പ്രണയത്തെ ഭയന്ന കാത്യ

പ്രണയത്തെ ഭയന്ന കാത്യ
April 23 04:50 2017

1986 ഏപ്രിൽ ഇരുപത്തിയാറിന്‌ സോവിയറ്റു യൂണിയനിലെ ചെർണോബിലിൽ നടന്നത്‌ വളരെ ചെറിയൊരു കയ്യബദ്ധമായിരുന്നു.പക്ഷെ അതിന്റെ ഫലം വിവർണ്ണനാതീതവും. തെറിച്ചുവീണ ആണവാവശിഷ്ടങ്ങൾ റഷ്യ, ഉക്രേൻ, ബലോറഷ്യ എന്നീ പ്രദേശങ്ങളെ വിഷമയമാക്കി. മരിച്ചവർ, രോഗബാധിതർ, പലായനം ചെയ്യേണ്ടി വന്നവർ… ദശലക്ഷക്കണക്കിന്‌ ജീവിതങ്ങളെ ദുരന്തം നേരിട്ടും അല്ലാതെയും ബാധിച്ചു. ഈ ഏപ്രിൽ ഇരുപത്തിയാറിന്‌ ചെർണോബിൽ ദുരന്തം നടന്നിട്ട്‌ മുപ്പതു വർഷങ്ങളാവുന്നു

പി കെ സുധി

ചില കൈപ്പിഴകൾ ചരാചരങ്ങളെ ദുരിതത്തിലാക്കാറുണ്ട്‌. 1986 ഏപ്രിൽ 26 ന്‌ സോവിയറ്റു യൂണിയനിലെ ചെർണോബിലിൽ നടന്നത്‌ അത്തരമൊരു ആണവദുരന്തമാണ്‌. റിയാക്ടറിൽ നിന്നും തെറിച്ചുവീണ ആണവാവശിഷ്ടങ്ങൾ റഷ്യ, ഉക്രൈൻ, ബലോറഷ്യഎന്നീ പ്രദേശങ്ങളെ വിഷമയമാക്കി. മരിച്ചവർ, രോഗബാധിതർ, വീടും നാടും വിട്ട്‌ പലായനം ചെയ്യേണ്ടി വന്നവർ. അങ്ങനെ ദശലക്ഷക്കണക്കിന്‌ ജീവിതങ്ങളെ ദുരന്തം നേരിട്ടും അല്ലാതെയും ബാധിച്ചു. ഈ ഏപ്രിൽ ഇരുപത്തിയാറിന്‌ ചെർണോബിൽ ദുരന്തം നടന്നിട്ട്‌ മുപ്പതു വർഷങ്ങളായി.
ഈ അപകടം ജനജീവിതത്തെ എങ്ങനെ ബാധിച്ചു? തലമുറകളിലേയ്ക്ക്‌ പകർന്നുപോകുന്ന ദുരിതങ്ങൾ, മണ്ണിനെ മാറ്റിതീർത്ത ദുരന്തങ്ങൾ ഇവയെകുറിച്ചുളള പുസ്തകമാണ്‌ ചെർണോബിൽ പ്രയർ. 2015 ൽ സാഹിത്യത്തിന്‌ നോബൽ പുരസ്കാരിതയായ സ്വെറ്റ്ലാന അലക്സിവിച്ചിന്റേതാണീ രചന. ചെർണോബിലിൽ ജനിച്ചുപോയവരുടെ ദുരന്താനുഭവങ്ങളുടെ ജീവിത രേഖ, റിയാക്ടറിലെ അഗ്നിശമനതൊഴിലാളികൾ, ശുചീകരണം നടത്തിയവർ, ദുരന്തമുഖത്തെ പട്ടാളക്കാർ, സാങ്കേതിക വിദഗ്ധർ, വീട്ടമ്മമാർ, രോഗികൾ, അണുശല്യമുണ്ടായ കുഞ്ഞുങ്ങൾ അങ്ങനെ ആയിരക്കണക്കിന്‌ ദുരിതബാധിതരെ നേരിൽക്കണ്ട്‌ തയ്യാറാക്കിയ പുസ്തകമാണ്‌ ചെർണോബിൽ പ്രയർ.
