Saturday
26 May 2018

പൊലീസ്‌ നരനായാട്ട്‌: പുതുവൈപ്പിൽ ഇന്ന്‌ ഹർത്താൽ

By: Web Desk | Monday 19 June 2017 4:00 AM IST

  • പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ സമരം
  • സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക്‌ പരിക്ക്‌
  • എഐവൈഎഫ്‌ മാർച്ചിന്‌ നേരെയും ലാത്തിച്ചാർജ്ജ്‌
  • പുതുവൈപ്പിൽ ഇന്ന്‌ ഹർത്താൽ

സ്വന്തംലേഖകൻ
കൊച്ചി: പുതുവൈപ്പ്‌ ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിൽ പൊലീസ്‌ നരനായാട്ട്‌. വൈപ്പിൻ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന പാചക വാതക സംഭരണിക്കെതിരെ പ്രദേശവാസികൾ നടത്തുന്ന ജനകീയ സമരത്തിനെതിരെയാണ്‌ പൊലീസ്‌ അതിക്രമം.
നാലുമാസത്തിലേറെയായി നടന്നു വരുന്ന സമരത്തിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ അതിക്രൂരമായാണ്‌ പൊലീസ്‌ നേരിട്ടിരുന്നത്‌. സ്ത്രീകളും കുട്ടികളും അടക്കം 70 ഓളം പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.
സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എഐവൈഎഫ്‌ നേതൃത്വത്തിൽ പ്ലാന്റിലേക്ക്‌ നടത്തിയ മാർച്ചിന്‌ നേരെയും പൊലീസ്‌ ലാത്തിച്ചാർജ്ജ്‌ നടത്തി. എഐവൈഎഫ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ അരുൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ്‌ ജയദീപ്‌, കെ ആർ റെനീഷ്‌ എന്നിവരടക്കം നിരവധി പേർക്ക്‌ പരിക്കേറ്റു. പ്രകോപനമൊന്നമില്ലാതെ പൊലീസ്‌ സംഘം സമരക്കാർക്ക്‌ നേരെ ചാടി വീഴുകയായിരുന്നു പൊലീസ്‌ മർദനത്തിൽ സത്രീകളടക്കം നിരവധി പേർക്കു പരിക്കേറ്റു. ഇവരെ ആദ്യം മാലിപ്പുറം സർക്കാർ ആശുപത്രിയിലും തുടർന്നു എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏകദേശം 130 ഓളം പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു നീക്കി. ഇതിൽ 74 പേരെ കളമശേരി എആർ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ മുനമ്പം പോലീസ്‌ സ്റ്റേഷനിലേക്കുമാണു കൊണ്ടു പോയത്‌. കളമശേരി എആർ ക്യാമ്പിലേക്കു കൊണ്ടു പോയതിൽ 70 പേരും സ്ത്രീകളാണ്‌. പരിക്കേറ്റു ജനറൽ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്‌.
ലാത്തി ചാർജിനിടയിൽ പരിക്കേറ്റ നാലു വനിത പോലീസുകാരടക്കം 10 പേരെ ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌.ഇന്ന്‌ വൈപ്പിനിൽ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊലീസ്‌ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച്‌ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്‌..
കോടതി ഉത്തരവ്‌ പ്രകാരം ഐഒസി പ്ലാന്റ്‌ നിർമ്മാണത്തിനെതിരെ സമരം ചെയ്യാൻ പാടില്ലെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ സമര പന്തലിലെത്തിയ ഡിസിപി യതീഷ്‌ ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ കണ്ണിൽകണ്ടവരെയെല്ലാം തല്ലി ഓടിക്കുകയും സമരപന്തൽ പൊളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ്‌ ഉയർന്നത്‌. തുടർന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
പ്ലാന്റിന്റെ നിർമാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികളായ രണ്ടു പേർ ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകിയിരുന്നു.
ഹർജി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെ വിധി വരുന്നവരെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു സമര സമിതി നേതാക്കൾ കഴിഞ്ഞ ദിവസം ഫിഷറീസ്‌ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
സമര സമിതിയുടെ ആവശ്യം അംഗീകരിക്കുകയും ഇത്‌ പ്രകാരം മന്ത്രി യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഉറപ്പ്‌ ഐഒസി ലംഘിക്കുകയായിരുന്നു. എൽപിജി ടെർമിനലിൽ നിർമാണത്തിനായി ഇന്നലെ തൊഴിലാളികളെത്തിയതോടെയാണ്‌ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്ലാന്റിനു മുന്നിലേക്കെത്തിയത്‌. ഐഒസി അധികൃതരുടെ നിർദേശപ്രകാരം പൊലീസ്‌ സമരക്കാരെ നേരിടുകയായിരുന്നു.
പുതുവൈപ്പിൽ ഐഒസി സംഭരണ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്‌ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു.
തീരദേശ മേഖലയായ വൈപ്പിനിൽ പ്രധാനമായും മൽസ്യത്തൊഴിലാളികളാണുള്ളത്‌ . ഈ ടാങ്കിൽ നിന്നും ഉണ്ടായേക്കാവുന്ന ചെറിയ ഇന്ധന ചോർച്ചപോലും മൽസ്യസമ്പത്തിനേയും മൽസ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. .എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ പ്ലാന്റ്‌ നിർമാണത്തിന്‌ അനുമതി നൽകിയിട്ടില്ല. സെസ്‌ നിയമം ബാധകമാണെന്നും ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്‌ ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ജനങ്ങൾക്ക്‌ ആശങ്കയുള്ള കൂറ്റൻ പ്ലാന്റ്‌ സ്ഥാപിക്കാൻ പാടില്ലെന്നുമാണ്‌ പഞ്ചായത്തിന്റെ നിലപാട്‌.എന്നാൽ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ്‌ പണി നടക്കുന്നതെന്നും ആക്ഷേപം ഉണ്ട്‌.