പോരാട്ട വിസ്മയത്തിന്റെ കഥ

പോരാട്ട വിസ്മയത്തിന്റെ കഥ
April 30 04:45 2017

ആയിരക്കണക്കിനു പേരുടെ ത്യാഗമുണ്ട്‌ ഒരു മെയ്ദിനത്തിന്‌. അത്‌ വെറുമൊരവധി ദിനമല്ല. ഓർമ്മകൾ പുതുക്കലാണ്‌. നന്ദിയോടെ അവരെ സ്മരിക്കലാണ്‌.ചിലരുടെ ചിന്തയും പ്രവൃത്തിയും നമുക്കായി കരുതി വച്ചതു കൊണ്ടാണ്‌ ഇന്നു നാം ഇത്രമാത്രം സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യുന്നത്‌.

പി എ രാജീവ്‌
ലോതൊഴിലാളികൾക്കായി ലോകം ഒരുക്കി വച്ച സുദിനമാണ്‌ മെയ്‌ ഒന്ന്‌. ത്യാഗത്തിന്റേയും രക്തസാക്ഷിത്തത്തിന്റേയും ഒരിക്കലും മറച്ചു വയ്ക്കാനാവാത്ത ഒരേട്‌. മൃഗതുല്യമായ ജീവിതത്തിൽ നിന്ന്‌ തൊഴിലെടുക്കുന്നവർ സടകുടഞ്ഞു പുറത്തു വന്ന ദിവസം.
അക്കാലഘട്ടങ്ങളിൽ തൊഴിലെടുക്കുന്ന സമയം എന്നത്‌ ഒരു പൂർണ ദിവസമാണ്‌. വിശ്രമം എന്നത്‌ ഒരു മരീചിക മാത്രമായി അവശേഷിച്ചു. ഉറങ്ങുന്നതു പോലും അപൂർവ്വതയായി മാറിക്കഴിഞ്ഞു. അടിമ ജീവിതത്തിന്‌ കുഞ്ഞെന്നോ കുടുംബമെന്നോ വ്യത്യാസമില്ലാതെ അടിപ്പെടേണ്ടി വന്നു. കൃത്യമായ ഭക്ഷണമോ തലചായ്ക്കാൻ ഒരു നല്ല കുടിലോ പോലും സ്വപ്നത്തിൽ മാത്രം ലഭിക്കുന്നതായി. ജീവിതം എന്നത്‌ അരോചകവും അസഹനീയവുമായി മാറി
വ്യാവസായിക വിപ്ലവം സാധ്യമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മറ്റൊരു മുഖമാണ്‌ നാം കണ്ടത്‌. മുതലാളിമാർ ചൂഷണത്തിന്റെ സീമകളില്ലാത്ത തലത്തിലായിരുന്നു. തൊഴിലാളികളാകട്ടെ ചൂഷണത്തിന്‌ വീണ്ടും വീണ്ടും ക്രൂരമായി വിധേയമാക്കപ്പെട്ടു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. ഉള്ളവർ കൂടുതൽ കൂടുതൽ ഉള്ളവരാകുകയും ഇല്ലാത്തവർ കൂടുതൽ കൂടുതൽ ഇല്ലാത്തവരാകുകയും ചെയ്തു കൊണ്ടിരുന്നു. അസമത്വത്തിന്റെ ക്രൂരദംഷ്ട്രകൾ വേരുകളാഴ്ത്തി നിന്നു. അവ അസമാധാനത്തിന്റെ കൊടും മനോവ്യഥകളിലേക്ക്‌ തൊഴിലാളികളെ തള്ളി വിടുകയായിരുന്നു.
തൊഴിലാളികൾക്കിടയിൽ എല്ലാം വിധിയെന്ന ചിന്തയിൽ നിന്നും മാറി പ്രതികരണത്തിന്റെ പാത വെട്ടിത്തുറന്നു. എവിടേയും തങ്ങളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കേണ്ടതാണെന്ന ബോധ്യം പ്രകടമായി. ഇത്‌ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം വികാരമായല്ല കണ്ടു വന്നത്‌. ലോകത്തെല്ലായിടത്തും തൊഴിലാളികൾ ഒരേ പോലെ ചിന്തിക്കാൻ തുടങ്ങി. ഈ മാറ്റങ്ങളെല്ലാം ആധുനികമായി തുടങ്ങുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലാണ്‌. 1830 കൾക്കു ശേഷം തൊഴിലാളികൾക്ക്‌ അനുഗുണമായ ചിന്തകൾ ആരംഭിച്ചു. അവരുടെ മോചനത്തിനായി പലരും ചിന്തിച്ചു തുടങ്ങി. അതിൽ പ്രമുഖൻ കാറൽമാർക്ക്സ്‌ ആയിരുന്നു. ലോക തൊഴിലാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അടിമത്തത്തിനെതിരെ പോരാടണമെന്നും പറഞ്ഞത്‌ കാറൽമാർക്ക്സായിരുന്നു.