റിയാക്ടറിനടുത്ത്‌ താമസിച്ചിരുന്ന കാത്യ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ചെർണോബിൽ ആണവാപകടത്തിനെ കുറിച്ച്‌ സ്വെറ്റ്ലാന അലക്സിവിച്ചിനോട്‌ ഇങ്ങനെ പറയുന്നു.
ഞാനെന്തിനു വേണ്ടി പ്രാർത്ഥിക്കണം? ഞാനെന്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നു നിങ്ങളാരാഞ്ഞാൽ..?
ഞാൻ ദൈവത്തെ വണങ്ങുന്നത്‌ എല്ലാപേരുമുറങ്ങുന്ന രാവിലെകളിൽ അല്ലെങ്കിൽ സായാഹ്നങ്ങളിലാണ്‌. അതും വീട്ടിൽ വച്ച്‌. പള്ളിയിൽ ഞാൻ പോകാറില്ല.. എനിക്ക്‌ സ്നേഹമനുഭവിക്കണം. ഞാനതിനു വേണ്ടിയാണ്‌ പ്രാർത്ഥിക്കുന്നത്‌. എന്നാൽ എനിക്കത്‌..
എനിക്കതെല്ലാം എതുവിധേനയും ഉപേക്ഷിക്കണമെന്നുണ്ട്‌. ആണവാപകടത്തെ കുറിച്ച്‌ ഒരു പുസ്തകത്തിലും ഞാൻ വായിച്ചില്ല. ഒരു ചലച്ചിത്രത്തിലും അതു കണ്ടിട്ടില്ല. സിനിമകൾ കാണിച്ചു തന്നത്‌ യുദ്ധങ്ങളായിരുന്നു. യുദ്ധം മാത്രമുണ്ടായിരുന്ന, കുട്ടിക്കാലമില്ലാതിരുന്ന ബാല്യത്തെകുറിച്ച്‌ എന്റെ മുത്തശ്ശിയും മുത്തച്ഛനുമെപ്പോഴും പറയും. അവരുടെ കുഞ്ഞുന്നാളുകൾ പോരാട്ടത്തിന്റെ കാലത്തായിരുന്നെങ്കിൽ എനിക്ക്‌ ബാല്യം നഷ്ടമായത്‌ ചെർണോബിൽ കാരണമായിരുന്നു. ഞാനവിടെ നിന്നുള്ളവളാണ്‌. ഈ ജീവിതത്തിൽ എന്നെയൊരു പുസ്തകവും സഹായിച്ചില്ല. അവയൊന്നും അണുവിനെ വിശദീകരിച്ചില്ല. സിനിമയും നാടകവും അങ്ങനെയായിരുന്നു. അവയുടെയൊന്നും സഹായമില്ലാതെയാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. എന്റെ അമ്മ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന സ്കൂൾ ടീച്ചറാണ്‌. പുസ്തകങ്ങളുമായുള്ള സഹവാസത്തിന്‌ അമ്മയെന്നെ പ്രേരിപ്പിച്ചു. റിയാക്ടർ പൊട്ടിയതിനെ തുടർന്ന്‌ പൊടുന്നനെ പുസ്തകങ്ങൾ ലഭ്യമല്ലാതെയായി. അമ്മയാകെ കുഴപ്പത്തിലായി. ടോൾസ്റ്റോയിയും ചെക്കോവുമില്ലാതെ അമ്മയ്ക്ക്‌ ജീവിതമില്ല.
ഓർമ്മകൾ? ഒരേ സമയം എനിക്കവയെ കൊള്ളണമെന്നും ഒഴിവാക്കണമെന്നുമുണ്ട്‌. ശാസ്ത്രജ്ഞന്മാർക്കും എഴുത്തുകാർക്കും ഒന്നുമറിയില്ലെങ്കിൽ ഞങ്ങളുടെ ജീവിതവും മരണവും കൊണ്ട്‌ ഞങ്ങളവരെ സഹായിക്കാം. അങ്ങനെയാണമ്മ പറയുന്നത്‌ ഞാനതൊന്നുമാലോചിക്കാറില്ല. എനിക്ക്‌ സന്തോഷമായിട്ടിയിരിക്കാനാണാഗ്രഹം.
