ഷികളാണ്‌. വീണ്ടും പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ മഞ്ഞ്‌ പെയ്തിറങ്ങുന്നു. അപൂർവപക്ഷികളും സസ്യങ്ങളും ചിത്രശലഭങ്ങളുമൊക്കെയുള്ള ഈ പുൽമേട്‌ ടൂറിസത്തിന്റെ അമിത സമ്മർദ്ദത്തിൽ നാശത്തിലാകുമോ എന്ന ആശങ്കയോടെ ഹെയർപിൻ വളവുകൾ താണ്ടി മലയിറങ്ങുമ്പോൾ മഴയുടെ ആരവം ഉയരുന്നുണ്ടായിരുന്നു.