Monday
23 Jul 2018

പ്രതികരിക്കാം പരാതിപ്പെടാം

By: Web Desk | Friday 28 July 2017 4:45 AM IST

സ്ത്രീ വിൽപ്പനോപാധിയോ? അറിഞ്ഞതും അറിയേണ്ടതും 2

ആർ പാർവതിദേവി
അച്ചടിരംഗത്തെ മൂക്കുകയർ
അച്ചടിമാധ്യമങ്ങളിൽ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യയ്ക്കാണു പരാതി അയയ്ക്കേണ്ടത്‌. പരസഹായമൊന്നും ആവശ്യമില്ല. ഏതൊരാൾക്കും സ്വയം ചെയ്യാവുന്നതേയുള്ളൂ.
സെക്രട്ടറി, പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ, സൂച്ന ഭവൻ, 8 സിജിഒ കോപ്ലക്സ്‌, ലോധി റോഡ്‌, ന്യൂഡൽഹി- 110003 എന്ന വിലാസത്തിൽ തപാലിലോ [email protected] എന്ന വിലാസത്തിൽ ഇമെയിലായോ പരാതി അയയ്ക്കാം.
പത്രമാധ്യമത്തിന്റെ എഡിറ്റർക്കോ അതിലെ ഏതെങ്കിലും പത്രപ്രവർത്തകർക്കോ ആർക്കെതിരെയാണോ പരാതി ആ ആളുടെ പേരും പൂർണ്ണവിലാസവും പരാതിയിൽ ഉണ്ടായിരിക്കണം. പരാതിക്കു നിദാനമായ വാർത്തയുടെയോ ചിത്രത്തിന്റെയോ ഫോട്ടോയുടെയോ കാർട്ടൂണിന്റെയോ പരസ്യത്തിന്റെയോ മറ്റേതെങ്കിലും വിഭവമാണെങ്കിൽ അതിന്റെയോ ഒറിജിനൽ ക്ലിപ്പിങ്‌, അതെങ്ങനെയാണു പരാതിക്കു കാരണമാകുന്നത്‌ എന്നു മതിയായ വിശദാംശങ്ങളോടെ വ്യക്തമാക്കുന്ന വിവരണം എന്നിവയും നിർബന്ധമായും ഉണ്ടാകണം. വാർത്തായേജൻസി വിതരണം ചെയ്ത എന്തിനെ പറ്റിയാണെങ്കിലും പ്രസ്‌ കൗൺസിലിൽ പരാതിപ്പെടാം.
പരാതിയിൽ നിർബന്ധമായും ഉണ്ടാകണമെന്നു വ്യവസ്ഥചെയ്യുന്ന രണ്ടു പ്രസ്താവനകൾകൂടിയുണ്ട്‌. ‘എന്റെ ഉത്തമബോധ്യത്തിലും അറിവിലും പെട്ടിടത്തോളം പ്രസക്തമായ എല്ലാ വിവരങ്ങളും കൗൺസിൽ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും ഈ പരാതിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട്‌ ഒരു കോടതിയിലും നിയമനടപടികൾ നിലവിലില്ലെന്നും’ എന്നതും ‘കൗൺസിൽ മുമ്പാകെ അന്വേഷണത്തിലിരിക്കെ ഈ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും കാര്യം ഏതെങ്കിലും കോടതിയിൽ നടപടിക്രമത്തിനു വിഷയമാകുകയാണെങ്കിൽ ഉടനടി കൗൺസിലിനെ അറിയിച്ചുകൊള്ളാമെന്നും’ എന്നതുമാണവ.
പത്രവാരികകളുടെയും വാർത്തായേജൻസികളുടെയും കാര്യത്തിൽ, പരാതിക്കു കാരണമായ സംഗതി പ്രസിദ്ധീകരിച്ചു രണ്ടുമാസത്തിനകം പരാതി നൽകിയിരിക്കണം എന്നു വ്യവസ്ഥയുണ്ട്‌. അമാന്തം പാടില്ല എന്നർഥം. മറ്റു പരാതികൾക്കു നാലുമാസം വരെയാണു സമയപരിധി.