1843 ലാണ്‌ കാറൽമാർക്ക്സും ഏംഗൽസും ചേർന്ന്‌ ‘സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന്‌ ഉദ്ഘോഷിച്ചത്‌.. ‘നിങ്ങൾക്ക്‌ നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം’ എന്നത്‌ ലോകത്തെ തൊഴിലാളി ജനത ശ്രവിച്ചത്‌ ഏറെ ആഹ്ലാദത്തോടെയാണ്‌. ആ മാസ്മരിക മുദ്രാവാക്യം ലോകത്തെ മാറ്റി മറിച്ചത്‌ വലിയൊരു തലത്തിലേക്കാണ്‌. തകർന്നു കിടന്ന ഒരു ജനതക്ക്‌ ലഭിച്ച മോചനമന്ത്രമായിരുന്നു അത്‌. ഇന്ന്‌ നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അന്ന്‌ അവർക്ക്‌ ആർജ്ജിക്കേണ്ടി വന്നിട്ടുണ്ട്‌. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. അകൽച്ച കൂടുന്തോറും ആഘാതവും വർദ്ധിക്കും. അനുഭവത്തിന്റെ തീച്ചൂളയിൽ കിടന്ന്‌ ഉരുകിയിരുന്ന തൊഴിലാളികൾ ഇനിയും സഹിക്കാനാവില്ല എന്ന തിരിച്ചറിവോടെ പൊട്ടിത്തെറിച്ച്‌ അടിമത്തത്തിന്റെ പുറന്തോടുകൾ പൊട്ടിച്ച്‌ പുറത്തു വന്ന കഥയാണ്‌ മെയ്‌ ദിനത്തിന്റേത്‌
1886 മെയ്‌ മാസം ഒന്നു മുതൽ നാലു വരെ തീയതികളിൽ അമേരിക്കയിലെ ചിക്കഗോ പട്ടണത്തിൽ നടന്ന തൊഴിലാളി വർഗ മുന്നേറ്റ ശ്രമങ്ങളാണ്‌ മെയ്ദിനാചരണത്തിന്റെ അടിസ്ഥാനം. 1889 ൽ പാരിസിൽ ചേർന്ന ഇന്റർ നാഷണൽ സോഷ്യലിസ്റ്റ്‌ കോൺഗ്രസ്‌ ആണ്‌ മെയ്‌ ഒന്നാം തീയതി ലോക വ്യാപകമായി തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്‌.
സാർവദേശീയ തൊഴിലാളിദിനത്തിന്റെ പരിണതിയിലേക്ക്‌ നയിച്ച സംഭവവികാസങ്ങൾക്കും മുമ്പേ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചെറുതും വലുതുമായ തൊഴിൽ സമരങ്ങളും നടന്നിട്ടുണ്ട്‌. മാത്രവുമല്ല മെയ്ദിന സമരത്തിലേക്കു നയിച്ച പ്രക്ഷോഭങ്ങൾക്ക്‌ ഒരു ഏകീകൃതമായ മുദ്രാവാക്യം ഉണ്ടായിരുന്നു. ‘എട്ടു മണിക്കൂർ തൊഴിൽ എട്ടു മണിക്കൂർ വിശ്രമം എട്ടു മണിക്കൂർ വിനോദം’ എന്നതായിരുന്നു അത്‌. ‘എട്ടു മണിക്കൂർ തൊഴിൽ’ എന്ന മുദ്രാവാക്യം ലോകത്ത്‌ ആദ്യമായി ഉയർത്തി വച്ചത്‌ 1856 ൽ ആസ്ത്രേലിയയിലെ കെട്ടിട വ്യവസായ തൊഴിലാളികളായിരുന്നു. 1866 ൽ ഇന്ത്യയിൽ മിൽ തൊഴിലാളികൾ ഇതേ മുദ്രാവാക്യം ഉയർത്തി വച്ചു കൊണ്ട്‌ സമരത്തിലേക്കെത്തിച്ചേർന്നു.