ഞങ്ങൾ പ്രിപ്യാറ്റിലായിരുന്നു താമസിച്ചിരുന്നത്‌. ആണവനിലയത്തിനടുത്ത്‌. കൂറ്റൻ അപ്പാർട്ടുമെന്റിലെ നാലാമത്തെ നിലയിൽ. ഞാനവിടെ ജനിച്ചു വളർന്നു. ജനാലയിലൂടെ ആണവനിലയം കാണാനാവുമായിരുന്നു. ഏപ്രിൽ ഇരുപത്തിയാറിന്‌ … ആ പൊട്ടിത്തെറി കേട്ടതായി പിന്നീട്‌ ധാരാളം അയൽവാസികൾ പറഞ്ഞു. എനിക്കറിയില്ല. ഞങ്ങളുടെ വീട്ടിലാരുടെയും ശ്രദ്ധയിൽ അതു വന്നിരുന്നില്ല. സ്കൂളിലേയ്ക്ക്‌ പോകാൻ പതിവുപോലെ ഞാനുണർന്നു. ജനാല വഴി ഞാനൊരു മുരളൽ കെട്ടു. ഞങ്ങളുടെ ഫ്ലാറ്റിനു മുകളിൽ ഒരു ഹെലികോപ്ടർ വട്ടം ചുറ്റന്നതു ഞാൻ കണ്ടു. അന്നത്തെ ദിവസം സ്കൂളിൽ കൂട്ടുകാരോടു പറയാൻ ഒരു സംഗതിയായി. ഞങ്ങൾക്കിനിയവിടെ രണ്ടു ദിവസങ്ങൾ കൂടി മാത്രമേ കഴിയാനാവു. അക്കാര്യം ആരുമപ്പോൾ അി‍റഞ്ഞതേയില്ല. ആ നഗരത്തിലെ അവസാനത്തെ രണ്ടു ദിവസങ്ങളായിരുന്നു അവ. ആ പട്ടണമിപ്പോഴില്ല. ബൈനോക്കുലറുമായി ബാൽക്കണിയിലിരുന്ന്‌ റിയാക്ടറിലെ തീ കണ്ടു രസിച്ച അയൽക്കാർ. അവരെ ഞാനിപ്പോഴും ഓർമ്മിക്കുന്നു. കാക്ക പറക്കുന്ന ദൂരം വച്ചുനോക്കിയാൽ ആണവനിലയത്തിലേയ്ക്ക്‌ വെറും മൂന്നു കിലോമീറ്റർ അകലം മാത്രമേയുള്ളു.
ഉച്ചയ്ക്ക്‌ ഞാനും കൂട്ടുകാരും അണുശക്തി നിലയത്തിലേയ്ക്ക്‌ സൈക്കിളെടുത്തു പോയി. സൈക്കിളില്ലാത്ത കുട്ടികൾ ഞങ്ങളെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു. ആരും ഞങ്ങളെ വിലക്കിയില്ല. അച്ഛനമ്മമാർ, അധ്യാപകർ ആരും തന്നെ. അവിടെ പരന്ന പുക ചാരനിറത്തിലോ മഞ്ഞയോ ആയിരുന്നില്ല. അത്‌ നീല നിറത്തിലുള്ളതായിരുന്നു. എന്നിട്ടും ആരും ഞങ്ങളോട്‌ വീട്ടിലേയ്ക്ക്‌ തിരികെ പോകാൻ പറഞ്ഞില്ല. ആൺകുട്ടികൾ തമാശകൾ പറഞ്ഞ്‌ പൊട്ടിച്ചിരിച്ചു. ആ ഭയം അതെനിക്ക്‌ ഓർക്കാൻ വയ്യ!
വീടുവിട്ട്‌ പോകുന്നതിനു മുമ്പ്‌ രാത്രിയിൽ പണവും പൊന്നും എങ്ങനെയാണ്‌ അമ്മ കുഴിച്ചിട്ടതെന്നും പിന്നീട്‌ തോട്ടത്തിലെ ആയിടം മറന്നതിനെച്ചൊല്ലി വേവലാതിപ്പെട്ടതിനെക്കുറിച്ചും ഒരു സുഹൃത്ത്‌ പറഞ്ഞു. എന്റെ മുത്തശ്ശിക്ക്‌ പെൻഷനായപ്പോൾ സമ്മാനമായി ഒരു ചായപ്പാത്രം കിട്ടിയിട്ടുണ്ടായിരുന്നു. അതും മുത്തച്ഛന്റെ മെഡലുകളുമായിരുന്നു അവരെ ഉൽക്കണ്ഠപ്പെടുത്തിയത്‌. പിന്നെ പഴയ സിംഗർ തയ്യൽമെഷീനും. അതൊക്കെ ആരുമില്ലാത്ത വീട്ടിലെവിടെ സൂക്ഷിക്കും?