ഒരു കാര്യം ശ്രദ്ധിക്കണം. പരാതി പ്രസ്‌ കൗൺസിലിന്‌ അയയ്ക്കുന്നതിനു മുമ്പ്‌ ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുടെ ശ്രദ്ധയിൽ അതു കൊണ്ടുവന്നിരിക്കണം എന്നതാണ്‌. അത്‌ എപ്രകാരമാണു പൊതുസമൂഹത്തിന്റെ ഉത്തമതാൽപ്പര്യത്തിന്‌ എതിരാകുന്നതെന്നു ചൂണ്ടിക്കാട്ടിയാകണം ഇത്‌. മറുപടി ആവശ്യപ്പെടുകയും വേണം. പ്രസ്‌ കൗൺസിലിന്റെ വെബ്സൈറ്റ്‌: http://presscouncil.nic.in
വിഡ്ഢിപ്പെട്ടി പൂട്ടാൻ
ടെലിവിഷൻ ജനപ്രിയമാധ്യമമായി വളർന്നുപടരുകയും സാമൂഹിക ധർമ്മങ്ങളിൽനിന്നകന്നു വിനോദ വ്യവസായമായും കോർപ്പറേറ്റുകൾക്കു ലാഭം കൊയ്യാനുള്ള ഉപാധിയി മാറുകയും ചെയ്തതോടെ അതു സമൂഹത്തിന്റെ ഉത്തമതാൽപ്പര്യങ്ങൾക്കു വിരുദ്ധമായി മാറുന്നുവെന്ന മുറവിളി എമ്പാടും ഉയരുകയാണ്‌. മറ്റേതു ലാഭതാൽപ്പര്യത്തിന്റെയും എന്നപോലെ ഇവിടെയും മുഖ്യയിര സ്ത്രീയാണ്‌. പരസ്യത്തിലും പരസ്യക്കാരെ ആകർഷിക്കാനും തൃപ്തിപ്പെടുത്താനും വേണ്ടി പരിപാടികളിലും അവർ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നു, ദുരുപയോഗിക്കുന്നു. ഇതു നിയന്ത്രിക്കാനും ഒന്നാന്തരം നിയമം ഉണ്ടാക്കിയിട്ടുണ്ട്‌. അതാണ്‌ കേബിൾ ടെലിവിഷൻ നെറ്റ്‌ വർക്ക്‌ (റെഗുലേഷൻ) ആക്ട്‌.
അശ്ലീലം പറയുകയും കാണിക്കുകയും ചെയ്യുന്ന, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന, സമൂഹത്തിന്റെ ഉത്തമതാൽപ്പര്യങ്ങൾക്കു നിരക്കാത്ത പരിപാടികളും പരസ്യങ്ങളും സംപ്രേഷണം ചെയ്യുന്നത്‌ ഈ നിയമപ്രകാരം ശിക്ഷാർഹമാണ്‌. തുടക്കത്തിൽ പരാമർശിച്ച ‘സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ(നിരോധന) നിയമം (1986) നിർവ്വചിക്കുന്ന കുറ്റങ്ങളൊക്കെ ടെലിവിഷനിലൂടെ ചെയ്താൽ ആ ചാനലിന്റെ സംപ്രേഷണം തടയുന്നതും ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന്‌ അധികാരമുണ്ട്‌. നാട്ടിലെ കേബിൾ ടിവിക്കാരാണ്‌ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇതൊക്കെ ചെയ്യാൻ സംസ്ഥാന സർക്കാരിനും ഈ നിയമം അധികാരം നൽകുന്നു. ഈ നിയമം ജനകീയ ഇടപെടലിനു വിപുലമായ അവസരം നൽകുന്ന വികേന്ദ്രീകൃത സ്വഭാവമുള്ള ഒന്നാണ്‌. പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന കേബിൾ ടിവി ചാനലുകളെവരെ നിരീക്ഷിക്കുവാനും സാറ്റ്ലൈറ്റ്‌ ചാനലുകൾ അടക്കമുള്ളവയിലെ ഉള്ളടക്കത്തെപ്പറ്റി നാട്ടിൻപുറങ്ങളിൽ ഉള്ളവർക്കുപോലും പരാതി നൽകാൻ സൗകര്യം ഒരുക്കാനുമായി ജില്ലാതലത്തിൽവരെ സമിതികൾ രൂപവൽക്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ്‌ ഈ നിയമം.
