പ്രതികരണം വീണ്ടുവിചാരത്തിനിട വരുത്തട്ടെ

പ്രതികരണം വീണ്ടുവിചാരത്തിനിട വരുത്തട്ടെ
March 29 04:45 2017

മാർച്ച്‌ 15ലെ ജനയുഗം സഹപാഠി പേജിൽ മദ്യം വിഷമാണ്‌ മയക്കുമരുന്നോ കാളകൂടവുമെന്ന തലക്കെട്ടിൽ ഭാവന സജിയെന്ന എട്ടാം ക്ലാസുകാരി എഴുതിയ മുഖപ്രസംഗമാണ്‌ ഈ പ്രതികരണമെഴുതാനെന്നെ പ്രേരിപ്പിച്ചത്‌.
നന്മയെന്ന രണ്ടക്ഷരം പകർന്നുതന്ന ശ്രീനാരായണഗുരു മദ്യം വിഷമാണെന്നും അതുപയോഗിച്ച്‌ ജന്മം നശിപ്പിക്കരുതെന്നും നമ്മെ പഠിപ്പിച്ചു. എല്ലാ മതസമുദായ ഗുരുശ്രേഷ്ഠരും സമൂഹത്തോടാവശ്യപ്പെട്ടതും അതാണ്‌. എന്നാൽ ജാതിമത തീവ്രവാദ സങ്കുചിത താൽപര്യക്കാർ അരയും തലയും മുറുക്കി സ്വാർഥലാഭങ്ങൾക്കുവേണ്ടി ജനജീവിതം ദുഃസഹമാക്കി തേർവാഴ്ച നടത്തുമ്പോൾ ഗുരുദേവ ഭക്തർ പോലും ഗുരുവിന്റെ ജീവിതപാത പിന്തുടരാൻ ഉത്സാഹം കാണിക്കാത്തവരായെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. മദ്യം വിഷമാണെന്നും അതുപയോഗിച്ച്‌ അശാന്തി പടർത്തരുതെന്നും പഠിപ്പിച്ച ഗുരുവിന്റെ പാഠമുൾക്കൊണ്ട്‌ പ്രവർത്തനസജ്ജരാവാൻ ശ്രീനാരായണീയർക്കാവുന്നുണ്ടോ എന്ന്‌ ആത്മപരിശോധന നടത്താൻ ബന്ധപ്പെട്ടവർ തയാറാകണം.
മദ്യവും മയക്കുമരുന്നും ജനജീവിതത്തിൽ തീരാവ്രണമായി മാറുമ്പോഴും മദ്യവ്യാപാര ശൃംഖലയ്ക്ക്‌ ഏത്‌ വിധേനയെല്ലാം തിളക്കം വർധിപ്പിക്കാനാവുമെന്ന ഗവേഷണ യജ്ഞമാണ്‌ നടന്നുവരുന്നത്‌.
വർധിച്ചുവരുന്ന അക്രമ, പീഡന, പിടിച്ചുപറി, കൊലപാതക പരമ്പരകളിലെല്ലാം കണ്ണികളാവുന്നവർ മദ്യമയക്കുമരുന്നിനടിമകളാണെന്ന സാക്ഷ്യപത്രം സമൂഹത്തെ ഞെട്ടിക്കുന്നതാണ്‌. ലക്ഷക്കണക്കിന്‌ കുടുംബങ്ങളിൽ സമാധാനാന്തരീക്ഷം തകർത്തു തരിപ്പണമാക്കി ജനങ്ങളെ ആത്മഹത്യയിലേയ്ക്ക്‌ നയിച്ച മദ്യമെന്ന മഹാവിപത്തിനിപ്പോൾ പുതിയ നിറവും മാനവും നൽകാൻ തത്രപ്പെടുന്നത്‌ ജനദ്രോഹനയം തന്നെയാണ്‌.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നവർ മദ്യനിരോധനമല്ല വേണ്ടത്‌ മദ്യവർജനമാണ്‌ അഭികാമ്യമെന്ന്‌ സമർഥിച്ചു കൈകഴുകുമ്പോൾ കമ്മ്യൂണിസ്റ്റ്‌ മുഖപത്രമായ ജനയുഗത്തിൽ വിദ്യാർഥിനിയായ കൊച്ചുകുട്ടി തയാറാക്കിയ മുഖപ്രസംഗത്തിന്റെ തീവ്രത തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന്‌ കടുകിട വ്യതിചലിക്കാത്ത നേതാക്കളുടെ നിര ഭയാനകമാംവിധം കുറഞ്ഞുകുറഞ്ഞില്ലാതാവുമ്പോൾ ഉന്നതന്മാരായ പകൽ മാന്യന്മാർക്കു തീൻമേശയിൽ പോലും മദ്യക്കുപ്പികളുടെ കിലുകിലാരവമുപേക്ഷിക്കാനാവാത്ത സാഹചര്യത്തെയാണ്‌ ഭാവനസജിയെന്ന കൊച്ചുവിദ്യാർഥിനി സമൂഹത്തിന്‌ ചൂണ്ടിക്കാണിച്ചുതന്നത്‌. വിദ്യാർഥി ലേഖികയ്ക്കും ജനയുഗത്തിനും നന്ദി.
സി ബാലകൃഷ്ണൻ
ചക്കരക്കൂളമ്പ്‌
മണ്ണാർക്കാട്‌

  Categories:
view more articles

About Article Author