പെട്ടെന്ന്‌ ഞങ്ങൾ ഒഴിപ്പിക്കപ്പെട്ടു. ജോലി സ്ഥലത്തു നിന്നും പപ്പയാണ്‌ ‘ഇവാക്വേഷൻ’ എന്ന വാക്കിനെ വീട്ടിലേയ്ക്ക്‌ കൊണ്ടുവന്നത്‌. യുദ്ധകഥകളിലെപ്പോലെ ഞങ്ങൾ ഇറങ്ങി. ബസ്സിൽ കയറിയ ഉടനെ എന്തോ എടുക്കാൻ മറന്നത്‌ വീണ്ടെടുക്കാൻ പപ്പ വീട്ടിലേയ്ക്കോടി. തന്റെ രണ്ടു പുതിയ ഷർട്ടുകളുമായി പപ്പ തിരികെ വന്നു. ആ പഴയ തുണികൾ ഇപ്പോഴുമുണ്ട്‌. ജനാലയിലൂടെ പുറത്തേയ്ക്ക്‌ നോക്കി ബസ്സിനുള്ളിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. പട്ടാളക്കാർ ഓവർക്കോട്ടുകളും മുഖാവരണങ്ങളും ധരിച്ചിരുന്നു. ഈ ഭൂമിയിലുള്ളവരെപ്പോലെയല്ല അവരെ തോന്നിപ്പിച്ചത്‌. തങ്ങൾക്കെന്താണു സംഭവിക്കാൻ പോകുന്നതെന്നു ആളുകൾ അവരോടാരാഞ്ഞു. ഞങ്ങളോടെന്തിന്‌ അതൊക്കെ ചോദിക്കുന്നു? അവർ ക്രുദ്ധരായി.
ഞങ്ങൾ നാടുവിടുകയായിരുന്നു. ആകാശത്തിന്‌ എത്രത്തോളം നീല നിറം വയ്ക്കാമോ അത്രയും നീലയായി തോന്നിച്ചു. മിക്കപേരുടെയും ബാഗുകളിൽ ഈസ്റ്റർ കേക്കും അലങ്കരിച്ച ഈസ്റ്റർ മുട്ടകളുമുണ്ടായിരുന്നു. യുദ്ധങ്ങളെക്കുറച്ച്‌ ബുക്കുകളിൽ ധാരാളം വായിച്ചിട്ടുണ്ട്‌. ഇടത്തും വലത്തും സ്ഫോടനങ്ങൾ, മാനത്ത്‌ പോർവിമാനങ്ങൾ.. ഇതങ്ങനെയുള്ള പോരാട്ടമായിരുന്നില്ല. തിരിച്ചു വരാൻ കഴിയുമെന്ന്‌ ആരും കരുതിയില്ല. എനിക്ക്‌ തലക്കറക്കവും തൊണ്ടയിൽ കരകരപ്പുമുണ്ടായി. കുട്ടികൾ നിലവിളിച്ചു. പ്രായമായവർ നിശ്ശബ്ദരായിരുന്നു. എന്റമ്മ കരയുന്നുണ്ടായിരുന്നു.