കളക്ടർ അധ്യക്ഷനും ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു വനിതാകോളജ്‌ പ്രിൻസിപ്പൽ, സ്ത്രീകൾക്കായും കുട്ടികൾക്കായും പ്രവർത്തിക്കുന്ന ഓരോ പ്രമുഖ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, അക്കാദമീഷ്യൻ, സോഷ്യോളജിസ്റ്റ്‌, സൈക്കോളജിസ്റ്റ്‌ എന്നിവർ അംഗങ്ങളും ആയ സമിതിയാണു നിയമം അനുശാസിക്കുന്നത്‌. കേരളത്തിൽ ഈ സമിതികൾ ഏതാനും വർഷം മുമ്പുതന്നെ രൂപവൽക്കരിക്കുകയുണ്ടായി. എന്നാൽ ഇതുവരെ ഏതെങ്കിലും പരാതി ഈ സമിതികളിൽ ആരെങ്കിലും നൽകിയതായി അറിവില്ല. ഈ സമിതിക്കു പരാതി നൽകിയാൽ പ്രാദേശിക കേബിൾ ടിവിക്ക്‌ എതിരെ ആണെങ്കിൽ അതു പരിശോധിച്ചു നിയമലംഘനം കണ്ടെത്തിയാൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്യുന്നതടക്കം കുറ്റകൃത്യത്തിനനുസൃതമായ നടപടി എടുക്കണം. ഉപഗ്രഹ ചാനലുകൾക്കെതിരെ ആണെങ്കിൽ ഉടൻതന്നെ അതു നടപടിക്കായി സംസ്ഥാനതല സമിതിക്കും ആ സമിതി നടപടിശുപാർശയോടെ വാർത്താവിതരണപ്രക്ഷേപണമന്ത്രാലയത്തിനും അയയ്ക്കണം. സൗജന്യ ചാനലുകൾ മുഴുവൻ ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നു എന്നതു മുതൽ ക്രമസമാധാന പ്രശ്നമോ സാമൂഹികാസ്വാസ്ഥ്യമോ ഉണ്ടാക്കാനിടയുള്ള പരിപടികൾ വരുന്നുണ്ടോ എന്നു നിരീക്ഷിച്ചു കേന്ദ്രസംസ്ഥാന സർക്കാരുകളെ അപ്പപ്പോൾ അറിയിക്കുന്നതുവരെ വിപുലമായ ഉത്തരവാദിത്തങ്ങളുള്ള സമിതിയാണു ജില്ലാ സമിതി.
ഉപഗ്രഹ ടിവി പരിപാടികളെക്കുറിച്ചു ജില്ലാ സംസ്ഥാന സമിതികൾക്കു പരാതി നൽകിയാൽ അതു കേന്ദ്രത്തിനു കൈമാറാനേ സംസ്ഥാനത്തിനു കഴിയൂ. അതുകൊണ്ട്‌ പരാതി നേരിട്ടു കേന്ദ്രത്തിന്‌ അയയ്ക്കുന്നതാകും കാലതാമസം ഒഴിവാക്കാനും വേഗം നടപടി ഉണ്ടാകാനും നല്ലത്‌. ദില്ലിയിലുള്ള ഇലക്ട്രോണിക്‌ മീഡിയ മോനിട്ടറിങ്‌ സെന്ററിലേക്കു പരാതി അയയ്ക്കാം. അവരുടെ വിലാസം: ഇലക്ട്രോണിക്‌ മീഡിയ മോണിറ്ററിങ്‌ സെന്റർ, 14 ബി, റിങ്‌ റോഡ്‌, ഐപിഇ സ്റ്റേറ്റ്‌, ന്യൂഡൽഹി-110002.ഫോൺ: 01123379298. ഫാക്സ്‌: 0112337830, 23378050.
ഇന്റർനെറ്റുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന പൊലീസിലെ സൈബർ സെല്ലിൽ നൽകുന്നതാണ്‌ ഏറ്റവും ഉചിതം. പരാതിക്കാർക്കു പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ അന്വേഷിച്ചറിയുവാനും അന്വേഷണവുമായി സഹകരിക്കാനുമെല്ലാം ഇതാണു നല്ലത്‌. കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളിൽ സൈബർ സെല്ലുതന്നെ വേണ്ടതു ചെയ്യുകയും ചെയ്യും.
പാർലമെന്റ്‌ 2000ൽ അംഗീകരിക്കുകയും 2008ൽ ഭേദഗതി ചെയ്യുകയും ചെയ്ത വിവര സാങ്കേതികവിദ്യാ നിയമത്തിന്‌ ഉപോൽബലകമായി 2011ൽ പുറപ്പെടുവിച്ച ചട്ടങ്ങൾ പ്രകാരം ഇത്തരം ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്നതു കുറ്റമാണ്‌.
ഈ നിയമങ്ങളെല്ലാം തന്നെ സ്ത്രീകളെ എന്നപോലെ കുട്ടികളെയും മോശമായി അവതരിപ്പിക്കുന്നതും അവഹേളിക്കുന്നതുമെല്ലാം ശിക്ഷാർഹമാക്കിയിട്ടുണ്ട്‌. കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണിക്കുന്നതും ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നുണ്ട്‌. മദ്യം, പുകയില, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ പരസ്യങ്ങൾ അടക്കം അവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾക്കെതിരെയും നമുക്കു പരാതിപ്പെടാം.
അത്യാർത്തി പൂണ്ട മൂലധനശക്തികൾ കുഞ്ഞുങ്ങളെപ്പോലും സ്വന്തം ലാഭത്തിനായി എങ്ങനെയും അവതരിപ്പിക്കാനും ചൂഷണത്തിനിരയാക്കാനും തയ്യാറാകുന്ന ഇക്കാലത്ത്‌ അതിനെതിരായ ജാഗ്രതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും പ്രസ്ഥാനങ്ങളിലൂടെയും ജാഗ്രതാസമിതികൾ വഴിയുമൊക്കെ ഈ ദുഷ്ടത്തരത്തിനെതിരെ അപ്പപ്പോൾ ശക്തിയായി പ്രതികരിക്കണം. മറ്റുള്ളവരെ പ്രതികരിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം. കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ്‌, പ്രാരംഭഘട്ടത്തിൽത്തന്നെ, ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുക. ഇക്കാര്യത്തിലെ അമാന്തം നാം നമ്മോടുതന്നെയും വരും തലമുറകളോടും ചെയ്യുന്ന അപരാധമാകും.