ഏതാണ്ട്‌ 1827ൽ തന്നെ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു തുടങ്ങി. 1833 ൽ ഇരുപത്തിയാറായിരം തൊഴിലാളികൾ അമേരിക്കയിൽ ട്രേഡ്‌ യൂണിയനിൽ അംഗങ്ങളായിരുന്നെങ്കിൽ നാലു വർഷത്തിനു ശേഷം 1837 ൽ അത്‌ മൂന്നു ലക്ഷമായി വർദ്ധിച്ചു. ലോകത്തെ ആദ്യത്തെ ട്രേഡ്‌ യൂണിയൻ എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന. ഫിലാഡെൽഫിയ മെക്കനിക്സ്‌ യൂണിയൻ രൂപം കൊണ്ടത്‌ 1827ലാണ്‌ ഫിലാഡെൽഫിയയിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾ അന്ന്‌ ആവശ്യപ്പെട്ടത്‌ തൊഴിൽ സമയം 10 മണിക്കൂറാക്കി ചുരുക്കണമെന്നാണ്‌. ഇന്ത്യയിലാണെങ്കിൽ മിൽ തൊഴിലാളികളും ഖാനി തൊഴിലാളികളും റയിൽവേ തൊഴിലാളികളും നടത്തിയ സമരങ്ങൾ ആവേശഭരിതങ്ങളണ്‌. ഈ പ്രക്ഷോഭങ്ങളേക്കാളുപരി ചിക്കാഗോയിൽ നടന്ന സംഭവവികാസങ്ങൾക്ക്‌ ഏറെ പ്രാധാന്യം കൈവരുന്നത്‌ ആ സമരം ലോകത്താകമാനം പിടിച്ചുലക്കപ്പെട്ടു എന്നതാണ്‌.
1866 ഓഗസ്റ്റു മാസം 20ാ‍ം തീയതി അമേരിക്കയിലെ ബൾട്ടിമൂർ എന്ന നഗരത്തിൽ വച്ചു നടന്ന നാഷണൽ ലേബർ യൂണിയന്റെ സ്ഥാപക സമ്മേളനമാണ്‌ ആദ്യമായി സംഘടിതമായി എട്ടു മണിക്കൂർ ജോലി എന്ന മുദ്രാവാക്യത്തെ ഉയർത്തി വച്ചത്‌.
അക്കാലത്ത്‌ ചിക്കാഗോ നഗരം അമേരിക്കയുടെ വ്യവസായ കേന്ദ്രവും സാമ്പത്തിക സിരാപടലവുമായിരുന്നു.
തൊഴിൽ സമയം കുറക്കുന്നതിനായി അമേരിക്കയിൽ ഏതാണ്ടെല്ലാ തൊഴിലാളികളും സംഘടിക്കുകയാണ്‌ എന്ന ഘട്ടം വന്നപ്പോൾ ആ സമരത്തെ നേരിടാൻ മുതലാളിമാർ തന്നെ പല ഭാഗങ്ങളിലും ഒരുമിച്ചു കൂടാനും തൊഴിലാളി സമരങ്ങളെ തകർക്കാനായി ഫണ്ടുകൾ സ്വരൂപിക്കാനും തുടങ്ങി. 1872 ൽ ന്യൂയോർക്കിലെ 400 ഓളം മുതലാളിമാർ ഒത്തു കൂടി പ്രവൃത്തിദിനം കുറക്കുന്നതിനുള്ള സമരത്തെ തുരത്താൻ 1000 ഡോളർ വീതം സംഭാവന ചെയ്തു. 1877ൽ ചിക്കാഗോയിലെ മുതലാളിമാർ സമരത്തെ എതിർക്കാനും സായുധസമരം നടത്താനുമായി ‘സിറ്റിസൺസ്‌ അസോസിയേഷൻ’ എന്ന ഗുണ്ടാപ്പടയെ രൂപപ്പെടുത്തി. ഇക്കാലത്ത്‌ റെയിൽവേയിൽ പോലും പ്രവൃത്തി ദിനം കുറക്കാതിരിക്കാൻ എന്തു മാർഗം സ്വീകരിക്കാനും മാനേജർമാരുടെ സംഘടന തീരുമനിച്ചു. ഇങ്ങനെ ഇരു ഭാഗത്തും ആളൂം ആത്മബലവും വർദ്ധിക്കുകയും തൊഴിൽ മേഖല തികഞ്ഞ ഒരു സംഘർഷാവസ്ഥയിലേക്ക്‌ എത്തിച്ചേരുകയും ചെയ്തു.