ഞങ്ങൾ മിൻസ്കിലേയ്ക്ക്‌ പോകുകയായിരുന്നു. ടിക്കറ്റിന്‌ മൂന്നിരട്ടി പണം ഈടാക്കിയ കണ്ടക്ടർ ചായ തന്നു. ഞങ്ങളുടെ സ്വന്തം കപ്പുകളിൽ ചായ പകർന്നെടുക്കാൻ ആവശ്യപ്പെട്ടു. അതു ഗ്ലാസ്സുകൾ കുറവായതു കൊണ്ടായിരുന്നില്ല. മറിച്ച്‌ അവർ ഞങ്ങളെ ഭയന്നതിനാലായിരുന്നു. വണ്ടിയിൽ വച്ച്‌ ഞങ്ങളെവിടെ നിന്നാണു വരുന്നതെന്നു പലരും ചോദിച്ചിരുന്നു. ചെർണോബിൽ എന്ന ഉത്തരം കേട്ടതോടെ അവർ അകന്നു മാറി. കുഞ്ഞുങ്ങളെ ഞങ്ങളുടെ സമീപത്തേയ്ക്ക്‌ വരാൻ സമ്മതിച്ചില്ല. മിൻസ്കിൽ ഞങ്ങൾ അമ്മയുടെ സ്നേഹിതയുടെ അടുത്താണെത്തിയത്‌.. വൃത്തികെട്ട ഷൂസുകളും വസ്ത്രങ്ങളുമായി അവരുടെ വീട്ടിലേയ്ക്ക്‌ അടിഞ്ഞുപോയതിൽ അമ്മയ്ക്ക്‌ ഏറെ നാണക്കെടുണ്ടായിരുന്നു. എന്നാൽ അവർ അനുതാപപൂർവ്വം ഞങ്ങളെ സ്വീകരിച്ചു. ചെർണോബിലിൽ നിന്നാണു ഞങ്ങളെത്തിയതെന്നറിഞ്ഞതോടെ അയൽക്കാർ അകന്നുമാറി.
ഒരു മാസം കഴിഞ്ഞപ്പോൾ എന്റെ മാതാപിതാക്കളെ വീടു ചെന്നു കാണാൻ അവരനുവദിച്ചു. ഒരു ബ്ലാങ്കറ്റ്‌, എന്റെ കോട്ട്‌, അമ്മയുടെ പ്രിയപുസ്തകമായ ചെക്കോവിന്റെ കത്തുകൾ (അത്‌ ഏഴു വോള്യം പുസ്തകമായിരുന്നു) എന്നിവ കൊണ്ടുവന്നു. അമ്മയ്ക്ക്‌ പ്രിയപ്പെട്ട സേ്ട്രാബെറിയുടെ ജാം എന്തുകൊണ്ടാണ്‌ വീട്ടിൽ ഉപേക്ഷിച്ചതെന്നു മുത്തശ്ശി അതിശയിച്ചു. ആ പുതപ്പിൽ ഒരു അടയാളം കണ്ടു. ഉരച്ചുകഴുകിയിട്ടും പോകാത്തതിനാൽ അതിനെ ഡ്രൈവാഷു ചെയ്തു. ആ തിളക്കം മാറിയില്ല. ഒടുവിൽ ആ ഭാഗത്തിനെ കത്രികകൊണ്ട്‌ വെട്ടി നീക്കി. പുതപ്പ്‌, കോട്ട്‌ എന്നിങ്ങനെ പഴയ വീടുമായി ബന്ധമുള്ള വസ്തുക്കളവിടെ ഉണ്ടായിരുന്നിട്ടും ഞങ്ങൾക്കവയൊന്നും ഉപയോഗിക്കാൻ സാധിച്ചില്ല. പുതിയ കോട്ടുവാങ്ങാനുള്ള പണമില്ല. എന്നാൽ പഴയത്‌ ഉപയോഗിക്കാനും സാധ്യമല്ലാത്ത അവസ്ഥ. പഴയ വസ്തുക്കളെയും ആ കോട്ടിനെയും ഞാൻ വെറുത്തു. അവയ്ക്ക്‌ എന്നെയും അമ്മയെയുമൊക്കെ കൊല്ലാനുള്ള ശേഷിയുണ്ട്‌. എനിക്കതിലൊക്കെ തലയിടാൻ ആഗ്രഹമുണ്ടായിരുന്നില്ല. വീട്ടിൽ, സ്കൂളിൽ, ബസ്സിൽ, തെരുവിൽ അങ്ങനെയെല്ലായിടത്തും അപകടത്തെക്കുറിച്ചുള്ള സംസാരങ്ങളായിരുന്നു. അവരതിനെ ഹിരോഷിമയുമായി താരതമ്യം ചെയ്തു. പക്ഷേ ആരും വിശ്വസിച്ചില്ല. പറഞ്ഞു പറഞ്ഞമ്പരപ്പുണ്ടാക്കിയാൽ കാര്യങ്ങളെങ്ങനെ വിശ്വസിക്കാനാവും? ഞങ്ങളോടിപ്പോരുമ്പോഴുള്ള ആകാശം എനിക്കോർമ്മയുണ്ട്‌. അതിനാകാവുന്നിടത്തോളം നീലനിറമായിരുന്നു അതിനുണ്ടായിരുന്നത്‌.