കറുപ്പു തന്നു മയക്കിയ കറുത്തശക്തികൾ
ഒരു സമൂഹത്തിനു സുഭിക്ഷമായി മയക്കുമരുന്നു ലഭ്യമാക്കിക്കൊണ്ടിരുന്നാൽ എന്തുണ്ടാകും? അതിൽ നല്ലൊരു വിഭാഗം അതിന്‌ അടിമയായി മാറും. അവരതു നിരന്തരം ആവശ്യപ്പെട്ടു തുടങ്ങും. പിന്നെപ്പിന്നെ ആഹാരം കിട്ടിയില്ലെങ്കിലും വേണ്ടില്ല മയക്കുമരുന്നു കിട്ടിയാൽ മതി എന്ന നിലയിലാകും. അപ്പോൾ ഒരു സർവേ നടത്തിയാൽ ആ സമൂഹത്തിലെ ഭൂരിപക്ഷവും ആഹാരത്തെക്കാൾ മയക്കുമരുന്നാണ്‌ ആവശ്യം എന്ന്‌ അഭിപ്രായപ്പെടും. ഈ സർവേയുടെ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ ആ സമൂഹത്തിന്റെ ചെലവാക്കൽ പ്രവണതയുടെ അടിസ്ഥാനത്തിൽ, അവർക്കു മുൻഗണനയോടെ മയക്കുമരുന്നു ലഭ്യമാക്കണം എന്നു തീരുമാനിച്ചാൽ എങ്ങിനെ ഇരിക്കും?
ഇതാണു നമ്മുടെ മാധ്യമ വിഭവങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്‌. നല്ല കഥകളും കവിതകളും നോവലുകളും നാടൻ ക്ലാസിക്കൽ കലാരൂപങ്ങളും നാടകങ്ങളും കഥാപ്രസംഗങ്ങളും സിനിമകളും ഒക്കെക്കൊണ്ടു സന്തോഷമായും സന്മനസോടും കഴിഞ്ഞിരുന്ന ഒരു സമൂഹം. അവർക്ക്‌ അക്രമവും സംഘട്ടനവും പ്രതികാരവും ക്രൂരതയും അശ്ലീലതയും ഇക്കിളിയും കോമാളിത്തരവും അസാന്മാർഗികതയുമെല്ലാം കുത്തിനിറച്ചു സിനിമയും സീരിയലും പുസ്തകങ്ങളും ധാരാളമായി ഉണ്ടാക്കിക്കൊടുത്ത്‌ അവരെ അടിമകളാക്കി. എന്നിട്ട്‌, അവർ ഇഷ്ടപ്പെടുന്നത്‌ അതൊക്കെയാണ്‌, അതുകൊണ്ടാണു ഞങ്ങൾ അവ നൽകുന്നത്‌ എന്നു പറയുക. എല്ലാവരും അതങ്ങു സമ്മതിച്ചുകൊടുക്കുക. ഇതെവിടുത്തെ ന്യായം എന്ന്‌ ആരും ചോദിക്കാതിരിക്കുക. ഇതാണവസ്ഥ.
മാധ്യമ വ്യവസായികൾ പറയുന്ന ഈ വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടി ഗുണമേന്മയുള്ള, സാമൂഹികോത്തരവാദിത്തമുള്ള പരിപാടികളാണു നമുക്കാവശ്യം എന്ന്‌ ഉച്ചത്തിൽ പ്രഖ്യാപിക്കാൻ നാം അടിയന്തരമായി തയ്യാറാകണം. അതിനെതിരായ നീക്കങ്ങൾക്കെതിരെ നിതാന്തജാഗ്രതയും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവുമാണ്‌ ഉത്തമസമൂഹം കെട്ടിപ്പടുക്കാൻ ആവശ്യം. കാലഘട്ടത്തിന്റെ ആവശ്യമാണത്‌. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഓരോരുത്തരും മുന്നോട്ടുവരണം. അതിനായി കൂട്ടായ്മകൾ രൂപപ്പെടുത്തണം. കർമ്മപരിപാടികൾ ആവിഷ്ക്കരിക്കണം. ഓരോ നാട്ടിലും ഇതിനുള്ള ഉദ്യമങ്ങൾ ഉണ്ടാകട്ടെ.

(അവസാനിച്ചു)