Thursday
24 May 2018

പോർച്ചുഗലിനും ചിലിക്കും ഇന്ന്‌ കടുത്തപോരാട്ടം

By: Web Desk | Sunday 18 June 2017 4:45 AM IST

മോസ്കോ: വൻകരകളുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ഫിഫ കോൺഫെഡറേഷൻസ്‌ കപ്പിന്‌ വർണാഭമായ ചടങ്ങുകളോടെ തുടക്കം. രണ്ടുമണിക്കൂറോളം നീണ്ട കലാപരിപാടികളോടെയാണ്‌ ടൂർണ്ണമെന്റിന്‌ തുടക്കമായത്‌. അടുത്തവർഷം നടക്കാനിരിക്കുന്ന ലോകകപ്പിന്‌ തങ്ങളുടെ ഒരുക്കം ഗംഭീരമാണെന്ന്‌ കൂടി വെളിപ്പെടുത്തുന്നതായി ആഘോഷനിമിഷങ്ങൾ.
സെന്റ്‌ പീറ്റേഴ്സ്ബർഗ്ഗ്‌ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനമത്സരം. മത്സരങ്ങൾ കാണുന്നതിനായി ഏറെ കാണികൾ എത്തുമെന്നാണ്‌ സംഘാടകർ കണക്കുകൂട്ടുന്നത്‌. വരുമാനം കുറഞ്ഞ പൗരന്മാർക്കും കുട്ടികളുടെ എണ്ണം കുടൂതലുള്ള കുടുംബങ്ങൾക്കും ഭിന്നശേഷിക്കാർക്കുമെല്ലാം സൗജന്യമായി കളി കാണാൻ അവസരം നൽകിയിട്ടുണ്ട്‌. എട്ട്‌ രാജ്യങ്ങളാണ്‌ മിനി ലോകകപ്പെന്ന്‌ അറിയപ്പെടുന്ന ടൂർണ്ണമെന്റിൽ ബൂട്ടുകെട്ടുന്നത്‌.
ടൂർണ്ണമെന്റിന്റെ രണ്ടാംദിനമായ ഇന്ന്‌ രണ്ട്‌ മത്സരങ്ങളാണുള്ളത്‌. യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ കോൺകാകാഫ്‌ ചാമ്പ്യന്മാരായ മെക്സിക്കോയുടെ വെല്ലുവിളി നേരിടും. സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലെത്തുന്ന പോർച്ചുഗലിന്‌ ഭീഷണിയാകാൻ മെക്സിക്കോയുടെ ടീം ഗെയിമിന്‌ സാധിക്കും. രണ്ടുടീമും ആദ്യമത്സരത്തിൽ ജയം ലക്ഷ്യമിട്ടാണ്‌ കളത്തിലിറങ്ങുന്നത്‌.
എന്നാൽ യൂറോപ്യൻ ഫുട്ബോളുമായി വേണ്ടത്ര മത്സരപരിചയം മെക്സിക്കോയ്ക്കില്ല എന്നത്‌ ഒരു പോരായ്മയാണ്‌. ജുവാൻ കാർലോസ്‌ ഓസോറിയയുടെ പരിശീലനത്തിലാണ്‌ ടീം ഇറങ്ങുന്നത്‌. പ്രതിരോധത്തിലൂന്നിയുള്ള 3-4-3 ഫോർമേഷനിലായിരിക്കും കളിക്കുക. ജാവിയർ ഹെർണാണ്ടസായിരിക്കും ആക്രമണം നയിക്കുന്നത്‌.
ടീമെന്ന നിലയിൽ പോർച്ചുഗലിന്‌ പ്രശ്നങ്ങളെ നേരിടാനില്ലെങ്കിലും നികുതി വെട്ടിപ്പ്‌ കേസും റയൽ മാഡ്രിഡ്‌ ക്ലബുമായുള്ള പ്രശ്നങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്‌ തലവേദനയാണ്‌. വ്യക്തിപരമായ പ്രശ്നങ്ങളെ മറികടന്ന്‌ മികച്ച പ്രകടനം നടത്താൻ ക്രിസ്റ്റ്യാനോയ്ക്ക്‌ സാധിച്ചാൽ പോർച്ചുഗലിന്‌ കാര്യങ്ങൾ എളുപ്പമാകും. ഫെർണാണ്ടോ സാന്റോസാണ്‌ പോർച്ചുഗൽ പരിശീലകൻ.. റൊണാൾഡോയ്ക്കൊപ്പം സി ൽവയായിരിക്കും മുന്നേറ്റനിരയിൽ അണിനിരക്കുക.
രണ്ടാം മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂൺ ലാറ്റിനമേരിക്കൻ ശക്തികളായ ചിലിയെ നേരിടും. ആദ്യമായാണ്‌ കാമറൂൺ കോൺഫെഡറേഷൻസ്‌ കപ്പിനെത്തുന്നത്‌. 1998 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.
കാമറൂണിന്‌ തങ്ങളുടെ മൂന്നാം കോൺഫെഡറേഷൻസ്‌ കപ്പാണിത്‌. ടൂർണ്ണമെന്റിൽ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ്‌ കോച്ച്‌ ഹ്യൂഗോ ബ്രൂസിന്റെ പ്രതീക്ഷ. ചിലിക്ക്‌ വിശ്വസ്തനായ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ സേവനം ലഭിക്കാത്തത്‌ തിരിച്ചടിയാകും. ബ്രാവോയുടെ അസാന്നിധ്യത്തിലും അലക്സിസ്‌ സാഞ്ചസും ആർടുറോ വിദാലും നയിക്കുന്ന ചിലി ടീം കിരീടം ലക്ഷ്യമിടുന്ന ടീമുകളിലൊന്നാണ്‌.