മുത്തശ്ശി.. അവർ പുതിയ സ്ഥലവുമായി പൊരുത്തപ്പെട്ടില്ല. മരിക്കുന്നതിനു തൊട്ടുമുമ്പ്‌ അവർ നാട്ടിലെ കുറച്ച്‌ ധാന്യങ്ങൾ കഴിക്കണമെന്നാവശ്യപ്പെട്ടു. വർഷങ്ങളായി ഞങ്ങളെ അവരതു തൊടാൻ പാടില്ലെന്നു വിലക്കിയിരുന്നു. എന്തിനെയെങ്കിലും റേഡിയേഷനിൽ മുക്കിയെടുക്കുന്നതിനേക്കാൾ അപകടം പിടിച്ചതായിരുന്നു അവ. മരിച്ചപ്പോൾ മുത്തശ്ശിയെ ഞങ്ങൾ അവരുടെ ജന്മനാട്ടിൽ കൊണ്ടുപോയി അടക്കം ചെയ്തു. അതീവ അപകട സോണിനുള്ളിലുൾപ്പെട്ട സ്ഥലമായിരുന്നതിനാൽ അവിടം മുള്ളു വേലികെട്ടി തിരിച്ചിരുന്നു. കലിനോഷ്കോവുമായി പട്ടാളക്കാർ കാവലുണ്ടായിരുന്ന ഇടം. മുള്ളുവേലിയ്ക്കുള്ളിലേയക്ക്‌ മുതിർന്നവരെ മാത്രം കടത്തിവിട്ടു. കുട്ടികൾ പാടില്ല. മുത്തശ്ശിയെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന ഞാനറിഞ്ഞു. ഞാൻ തകർന്നുപോയി.
‘ഇത്തരം കാര്യങ്ങൾ മുമ്പ്‌ കേട്ടിട്ടുണ്ടോ? എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഞാനിപ്പോൾ പൂക്കളെയും മരങ്ങളെയും വെറുക്കുന്നു.’ അമ്മ തുറന്നു പറഞ്ഞു. വേലിയ്ക്കുള്ളിൽ നിന്നും പുറത്തു വന്ന അമ്മ ആകപ്പാടെ സ്തബ്ധയായിരുന്നു. അതമ്മയുടെ ജന്മനാടാണ്‌. അവിടുള്ള ഓരോ പുൽക്കൊടിയും അമ്മയ്ക്ക്‌ പരിചയമുള്ളതായിരുന്നു. അവയെ അമ്മയേറെ ഇഷ്ടപ്പെട്ടിരുന്നു. മുമ്പ്‌ ഞങ്ങൾ പുറത്ത്‌ നടക്കാനിറങ്ങുമ്പോൾ അമ്മ പൂക്കളുടെ, ചെടികളുടെ, ചെറുമരങ്ങളുടെ, പുല്ലുവർഗ്ഗങ്ങളുടെ വരെ പേരുകൾ പറഞ്ഞിരുന്നു.…സെമിത്തേരിയിലെ പുല്ലിൽ അവരൊരു മേശവിരിയിട്ടു. അതിൽ പലഹാരങ്ങളും വോഡ്ക്കയും നിരത്തി. പട്ടാളക്കാർ അവയിലെ ആണവറേഡിഷേൻ പരിശോധിക്കുകയും അപകടമെന്നു കണ്ട്‌ അതിനെയെല്ലാമെടുത്ത്‌ കുഴിച്ചിടുകയും ചെയ്തു. ഞങ്ങൾ മുത്തശ്ശിയെ എവിടെയാണ്‌ കൊണ്ടുപോകുക?
