പ്രകർഷമായി മാറുന്ന ആഘോഷങ്ങൾ

പ്രകർഷമായി മാറുന്ന ആഘോഷങ്ങൾ
April 21 04:55 2017

matoliനാട്ടിലെങ്ങും ഇപ്പോൾ ഉത്സവ ആഘോഷങ്ങളുടെ കാലമാണ്‌. ഉത്സവങ്ങൾ ഉല്ലാസത്തിൽ അധിഷ്ഠിതമായ സാമൂഹിക കൂട്ടായ്മകളുടെയും ഒത്തുചേരലിന്റെയും പങ്കുവയ്ക്കലുകളുടെയും വേദികൂടിയാണ്‌. ഈ വേളകൾ മനുഷ്യന്റെ സാമൂഹ്യജീവിതത്തെ ഇഴയടുപ്പിക്കുകയും ദൃഢതരമാക്കുകയും വിശ്രാന്തിയുടെ ഇടവേളകളാക്കുകയും ചെയ്യുകയായിരുന്നു ദശാബ്ദങ്ങൾക്ക്‌ മുമ്പുവരെ. ഇന്നിപ്പോ ൾ സ്ഥിതി മാറി. ആരാധനാലയങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുകയെന്നാൽ ഔദ്ധത്യത്തിന്റെയും ധാർഷ്ട്യത്തിന്റെയും മുഖംകാട്ടലും സ്വകാര്യതയിലേയ്ക്കും പൗരാവകാശത്തിലേയ്ക്കുമുള്ള കടന്നുകയറ്റവുമായി പരിണമിച്ചിരിക്കുകയാണ്‌.
ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം, സമാധാനം നശിപ്പിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തൽ, വൈദ്യുതി, ജലം, പണം എന്നിവയുടെ ധൂർത്തടികൾ ഒക്കെയായി മാറിയിട്ടുണ്ട്‌ നാട്ടിലെ ഉത്സവാഘോഷങ്ങൾ. ആരെയോ വെല്ലുവിളിക്കാൻ, ആരോടോ പകതീർക്കാൻ കാട്ടിക്കൂട്ടുന്ന ദുർവ്യയങ്ങളായിരിക്കുന്നു കേരളത്തിലെ ഓരോ ആഘോഷങ്ങളും. ആരാധനാലയങ്ങൾതൊട്ട്‌ സാമൂഹ്യ രാഷ്ട്രീയ-സാംസ്കാരിക പ്രസ്ഥാനങ്ങൾ വരെ ‘പ്രശാന്തി’ എന്ന വാക്ക്‌ മറന്ന അവസ്ഥയാണെങ്ങും.
ലോകത്തിൽതന്നെ ഏറ്റവുമധികം ശബ്ദമലിനീകരണമുള്ളത്‌ ഭാരതത്തിലാണ്‌. സാംസ്കാരികവും ആചാരപരവുമായ ആഭിമുഖ്യങ്ങളാൽ കേരളം ഇക്കാര്യത്തിൽ മുൻപന്തിയിലുമാണ്‌. അമിത ശബ്ദത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ ഇത്രകാലമായിട്ടും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. ശബ്ദമലിനീകരണം ശാരീരികമായി മാത്രമല്ല, മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ ബാധിക്കുമെന്നും രക്തസമ്മർദ്ദം, പ്രമേഹം, ആസ്ത്മ, തലചുറ്റൽ, ഉറക്കമില്ലായ്മ, പഠനമില്ലായ്മ തുടങ്ങിയ പാർശ്വഫലങ്ങൾക്ക്‌ വഴിവയ്ക്കുമെന്നും ആരോഗ്യപ്രവർത്തകർ ഏറെക്കാലമായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
നാൽപ്പത്തിയഞ്ച്‌ ഡസിബലിൽ അധികം ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ബുദ്ധിപരമായ എന്തെങ്കിലും ആശയസംവേദനം നടത്താൻതന്നെ കഴിയില്ലെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌. അപ്പോൾ ഒരു സാധാരണ ഉച്ചഭാഷിണി ഉയർത്തുന്ന 120 ഡസിബൽ ശബ്ദം മനസിന്റെയും ശരീരത്തിന്റെയും സ്വസ്ഥതയാണ്‌ നശിപ്പിക്കുന്നത്‌. പള്ളികൾ ബാങ്കു വിളിക്കാനും അമ്പലങ്ങൾ ഭക്തിഗാനം അലറാനും ഉപയോഗിക്കുന്ന കോളാമ്പി മൈക്കുകൾ വിശ്വാസികളിൽപ്പോലും ഭക്തിരസമല്ല നിറയ്ക്കുന്നത്‌, മറിച്ച്‌ ഭീഷണശബ്ദമാണ്‌. ആരാധനാലയങ്ങൾ ഉയർത്തുന്ന കോളമ്പി കോലാഹലത്തിനെതിരെ കോടതിവിധി ഉണ്ടായിട്ടും നഗ്നമായ നിയമലംഘനം തുടരുകയാണ്‌. കോടതിവിധികൾ വെറും അഭിപ്രായ പ്രകടനങ്ങളായി അവഗണിക്കപ്പെടുകയുമാണ്‌. പരിഷ്കൃത പാശ്ചാത്യരാജ്യങ്ങളിൽ കാതടപ്പിക്കുന്ന വാഹന ഹോണോ, ഉച്ചത്തിലുള്ള സംസാരമോ, അടുക്കളയിൽ അമിത ശബ്ദത്തിൽ പ്രവർത്തിക്കുന്ന മിക്സിയോ എന്തിന്‌ പുറത്തേയ്ക്കൊഴുക്കുന്ന മസാല മണംപോലും പൊതുശല്യമായി പരിഗണിച്ച്‌ കേസാക്കുന്നുണ്ട്‌.
ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ആരാധനാലയങ്ങൾ സ്വരുക്കൂട്ടുന്ന ദ്രവ്യങ്ങൾ ഒട്ടും ക്രിയാത്മകമായല്ല ചെലവഴിക്കപ്പെടുന്നതെന്ന്‌ ഓരോ ഉത്സവാഘോഷങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പണക്കൊഴുപ്പിൽ കടംകൊള്ളുന്ന ആചാരങ്ങൾ പലതും സാമൂഹ്യജീവിതത്തിൽ ദുരാചാരങ്ങളായി മാറുന്ന കാഴ്ചകളാണെങ്ങും. ഒരു ഉദാഹരണം പൊങ്കാലയാണ്‌. തമിഴ്‌നാട്ടിലും കേരളത്തിന്റെ തെക്കൻ അതിർത്തികളിലും മാത്രം നടത്തപ്പെട്ടിരുന്ന ഈ നൈവേദ്യാനുഷ്ഠാനം ഇപ്പോൾ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും ഹനിച്ചുകൊണ്ട്‌ കേരളമാകെ പടരുകയാണ്‌.
ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ആചാരമായ പൊങ്കാല അവർക്ക്‌ ഒരു ആത്മസമർപ്പണമായിരുന്നു. ഭൂമിയെ പ്രതിനിധീകരിക്കുന്ന മൺകലവും അരിയും മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ആത്മസമർപ്പണം ചേരുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ്‌ പൊങ്കാല നൈവേദ്യം. പഞ്ചഭൂതാത്മകമായ ശരീരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന അംശങ്ങൾ ഒന്നിച്ചുചേരുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ആന്തരിക ആനന്ദത്തിന്റെ പ്രതീകവൽക്കരണമാണത്‌. ഒരാൾ പ്രാപഞ്ചിക സത്തകളുമായി വിലയം പ്രാപിക്കേണ്ടത്‌ ശാന്തവും വിശുദ്ധവുമായ അന്തരീക്ഷത്തിലായിരിക്കേണ്ടേ? അത്‌ പാതവക്കത്തും ഓടയ്ക്കരികിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്‌ ഭംഗംവരുത്തിയും വേണമോ എന്ന ചോദ്യം ഉയരുന്നുണ്ട്‌.
തിരുവനന്തപുരം ജില്ലയിൽ പിന്നാക്ക ജാതിക്കാരുടെയും ചില ശൂദ്രകുടുംബങ്ങളുടെയും കൈവശമുണ്ടായിരുന്ന ആരാധന കേന്ദ്രങ്ങളായ മുടിപ്പുരകളിലാണ്‌ പൊങ്കാല നൈവേദ്യം അനുഷ്ഠിച്ചുപോന്നിരുന്നത്‌. ആദ്യകാലം ഒരു മുടിപ്പുരയായിരുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്‌ വളർന്ന്‌ ഗിന്നസ്‌ ബുക്കിൽ വരെ ഇടംപിടിച്ചിരിക്കുകയാണ്‌. പൊങ്കാലയുടെ നടത്തിപ്പിനായി പൊതുമരാമത്ത്‌ വകുപ്പ്‌ വാർഡുകൾക്ക്‌ സഹായം നൽകുന്നുണ്ട്‌. വൈദ്യുതി, ജലം, ട്രാൻസ്പോർട്ട്‌, ആരോഗ്യ വകുപ്പുകളും സംയോജിതമായി പ്രവർത്തിക്കുന്നുണ്ട്‌. ഏതാണ്ട്‌ 25 കിലോമീറ്ററിലധികം ദൂരം എല്ലാ ദിക്കിലും അന്ന്‌ നഗരം സ്തംഭിക്കുന്നുണ്ടെന്ന്‌ തന്നെ പറയാം. തിരുവിതാംകൂർ ദേവസ്വത്തിന്റെയോ സർക്കാരിന്റെയോ അല്ലാത്ത ഒരു ആരാധനാലയത്തിനുവേണ്ടിയാണ്‌ ഈ സന്നാഹങ്ങൾ. നഗരത്തിൽ മറ്റ്‌ വിശ്വാസികളും ആരാധനക്രമമുള്ളവരും ഈ ഭക്തി പ്രകർഷത്തിൽ ഉൾച്ചേരാൻ നിർബന്ധിക്കപ്പെടുകയാണ്‌. ഈ പ്രവണത കേരളത്തെ ആകെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ സ്വരൂക്കൂട്ടി കത്തിച്ചുകളയുന്ന ധനം സ്വസമുദായത്തിലേയോ മതത്തിലേയോ നിർധന കുട്ടികളെ പഠിപ്പിക്കുന്നതിനോ, നിരാശ്രയർക്ക്‌ സംരക്ഷണം നൽകുന്നതിനോ, ചികിത്സ ലഭ്യമാക്കുന്നതിനോ ആരും പ്രയോജനപ്പെടുത്തുന്നില്ല. നേർച്ചയും നൈവേദ്യവുമൊക്കെ ആത്മസമർപ്പണമാണെന്നും, തിരിച്ചറിവിന്റെ സാക്ഷാത്കാരമാണെന്നും ഒരു ഉത്സവവും ആരാധനാലയങ്ങളും നമ്മെ ഇന്ന്‌ പഠിപ്പിക്കുന്നില്ല.
മാറ്റൊലി: മൗലവിയെ സമുദ്ധരിക്കാൻ പോയ സോനുനിഗത്തിന്‌ തല മൊട്ടയടിക്കേണ്ടിവന്നു. ഭക്തിയും വിശ്വാസവും അർഥപരിണാമം വന്ന പദങ്ങളായിരിക്കുന്നു ഭാരതത്തിൽ.

  Categories:
view more articles

About Article Author