1886 മെയ്‌ ഒന്നാം തീയതി അമേരിക്കയിലെ തൊഴിലാളികളാകമാനം സമര രംഗത്തിറങ്ങി. പണിമുടക്കു മൂലം ഒരൊറ്റ വ്യവസായശാലകൾ പോലും തുറന്നില്ല. തെരുവിലേക്ക്‌ തൊഴിലാളികൾ കുതിച്ചു പാഞ്ഞു. പ്രകടനമായി അമേരിക്കയിലെ വിവിധ തെരുവുകൾ അവകാശ പോരാട്ടത്തിന്റെ എക്കാലത്തേയും തിളങ്ങുന്ന വേദികളാക്കി. ചിക്കഗോയിൽ മാത്രമല്ല, ന്യൂയോർക്ക്‌, ബൾട്ടിമൂർ വാഷിംഗ്ടൺ, മിൽവാക്ക്‌ സിൻസിനാറ്റി, സെന്റ്ലൂയി, പീറ്റ്ബർഗ്ഗ്‌, ഡിട്രോയിറ്റ്‌ തുടങ്ങി എല്ലാ നഗരങ്ങളും തൊഴിലാളികൾ പിടിച്ചെടുത്തു. തെരുവോരങ്ങളിൽ കൂടി നിന്ന്‌ അവർ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രകടനങ്ങൾ നടത്തി, തൊഴിലാളി നേതാക്കൾ പ്രകടനങ്ങളെ അഭിസംബോധന നടത്തി സർവ്വം ആവേശകരമായ അന്തരീക്ഷം അലയടിക്കുകയാണ്‌. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടു മണിക്കൂർ വിശ്രമം എന്ന മാന്ത്രിക മുദ്രാവാക്യം മാത്രമാണ്‌ അന്തരീക്ഷത്തിൽ അലയടിച്ചിരുന്നത്‌. തൊഴിലാളികൾ ആവേശഭരിതരായി.
മുതലാളിമാർ ആകമാനം വിറളി പുണ്ടു. തൊഴിലാളി വർഗത്തിന്റെ സംഘടിത ശക്തിയെ കണ്ട്‌ അവർ ഭയചകിതരായി. ഏതു വിധേനയും ഈ സമരത്തെ തകർത്തില്ലെങ്കിൽ തങ്ങളുടെ നിലനിൽപ്‌ തന്നെ അവതാളത്തിലാകുമെന്ന്‌ അവർക്കു മനസിലായി. തങ്ങളുടെ ഗുണ്ടാപ്പടയേയും മർദ്ദക ഭരണകൂടത്തിന്റെ ഉപാധിയായ പൊലീസിനേയും ചില നേരങ്ങളിൽ പട്ടാളത്തെത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സമരത്തെ സായുധമായി നേരിടാൻ അവർ തീരുമാനിച്ചു. മുതലാളിമാർ തിരിച്ചടിക്കാൻ സംഘടിക്കുന്നത്‌ കണ്ടപ്പോൾ സ്വാഭാവികമായും തൊഴിലാളികളുടെ ചെറുത്തു നിൽക്കാനുള്ള ആവേശം വർദ്ധിച്ചു. അവർ കൂടുതൽ വർദ്ധിത വീര്യത്തോടെ സമര മുഖത്തേക്കാഞ്ഞടുത്തു.
സമരത്തിന്‌ നേതൃത്വം നൽകിയത്‌ പ്രധാനമായും സെന്റർ ലേബർ യൂണിയന്റെ (സിഎൽയു) നേതാക്കളായ ഓഗസ്റ്റ്‌ സ്പൈസ്‌, ആൽബർട്ട്‌ പാർസൻസ്‌, സാമുവൽ ഫീൽഡൺ അഡോൾഫ്‌ ഫിഷർ, ജോർജ്ജ്‌ എംഗൽ, ഓസ്കർ നീബെ, മൈക്കിൾ ഷ്വാബ്‌, ലൂയി ലിംഗ്‌ എന്നിവരായിരുന്നു. ഇവരെ ഒറ്റക്കും കൂട്ടായും തകർക്കാനുള്ള ശ്രമങ്ങൾ നടന്നു. അതങ്ങിനെ തന്നെയാണല്ലോ. തൊഴിലാളികൾക്ക്‌ വേണ്ടി അനുസ്യൂതം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യാൻ എക്കാലത്തും ഭരണകൂടവും വ്യവസ്ഥാപിത താത്പര്യക്കാരും ശ്രമിക്കും. അവർക്ക്‌ വേണ്ടത്‌ അഴിമതിയും അസ്തി വർദ്ധനയുമാണ്‌.