ഞാൻ പ്രണയത്തിനായി പ്രാർത്ഥിക്കുന്നു. എന്നാൽ ഞാൻ ഭയക്കുന്നതും അതിനെയാണ്‌. എന്നെയൊരാൾ വിവാഹം കഴിക്കാൻ കാത്തിരിക്കുന്നു. വിവാഹ രജിസ്ട്രേഷൻ ഒഫീസിൽ ഞങ്ങൾ ഫോമുകൾ കൊടുത്തിരിക്കുകയാണ്‌. അവനെന്നെ വീട്ടിലേയ്ക്ക്‌ കൊണ്ടുപോയി. അമ്മയെ പരിചയപ്പെടുത്തി. ഒരു ഫാക്ടറിയിലെ ഫിനാൻഷ്യൽ മാനേജരായി അവർ പണിയെടുക്കുന്നു. സോൾസ്റ്റെനിഷ്ടിനെ അവർ വായിക്കുന്നു. ഞാൻ ചെർണോബിലിൽ നിന്നൊഴിവാക്കപ്പെട്ടവളാണെന്നറിഞ്ഞതോടെ അവർ അതിശയത്തോടെ അതു പറഞ്ഞു. അപ്പോൾ തീർച്ചയായും നിങ്ങൾക്ക്‌ കുട്ടികൾ പാടില്ലല്ലോയെന്ന്‌. ഞങ്ങൾ വിവാഹപത്രിക രജിസ്ട്രേഷൻ ഓഫീസിൽ കൊടുത്തിരുന്നു. അവനെന്നോട്‌ വാദിച്ചു തുടങ്ങി. ഞാൻ വീടു വിടും. നമുക്ക്‌ ഒരു ഫ്ലാറ്റ്‌ വാടകയ്ക്ക്‌ എടുക്കാം. എന്നാലും ആ അമ്മയുടെ ആ വാക്കുകൾ കാതിൽ മുഴങ്ങുന്നു. ചിലർക്ക്‌ സന്താനോത്പാദനം ഒരു പാപമാണ്‌. പ്രണയിക്കുന്നതിന്റെ പാപം.
മുമ്പൊരു ആർട്ടിസ്റ്റിൻ ഞാനിഷ്ടപ്പെട്ടിരുന്നു. അയാൾ ചിത്രം വരയ്ക്കാനുള്ളൊരുപാധിയായി എന്നെ കരുതി. റിയാക്ടറിൽ അന്നു കണ്ട തീയുടെ നിറം? അണുപ്രസരണമേറ്റ പൂച്ചകളെയും പട്ടികളെയും വെടിവച്ചിടുന്നത്‌ ഞാൻ കണ്ടുവോ? അവയെങ്ങനെയാണ്‌ തെരുവിൽ ചത്തുകിടന്നത്‌? ആളുകൾ നിലവിളിക്കുന്നത്‌? അവർ രമിക്കുന്നത്‌ ഞാൻ കണ്ടുവോ? അയാൾക്ക്‌ അതൊക്കെ അി‍റയണം. അയാളുടെ ചോദ്യങ്ങൾക്ക്‌ എനിക്കുത്തരം കൊടുക്കാൻ കഴിയില്ല. ഞാനയാളെ ഉപേക്ഷിച്ചു.
എനിക്ക്‌ നിങ്ങളെ – സ്വെറ്റ്ലാന അലക്സിവിച്ച്‌- ഇനിയും കാണാൻ കഴിയുമോ എന്നത്‌ തിട്ടമില്ല. അയാൾ ആ പഴയ കാമുകൻ അയാളെന്നെ നോക്കിയിരുന്നതു മാതിരി തന്നെയാണിപ്പോൾ നിങ്ങളും. ഓർമ്മകൾ അയവിറക്കാനാവശ്യപ്പെട്ട്‌ എന്നെ തന്നെ നോക്കിയിരിക്കുന്നു. എന്തോ പരീക്ഷണം നടത്തുന്നതുമാതിരി. ചില താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആളുകൾ സംസാരിക്കുന്നത്‌. എനിക്ക്‌ അത്തരം വികാരങ്ങൾ ഉലയ്ക്കുന്നത്‌ ഇഷ്ടമല്ല. ഈ പാപം ഞങ്ങളെത്തേടി വന്നതിനെക്കുറിച്ച്‌ നിങ്ങളെന്തു പറയുന്നു? ഞാൻ ചിലപ്പോൾ ഏതോ കാര്യത്തിൽ കുറ്റക്കാരിയാവാം.
ഒരാൾ സന്തോഷവതിയായിരിക്കാൻ ആഗ്രഹിക്കുന്നത്‌ തെറ്റാണോ?

  Categories:
view more articles

About Article Author