രണ്ടാം ദിവസവും പണിമുടക്കും പ്രതിഷേധ യോഗങ്ങളും അണമുറിയാതെ നടന്നു,. കൂടുതൽ തൊഴിലാളികൾ തെരുവിലേക്കിറങ്ങി വന്നു. തൊഴിലാളികൾ ജാഗരൂകരായിരിക്കണമെന്നത്‌ നേതൃത്വം നിർദ്ദേശിച്ചിരുന്നു.
മൂന്നാം ദിവസം അതായത്‌ മെയ്‌ മൂന്നാം തീയതിയും സമരം തുടർന്നു. പതിവു പോലെ തൊഴിലാളികൾ ആർത്തിരമ്പി തെരുവിലലിഞ്ഞു നടന്നു. സമരത്തെപറ്റി കൂടുതൽ വിശദീകരിക്കാൻ റീപ്പ്‌ വർക്ക്സ്‌ ഗേറ്റിനു മുന്നിൽ ഒരു യോഗം ചേർന്നു.. യോഗത്തെ സംബോധന ചെയ്തുകൊണ്ട്‌ ആഗസ്റ്റ്‌ സ്പൈസ്‌ ആണ്‌ പ്രസംഗിച്ചു കൊണ്ടിരുന്നത്‌. സ്പൈസിന്റെ വാക്കുകൾ ചാട്ടുളി പോലെ തൊഴിലാളികളുടെ ഹൃദയത്തിൽ പാഞ്ഞു കയറുന്നതായിരുന്നു. അവർ ആർത്തു വിളിക്കുകയും ആ യോഗത്തെ കൂടുതൽ ഉ•ത്തമാക്കുകയും ചെയ്തു. ആവേശത്തിന്റെ അതിരുകൾ ലംഘിച്ചു കൊണ്ട്‌ സ്പൈസിന്റെ വാക്കുകൾ അന്തരീക്ഷത്തിൽ ഇടി മുഴക്കം സൃഷ്ടിച്ചു.
മുതലാളിമർക്ക്‌ ഇനിയും അടങ്ങിയിരിക്കാനായില്ല. ഇനിയും ഇത്തരത്തിൽ സമരം തുടർന്നാൽ തങ്ങളുടെ അടിത്തറ തകർന്നു തരിപ്പണമാകൂമെന്ന്‌ അവർക്ക്‌ ഉറപ്പായിരുന്നു. അവർ കുതന്ത്രങ്ങൾ മെനഞ്ഞു. സമരത്തെ നേരിടുവാൻ പൊലീസിനെ നിയോഗിക്കുവാൻ തീരുമാനിച്ചു. പൊലീസും മുതലാളിമരുടെ ഗുണ്ടാപ്പടയുമൊരുമിച്ചു ചേർന്ന്‌ തൊഴിലാളികൾക്കു നേരെ സായുധാക്രമണം തുടങ്ങി. ആദ്യമൊന്ന്‌ പകച്ചു പോയെങ്കിലും നിരായുധരായ സാധാരണ തൊഴിലാളികൾക്ക്‌ വെറും കൈകൾ കൊണ്ട്‌ ചെറുത്തു നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. സ്വാഭാവികമായും പരാജയം തൊഴിലാളികൾക്കായിരുന്നു. ആറു തൊഴിലാളികൾ കൊല്ലപ്പെട്ടു. വിലപ്പെട്ട ആറു ജീവൻ. എത്രയോ പേർക്ക്‌ പരിക്കേറ്റു. പൊലീസും മുതലാളിമാരും ഗുണ്ടാ സംഘവും ചേർന്ന്‌ നടത്തിയ മനുഷ്യ കശാപ്പിനെതിരെ പ്രതിഷേധിക്കാനായി പിറ്റേ ദിവസം തന്നെ, മെയ്‌ നാലാം തീയതി ഹേ മാർക്കറ്റിൽ വച്ച്‌ ഒരു പ്രതിഷേധ യോഗം നടത്തണമെന്ന്‌ തീരുമാനിച്ചാണ്‌ അന്നത്തെ ദിവസം തൊഴിലാളികൾ പിരിഞ്ഞത്‌. അവർ ഏറേ വിഷണ്ണരായിരുന്നു. കഴിഞ്ഞ നിമിഷം വരെ അവരുടെ തോളോടു തോൾ ചേർത്തു നിന്നവരാണ്‌ അവർക്കു വേണ്ടി പ്രാണൻ വെടിഞ്ഞത്‌.
മെയ്‌ നാലാം തീയതി വൈകുന്നേരം ഏഴു മണിയോടെ ഏതാണ്ട്‌ മൂവായിരത്തോളം തൊഴിലാളികൾ ഹേ മാർക്കറ്റ്‌ സ്ക്വയറിൽ തടിച്ചു കൂടി. അവർ കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പിലും മരണത്തിലും ശക്തമായി പ്രതിഷേധിച്ചു. ആഗസ്റ്റ്‌ സ്പൈസ്‌ പാഴ്സൻസ്‌, ഫീൾഡൺ എന്നിവരായിരുന്നു പ്രസംഗിച്ചത്‌. സ്പൈസിന്റെ വാഗ്ധോരണിയിൽ തൊഴിലാളികൾ മുഴുകി നിന്നു. നീണ്ട മൂന്നു മണിക്കൂറുകൾക്കു ശേഷം രാത്രി പത്തുമണിയോടെ യോഗം അവസാനിക്കുന്ന സമയത്ത്‌ വീണ്ടും അപ്രതീക്ഷിതമായി പോലീസും ഗുണ്ടകളും യോഗത്തിലേക്ക്‌ ചാടി വീണ്‌ ആക്രമണം അഴിച്ചു വിട്ടു. ആദ്യം പൊലീസ്‌ ബോംബെറിയുകയും പിന്നീട്‌ വെടി വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഏഴു പൊലീസുകാരും നാലു തൊഴിലാളികളും മരിച്ചു വീണു.
തുടർന്ന്‌ ഇരുനുറോളം നേതാക്കന്മാരെ അറസ്റ്റു ചെയ്തു. അതിൽ പ്രധാനികൾ ആഗസ്റ്റ്‌ സ്പൈസ്‌, ഫീൾഡൺ, ഫിഷർ, ഏംഗൽ, ലിംഗ്‌, ഷ്വാബ്‌, നീബൈ എന്നിവരായിരുന്നു. പാഴ്സൺ പിന്നീട്‌ പൊലീസിന്‌ പിടി കൊടൂക്കുകയായിരുന്നു. ആഗസ്റ്റ്‌ സ്പൈസ്‌, ഫിഷർ, ഏംഗൽസ്‌ പാഴ്സൺ എന്നിവരെ തൂക്കിലേറ്റി. ഷ്വാബിന്റേയും ഫീൾ ഡണിന്റേയും വധശിക്ഷ ജീവപര്യന്തമായി കുറച്ചു. നീബൈക്ക്‌ 15 വർഷം തടവുശിക്ഷ വിധിക്കപ്പെട്ടു. കേവലം 22 വയസു മാത്രം പ്രായമുണ്ടായിരുന്ന ലൂയിലിംഗ്‌ ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ്‌ ഭാഷ്യം. എന്നാൽ ലൂയി തടവറയിൽ വച്ച്‌ കൊല്ലപ്പെടുകയായിരുന്നു.
ഇവരൊക്കെ നമുക്കു വേണ്ടിയാണ്‌ ജീവൻ വെടിഞ്ഞതും ത്യാഗങ്ങൾ ചെയ്തതും. ആയിരക്കണക്കിനു പേരുടെ ത്യാഗമുണ്ട്‌ ഒരു മെയ്ദിനത്തിന്‌. അത്‌ വെറുമൊരവധി ദിനമല്ല. ഓർമ്മകൾ പുതുക്കലാണ്‌. നന്ദിയോടെ അവരെ സ്മരിക്കലാണ്‌ ഇവരുടെയൊക്കെ ചിന്തയും പ്രവൃത്തിയും നമുക്കായി കരുതി വച്ചതു കൊണ്ടാണ്‌ ഇന്നു നാം ഇത്രമാത്രം സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യുന്നത്‌. അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള കുതിച്ചു ചാട്ടമാണ്‌ നമുക്ക്‌ ഓരോ മെയ്ദിനത്തിന്റെ ഓർമ്മകളും സമ്മാനിക്കുന്നത്‌.

  Categories:
view more articles

About Article Author